പുരപ്പുറത്തു് panel പിടിപ്പിച്ചു് ഒരു solar system തട്ടിക്കൂട്ടുന്ന ഭാരതീയ വനിതകള്‍.

ഭ്രൂണഹത്യക്കിരയായി, ലോകത്തിന്റെ വെളിച്ചം കാണാതെ ഗര്‍ഭത്തിലേ കൊല്ലപ്പെടാമായിരുന്നവര്‍! ഭാരതത്തിനു് സ്ത്രീ എന്നൊരു വര്‍ഗ്ഗമേ ആവശ്യമില്ലാത്തതുമൂലമല്ല, ഭാരതീയന്‍ സ്വയം വളര്‍ത്തിയെടുത്ത ഒരു സാമൂഹികവ്യവസ്ഥിതിയുടെ ചട്ടക്കൂട്ടിനുള്ളില്‍ മനുഷ്യാന്തസ്സിനു് അനുസൃതമായി ജീവിക്കാന്‍ സ്ത്രീ എന്ന 'ജീവിയില്‍' നിന്നും പുരുഷലോകം പ്രതീക്ഷിക്കുന്ന സാമ്പത്തികയോഗ്യതകള്‍ നിറവേറ്റാന്‍ കഴിയാത്ത മാതാപിതാക്കള്‍ "പെണ്ണെങ്കില്‍ അതിനെ കൊന്നേക്കൂ" എന്നു് അപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി തീരുന്നതുമൂലം! ലജ്ജാവഹമായ ചില ദുരാചാരങ്ങള്‍ തൂത്തെറിയാനുള്ള തന്റേടമോ, ധൈര്യമോ, താല്‍പര്യമോ ഇല്ലാത്ത രാഷ്ട്രീയ-സാമൂഹികനേതൃത്വങ്ങള്‍ രാജ്യത്തിലെ ജനസംഖ്യയുടെ പകുതിയെ, അവര്‍ സ്വയം തെരഞ്ഞെടുത്തതല്ലാത്ത ലൈംഗികതയുടെ പേരില്‍, സ്ത്രീത്വത്തിന്റെ പേരില്‍ വിവേചിക്കുന്നതിലും അവഗണിക്കുന്നതിലും അപാകതയൊന്നും കാണാത്തതുമൂലം! പണമില്ലായ്മ പെണ്മക്കളെ കൊലചെയ്യാന്‍ മതിയായ കാരണമായി കരുതുന്നതാണോ ആര്‍ഷഭാരതസംസ്കാരം എന്നെനിക്കറിയില്ല; Indian sub-continent-നെപ്പറ്റി ലോകത്തിനുമുന്നില്‍ ഭാരതീയനു് അഭിമാനിക്കാന്‍ അതു് വകനല്‍കുന്നുണ്ടോ എന്നും. ഇവരുടെ ആണുങ്ങള്‍ കള്ളുഷാപ്പില്‍ ആയതുകൊണ്ടാണു് ഇവര്‍ക്കിതു് ചെയ്യേണ്ടിവരുന്നതു് എന്നു് ആര്‍ക്കെങ്കിലും തോന്നിയാല്‍ അതു് ഭാഗികമായി മാത്രമേ നേരാവുകയുള്ളു. ഇതുപോലെ 'ആണിന്റേയും പെണ്ണിന്റേയും' പണി ചെയ്യേണ്ടിവരുന്ന, എന്നിട്ടും പീഡനമേല്‍ക്കേണ്ടിവരുന്ന സ്ത്രീകളുടെ 'സംരക്ഷകരായ' പുരുഷന്മാരെല്ലാവരും കള്ളുഷാപ്പിലാവണമെന്നില്ല. ചിലര്‍ ചീട്ടുകളിക്കുന്നുണ്ടാവാം, ചിലര്‍ വട്ടുകളിക്കുന്നുണ്ടാവാം, മറ്റുചിലര്‍ "പകിട പകിട പന്ത്രണ്ടേ" എന്നു് നീട്ടിവിളിച്ചു് പകിട കളിക്കുന്നുണ്ടാവാം. ഇതിലൊന്നും താല്‍പര്യമില്ലാത്തവര്‍ "വന്നോരേം കാണാം, പോണോരേം കാണാം ബീഡീം വലിക്കാം, ചായേം കുടിക്കാം" എന്ന ഫിലോസഫിയുമായി ഗതികിട്ടാപ്രേതം പോലെ ഏതെങ്കിലും കവല നിരങ്ങുന്നുണ്ടാവാം. ചിലര്‍ "ലോകാവസാനം ഇതാ നിന്റെ മൂക്കിനു് താഴെ. യേശു ഇപ്പൊത്തന്നെ മേഘത്തില്‍ വരും" എന്ന ഉപദേശിപ്രസംഗം കേള്‍ക്കുന്നുണ്ടാവാം. വേറെ ചിലര്‍ "ഇങ്ക്വിലാബ്‌ സിന്ദാബാദ്‌" എന്ന രാഷ്ട്രീയസര്‍വ്വരോഗസംഹാരി കണ്ണും മൂക്കുമടച്ചുപിടിച്ചുകുടിച്ചു് വികാരവിജൃംഭിതരായോ, പേയിളകിയോ തെക്കുവടക്കു് നെട്ടോട്ടമോടുന്നുണ്ടാവാം, പരസ്പരം വെട്ടിക്കൊല്ലുന്നുണ്ടാവാം. ഇതിലൊന്നും പെടാത്ത ചില ബുദ്ധിജീവി തമ്പ്രാക്കന്മാര്‍ 'പന്തിടഞ്ഞ കുളുര്‍കൊങ്ക രണ്ടുമിടതിങ്ങി കിഞ്ചന കുലുങ്ങുന്നതു്' നോക്കി വാപൊളിച്ചുനിന്നു് ഈച്ച പിടിക്കുന്നുണ്ടാവാം. അതുകൊണ്ടൊക്കെക്കൊണ്ടാണല്ലോ ഇവരുടെയിടയിലെതന്നെ ചില മഹത്തുക്കള്‍ പറഞ്ഞതു്: "പൊതുജനം പലവിധം!" (ഇതു് വായിക്കുന്നവര്‍ മുകളില്‍ പറഞ്ഞ കൂട്ടത്തിലൊന്നും പെടുന്നവരല്ല എന്നറിയാം. അതിനാല്‍ അവര്‍ ഒന്നുകില്‍ 'പാവം ഭാരതം' എന്നുപറഞ്ഞു് ദുഃഖിക്കുകയോ, അല്ലെങ്കില്‍ always look on the bright side of life എന്ന പാട്ടുപാടി ഒന്നു് കണ്ണിറുക്കി 'ബ്രൈറ്റ്‌ സൈഡിലേക്കു്' നോക്കുകയോ ചെയ്യുക! അതുപോലെതന്നെ, ഇത്തരം ജോലികള്‍ സ്ത്രീകള്‍ ചെയ്തുപോകരുതു് എന്ന അര്‍ത്ഥത്തിലാണു് ഇതു് പറയുന്നതെന്നു് ഇതുപോലുള്ള ജോലികള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്കും ഉണ്ടെന്നും, വേണമെന്നും വാദിക്കുന്നവര്‍ തെറ്റിദ്ധരിക്കരുതെന്നും വിനീതമായി അപേക്ഷിക്കുന്നു.)

 Solar system ഇങ്ങനെയും!