ഒരു മൗനരാഗത്തിന്‍ നിറമുള്ള നിമിഷങ്ങള്‍
ഒരു ഗാനസാമ്രാജ്യമാവാം
സ്വപ്നസുരലോകസൗഭാഗ്യമാവാം..
അണയുന്ന മലര്‍മാസം പകരുന്ന ദാഹങ്ങള്‍
നിലനില്‍പ്പിന്‍ സാരാംശമാവാം
നിന്റെ അനുരാഗസായൂജ്യമാവാം..

ഒരു മോഹഭംഗത്തിന്‍ വിറപൂണ്ട ഗദ്‌ഗദം
ഒരുദുഃഖസാഗരമാവാം
നീറും ഹൃദയത്തിന്‍ വിടചോദ്യമാവാം..
കൊഴിയുന്ന പൂവിന്റെ നനവാര്‍ന്ന നൊമ്പരം
വിരിയാത്ത പൂവിന്റേതാവാം
അതുനിലനില്‍പ്പിന്‍ പരിതാപമാവാം..

പടിയിറങ്ങീടുന്ന പകലിന്റെ തേങ്ങലില്‍
ഇരുളിന്റെ ഹാസ്യം മുഴങ്ങാം..
ഒരു ചെറുജലധാര വഴിമാറിയൊഴുകുമ്പോള്‍
മരവിക്കാം ദുഃഖങ്ങള്‍പോലും..

മരുഭൂമിയില്‍ നിന്റെ മനസ്സിലെ മലര്‍വാടി‍
തര്‍ഷജലം കാത്തിരിക്കേ
ഒരു മഴമാസഭാഗ്യം കൊതിക്കേ
വരളുന്ന ഹൃദയത്തെ കുളിരണിയിക്കുവാന്‍
‍അനവദ്യഗംഗ കൂടണയാം
അവള്‍നിന്‍ അനുകാമസാഫല്യമാവാം..

തരളമാം തരുണിമ മിഴിചാര്‍ത്തിയരുളുന്ന
മൃദുമന്ദഹാസത്തിന്‍ ലഹരി
മദനീയസ്നേഹത്തിന്‍ തുടികൊട്ടിയുണരുന്ന
മധുരിതസല്ലാപമാവാം
ഒരു അനപഗസൗഹാര്‍ദ്ദമാവാം
വിധിതന്ന വിരഹത്തിന്‍ വിഹ്വലതയഖിലവും
വിമലമാം തെളിനീരിലിലലിയാം
നിന്റെ മിഴിനീരൊരോര്‍മ്മയായ്‌ മാറാം..
അനുപമസംഗീതശ്രുതിയായി അവള്‍ നിന്റെ
ആത്മാവിന്‍ നിറമാലയാവാം
നിന്റെ ചൈതന്യസാരാംശമാവാം
...