ജനിച്ചു എന്നതു് സത്യമാണെങ്കില്‍ എന്നെങ്കിലും മരിക്കാതെ തരമില്ല. അതു് എന്നാളത്തേക്കും ഒരു സത്യമായി തുടരുമോ എന്നു് പറയാനാവില്ല എങ്കിലും, പ്രൗഢഗംഭീരമായി പാണ്ടിപ്പോത്തിന്റെ പുറത്തുകയറി മീശയൊക്കെ പിരിച്ചു് യമനെന്ന കാലമാടന്‍ അന്റാര്‍ട്ടിക്കിന്റെയും തെക്കു് എവിടെനിന്നോ ബുദ്ധിമുട്ടി കഷ്ടപ്പെട്ടു് വീട്ടുപടിക്കല്‍ എത്തുമ്പോള്‍ "നീ തിരിച്ചുപോടാ കാലാ, എനിക്കു് തോന്നുമ്പോ ഞാന്‍ അങ്ങു് വന്നോളാം" എന്നൊക്കെ പറഞ്ഞാല്‍ അദ്ദേഹം വല്ലാതെ ദുഃഖിക്കും. ഇത്രേം വഴി പോത്തിനേം അടിച്ചു് വന്നിട്ടു് ചുമ്മാ വെറുംകൈ ആയി മടങ്ങണം എന്നു് വന്നാല്‍ യമനെന്നല്ല, ആര്‍ക്കായാലും മലയാളസിനിമയിലെ നായികമാരെപ്പോലെ ഉടനടി ഉള്ളുകലങ്ങി നെഞ്ചുരുകും, കണ്ണില്‍ saturated NaCl Solution നിറയും, അതു് original 'kaalan' mark കണ്മഷിയുമായി കെട്ടിപ്പുണര്‍ന്നു് കവിളിലൂടെ കാവേരിപോലെ താഴേക്കു് ഒഴുകി, ശിവന്റെ ജടയില്‍ ഗംഗാജലം എന്നപോലെ, മീശയില്‍ കുടിപാര്‍ക്കാന്‍ തുടങ്ങും. നമ്മള്‍ നിരുപാധികമായി കൂടെ പോകാമെന്നു് സമ്മതിക്കുന്നതുവരെ അങ്ങേര്‍ കരച്ചില്‍ നിറുത്തുകയില്ല. അവസാനം സഹാനുഭൂതിയുടെ പേരില്‍ നമ്മള്‍ കനിഞ്ഞു് യമദേവന്റെ ഇംഗിതത്തിനു് വഴങ്ങും. നമ്മളെസംബന്ധിച്ചിടത്തോളം അതൊരു പൂര്‍ണ്ണവിരാമമാണു്. അതോടെ തീര്‍ന്നു കാര്യങ്ങള്‍. വിമോചനസമരവും, സാമൂഹ്യപാഠവും, മാങ്ങാച്ചമ്മന്തിയും, മാര്‍ക്സിസവും, വായ്നാറ്റമുള്ള വിശുദ്ധപിതാക്കളും, അമ്മയാവാന്‍ കൊതിക്കുന്ന കന്യാസ്ത്രീകളും എല്ലാം അവിടെ വരെ മാത്രം!

നമ്മള്‍ കാലന്റെ കൂടെ പോയാലും തീരാത്ത ചില കാര്യങ്ങള്‍ നമ്മള്‍ ഉപേക്ഷിച്ചു് പോകുന്നവര്‍ക്കു് നേരിടേണ്ടതായുണ്ടു്. ശവസംസ്കാരം എങ്ങനെ ആയിരിക്കണം? മണ്ണില്‍ കുഴിച്ചിടണമോ? ദഹിപ്പിക്കണമോ? ദഹിപ്പിച്ചാല്‍ തന്നെ ഭസ്മം കടലില്‍ വിതറണമോ? മൂവാണ്ടന്‍മാവിനു് വളമാക്കണമോ? കുടത്തില്‍ ശേഖരിച്ചു് കുഴിച്ചിടണമോ? കുഴിച്ചിടണമെങ്കില്‍ തന്നെ തെമ്മാടിക്കുഴിയിലോ, എലിക്കുഴിയിലോ, അതോ പുലിക്കുഴിയിലോ? ഇതൊന്നുമല്ലെങ്കില്‍, വൈദ്യന്‍കുഞ്ഞുങ്ങള്‍ക്കു് കീറിമുറിച്ചു് പഠിക്കാന്‍ ശവം മെഡിക്കല്‍ കോളേജിനെ ഏല്‍പിക്കണമോ? അങ്ങനെ ഉടനെ ഉത്തരം കണ്ടുപിടിക്കേണ്ട നൂറുനൂറു് ചോദ്യങ്ങളായിരിക്കും അര്‍ജ്ജുനന്റെ 'പെരുകുന്ന' ശരം പോലെ ഇടതടവില്ലാതെ ബന്ധുക്കളുടെ മേല്‍ പതിച്ചുകൊണ്ടിരിക്കുന്നതു്. ആരെയും ബുദ്ധിമുട്ടിക്കരുതെന്നു് നിര്‍ബന്ധമുള്ളവരായിരുന്നു മരിച്ച നമ്മളെങ്കില്‍ സമയത്തും കാലത്തും ഒരു വില്‍പത്രം എഴുതിയുണ്ടാക്കി ശവസംസ്കാരത്തിനു് വേണ്ടിവരുന്ന ചില്ലറസഹിതം, "ഞാന്‍ ചത്തിട്ടേ തുറക്കാവൂ, അല്ലെങ്കില്‍ തല്ലുകൊള്ളും!" എന്നൊരു warning വലിയ അക്ഷരങ്ങളില്‍ രേഖപ്പെടുത്തി, കഞ്ഞിപ്പശകൊണ്ടു് ഭദ്രമായി ഒട്ടിച്ച ഒരു കവറില്‍ 'കള്ളനു് കഞ്ഞിവച്ച' ഏതെങ്കിലും ഒരു വക്കീലിനെ ഏല്‍പിച്ചിട്ടുണ്ടാവും. യമന്റെ വാച്ചു് 'made in' ആയതുകൊണ്ടാവാം ചിലപ്പോള്‍ ഫാസ്റ്റും മറ്റുചിലപ്പോള്‍ സ്ലോവും ആവുമെന്നതിനാല്‍, കൃത്യസമയത്തു് വില്‍പത്രം എഴുതാന്‍ ആഗ്രഹമുണ്ടെങ്കിലും എല്ലാവര്‍ക്കും അതു് കഴിയണമെന്നുമില്ല. രണ്ടു് മുട്ടും കീറിയ രണ്ടു് ജീന്‍സും, (ഒന്നു് പഴക്കം മൂലവും, മറ്റേതു് ഫാഷനുവേണ്ടി മേടിച്ചപ്പോള്‍ തന്നെ ബ്ലേഡിനു് വരഞ്ഞുകീറിയതും!) വാങ്ങിച്ചപ്പോള്‍ വെള്ളയായിരുന്ന മൂന്നു് ബ്രൗണ്‍ റ്റീഷര്‍ട്ടും സ്വന്തം സ്ഥാവരജംഗമവസ്തുക്കള്‍ എന്നു് അഭിമാനപൂര്‍വ്വം പറയാന്‍ കഴിയുന്നവര്‍ക്കു് സമയത്തു് വില്‍പത്രം എഴുതാന്‍ കഴിയാതെ പോവുന്നതു് പേനയില്‍ മഷി ഇല്ലാതിരുന്നതുകൊണ്ടും ആയിക്കൂടെന്നില്ല.

ജീവിച്ചിരുന്നപ്പോള്‍ നമ്മള്‍ സ്നേഹിച്ചിരുന്ന, നമ്മളെ സ്നേഹിച്ചിരുന്ന ചില മനുഷ്യജീവികളെ ലോകത്തില്‍ ബാക്കിയാക്കിയിട്ടാണല്ലോ നമ്മള്‍ കാലന്റെ കൂടെ പോകുന്നതു്! സ്വയം എന്നെങ്കിലും ഇതേ യാത്ര ആരംഭിക്കുന്നതുവരെ അവരില്‍ പലരും നമ്മളെ മനസ്സില്‍ ഓര്‍മ്മകളായി സൂക്ഷിക്കുന്നവരായിരിക്കും. അവരില്‍ പലരും ആ ഓര്‍മ്മയുടെ പ്രതീകങ്ങളായി എന്തെങ്കിലുമൊക്കെ വസ്തുക്കള്‍ നിധിപോലെ കരുതി കാത്തു് സൂക്ഷിക്കുന്നുമുണ്ടാവാം. ചിലപ്പോള്‍ ഒരു ഫോട്ടോ, അല്ലെങ്കില്‍ നമ്മള്‍ നല്‍കിയ ചെറിയ ചെറിയ സമ്മാനങ്ങള്‍, നമ്മള്‍ നല്‍കിയ എഴുത്തുകള്‍ അങ്ങനെ പലതും! മാലയുടെ പതക്കത്തിനുള്ളില്‍ സ്നേഹിക്കുന്നവരുടെ തലമുടിയുടെ അംശം സൂക്ഷിക്കുന്ന ഒരേര്‍പ്പാടു് വളരെ പണ്ടു് ഉണ്ടായിരുന്നു എന്നു് കേട്ടിട്ടുണ്ടു്. ഇന്നും അതുപോലുള്ള ഒറ്റപ്പെട്ട രീതികള്‍ എവിടെയെങ്കിലുമൊക്കെ ഉണ്ടാവാം. ഈ രീതിയുടെ ഒരു പരിഷ്കരിച്ച പതിപ്പാണു് മൃതശരീരത്തില്‍ നിന്നും കൃത്രിമമായി വജ്രം നിര്‍മ്മിച്ചെടുക്കുക എന്നതു്. ബന്ധുവിന്റെ ഭൗതികാവശിഷ്ടത്തിന്റെ ഒരംശം ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചു് വജ്രക്കല്ലാക്കി രൂപാന്തരപ്പെടുത്തി മോതിരത്തിലോ കമ്മലിലോ മറ്റോ പതിപ്പിച്ചു് ആഭരണമായി ധരിക്കുവാന്‍ സങ്കേതികമായി ഇന്നു് സാദ്ധ്യമാണു്.

  
വേണമെങ്കില്‍ ഈ രീതിയെ 'വജ്രശവസംസ്കാരം' എന്നു് വിളിക്കാം. ഇതിലെ ഒരു പ്രശ്നം, വജ്രം നിര്‍മ്മിക്കണമെങ്കില്‍ ശവശരീരം ദഹിപ്പിക്കപ്പെടണം എന്നതാണു്. മണ്ണില്‍ അടക്കപ്പെടുന്ന ശവശരീരങ്ങളെ വജ്രമാക്കാനാവില്ല എന്നു് ചുരുക്കം. ഓവല്‍ ആകൃതിയിലും, ഹൃദയരൂപത്തിലും, മറ്റു് പലതരം മാതൃകകളിലുമുള്ള 'വജ്രക്കല്ലുകള്‍' ലഭ്യമാണു്. ആവശ്യമെങ്കില്‍, ഈ കല്ലുകളില്‍, നഗ്നനേത്രങ്ങള്‍ കൊണ്ടു് കാണാന്‍ കഴിയാത്തത്ര ചെറിയ അക്ഷരങ്ങളില്‍ പേരു് കൊത്തിവയ്ക്കാനുമാവും. വജ്രക്കല്ല് വളരാന്‍ ഏകദേശം മൂന്നു് മാസം സമയമെടുക്കും. കല്ലിന്റെ വലിപ്പവും മറ്റുമനുസരിച്ചു് ഇന്നത്തെ നിരക്കില്‍, മൂന്നു് ലക്ഷം മുതല്‍ ഒന്‍പതു് ലക്ഷം വരെ രൂപ ചിലവു് വരും. ഒന്നില്‍ കൂടുതല്‍ കല്ലുകളും ഓര്‍ഡര്‍ ചെയ്യാം. സ്വാഭാവികമായും അവയ്ക്കു് അതിനനുസരിച്ചു് കൂടുതല്‍ വിലയും നല്‍കേണ്ടിവരും. സ്വിറ്റ്‌സര്‍ലണ്ടിലെ ഒരു 'വജ്രംവളര്‍ത്തല്‍' കമ്പനിയുടെ സഹായത്തോടെ വിയന്നയിലെ ഒരു ശവമടക്കു് കമ്പനിയാണു് ഈ സേവനം വാഗ്ദാനം ചെയ്യുന്നതു്. അധികം വിയന്നക്കാരും മണ്ണിനടിയില്‍ അന്ത്യവിശ്രമം കൊള്ളാന്‍ ആഗ്രഹിക്കുന്നവരായതുകൊണ്ടാവാം, മരിച്ചവരെ വജ്രമാക്കാന്‍ വലിയ ഇടിച്ചുകയറ്റം ഇതുവരെ തുടങ്ങിയിട്ടില്ല. യൂറോപ്പിലെ എല്ലാ രാജ്യങ്ങളും 'വജ്രശവസംസ്കാരം' അനുവദിക്കുന്നുമില്ല. ഇതൊരു പുതിയരീതി ആയതാവാം അതിന്റെ ഒരു കാരണം.

അത്യാവശ്യത്തിനു് ചില്ലറ പോക്കറ്റിലും, തലയില്‍ ആവശ്യത്തിനു് മുടിയുമുണ്ടെങ്കില്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ കുറെ മുടി മുറിച്ചെടുത്തു് കത്തിച്ചു് ആ കരിയില്‍ നിന്നും വേണമെങ്കില്‍ വജ്രമുണ്ടാക്കാം. തത്വത്തില്‍, ശരീരത്തിലെ ഏതു് ഭാഗത്തുനിന്നെടുക്കുന്ന രോമങ്ങളും വജ്രമായി സ്ഥാനാരോഹണം ചെയ്യപ്പെടാന്‍ യോഗ്യതയുള്ള potential candidates ആണു്.

സാങ്കേതികം:

മൃതശരീരം 800 മുതല്‍ 950 വരെ ഡിഗ്രി സെന്റിഗ്രേഡില്‍ ദഹിപ്പിക്കപ്പെടുമ്പോള്‍ ബാക്കിയാവുന്നതില്‍ ഏകദേശം മൂന്നു് ശതമാനം കാര്‍ബണ്‍ ആയിരിക്കും. ഈ ബാക്കിയെ ചുരുങ്ങിയതു് 1200 ഡിഗ്രിയില്‍ വീണ്ടും ദഹിപ്പിക്കുമ്പോള്‍ മുഴുവന്‍ കാര്‍ബണും കാര്‍ബണ്‍ഡയോക്സൈഡ്‌ ആയിത്തീരും. അവസാനം ബാക്കിവരുന്നതു് ഭൗതികാവശിഷ്ടമായ ചാരമാണു്. വജ്രം വളര്‍ത്തിയെടുക്കാന്‍ amorphous carbon ആവശ്യമായതിനാല്‍, ദഹനപ്രക്രിയ അല്‍പം വ്യത്യസ്തമായ രീതിയില്‍ നടത്തപ്പെടണം. 50000 മുതല്‍ 60000 വരെ ബാര്‍ മര്‍ദ്ദത്തില്‍, 1800 മുതല്‍ 2000 വരെ കെല്‍വിന്‍ ടെമ്പറേച്ചറില്‍, hexagonal crystals ആയി മാറുന്ന കാര്‍ബണെ അനുയോജ്യമായ ഒരു catalytic agent-ന്റെ സഹായത്തോടെ ഏതാനും ആഴ്ചകള്‍ കൊണ്ടു് വജ്രമാക്കി മാറ്റുന്നു!

ദൈവദോഷം:

മനുഷ്യപുത്രന്‍ കാഹളനാദവുമായി മേഘത്തില്‍ വരുമ്പോള്‍ ഈ വജ്രമോതിരങ്ങള്‍ സൂചിക്കുഴയിലൂടെ കടക്കില്ല എന്നു് പറഞ്ഞേക്കാന്‍ സാദ്ധ്യതയുണ്ടു്. കാരണം, 'വജ്രമോതിരം' ജീവിച്ചിരുന്നപ്പോള്‍ നല്ല ചുറ്റുപാടുള്ളവന്‍/ള്‍ ആയിരുന്നിരിക്കണമല്ലോ! അതിനാല്‍ യേശു അവനെ/ളെ ഒരുപക്ഷേ നരകത്തിലേക്കു് തള്ളിയേക്കാം. വജ്രത്തിനു് അതു് അത്ര സാരമുള്ള കാര്യമാവാന്‍ വഴിയില്ല. കാരണം, വജ്രമാവാന്‍ സഹിക്കേണ്ടിവന്നതിനേക്കാള്‍ വലിയ ചൂടും മര്‍ദ്ദവുമൊന്നും നരകത്തില്‍ ഉണ്ടാവാന്‍ വഴിയില്ല. അല്ലെങ്കില്‍, ഇത്രയും ഭീമമായ മര്‍ദ്ദം താങ്ങുമ്പോള്‍ പണ്ടേക്കു് പണ്ടേ നരകത്തിലെ 'ചാവാത്ത പുഴുക്കള്‍' വയറുപൊട്ടിച്ചാവേണ്ടതായിരുന്നു! അത്രയും വലിയ മര്‍ദ്ദവും ചൂടും നരകത്തില്‍ ഉണ്ടായിരുന്നു എങ്കില്‍, അവിടെ ചെല്ലുന്നവരെ മുഴുവന്‍ പിശാചു് വജ്രാഭരണങ്ങളാക്കി മാറ്റി ഭാര്യയുടെയും പിള്ളേരുടെയും തന്റെയുമൊക്കെ കാതിലും, കഴുത്തിലും, മൂക്കിലും, പാദത്തിലും, അരയിലും, മുടിയുടെ പകുക്കലിലും, തുളയ്ക്കാനും തിരുകാനും പറ്റുന്ന മറ്റു് ശരീരഭാഗങ്ങളിലുമൊക്കെ കുത്തിത്തിരുകി സര്‍ക്കസ്‌ കുതിരകളെപ്പോലെ സര്‍വ്വാഭരണവിഭൂഷിതരായി ഞെളിഞ്ഞേനെ! എങ്കില്‍ ദൈവം പോലും എത്രയും വേഗം നരകത്തില്‍ എത്തി, പിശാചിന്റെ കീഴില്‍ എന്തെങ്കിലും ജോലി കണ്ടെത്തി നാലു് കാശുണ്ടാക്കി, ആഭരണലോട്ടറി ചേര്‍ന്നു് മലയാളിമങ്കമാരെപ്പോലെ തന്നെയും ആഭരണത്തില്‍ പൊതിഞ്ഞേനെ! 'തിരുവാഭരണം' എന്താ ദൈവത്തിനു് കയ്ക്കുമോ?