ഭാരതം ഇന്നു് സാമ്പത്തീകമായും, വ്യാവസായികമായും വളരെ വളര്‍ന്നുകഴിഞ്ഞു. ലോകരാഷ്ട്രങ്ങള്‍ സാവകാശം അതു് അംഗീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പക്ഷേ, ഭാരതീയനോ? ഭാരതത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഗത്യന്തരമില്ലാതെ സഹിക്കേണ്ടിവരുന്ന സാമൂഹികസാഹചര്യങ്ങള്‍ അഭിമാനത്തിനു് വക നല്‍കുന്നവയാണോ? സാമൂഹികപ്രതിഭാസങ്ങളിലെ നേരിയ ചലനങ്ങള്‍ പോലും കാലേകൂട്ടി, മറ്റാരിലും മുന്‍പേ മനസ്സിലാക്കാന്‍ കഴിയേണ്ടവരാണു് സമൂഹത്തിലെ ബുദ്ധിജീവികള്‍, സാഹിത്യകാരന്മാര്‍, കലാകാരന്മാര്‍ മുതലായവരടങ്ങുന്ന സംസ്കാരികനേതൃത്വം. പക്ഷേ, സമൂഹത്തിന്റെ ജീര്‍ണ്ണതയും, വ്യക്തിത്വത്തിനു് സംഭവിക്കുന്ന മൂല്യച്ച്യുതിയും, മനുഷ്യജീവന്‍ പന്താടപ്പെടുന്നതുമൊക്കെ കാണുമ്പോള്‍ അതിന്റെയൊക്കെ സ്റ്റാറ്റിസ്റ്റിക്സ്‌ ശേഖരിക്കുകയല്ലാതെ, അവയുടെ പരിഹാരത്തിനു് ആവശ്യമായ ക്രിയാത്മകമായ നടപടികളെപ്പറ്റി അവര്‍ ബോധപൂര്‍വ്വം ചിന്തിക്കുന്നുണ്ടോ എന്നു് സംശയിക്കേണ്ടിവരുന്നു. സ്വാതന്ത്ര്യം നേടി അറുപതു് വര്‍ഷങ്ങള്‍ തികഞ്ഞിട്ടും, മാനസികമായി വളരാന്‍ ഭാരതീയന്‍ എന്തുകൊണ്ടു് അനുവദിക്കപ്പെടുന്നില്ല എന്നു് നിഷ്പക്ഷവും, വിമര്‍ശനാത്മകവുമായി ചിന്തിക്കുവാന്‍ സമൂഹത്തെ ഒരുക്കേണ്ടതിന്റെ ചുമതല അവര്‍ക്കല്ലാതെ മറ്റാര്‍ക്കാണു്? യഥാസ്ഥിതികതയുടെ വ്യാജപ്രവാചകരില്‍നിന്നും ജനങ്ങളെ മോചിപ്പിക്കാന്‍ അവരല്ലാതെ മറ്റാരാണു് ശ്രമിക്കേണ്ടതു്?

വികേന്ദ്രീകരണം ഇന്നു് പലരും ഉപയോഗിക്കുന്ന ഒരു പദമാണു്. തീര്‍ച്ചയായും വികേന്ദ്രീകരണം ആവശ്യവുമാണു്. പക്ഷേ, അഴിമതിയും, കൈക്കൂലിയും, സ്വജനപക്ഷപാതവുമൊക്കെ ദൈനംദിനജീവിതത്തിന്റെ ഒരു ഭാഗമെന്നോണം തികഞ്ഞ സ്വാഭാവികതയായി മാറിക്കഴിഞ്ഞ ഒരു സമൂഹത്തിലെ വികേന്ദ്രീകരണം "കള്ളനെ കാവലേല്‍പ്പിക്കുന്നതിനു്" തുല്യമല്ലേ ആവൂ? ക്രിമിനല്‍സിനെ സംരക്ഷിക്കാന്‍ പോലും മനസാക്ഷിക്കുത്തു് തോന്നാത്ത ഒരു നാട്ടില്‍ വികേന്ദ്രീകരണം കൊണ്ടു് എന്തു് പ്രയോജനം? സായിപ്പിന്റെ കാലത്തെ കണക്കപ്പിള്ളമാര്‍, സായിപ്പു് ഭാരതീയനു് നല്‍കിയ വിദ്യാഭ്യാസം, സായിപ്പു് ഭാരതത്തില്‍ സ്ഥാപിച്ച റെയില്‍വേ - ഇവയുടെയെല്ലാം ലക്‍ഷ്യം, കൂടുതലും കുറവുമില്ലാതെ, സായിപ്പിന്റെ നേട്ടങ്ങള്‍ ഉറപ്പുവരുത്തുക എന്നതു് മാത്രമായിരുന്നു. ഭാരതീയനെ അടിച്ചമര്‍ത്തി ചൂഷണം ചെയ്യാന്‍ സായിപ്പു് നിര്‍മ്മിച്ച നിയമങ്ങളും ചട്ടങ്ങളും ഇന്നും തലയില്‍ സൂക്ഷിക്കുന്ന ഭാരതീയര്‍ വിരളമല്ല. ഭാരതീയന്റെ ഭാഗധേയം ഇന്നു് അവന്റെ കയ്യില്‍ത്തന്നെയാണു്. അവന്‍ ശൂന്യാകാശം വരെ കയ്യടക്കിക്കൊണ്ടിരിക്കുന്നു! പക്ഷേ, തന്റെ ഗൃഹപാഠം ചെയ്യാന്‍, സ്വന്തം മുറ്റം അടിച്ചുവാരാന്‍ അവനു് കഴിയുന്നില്ല! സമൂഹത്തെ കാലാനുസൃതമായി വളര്‍ത്തിയെടുക്കേണ്ട "നാടുവാഴികളിലും" അധികാരികളിലും അധികപങ്കും അവര്‍ ചെയ്യുന്ന ജോലിയോടു് ആത്മാര്‍ത്ഥത കാണിക്കുന്നവരല്ലെന്നു് മാത്രമല്ല, എന്താണു് തങ്ങളുടെ ജോലി എന്നതിനെപ്പറ്റിപ്പോലും വലിയ ഗ്രാഹ്യമൊന്നും ഇല്ലാത്തവരാണെന്നതു് ദുഃഖകരമായ ഒരു സത്യം മാത്രമാണു്. തന്മൂലം ജനങ്ങള്‍ തങ്ങളുടെ തികച്ചും ന്യായമെങ്കിലും, മേലാളന്മാരുടെ കടുംപിടുത്തങ്ങളും സ്വാര്‍ത്ഥതല്‍പര്യങ്ങളും മൂലം നിഷേധിക്കപ്പെടുന്ന അവകാശങ്ങള്‍ നേടിയെടുക്കാന്‍ വരെ കോടതികളെ ആശ്രയിക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങള്‍ ഏറെയാണു്. ശരാശരി അന്‍പതോ, അറുപതോ വര്‍ഷം ജീവിച്ചേക്കാവുന്ന ഭാരതീയന്‍ അതില്‍ എത്ര വര്‍ഷം കേസുപറയാനായി നീക്കിവയ്ക്കണം? മനുഷ്യരുടെ നന്മക്കായി നിയമം നിര്‍മ്മിച്ചു് നടപ്പിലാക്കാന്‍ ജനങ്ങള്‍തന്നെ ശമ്പളം നല്‍കി സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ "വാഴിച്ചിരിക്കുന്നവരെ" അവര്‍ ചെയ്യേണ്ട ജോലി എന്തെന്നു് പറഞ്ഞു് മനസ്സിലാക്കേണ്ട ഗതികേടാണു് ജനങ്ങള്‍ക്കു് പലപ്പോഴുമുള്ളതു്!

മരാമത്തുപണികളോ, മറ്റു് നിര്‍മ്മാണപ്രവര്‍ത്തനങ്ങളോ നടക്കുന്ന പണിസ്ഥലങ്ങള്‍ അപകടസാദ്ധ്യത വ്യക്തമായി തിരിച്ചറിയാനും, സൂക്ഷിക്കാനും മനുഷ്യരെ സഹായിക്കുന്ന വിധത്തില്‍ അനുയോജ്യമായ കരുതല്‍നടപടികള്‍ വഴി സുരക്ഷിതമാക്കേണ്ടതു്, ഏറ്റവും ചുരുങ്ങിയതു് എന്നു് പറയേണ്ടുന്ന ഒരാവശ്യമാണു്. അങ്ങനെയുള്ള ബാലപാഠങ്ങള്‍ പോലുമറിയാത്തവരെ കയറൂരിവിട്ടു് മനുഷ്യജീവന്‍ അപകടത്തിലാക്കാന്‍ അനുവദിക്കുന്നതിനെ മനഃപൂര്‍വ്വമുള്ള നരഹത്യ എന്നല്ലേ വിളിക്കേണ്ടതു്? ഇത്തരം അപകടങ്ങള്‍ എത്രയോ പ്രാവശ്യം ആവര്‍ത്തിക്കപ്പെടുന്നു! മനുഷ്യജീവനു് ഭാരതത്തില്‍ യാതൊരു വിലയുമില്ലാതായി എന്നുണ്ടോ? അതുപോലുള്ള ജോലികള്‍ ചെയ്യുന്ന തൊഴിലാളികളും, അവരുടെ മേലുദ്യോഗസ്ഥരും അതുവഴി സംഭവിക്കാവുന്ന അപകടങ്ങളേപ്പറ്റി ബോധവാന്മാരായിരിക്കണം. അതിനുള്ള പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള ബാദ്ധ്യത അവര്‍ക്കു സമൂഹത്തിനോടുണ്ടു്. സമൂഹത്തിനോടു് ബാദ്ധ്യത ഇല്ലാത്തവരെ ജോലിയില്‍വച്ചു് ചെലവിനുകൊടുത്തു് സംരക്ഷിക്കുവാനുള്ള ഒരു ബാദ്ധ്യതയും ഒരു സമൂഹത്തിനുമില്ല. തന്റെ ജോലി "ഉന്തിയുരുട്ടി" ഒപ്പിക്കാതെ അതിന്റെ എല്ലാവിധ അര്‍ത്ഥത്തിലും വിദഗ്ദ്ധമായി പൂര്‍ത്തീകരിക്കുവാനുള്ള ഒഴിവാക്കാനാവാത്ത ഉത്തരവാദിത്തം ജോലിക്കാരനുണ്ടു്. അതിനു് കഴിവോ, മനസ്സോ ഇല്ലാത്തവരെ ജോലിയില്‍നിന്നും പിരിച്ചുവിടാനുള്ള അവകാശവും അധികാരവും അവര്‍ക്കു് ശമ്പളം നല്‍കാന്‍ ഖജനാവു് നിറയ്ക്കുന്ന നികുതിദായകര്‍ക്കുമുണ്ടു്.

യുവ എഴുത്തുകാരുടെ രചനകള്‍ വായിക്കുമ്പോള്‍ തലയ്ക്കു് അടി കിട്ടുന്നപോലെ തോന്നുന്നു എന്നു് ഒരു മുതിര്‍ന്ന സാഹിത്യകാരന്‍ ഏതാനും നാള്‍ മുന്‍പു് പറഞ്ഞതു് പത്രത്തില്‍ വായിച്ചു. മനസ്സിലാവാത്തതിന്റെ കുറ്റം എഴുത്തുകാരുടേതു് മാത്രമാവണമെന്നുണ്ടോ? ശാസ്ത്രീയതത്വങ്ങള്‍ ഒരുവനു് മനസ്സിലാവുന്നില്ലെങ്കില്‍ അതിന്റെ കുറ്റം ശാസ്ത്രത്തിന്റേതാവണമെന്ന നിലപാടിനു് തുല്യമല്ലേ അതു്? "ഞാന്‍ ഇതുവരെ പുളിശ്ശേരിയേ കഴിച്ചിട്ടുള്ളു; എനിക്കതുകൊണ്ടു് ദോഷമൊന്നും ഉണ്ടായിട്ടില്ല; അതുകൊണ്ടു് എരിശ്ശേരി കഴിക്കാന്‍ ആര്‍ക്കും അനുവാദമില്ല" എന്ന ചിന്താഗതിയല്ലേ ഈ നിലപാടിനു് പിന്നില്‍? എനിക്കു് മനസ്സിലാവുന്നില്ല എന്നതു് ആര്‍ക്കും മനസ്സിലാവുന്നില്ല എന്ന വിധിയെഴുത്തിന്റേയോ, മറ്റാരും അതു് മനസ്സിലാക്കാന്‍ പാടില്ല എന്ന നിലപാടിന്റേയോ നീതീകരണമായിക്കൂടാ എന്നെനിക്കു് തോന്നുന്നു. പഴയതിനെ അര്‍ഹിക്കുന്ന ബഹുമാനം നല്‍കി ആദരിച്ചുകൊണ്ടു് നവീനതയെ ഉത്തേജിപ്പിക്കുവാന്‍ ശ്രമിക്കുന്നതല്ലേ വളര്‍ച്ച? പുതിയ ആശയങ്ങളും, പുതിയ കാഴ്ചപ്പാടുകളും പ്രോത്സാഹിപ്പിക്കപ്പെടാതെ ഒരു സമൂഹം വളരുന്നതെങ്ങനെ?

ഏതൊരു സമൂഹത്തിന്റെയും പ്രധാന മൂലധനം വളര്‍ന്നുവരുന്ന തലമുറയാണു്. അവര്‍ക്കു് അന്തസുറ്റ വിദ്യാഭ്യാസം ലഭ്യമാക്കിയാലേ സമൂഹത്തിനു് അവരേക്കൊണ്ടു് എന്തെങ്കിലും പ്രയോജനമുണ്ടാവൂ. രാഷ്ട്രീയത്തിന്റെയും, മതങ്ങളുടെയും കൈകളിലെ കളിപ്പാവകളാവാന്‍ അവരെ വിട്ടുകൊടുക്കുന്നതു് കഷ്ടമാണു്. കേരളത്തിലെ വിദ്യാഭ്യാസമേഖല കച്ചവടം ലക്‍ഷ്യമാക്കുന്നവരുടെ പിടിയില്‍പ്പെട്ടു് കാളച്ചന്തയുടെ നിലവാരത്തിലേക്കു് അധഃപതിക്കുന്നതു് കാണേണ്ടിവരുന്നതു് വേദനാജനകമാണു്. സ്വന്തം മക്കളുടെ ഭാവിയാണു് ഈ വല്യേട്ടന്മാര്‍ ഇട്ടു് പന്താടുന്നതു് എന്നു് മനസ്സിലാക്കാന്‍ പോലും കേരളീയനു് കഴിയുന്നില്ലെന്നുണ്ടോ?

അതുപോലെതന്നെ, ഉത്‌പാദകമായ പ്രവൃത്തികളിലൂടെയേ സമൂഹത്തിന്റെ വളര്‍ച്ച സാദ്ധ്യമാവൂ. ഉത്‌പാദനപ്രക്രിയകളുടെ നിജസ്ഥിതി പരിശോധിക്കാന്‍ ഉത്‌പാദിപ്പിക്കപ്പെടുന്നതു് മുഴുവന്‍ ചെലവഴിച്ചാലും മതിയാവാത്ത അവസ്ഥ അധോഗതിയുടെ ചൂണ്ടുപലകയാണു്. ഉത്‌പാദനാത്മകമല്ലാത്ത തൊഴിലവസരങ്ങള്‍ ഘട്ടംഘട്ടമായെങ്കിലും ഒരു മിനിമത്തിലേക്കു് കൊണ്ടുവരേണ്ടതു് സാമൂഹികപുരോഗതിക്കു് അനുപേക്ഷണീയമാണു്. ഒരു കുരുക്കഴിച്ചതു് ശരിയായിട്ടായിരുന്നോ എന്നറിയാന്‍ ഒന്നിനുപുറകെ ഒന്നായി ഒന്‍പതുപേര്‍ ആ കുരുക്കു് പരിശോധിക്കേണ്ടിവന്നാല്‍, അതേ കുരുക്കില്‍പെട്ടു് സമൂഹം ശ്വാസം മുട്ടേണ്ടിവരുമെന്നല്ലാതെ മറ്റൊന്നും നേടാനാവില്ല. കുരുക്കഴിക്കേണ്ടവനു് അതു് ചെയ്യാന്‍ വേണ്ട വിദഗ്ദ്ധപരിശീലനം നല്‍കിയാല്‍ പരിശോധകരുടെ എണ്ണം ഗണ്യമായി കുറച്ചു് ഉത്‌പാദനക്ഷമതയും, കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നു് ഇന്നു് ആര്‍ക്കാണു് അറിയാത്തതു്?

സ്പീഡ്‌ ലിമിറ്റ്‌ 10 km എന്നു വലിയ ട്രാഫിക്‌ ബോര്‍ഡ്‌ എഴുതിവച്ചാലും സ്പീഡ്‌ കുറയ്ക്കാത്തവര്‍ റോഡില്‍ വേണ്ടത്ര ഉയരത്തില്‍ പൊന്തലുകള്‍ പണിതുവച്ചാല്‍ ആക്സില്‍ ഒടിയാതിരിക്കാനായി മര്യാദയോടെ പതിയെ ഓടിക്കാന്‍ തയ്യാറാവും. അതാണു് പൊതുവേ മനുഷ്യസ്വഭാവം. മനുഷ്യജീവന്‍ ലാഘവബുദ്ധിയോടെ അപകടത്തിലാക്കുന്നവരേയും, സ്വന്തം കാഴ്ചപ്പാടുവഴി ലഭിക്കുന്ന ലോകചിത്രത്തിനു് ആത്യന്തികത്വവും അപ്രമാദിത്വവും നല്‍കി, അതിന്റെ വെളിച്ചത്തില്‍ മറ്റുമനുഷ്യരെ വിലയിരുത്തി വിധിയെഴുതുന്നവരെയുമൊക്കെ നല്ലവാക്കു് പറഞ്ഞു് തിരുത്താനാവുമെന്നു് തോന്നുന്നില്ല. അതു് സാദ്ധ്യമായിരുന്നെങ്കില്‍, ദൈവം സ്നേഹമാണെന്നും, അയല്‍ക്കാരനെ നിന്നേപ്പോലെതന്നെ സ്നേഹിക്കണമെന്നുമൊക്കെ സഹസ്രാബ്ദങ്ങളായി ക്ഷീണമില്ലാതെ ഉപദേശിക്കുന്ന മതങ്ങള്‍ക്കു് അവരുടെ അനുയായികളെയെങ്കിലും നല്ലവരാക്കാന്‍ കഴിയേണ്ടതായിരുന്നു! പകരം, നിരപരാധികളെ കൊന്നൊടുക്കിക്കൊണ്ടു് ഭൂമിയില്‍ ദൈവരാജ്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരായി മാറുകയായിരുന്നു അവര്‍!

ഭാരതം സ്വാതന്ത്ര്യത്തിന്റെ ഷഷ്ടിപൂര്‍ത്തി ആഘോഷിക്കുന്ന ഈയവസരത്തില്‍ നേട്ടങ്ങള്‍ കൊട്ടിഘോഷിക്കുന്നതിനോടൊപ്പംതന്നെ സമൂഹത്തിലെ കോട്ടങ്ങള്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യത്തെപ്പറ്റിക്കൂടി ചിന്തിക്കുന്നതു് നല്ലതായിരിക്കുമെന്നു് എനിക്കുതോന്നുന്നു. പ്രത്യാശയാണു് ഏറ്റവും ഒടുവില്‍ മരിക്കുന്നതു് എന്നൊരു ചൊല്ലുണ്ടു്. തന്മൂലം, പ്രത്യാശ മരിക്കുന്നതിനുമുന്‍പു് പ്രവര്‍ത്തിക്കാനും കൂടി തയ്യാറായാലേ ചിന്തകൊണ്ടു് എന്തെങ്കിലും പ്രയോജനമുണ്ടാവൂ.

ഈ അര്‍ത്ഥത്തില്‍,

ഭാരതം ഭാരതീയനിലൂടെ വളരട്ടെ എന്നാശംസിക്കാനേ എനിക്കു് കഴിയൂ!!!