അദ്ധ്യായം - 7

അടുത്തദിവസം ആ മൂന്നു് ചിന്തകരും പരിശോധനാവിധേയമാക്കിയ വിഷയം ഇതായിരുന്നു: "മാനുഷികമായ പ്രവൃത്തികളുടെ ആദ്യത്തെ കാരണം എന്തു്?"

എപ്പോഴും തനിക്കു് നഷ്ടപ്പെട്ട ഉദ്യോഗത്തേയും തന്റെ കാമുകിയേയും പറ്റി മാത്രം ഓർത്തിരുന്ന ഗോഡ്മാന്റെ അഭിപ്രായത്തിൽ, എല്ലാറ്റിന്റേയും കാരണം പ്രണയവും തീവ്രമായ ഉൽക്കർഷേച്ഛയുമായിരുന്നു. ലോകത്തിന്റെ കൂടുതൽ ഭാഗങ്ങൾ കണ്ടവനായ ഗ്രൗ പറഞ്ഞതു് പണമാണു് എല്ലാറ്റിനും കാരണമെന്നാണു്. മഹാനായൊരു ശരീരശാസ്ത്രജ്ഞനായിരുന്ന സിഡ്രാക്കു് അതേസമയം, സ്റ്റൂളിലാണു് (night-stool) എല്ലാറ്റിന്റെയും അടിസ്ഥാനകാരണം കണ്ടെത്തിയതു്. ഇതുകേട്ട അവന്റെ രണ്ടു് അതിഥികളുടെയും അത്ഭുതം അപാരമായിരുന്നു. പണ്ഡിതനായ സിഡ്രാക്‌ തന്റെ ഹൈപ്പോത്തെസിസ്‌ ഇങ്ങനെ ഫോർമ്മുലെയ്റ്റ്‌ ചെയ്തു:

ഈ ലോകത്തിലുള്ള എല്ലാ കാര്യങ്ങളും ഒരു പ്രധാനവ്യക്തിയുടെ - അതു് ഒരു രാജാവാവട്ടെ, ഒരു പ്രധാനമന്ത്രിയാവട്ടെ, ഒരു ഉന്നത ഉദ്യോഗസ്ഥനാവട്ടെ - അഭിപ്രായത്തേയും ഇച്ഛയേയും ആശ്രയിച്ചിരിക്കുന്ന കാര്യമാണെന്നു് എല്ലായ്പോഴും വീക്ഷിക്കാൻ എനിക്കു് കഴിഞ്ഞിട്ടുണ്ടു്. ഈ അഭിപ്രായങ്ങളും ഇച്ഛകളും ഇന്ദ്രിയപരമായ അനുഭവങ്ങൾ അനുമസ്തിഷ്കത്തിലേക്കും അവിടെനിന്നും സുഷുമ്നാകാണ്ഡത്തിലേക്കും ഒഴുകുന്നതു് എങ്ങനെയെന്നതിന്റെ പ്രത്യക്ഷമായ പരിണതഫലമാണു്. ഇന്ദ്രിയപരമായ അനുഭവങ്ങൾ രക്തചംക്രമണത്തെ ആശ്രയിച്ചിരിക്കുന്നു, രക്തം അതേസമയം ചൈൽ (chyle) രൂപമെടുക്കലുമായും. ചൈലിന്റെ മാന്യുഫാക്ചറിംഗ്‌ ചെറുകുടൽമടക്കുകളിൽ സംഭവിക്കുന്നു. കുടൽ, അങ്ങനെ പറയാൻ അനുവാദമുണ്ടെങ്കിൽ, തീട്ടം കൊണ്ടാണു് നിറയ്ക്കപ്പെടുന്നതു്. കുടലിനെ മൂന്നു് ശക്തമായ ചർമ്മങ്ങൾ പൊതിയുന്നുണ്ടെങ്കിലും, അവ ഒരു അരിപ്പപോലെ നിറയെ ചെറിയ തുളകൾ ഉള്ളതാണു്. പ്രകൃതിയിൽ ഉള്ളതെല്ലാം തുറന്നതാണു്, ഒരു ചെറിയ മണൽത്തരിപോലും, അതിൽ അഞ്ചൂറു് ദ്വാരങ്ങൾ ഉണ്ടാവാൻ പാടില്ലാത്തത്ര ചെറുതല്ല. വേണ്ടത്ര നേരിയതും, ശക്തിയുള്ളവയുമാണെങ്കിൽ, ആയിരം സൂചികൾ ഒരു പീരങ്കിയുണ്ടയിൽക്കൂടി കടത്തിവിടാനാവും.

മലബന്ധം അനുഭവിക്കുന്ന ഒരു മനുഷ്യനു് എന്താണു് സംഭവിക്കുന്നതു്? അവന്റെ മലത്തിലെ നേർത്തതും ലോലമായതുമായ ഘടകങ്ങൾ അസെല്ലിയസ്‌ നാഡികളിൽ വച്ചു് ചൈലുമായി കൂടിച്ചേർന്നു് ഹെപാറ്റിക്‌ പോർട്ടൽ വെയിനിലും പെക്വെ റെസെർവ്വ്‌വായിലും എത്തുകയും തുടർന്നു് സബ്ക്ലേവിയൻ വെയിനിലൂടെ ഏറ്റവും കാമവിലാസിനിയായ സ്ത്രീയുടേയും, ഏറ്റവും കോമളരൂപനായ പുരുഷന്റേയും പോലും ഹൃദയത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു. ഒരു ചെറിയ തുള്ളി വിഷമായ ഈ സാധനം അവിടെനിന്നും ശരീരമാകെ വിതരണം ചെയ്യപ്പെടുന്നു. ഈ വിഷത്തിലൊരംശം ദുർമ്മുഖനായ ഒരു മനുഷ്യന്റെ പരെൻകമയിൽ, ഞരമ്പുകളിൽ, ഗ്രന്ഥികളിൽ കടന്നുകൂടുമ്പോൾ, അവന്റെ ചീത്തയായ മാനസികാവസ്ഥ അന്ധമായ ഉഗ്രകോപമായി പരിണമിക്കുന്നു. അവന്റെ കണ്ണിന്റെ വെള്ള ചുവന്നു് ജ്വലിക്കുന്നു, ചുണ്ടുകൾ പരസ്പരം ഇറുകി മുറുകുന്നു, മുഖത്തിന്റെ നിറം നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. അവൻ നിങ്ങളെ ഭീഷണിപ്പെടുത്താൻ ആഗ്രഹിക്കുന്നതുപോലെ കാണപ്പെടുന്നു. ആ അവസ്ഥയിൽ അവനിൽ നിന്നും എത്രയും അകന്നു് നിൽക്കാനാണു് നിങ്ങൾ ശ്രമിക്കേണ്ടതു്, ഇനി, അവനെങ്ങാനും ഒരു മന്ത്രിയാണെങ്കിൽ, ആ സമയത്തു് പൂരിപ്പിച്ച അപേക്ഷാഫോറങ്ങളൊന്നും അവനു് കൈമാറാതിരിക്കുക, കാരണം, ആ സമയത്തു് ഏതു് കടലാസും, ലജ്ജാവഹമായ പഴയ യൂറോപ്യൻ രീതിയനുസരിച്ചുള്ള ഒരു സഹായവസ്തുവായിട്ടു് മാത്രം കാണാനും തദനുസരണം ഉപയോഗിക്കാനും അവൻ മടിക്കില്ല. അതുപോലുള്ള സാഹചര്യങ്ങളിൽ, 'ഹിസ്‌ എക്സെലൻസിക്കു്' രാവിലെ മലശോധന ഉണ്ടായിരുന്നോ എന്നു് വളരെ ശ്രദ്ധാപൂർവ്വവും തന്മയത്വമായും അവന്റെ ഭൃത്യന്റെയടുത്തു് അന്വേഷിക്കുക.

നമ്മൾ ഒരുപക്ഷേ കരുതുന്നതിനേക്കാളും വളരെയേറെ പ്രധാനപ്പെട്ട ഒരു കാര്യമാണതു്. മലബന്ധം ചരിത്രത്തിൽ പലപ്പോഴും രക്തരൂഷിതമായ കടുംകൈകൾക്കു് കാരണമായി ഭവിച്ചിട്ടുണ്ടു്. നൂറുവയസ്സുണ്ടായിരുന്ന എന്റെ പിതാമഹൻ ക്രോംവെല്ലിന്റെ (Oliver Cromwell) അപ്പോത്തിക്കിരി (Apotheker = Pharmacist) ആയിരുന്നു. അവൻ എന്നോടു് പലവട്ടം പറഞ്ഞിട്ടുള്ള ഒരു കാര്യമാണു്, തന്റെ രാജാവിന്റെ തല വെട്ടാൻ കൂട്ടുനിന്ന ക്രോംവെല്ലിനു് അതിനുമുൻപത്തെ എട്ടു് ദിവസത്തേക്കു് മലശോധന ഉണ്ടായിരുന്നില്ല എന്നതു്.

യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ കാര്യങ്ങളിൽ അൽപം വിവരം ശേഖരിച്ചിട്ടുള്ള എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണു്, വിന്ററിൽ വടക്കുകിഴക്കൻ കാറ്റു് വീശുമ്പോൾ ഹെൻറി മൂന്നാമനെ (Henry III of France) ദ്വേഷ്യം പിടിപ്പിക്കരുതെന്നു് മറ്റെല്ലാവരെയുംപോലെതന്നെ ഗ്വീസിലെ പ്രഭുവിനെയും പലരും പല പ്രാവശ്യം താക്കീതു് ചെയ്തിട്ടുണ്ടു് എന്ന കാര്യം. ആ രാജാവു് ആ സമയത്തു് കനത്ത മലബന്ധം അനുഭവിക്കാൻ വിധിക്കപ്പെട്ടവനായിരുന്നു. ആ കാലാവസ്ഥയിൽ മലം അവന്റെ തലവരെ കയറിയിരുന്നതിനാൽ, അപ്പോൾ അവൻ എന്തു് ക്രൂരപ്രവൃത്തി ചെയ്യാനും മടിക്കുമായിരുന്നില്ല. ഗ്വീസിലെ പ്രഭു അവനു് ലഭിച്ച താക്കീതുകൾ മുഖവിലയ്ക്കെടുക്കേണ്ടതിനു് പകരം അതൊക്കെ കണ്ണടച്ചു് അവഗണിച്ചു. എന്നിട്ടു് അവനെന്താ സംഭവിച്ചതു്? അവനും അവന്റെ സഹോദരനും, രണ്ടുപേരും നിഷ്കരുണം കൊലചെയ്യപ്പെട്ടു.

അവന്റെ മുൻഗാമിയായിരുന്ന ചാൾസ്‌ ഒൻപതാമൻ (Charles IX of France) അവന്റെ രാജ്യത്തിലെ ഏറ്റവും കൂടുതൽ മലബന്ധം അനുഭവിച്ചിരുന്ന വ്യക്തിയായിരുന്നു. അവന്റെ വൻകുടലും ചെറുകുടലും മലം കൊണ്ടു് നിറഞ്ഞു് അവസാനം അവൻ രക്തം വിയർക്കുകയായിരുന്നു. അവന്റെ ക്ഷിപ്രകോപമാണു് ബാർത്തൊലോമ്യൂസ്‌ രാത്രി എന്നറിയപ്പെടുന്ന കൂട്ടക്കൊലയുടെ പ്രധാന കാരണങ്ങളിൽ ഒന്നെന്നു് ആർക്കാണറിയാത്തതു്?

ഇക്കൂട്ടർക്കു് നേരേ വിപരീതമായ വിഭാഗമാണു് ഒരുമാതിരി ഇളം മെഴുപ്പുള്ളവരും, വെൽവെറ്റ്‌ പോലുള്ള ദഹനേന്ദ്രിയങ്ങളും, തടസ്സമില്ലാതെ ഒഴുകുന്ന പിത്തരസവും, അനായാസവും ക്രമാനുഗതവുമായ പെരിസ്റ്റൾടിക്‌ ചലനങ്ങളോടുകൂടിയവരും, രാവിലെ ഒന്നു് തുപ്പുന്നത്ര ലഘുവായ രീതിയിൽ മലശോധനയുള്ളവരുമായവർ. പ്രകൃതിതന്നെ പ്രഥമഗണന നൽകുന്ന ഇത്തരം മനുഷ്യർ സൗമ്യരും, സൗഹാർദ്ദതയുള്ളവരും, മര്യാദയുള്ളവരും, ഉപചാരശീലരും, സഹതാപമുള്ളവരും, സൗമനസ്യമുള്ളവരുമായിരിക്കും. അവരുടെ വായിൽ നിന്നും വരുന്ന ഒരു 'ഇല്ല', മലബന്ധമുള്ളവരുടെ വായിൽനിന്നും വരുന്ന ഒരു 'ഉവ്വു്' എന്നതിനേക്കാൾ സൗഹൃദപരമായിരിക്കും. ഒരു അതിസാരത്തിനു് മനുഷ്യരെ ഭീരുക്കളാക്കി മാറ്റാൻ മാത്രമുള്ള ശക്തിയുണ്ടു്. ഡിസെന്ററി ധൈര്യത്തെ കെടുത്തുന്നു. ഉറക്കമില്ലായ്മയും, നുഴഞ്ഞുകയറുന്ന പനിയും, അൻപതുവട്ടം സംഭവിച്ച നാറുന്ന വയറിളക്കവും വഴി ക്ഷീണിതനായ ഒരു മനുഷ്യനോടു് പട്ടാപ്പകൽ ഒരു കോട്ടയെ ആക്രമിക്കാൻ ഒരിക്കലും ആവശ്യപ്പെടരുതു്. അതുകൊണ്ടു്, നമ്മുടെ സൈന്യത്തിനു് അസാങ്കൂർ യുദ്ധത്തിൽ ഡിസെന്ററി ബാധിച്ചിരുന്നുവെന്നും, അവർ ബട്ടൺസ്‌ തുറന്ന പാന്റ്‌സുമായാണു് അതിൽ വിജയം നേടിയതെന്നുമുള്ള അവകാശവാദം വിശ്വസനീയമായി എനിക്കു് തോന്നുന്നില്ല. വഴിയിൽ കണ്ട മൂക്കാത്ത മുന്തിരിങ്ങ മുഴുവൻ പറിച്ചുതിന്നു് വയറുനിറച്ചതിനാൽ അവരിൽ ഏതാനും പട്ടാളക്കാർക്കു് വയറിളക്കം ഉണ്ടായിരുന്നിരിക്കാം. പക്ഷേ, ചരിത്രകാരന്മാർ അതിനെ പെരുപ്പിച്ചു് മുഴുവൻ പട്ടാളക്കാർക്കും ഡിസെന്ററി ആയിരുന്നെന്നു് വരുത്തി. അവർ നഗ്നമായ ചന്തികളും കൊണ്ടാണു് വിജയം വെട്ടിപ്പിടിച്ചതെന്ന കാര്യം, ജെസുവിറ്റ്‌ ആയ ദാനിയേൽ 'പറക്കുന്ന പതാകയിൽ' പ്രസ്താവിച്ചതുപോലെ, യുവസുന്ദരന്മാരായ ഫ്രഞ്ച്‌ പട്ടാളക്കാരോടുള്ള സഹതാപപൂർവ്വമുള്ള പരിഗണനയുടെ പേരിൽ തിരുത്തപ്പെടുകയായിരുന്നു.

ഇതിൽനിന്നും എങ്ങനെയാണു് ചരിത്രം എഴുതപ്പെടുന്നതെന്നു് നമുക്കു് മനസ്സിലാക്കാം.

അതുപോലെതന്നെ, മഹാനായ നമ്മുടെ എഡ്വേഡ്‌ മൂന്നാമൻ (Edward III of England), തൂക്കിക്കൊല്ലുന്നതിനുവേണ്ടി, കലേയിൽ നിന്നും ആറു് പൗരന്മാരെ, അവർ ധൈര്യപൂർവ്വം അവന്റെ ഉപരോധത്തെ ചെറുത്തുനിന്നതിനാൽ, കഴുത്തിൽ കുടുക്കുമായി തന്റെ മുന്നിൽ ഹാജരാക്കുവാൻ ആവശ്യപ്പെട്ടുവെന്നു് എല്ലാ ഫ്രഞ്ചുകാരും ഒരുവനുപുറകെ മറ്റൊരുവൻ എന്നോണം വീണ്ടും വീണ്ടും ആവർത്തിക്കുന്നുണ്ടു്. എങ്കിലും, അവസാനം അവന്റെ ഭാര്യ ഏറെ കണ്ണുനീരൊഴുക്കി അവരുടെ സ്വാതന്ത്ര്യം വീണ്ടെടുത്തുവത്രെ! പ്രാകൃതമായിരുന്ന അക്കാലത്തു്, ഉപരോധികളുടെ നേതാവിനെ, സ്വാഭാവികമായും ശോച്യമായിരുന്ന കോട്ടയ്ക്കു് ചുറ്റും ഒരുപാടു് ദിവസങ്ങൾ കാത്തുനിൽക്കാൻ ഇടവരുത്തുന്ന വിധം കോട്ടയ്ക്കുള്ളിൽ പിടിച്ചുനിന്നിരുന്ന ശത്രുക്കളെ കഴുത്തിൽ കുരുക്കുമായി നേതാവിന്റെ മുന്നിൽ കൊണ്ടുവരുന്നതു് ഒരു ആചാരമായിരുന്നുവെന്നു് ഈ നോവലെഴുത്തുകാർ അറിയുന്നില്ല. തീർച്ചയായും, മഹാനുഭാവനായ എഡ്വേഡ്‌ മൂന്നാമനു്, അവൻ സമ്മാനങ്ങളും പദവികളും നൽകി ബഹുമാനിച്ച ഈ ആറു് തടവുകാരുടെ കഴുത്തിലെ കുരുക്കു് മുറുക്കുന്നതിനേക്കാൾ സന്തോഷകരമായ മറ്റൊരു കാര്യവും ഉണ്ടായിരുന്നിരിക്കാൻ വഴിയില്ല. ചരിത്രകാരന്മാർ എന്നു് വിളിക്കപ്പെടുന്ന എത്രയോപേർ അവരുടെ പുസ്തകങ്ങളിൽ കുത്തിനിറച്ചിരിക്കുന്ന ഇതുപോലുള്ള മുഴുവൻ ബാലിശപ്രസ്താവങ്ങളും തെറ്റായ യുദ്ധവർണ്ണനകളും വായിച്ചു് എനിക്കു് മടുത്തു. അതുപോലെതന്നെ ഞാൻ മുഖവിലയ്ക്കെടുക്കുന്ന ഒരു യുദ്ധചരിതമാണു്, ബൈബിളിൽ ന്യായാധിപന്മാരുടെ പുസ്തകത്തിൽ വർണ്ണിച്ചിരിക്കുന്നതു്. മുന്നൂറു് കുടങ്ങൾ ഉപയോഗിച്ചാണത്രെ ഗിദെയോൻ മിദ്യാന്യരോടുള്ള യുദ്ധം ജയിച്ചതു്! (ന്യായാധിപന്മാർ 7: 15 - 25 കാണുക). എന്റെ ഭാഗ്യമെന്നേ പറയേണ്ടൂ, ഞാൻ പ്രകൃതിചരിത്രങ്ങളെ വായിക്കാറുള്ളു. പക്ഷേ, അതിനൊരു നിബന്ധനയുള്ളതു്, അവ ബര്‍ണറ്റിന്റെയും (Thomas Burnet), വിസ്റ്റൺറ്റെയും (William Whiston), വുഡ്‌വേഡിന്റെയും (John Woodward) ഒക്കെ പുസ്തകങ്ങളിലെപ്പോലെ അയോഗ്യമായ വ്യവസ്ഥകൾകൊണ്ടു് എന്നെ ബോറഡിപ്പിക്കാത്തവയും, അല്ലെങ്കിൽ മയ്യെ (Benoit de Maillet) അവകാശപ്പെടുന്നപോലെ, ഐറിഷ്‌ സീ ആണു് കൗക്കസസിനു് ജന്മം നൽകിയതെന്നും, നമ്മുടെ ഭൂമി ഗ്ലാസുകൊണ്ടുള്ളതാണെന്നും, അതുമല്ലെങ്കിൽ, ഏതെങ്കിലും ഷാർലറ്റനുകൾ അവരുടെ സ്വപ്നങ്ങളും വെളിപാടുകളും നിത്യനിതാന്തപരമസത്യങ്ങളായി മനുഷ്യവർഗ്ഗത്തിനു് വിളമ്പാൻ ധൈര്യപ്പെടുന്നതുമൊന്നും ആയിരിക്കരുതു് എന്നുമാത്രമാണു്. എന്റെ മാനസികാവസ്ഥയെ സമതുലിതാവസ്ഥയിൽ നിലനിർത്താൻ ഉതകുന്ന ആഹാരവും, തടസ്സമൊന്നുമില്ലാത്തവിധം സംഭവിക്കുന്ന ദഹനവും, നല്ല ഉറക്കവുമാണു് എന്നെസംബന്ധിച്ചു് കൂടുതൽ വിലപ്പെട്ടതു്. തണുത്തു് മരവിക്കുമ്പോൾ ചൂടുള്ള പാനീയങ്ങൾ, ചുട്ടുപൊരിയുമ്പോൾ തണുത്തവ; എല്ലാ സാഹചര്യത്തിലും മിതത്വം. ദഹനം, ഉറക്കം, വിനോദോപാധികൾ, അതിനപ്പുറമുള്ളവയെ ഒന്നിനെയും നിങ്ങളെ ശല്യം ചെയ്യാൻ അനുവദിക്കാതിരിക്കുക.

അദ്ധ്യായം - 8

മിസ്റ്റർ സിഡ്രാക്‌ ഈ ജ്ഞാനോപദേശം നൽകിക്കഴിഞ്ഞ ഉടനെ ഒരു ഭൃത്യൻ ഗോഡ്മാനെ തേടി വന്നു. യശശ്ശരീരനായ മിലോർഡ്‌ ചെസ്റ്റർഫീൽഡിന്റെ സെക്രട്ടറി താഴെ വാഹനത്തിൽ കാത്തിരിക്കുകയാണെന്നും, ഡോക്ടർ ഗോഡ്മാനുമായി ഒരു അത്യാവശ്യവിഷയം സംസാരിക്കാൻ അവൻ ആഗ്രഹിക്കുന്നുവെന്നും അവൻ അറിയിച്ചു. ഗോഡ്മാൻ ഉടനെ താഴേക്കു് ചെന്നു് അവനെ അഭിവാദ്യം ചെയ്തു. അവനെ വാഹനത്തിലേക്കു് ക്ഷണിച്ചശേഷം സെക്രട്ടറി പറഞ്ഞു: "മിസ്റ്റർ ഗോഡ്മാൻ, മിസ്റ്റർ ആൻഡ്‌ മിസ്സിസ്‌ സിഡ്രാകിനു് വിവാഹരാത്രിയിൽ സംഭവിച്ചതെന്തെന്നു് നിങ്ങൾക്കറിയാമോ?"

"ഉവ്വു്, ആ ദമ്പതികൾക്കുണ്ടായ ചെറിയ അനുഭവത്തെപ്പറ്റി അൽപം മുൻപു് അവൻ പറഞ്ഞിരുന്നു."

"ശ്രദ്ധിക്കൂ! അതേ അനുഭവം തന്നെ സുന്ദരിയായ മിസ്‌ ഫിഡ്ലറിനും അവളുടെ ഭർത്താവായ മിസ്റ്റർ പാതിരിക്കും സംഭവിച്ചു. അടുത്തദിവസം അവർ പരസ്പരം പൊതിരെ തല്ലുകൂടി. അതിന്റെ പിറ്റേതിന്റെ പിറ്റേന്നു് അവർ തമ്മിൽ വേർപ്പെടുകയും, ആ പാതിരിക്കു് അവന്റെ ജോലി നഷ്ടപ്പെടുകയും ചെയ്തു. ഞാൻ മിസ്‌ ഫിഡ്ലറെ സ്നേഹിക്കുന്നു. അവൾ നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്നും, അതോടൊപ്പം എന്നെ വെറുക്കുന്നില്ലെന്നും എനിക്കറിയാം. ഡിവോഴ്സിന്റെ കാരണമായ ആ ചെറിയ ദൂഷ്യം എനിക്കൊരു പ്രശ്നമല്ല. ഞാൻ പ്രണയപരവശനാണു്, എനിക്കു് ഒന്നിനെയും ഭയമില്ല. നിങ്ങൾ മിസ്‌ ഫിഡ്ലറെ എനിക്കു് വിട്ടുതരിക, പകരമായി ഞാൻ നിങ്ങൾക്കു് നൂറ്റൻപതു് ഗിനി വരുമാനമുള്ള ഇടവകവികാരിസ്ഥാനം വാങ്ങിത്തരും. പക്ഷേ, നിങ്ങൾ പത്തു് മിനുട്ടിനുള്ളിൽ തീരുമാനിക്കണം."

"മിസ്റ്റർ സെക്രട്ടറി, നിങ്ങളുടെ നിർദ്ദേശം തികച്ചും അസാധാരണമായ ഒന്നാണു്. ഈ വിഷയം എന്റെ തത്വചിന്തകരായ ഗ്രൗവും സിഡ്രാകുമായി ആലോചിച്ചശേഷം ഞാൻ ഉടനെ മടങ്ങിവരാം."

ആ രണ്ടു് ഉപദേഷ്ടാക്കളുടെ അടുത്തേക്കു് ഓടിച്ചെന്നശേഷം അവൻ പറഞ്ഞു: "എനിക്കു് തോന്നുന്നതു്, ഈ ലോകത്തിലെ കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നതു് മലശോധനയുടെ അടിസ്ഥാനത്തിൽ മാത്രമല്ല, പ്രണയവും, ഉൽക്കർഷേച്ഛയും, പണവും അതിനോടു് തുല്യമായ ഒരു പങ്കു് വഹിക്കുന്നുണ്ടെന്നാണു്." ഇതുപറഞ്ഞശേഷം അവൻ കാര്യം അവരുടെ മുന്നിൽ അവതരിപ്പിക്കുകയും, തനിക്കൊരു പണ്ഡിതോപദേശം നൽകണമെന്നു് അപേക്ഷിക്കുകയും ചെയ്തു. നൂറ്റൻപതു് ഗിനി വരുമാനമുള്ള ഒരു പാതിരിക്കു് അവന്റെ ഇടവകയിലെ ഏതു് പെൺകുട്ടിയെയും ലഭിക്കാൻ കഴിയുമെന്നും, വേണമെങ്കിൽ മിസ്‌ ഫിഡ്ലറെ അതിനുപുറമേയും കണക്കിടാമെന്നും അവർ രണ്ടുപേരും ഒരേസ്വരത്തിൽ അഭിപ്രായപ്പെട്ടു.

ഈ തീരുമാനം വളരെ ബുദ്ധിപൂർവ്വകമാണെന്നു് ഗോഡ്മാൻ മനസ്സിലാക്കി. അവനു് ആ ഇടവക ലഭിച്ചു, മിസ്‌ ഫിഡ്ലറെ രഹസ്യമായി അവൻ പ്രാപിച്ചുകൊണ്ടുമിരുന്നു. അവളെ സ്ഥിരം ഭാര്യയായി വച്ചുകൊണ്ടിരിക്കുന്നതിനേക്കാൾ കൂടുതൽ ആസ്വാദ്യകരമാണു് അതെന്നു് അവനു് സാവകാശം മനസ്സിലായി. മിസ്റ്റർ സിഡ്രാക്‌ ഇടയ്ക്കിടെ അവന്റെ സേവനം ഗോഡ്മാനു് നൽകിക്കൊണ്ടിരുന്നു. ഗോഡ്മാൻ ഇംഗ്ലണ്ടിലെ ഏറ്റവും ഉത്സുകരായ പാതിരിമാരിൽ ഒരുവനായിത്തീർന്നു. ലോകത്തിലെ എല്ലാ കാര്യങ്ങളും നിശ്ചയിക്കുന്നതു് ഈശ്വരേച്ഛയാണെന്നു് മുൻപത്തേതിലും കൂടുതലായി അവനു് ബോദ്ധ്യമായി.