ഇളം ചൂടുള്ള ഒരു ശരത്‍ക്കാലസായാഹ്നം. വോള്‍ടയര്‍ നടക്കാനിറങ്ങിയതായിരുന്നു. ഒരു ചിന്തകനായതുകൊണ്ടു് സ്വാഭാവികമായും പലപല ചിന്തകളും കൂടെയുണ്ടായിരുന്നു. അങ്ങനെ സ്വയം മറന്നെന്നോണം നടന്നുനീങ്ങുന്നതിനിടയിലാണു് വഴിയരികിലെ ഒരു ചെളിക്കുഴിയില്‍ കുറേ പന്നികള്‍ ഉരുണ്ടുമറിയുന്നതു് അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ പെട്ടതു്. (അക്കാലത്തു് ഫ്രാന്‍സില്‍ പന്നികള്‍ക്കു് റോഡരുകിലെ ചെളിക്കുഴികളില്‍ പടിയാന്‍ അനുവാദമുണ്ടായിരുന്നു!) പന്നികളുടെ മലവും മൂത്രവുമൊക്കെ അലിഞ്ഞുചേര്‍ന്നിരിക്കുന്ന ചേര്‍ക്കുഴി!

"പാവങ്ങള്‍! അറിവില്ലായ്മകൊണ്ടാവും. കഷ്ടം തന്നെ!" വോള്‍ടയര്‍ ചിന്തിച്ചു.

"ഹേയ്‌! സുഹൃത്തുക്കളെ! പന്നികളെ!"

ഒരു പന്നി പ്രതിനിധി മുന്നോട്ടുവന്നു.

"ങൂം! എന്തുവേണം?"

"എനിക്കൊന്നും വേണ്ട. എന്നാലും ഈ ദുര്‍ഗ്ഗന്ധം എങ്ങനെ നിങ്ങള്‍ സഹിക്കുന്നു എന്നു് ആലോചിച്ചുപോയി."

"ഇതിനിപ്പോ എന്താ ഒരു കുഴപ്പം?"

"ശരീരശുദ്ധിക്കു് ശുദ്ധജലത്തിലെ കുളിയായിരുന്നില്ലേ ഭേദം എന്നൊരു തോന്നല്‍!"

"ഹേയ്‌! വോള്‍ടേരേ! നരനായേ!"

"എന്തോ?"

"താന്‍ തീട്ടം തിന്നിട്ടുണ്ടോ?"

"ഇല്ല."

"എന്നെങ്കിലും തിന്നാന്‍ ആഗ്രഹമുണ്ടോ?"

"എനിക്കു് തോന്നുന്നില്ല."

"എടാ മരമാക്രീ!"

"എന്തോ?"

"താന്‍ തീട്ടക്കുഴിയില്‍ പടിഞ്ഞിട്ടുണ്ടോ?"

"ഇല്ല."

"എന്നെങ്കിലും പടിയാന്‍ ആഗ്രഹമുണ്ടോ?"

"ഞാന്‍ അങ്ങനെ കരുതുന്നില്ല."

"പിന്നെ മഹത്തായ വരാഹസമൂഹത്തേസംബന്ധിച്ചു് എന്തു് മനസ്സിലാക്കാനാണു് താന്‍ വ്യാമോഹിക്കുന്നതു്?"

"ഞാന്‍... അതു്..."

"എടോ കഴുതേ!"

"എന്തോ?"

"താന്‍ ദൈവത്തെ കണ്ടിട്ടുണ്ടോ?"

"അതിപ്പോ ദൈവം തത്വചിന്താപരമായി..."

"ഹേയ്‌! വോള്‍ടേരേമാനെ! താന്‍ ഇങ്ങോട്ടുനോക്കിക്കേ! താന്‍ എന്നെ കണ്ടോ? ഈ നില്‍ക്കുന്ന ഞാനാണു് ദൈവം. ഈ ചേറു്! ഇതാണു് സത്യം! ഇനി തന്നെ ഞങ്ങള്‍ കുപ്പായസഹിതം ഈ സത്യത്തിലിട്ടു് മുക്കിക്കൊല്ലാതിരിക്കണമെങ്കില്‍ വേഗം സ്ഥലം കാലിയാക്കു്!"

(അതിന്റെ ശിക്ഷയായിരുന്നു ഇംഗ്ലണ്ടിലേക്കുള്ള നാടുകടത്തല്‍!)

പാവം വോള്‍ടയര്‍! വേലിയേലിരുന്ന പാമ്പിനെ എടുത്തു്....