കേരളത്തില്‍ അനുദിനമെന്നോണം സംഭവിക്കുന്ന ആത്മഹത്യകളും കൊലപാതകങ്ങളും അപകടമരണങ്ങളും കാണേണ്ടിയും കേള്‍ക്കേണ്ടിയും വരുമ്പോള്‍ ചിന്തിച്ചുപോകുന്നു: മനുഷ്യജീവനു് ഈ സമൂഹത്തില്‍ ഇന്നു് എന്തെങ്കിലും വില കല്‍പിക്കാനാവുമോ? കോഴിപ്പോരും അങ്കംവെട്ടും കണ്ടു് കണ്‍കുളിര്‍ത്തിരുന്ന കേരളീയനു് മനസ്സിന്റെ മരവിപ്പുമൂലം മനുഷ്യരക്തം കണ്ടാലേ ഇപ്പോള്‍ തൃപ്തിയാവൂ എന്നുണ്ടോ?

എന്തു് കാരണംകൊണ്ടോ നിയന്ത്രണം വിട്ട ആനകള്‍ പാപ്പാനേയും, പലപ്പോഴും വഴിയാത്രക്കാരെപ്പോലും പരസ്യമായി കുത്തിയും ചവിട്ടിയും കൊല്ലുന്നതു് എത്രയോ വട്ടം സംഭവിച്ചിട്ടും അതിനെതിരായി എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ കേരളീയസമൂഹത്തിനു് കഴിയാതെ പോകുന്നതിനു് മറ്റെന്തു് നീതീകരണമാണു് നല്‍കാന്‍ കഴിയുക? രക്തത്തിലെ പട്ടയുടെ അംശം നിശ്ചയിക്കുന്നതിനേക്കാള്‍ ഞരമ്പുകളിലൂടെ ഒഴുകുന്ന പട്ടയിലെ രക്തത്തിന്റെ അംശം നിശ്ചയിക്കുന്നതാണു് ഉപകരണസാങ്കേതികപരമായി കൂടുതല്‍ എളുപ്പം എന്ന അവസ്ഥയിലെത്തിയെട്ടും ആള്‍ക്കൂട്ടത്തിനിടയിലൂടെ ആനകളെ എഴുന്നെള്ളിക്കാന്‍ പാപ്പാന്മാരും പരിവാരങ്ങളും അനുവദിക്കപ്പെടുന്നതുമൂലമാവുമോ നിരപരാധികളായ മനുഷ്യര്‍ ജീവന്‍ ബലികഴിക്കേണ്ടിവരുന്നതു്? അതോ, മൃഗമനഃശാസ്ത്രത്തിലോ മൃഗശരീരശാസ്ത്രത്തിലോ വേണ്ടത്ര അറിവോ, ആനകളുടെ സംരക്ഷണസംബന്ധമായി‍ ഉചിതമായ പരിശീലനമോ ഒന്നുമില്ലാതെ ഒരു 'തന്റേടത്തിന്റെ' പേരില്‍ 'ആനനിയന്ത്രകരായി' ചമയുന്നവരുടെ അജ്ഞതയ്ക്കു് ആനകളും നിഷ്കളങ്കരായ മനുഷ്യരും ഇരയായിത്തീരുകയാണോ?

അതെന്തായാലും, അദ്ധ്യാത്മിക-സാംസ്കാരികകേരളത്തിന്റെ സാമാന്യബോധം അതിനെതിരായി ഉറക്കെ ചിന്തിക്കേണ്ട കാലം പണ്ടേ കഴിഞ്ഞിരിക്കുന്നു എന്നാണെനിക്കു് തോന്നുന്നതു്. ആനകളുടെ അനുഭവജ്ഞാനാതീതമായ പരിജ്ഞാനശേഷിയെപ്പറ്റി സിമ്പോസിയം നടത്തുകയല്ല, മനുഷ്യജീവന്‍ അപകടത്തിലാക്കാന്‍ അവയെ അനുവദിക്കാതിരിക്കാനുള്ള പ്രായോഗികമാര്‍ഗ്ഗങ്ങള്‍ ആരായുകയാണു് ആവശ്യം. ഒന്നുകില്‍ ഈ പ്രാകൃതനടപടി പൂര്‍ണ്ണമായും നിരോധിക്കണം, അല്ലെങ്കില്‍ ചുരുങ്ങിയപക്ഷം, മനുഷ്യന്റെ ജീവനും സ്വത്തിനും അപകടം വരാത്ത വിധത്തില്‍ ഈ അരങ്ങേറ്റം നടത്താന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുകയെങ്കിലും ചെയ്യണം.

ഇണക്കിളികളിലൊന്നിനെ അമ്പെയ്തു് വീഴ്ത്തിയ കാട്ടാളത്തത്തിനുനേരെ 'മാ നിഷാദ' എന്നലറിയ ആര്‍ഷഭാരതസംസ്കാരത്തിനു് അതിനുള്ള കഴിവു് ഇല്ലാതായി എന്നു് വരുമോ?