എനിക്കെന്നെ കഷണിക്കണം
ഓരോരോ കഷണങ്ങളും
വെവ്വേറെ പൊതിഞ്ഞു്
ഒരു കുടത്തിലടയ്ക്കണം.

വേദനിക്കാന്‍ ഒരു കഷണം
ആനന്ദിക്കാന്‍ ഒരു കഷണം
വിലയിരുത്താനും വിലപേശാനും
വിളകൊയ്യാനും വിധിയെഴുതാനും
പ്രണയിക്കാനും പ്രഹരിക്കാനും
വേറേ വേറേ കഷണങ്ങള്‍!

ആത്മകഥയുടെ ആലിംഗനങ്ങള്‍
ആക്ഷേപത്തിന്റെ അട്ടഹാസങ്ങള്‍
കരുണാപരമായ കാപട്യങ്ങള്‍
പദ്യങ്ങളായി ഗദ്യങ്ങളായി
ഓരോന്നിനേയും വെട്ടിനുറുക്കി
കെട്ടുകളാക്കി കുടത്തിലടയ്ക്കണം.

നിരത്തിലെ മുഴക്കത്തില്‍
‍തിരക്കിലെ ഞെരുക്കത്തില്‍
ശ്വാസം മുട്ടി ചാവാതിരിക്കാന്‍
എനിക്കെന്നെ പൊളിച്ചുപണിയണം
കൊത്തിനുറുക്കി പലതാക്കണം
ഓരോരോ കഷണങ്ങളും
വെവ്വേറെ പൊതിഞ്ഞു്
ഒരു കുടത്തിലടയ്ക്കണം.

ഭാരങ്ങള്‍ സ്വയം ചുമക്കാന്‍
ഭാഗങ്ങള്‍ ബാദ്ധ്യസ്ഥരാണു്.
അതിനവര്‍ തയ്യാറാവണം.
അതിനുള്ള സമയമായി.
അതിനാണീ കഷണിക്കല്‍.
എന്നും അവരെ മുലയൂട്ടാന്‍
എനിക്കു് മനസ്സില്ല.
ഞാനവരുടെ കാമധേനുവോ?

വിഷം കലരാത്ത ശുദ്ധവായു
സ്വതന്ത്രമായി ശ്വസിക്കാന്‍,
ഭയമില്ലാതെ ജീവിക്കാന്‍,
എനിക്കു് ഞാനാവാന്‍,
ഒരു വികേന്ദ്രീകരണം.
അത്രമാത്രം....