അനോണി ആന്റണിയുടെ ഈ പോസ്റ്റ് കണ്ടപ്പോള്‍ ഇങ്ങനെയൊരു പോസ്റ്റിടണം എന്നൊരാശ! “ഒരാശയടക്കിയാല്‍ ഒരു പാപമോചനം” എന്നറിയാഞ്ഞിട്ടല്ല. മോചിക്കാന്‍ ഒന്നോ രണ്ടോ പാപമൊക്കെ ആയിരുന്നെങ്കില്‍ കടിച്ചുപിടിച്ചു് അടക്കാമായിരുന്നു. ഇതിപ്പോ അടക്കിയിട്ടും വലിയ കാര്യമില്ലാത്ത എണ്ണത്തിലേക്കു് പാപങ്ങള്‍ വളര്‍ന്നുകഴിഞ്ഞു. ആശകളാണെങ്കിലും കൂടുന്നതല്ലാതെ കുറയുന്നുമില്ല. മൂക്കോളം മുങ്ങിയാല്‍ പിന്നെ കയത്തിന്റെ ആഴം അളന്നിട്ടും വലിയ കാര്യമില്ലല്ലോ. അതുകൊണ്ടു് പോസ്റ്റാന്‍ തന്നെ തീരുമാനിച്ചു!

1) രാത്രിയില്‍ ചത്ത ഒരു ആടു്. (“ട്വെന്റി-20” സെക്കന്‍ഡ് ഷോ കണ്ടതാണു് മരണകാരണം എന്നു് ദുര്‍ന്നാവുകള്‍‍!) “ശവശകുനം” നല്ലതാണെന്നറിയാമെങ്കിലും, തോലു് കടിച്ചുമുറിക്കാന്‍ മാത്രം കരുത്തു് ചുണ്ടിനില്ലാത്തതിനാല്‍ ഒരു “ക്യാരക്കാറ” (caracara) ശവത്തിന്റെ കണ്ണു് കൊത്തിപ്പറിക്കാന്‍ നോക്കുന്നു. കണ്ണെങ്കില്‍ കണ്ണു്! തൊലി കൊത്തിപ്പറിക്കാന്‍ കരുത്തുള്ള “രക്ഷകന്‍” ഒന്നോ ഒന്നിലധികമോ കൊണ്ടോറുകളുടെ രൂപത്തില്‍ താമസിയാതെ എത്തുമെന്നൊരു പ്രതീക്ഷ ക്യാരക്കാറയ്ക്കില്ലാതുമില്ല.2) കാത്തിരുന്നപോലെ അതാ വരുന്നു ഒരു “കൊണ്ടോര്‍ മശിഹാ”! പറക്കാന്‍ കഴിവുള്ള ശവംതീനികളില്‍ ഏറ്റവും വലിയതാണു് കൊണ്ടോറുകള്‍ (condor)‍! ഒരു ആന്‍ഡിയന്‍ കൊണ്ടോറിനു് (Vultur gryphus) 320 സെന്റീമീറ്റര്‍ വരെ Wingspan ഉണ്ടാവാം! California condor-നു് (Gymnogyps californianus) 290 സെന്റീമീറ്റര്‍ വരെയും! സൂര്യന്‍ ഉദിക്കാനും, അതുവഴി വായു ചൂടായി മുകളിലേക്കു് ഉയരാനും കാത്തിരിക്കുകയായിരുന്നു അവ‍.


3) കൊണ്ടോറുകള്‍ വളരെ ജാഗ്രതയുള്ള ജീവികളാണു്. (ഇതു് വായിക്കുമ്പോള്‍ ആരെങ്കിലും “KCBC ജാഗ്രത”യെപ്പറ്റി ഓര്‍ത്താല്‍ അതിന്റെ ഉത്തരവാദിത്വം എനിക്കല്ല എന്നു് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. എത്ര ശ്രദ്ധിച്ചാലും മതിയാവാത്തതാണു് കാലം! വളരെ പെട്ടെന്നു് ഉടയാവുന്ന വിഗ്രഹങ്ങള്‍!) ശവത്തിന്റെ സമീപപ്രദേശങ്ങള്‍ സൂക്ഷ്മമായി‍ പരിശോധിച്ചിട്ടേ അവ ലാന്‍ഡ് ചെയ്യുകയുള്ളു. “Starting Torque” കുറവായതുകൊണ്ടു് പറന്നുയരാനുള്ള ഓട്ടത്തിനിടയില്‍ അവ എളുപ്പം ശത്രുജീവികള്‍ക്കിരയാവാം. ശവംതിന്നു് വയറുനിറഞ്ഞാല്‍ പറന്നുയരല്‍ കൂടുതല്‍ ബുദ്ധിമുട്ടാവും! അതുകൊണ്ടു് ശത്രുക്കള്‍ അപകടകരമായ അകലത്തില്‍ എവിടെയെങ്കിലും മറഞ്ഞിരിക്കുന്നുണ്ടോ എന്നു് അവ ആകാശത്തില്‍ വച്ചുതന്നെ കൃത്യമായി നിരീക്ഷിക്കുന്നു. ഒരു കോണ്ടോര്‍ തീറ്റ ആരംഭിച്ചതു് കണ്ടാല്‍ മറ്റുള്ളവ ധൈര്യപൂര്‍വ്വം ലാന്‍ഡ് ചെയ്തു് സദ്യയില്‍ പങ്കുചേരും. കൊണ്ടോറുകള്‍ക്കു് ഒരുവിധം തോലുകളൊക്കെ കൊത്തിപ്പറിക്കാനാവും. മനുഷ്യരുടെ തൊലിക്കട്ടിയെ ഭേദിക്കാന്‍ ആവുമോ എന്ന കാര്യം ആരും ഇതുവരെ പരീക്ഷണവിധേയമാക്കിയിട്ടില്ല എന്നാണു് കേള്‍വി!

4) കൊണ്ടോറുകള്‍ തിന്നു് തൃപ്തി ആയാല്‍ പിന്നെ ക്യാരക്കാറകളുടെ ഊഴമാണു്.


5) ശവത്തിന്റെ എല്ലും തൊലിയും മാത്രം ബാക്കിയാവാന്‍ പിന്നെ വലിയ താമസമില്ല! പ്രകൃതിയുടെ “Waste Disposal” ! ഭൂമിയില്‍ സൃഷ്ടിയും, സ്ഥിതിയും, സംഹാരവും മാത്രമല്ല, സംസ്കാരവും പ്രകൃതിയുടെ ചുമതലയിലാണു്!


പ്രകൃതി വളര്‍ത്തിയെടുത്ത, പ്രകൃതിയുടെ സ്വന്തമായ സന്തുലിതാവസ്ഥ തകരാറിലാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതു്‍ പ്രകൃതിയുടെ ആവശ്യം എന്നതിനേക്കാള്‍ നമ്മുടെ നിലനില്പിന്റെ പ്രശ്നമാണു്. ഇരിക്കുന്ന കൊമ്പു് മുറിക്കരുതല്ലോ!