ഫ്ലോറിഡക്കാരിയായ Pamela Latrimore എന്നൊരു 42 വയസ്സുകാരിയുടെ തലച്ചോറു് Magnet Resonance Scanning-നു് വിധേയമാക്കിയപ്പോള്‍ ആ ചിത്രത്തില്‍ തലച്ചോറിന്റെ രണ്ടു് പാര്‍ശ്വങ്ങളുടെയും ഇടയിലായി അതാ ഇരിക്കുന്നു വിശുദ്ധ കന്യകമറിയം! ദൈവം തന്റെ പ്രാര്‍ത്ഥന കേട്ടതിന്റെ തെളിവാണു് അതെന്ന കാര്യത്തില്‍ യൂട്ടെറസ്‌ ക്യാന്‍സര്‍ രോഗിണിയായ ആ സ്ത്രീക്കു് പിന്നെ സംശയമൊന്നും ഉണ്ടായിരുന്നില്ലത്രെ! ആരറിഞ്ഞു: ഒരുപക്ഷേ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഫോട്ടോ കുറെനാള്‍ കണ്ടു് ശീലിച്ചുകഴിയുമ്പോള്‍ കിടക്കവിരികളിലെയും വസ്ത്രങ്ങളിലെയുമൊക്കെ കറയിലും ചെളിയിലും വിശ്വാസികള്‍ അല്‍ഫോന്‍സാമ്മയുടെ മുഖവും തിരിച്ചറിയാന്‍ തുടങ്ങിയേക്കാം!

ജനല്‍പ്പാളിയില്‍ പ്രത്യക്ഷപ്പെടുന്ന യേശു

ഒര്‍ലാന്‍ഡോയിലെ Seventh Day Adventist ആശുപത്രിയുടെ ചാപ്പലിന്റെ ജനല്‍പ്പാളിയില്‍ യേശുവിന്റെ രൂപം 'അതിനിഗൂഢമായി' പ്രത്യക്ഷപ്പെടുന്നു. ആ ആശുപത്രിക്കു് ദൈവികമായ എന്തോ 'ശക്തി' ഉണ്ടെന്ന കാര്യത്തില്‍ അവിടെ കഴിയുന്ന രോഗികള്‍ക്കു് നല്ല ഉറപ്പാണത്രെ!

ഭിത്തിയില്‍ വെളിപ്പെടുന്ന മറിയം

കാലിഫോര്‍ണിയയിലുള്ള ഒരു കണ്ണടവ്യാപാരി 2006-ല്‍ തന്റെ ഓഫീസിന്റെ ഭിത്തിയില്‍ കന്യകമറിയത്തെ കണ്ടപ്പോള്‍ അവനു് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ വര്‍ഷം മയാമിയില്‍ ഒരു വാള്‍ പേപ്പറില്‍ വിശുദ്ധകുടുംബം മുഴുവനായി പ്രത്യക്ഷപ്പെട്ടിരുന്നു പോലും! അമേരിക്കയില്‍ സ്ഥിരതാമസം ആക്കിയസ്ഥിതിക്കു് വിശുദ്ധകുടുംബത്തിനു് ജോര്‍ജ്‌ ബുഷ്‌ 'അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡ്‌' നല്‍കിക്കാണും!

പൊട്ടേറ്റൊ ചിപ്സില്‍ “അവതരിക്കുന്ന” യേശു

പൊട്ടേറ്റോ ചിപ്സില്‍ വരെ യേശു മുഖം കാണിച്ചത്രേ! ഫ്ലോറിഡക്കാരിയായ ഒരു സ്ത്രീ ചിപ്സ്‌ വായിലേക്കു് വയ്ക്കാന്‍ തുടങ്ങിയപ്പോള്‍ യേശുവിനെ കാണുകയായിരുന്നു! ഭാഗ്യം എന്നല്ലാതെ എന്തു്പറയാന്‍? യേശുവിനെ ചവച്ചരച്ചു് വിഴുങ്ങിയിരുന്നെങ്കില്‍! ഹോ!

(കടപ്പാടു്: MSN, ZoomIn)