(വോൾട്ടയറിന്റെ Les oreilles du comte de Chesterfield et le chapelain Goudman-ന്റെ സ്വതന്ത്ര പരിഭാഷ)


അദ്ധ്യായം - 5

അതിനടുത്തദിവസം ആ മൂന്നു് ചിന്തകരും ഒരുമിച്ചു് മിസ്റ്റർ സിഡ്രാക്കിന്റെ വീട്ടിൽ ഉച്ചഭക്ഷണം കഴിച്ചു. തത്വചിന്തകരുടെ ഇടയിൽ പതിവാണെന്നു് കേൾക്കുന്നപോലെ, ഭക്ഷണത്തിന്റെ അന്ത്യഘട്ടത്തോടടുത്തു് കാര്യങ്ങൾ ഇത്തിരി ഉത്സാഹഭരിതമായപ്പോൾ ഓസ്റ്റ്രേലിയ മുതൽ ഉത്തരധ്രുവം വരെയും, ലിമ മുതൽ മെക്ക വരെയും മനുഷ്യൻ എന്ന ജീവി സഹിക്കേണ്ടിവരുന്ന പ്രയാസങ്ങളേയും, വിഡ്ഢിത്തങ്ങളേയും, ഭയാകുലതകളേയും കുറിച്ചു് അവർ അത്യന്തം ആഹ്ലാദകരമായ സംഭാഷണത്തിൽ ഏർപ്പെട്ടു. തീർച്ചയായും ഇത്തരം നിർഭാഗ്യങ്ങളുടെ നാനാമുഖത്വം വളരെ രസകരവും ആനന്ദദായകവുമാണെങ്കിലും, വീട്ടിനകത്തു് തപസിരിക്കുന്നവർക്കും, പള്ളിമുഖവാരത്തിന്റെ അറ്റംവരെ മാത്രം അറിഞ്ഞിട്ടുള്ളവരും, ബാക്കി പ്രപഞ്ചം എന്നതു് ലണ്ടണിലെ എക്സ്ചേയ്ഞ്ച്‌ തെരുവുപോലെയോ, പാരീസിലെ റ്യു ഡെലയുഷെറ്റ്‌ പോലെയോ ആണെന്നു് വിശ്വസിക്കുന്നവരുമായ ഇടവകവികാരികൾക്കും ഈ വിനോദം അജ്ഞാതമായ ഒരു കാര്യമാണു്.

ഡോക്ടർ ഗ്രൗ പറഞ്ഞു: നമ്മുടെ ഈ ഭൂഗോളത്തിൽ എണ്ണമറ്റ വ്യത്യസ്തതകൾ കാണാനാവുമെങ്കിലും, എനിക്കു് വീക്ഷിക്കാൻ കഴിഞ്ഞിട്ടുള്ളിടത്തോളം, എല്ലാ മനുഷ്യരും, - അവർ കറുത്തവരോ, വെള്ളോടിന്റെ നിറമുള്ളവരോ, ചുവന്നവരോ, തവിട്ടുനിറക്കാരോ, വെള്ളനിറമുള്ളവരോ ആവട്ടെ, - ഓരോരുത്തരും മറ്റുള്ളവരെപ്പോലെതന്നെ, തലയില്ലാത്ത പുരുഷന്മാരെയും, ഒറ്റക്കണ്ണന്മാരെയും, ഒറ്റക്കാലന്മാരേയും താൻ നേരിൽ കണ്ടിട്ടുണ്ടെന്നു് വിശുദ്ധ അഗസ്റ്റിൻ തന്റെ മുപ്പത്തേഴാമത്തെ മതപ്രഭാഷണത്തിൽ ഈ വിഷയത്തിൽ നൽകിയ ഉറപ്പിനു് വിപരീതമായി, രണ്ടു് കാലുകളും, രണ്ടു് കണ്ണുകളും, തോളുകളിൽ ഒരു തലയും ഉള്ളവരാണു്. എന്നിരുന്നാലും, മനുഷ്യരെ തിന്നുന്നവരും ധാരാളമുണ്ടെന്നും, പുരാതനകാലങ്ങളിൽ എല്ലാ മനുഷ്യരും മനുഷ്യരെ തിന്നുന്നവരായിരുന്നുവെന്നും സമ്മതിക്കാതിരിക്കാൻ എനിക്കു് നിവൃത്തിയില്ല.

ഇന്നത്തെ ലോകത്തിലെ എല്ലാ പ്രാകൃതരിലും വച്ചു് ഏറ്റവും പ്രാകൃതരായ ന്യൂസീലാന്റിലെ ജനങ്ങൾ മാമോദീസ മുങ്ങിയവരാണോ എന്നു് എന്നോടു് പലരും പലപ്പോഴും ചോദിച്ചിട്ടുണ്ടു്. അപ്പോഴെല്ലാം, അതിനെസംബന്ധിച്ചു് എനിക്കൊന്നുമറിയില്ലെന്നും, പക്ഷേ, അവരേക്കാൾ പ്രാകൃതരായ യഹൂദന്മാർ ഒന്നല്ല, രണ്ടു് മാമോദീസകൾ, ഒന്നു് ഔദ്യോഗികമായും, മറ്റൊന്നു് അനൗദ്യോഗികമായി വീട്ടിൽ വച്ചും, മുങ്ങിയിരിക്കാനുള്ള സാദ്ധ്യതയുണ്ടെന്നുമാണു് ഞാൻ മറുപടി പറഞ്ഞിട്ടുള്ളതു്.

അപ്പോൾ മിസ്റ്റർ ഗോഡ്‌മാൻ വ്യക്തമാക്കി: സ്വാഭാവികമായും, അതെനിക്കറിയാം. മാത്രവുമല്ല, നമ്മളാണു് മാമോദീസ കണ്ടുപിടിച്ചതെന്നു് വിശ്വസിക്കുന്ന ഒട്ടേറെപ്പേരുമായി അതിന്റെ പേരിൽ എനിക്കു് തീക്ഷ്ണമായ വാദപ്രതിവാദങ്ങളിൽ ഏർപ്പേടേണ്ടിവരികയും ചെയ്തിട്ടുണ്ടു്. അല്ല, ജെന്റിൽമെൻ, നമ്മൾ ഒന്നും കണ്ടുപിടിച്ചിട്ടില്ല, നവീകരണങ്ങൾ നടപ്പിൽ വരുത്തി എന്നതൊഴികെ മറ്റൊന്നും നമ്മൾ ചെയ്തിട്ടില്ല. എന്നിരുന്നാലും, മിസ്റ്റർ ഗ്രൗ, നിങ്ങളുടെ ലോകം ചുറ്റലിൽ നിങ്ങൾ പരിചയപ്പെട്ടതായ എൺപതോ നൂറോ മതങ്ങളിൽ ഏതു് മതമാണു് ഏറ്റവും ആശ്വാസദായകമായി നിങ്ങൾക്കു് അനുഭവപ്പെട്ടതു്, സീലാന്റന്മാരുടേതോ അതോ ഹൊട്ടൻ-ടൊട്ടന്മാരുടേതോ?

ഗ്രൗ: അതെന്തുകൊണ്ടും റ്റഹീറ്റി ദ്വീപിലെ മതമാണു് . ഭൂമിയുടെ രണ്ടു് അർദ്ധഗോളങ്ങളും ഞാൻ യാത്ര ചെയ്തിട്ടുണ്ടെങ്കിലും, റ്റഹീറ്റിക്കും അവിടത്തെ ഭക്തയായ രാജ്ഞിക്കും തുല്യമായ മറ്റൊന്നും മറ്റെവിടെയെങ്കിലും കാണാൻ എനിക്കു് കഴിഞ്ഞിട്ടില്ല. റ്റഹീറ്റിയിൽ പ്രകൃതി കഴിയുന്നതു് സ്വന്തം വീട്ടിൽ ആയാലെന്നപോലെയാണു്. മറ്റെല്ലായിടത്തും ഞാൻ കണ്ടതു് കപടന്മാരെയും, പൊട്ടന്മാരായ മനുഷ്യരെ കബളിപ്പിക്കുന്ന ചതിയന്മാരേയും, സമൂഹത്തിൽ ഉയർന്ന പദവി നേടാനായി നല്ല അയൽക്കാരുടെ പണം അപഹരിക്കുന്നവരോ, അല്ലെങ്കിൽ, ശിക്ഷക്കു് വിധിക്കപ്പെടാതെ അന്യരുടെ പണം സ്വന്തമാക്കാനായി വളഞ്ഞ വഴികളിലൂടെ ഉയർന്ന പദവികളിൽ എത്തിച്ചേരുന്ന പണ്ഡിതവേഷധാരികളോ ആയവരെ മാത്രമാണു്. അവർ ജീവിച്ചിരിക്കുമ്പോൾ അവർക്കു് നിങ്ങൾ പ്രതിഫലം നൽകുന്നതിനുവേണ്ടി, നിങ്ങൾ ഭൂമിയിൽ ഇല്ലാതാവുമ്പോൾ നിങ്ങൾക്കു് ലഭിക്കാനിരിക്കുന്ന നിധികളും സന്തോഷങ്ങളും അവർ വാഗ്ദാനം ചെയ്യുന്നു.

സത്യമായും - റ്റഹീറ്റിയിൽ അതുപോലെ ഒന്നുമില്ല. ആ ദ്വീപു് സീലാന്റിനേക്കാളും, കാഫിറുകളുടെ നാടിനേക്കാളും വളരെ സംസ്കൃതമാണു്, അതേ, പ്രകൃതിദത്തമായി ഫലഭൂയിഷ്ടമായ മണ്ണിനാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു് റ്റഹീറ്റി ഇംഗ്ലണ്ടിനേക്കാൾ സംസ്കൃതമാണെന്നുപോലും ഞാൻ പറയും. തെക്കൻ പസിഫിക്കിലെ ചുരുക്കം ചില ദ്വീപുകൾക്കു് മാത്രം ലഭിച്ച ഭാഗ്യവും, പ്രയോജനപ്രദവും അത്ഭുതകരവുമായ 'അപ്പമരത്തെ' (Adansonia) സമ്മാനമായി നൽകി പ്രകൃതി ഈ ദ്വീപിനെ അനുഗ്രഹിച്ചിരിക്കുന്നു. അതുകൂടാതെ, റ്റഹീറ്റിക്കു് ധാരാളം വളർത്തുപക്ഷികളും, പച്ചക്കറികളും പഴവർഗ്ഗങ്ങളും ഉണ്ടു്. അതുപോലൊരു നാട്ടിൽ മനുഷ്യനു് വിശപ്പുമാറ്റാൻ തന്റെ അയൽക്കാരനെ പിടിച്ചുതിന്നേണ്ട ആവശ്യമില്ല. ഇതിന്റെയെല്ലാം മകുടമെന്നോണം, പ്രകൃതിസഹജവും മധുരതരവും പൊതുവായതുമായ ഒരു മാനുഷികദാഹത്തിന്റെ തൃപ്തിപ്പെടുത്തൽ റ്റഹീറ്റിയിലെ മതം ഔദ്യോഗികമായി അംഗീകരിച്ചു് ജനങ്ങൾക്കു് അനുവദിച്ചു് നൽകിയിരിക്കുന്നു. അതു് മതപരമായ എല്ലാ മാമൂലുകളെയും അപേക്ഷിച്ചു് സംശയരഹിതമായും ഏറ്റവും ആദരണീയമായതാണെന്നു് പറയാതെ വയ്യ. ഞാൻ മാത്രമല്ല, ഞങ്ങളുടെ കപ്പലിലെ മുഴുവൻ അംഗങ്ങളും അതിനു് സാക്ഷികളായിരുന്നു. ഞാനിപ്പറയുന്നതു് ബഹുമാന്യരായ ജെസുവിറ്റുകളുടെ 'ഉൽകൃഷ്ടവും ശ്രദ്ധാർഹവുമായ വർണ്ണനകളിൽ' ഇടയ്ക്കിടെ കാണാൻ കഴിയുന്ന തരത്തിലുള്ള മിഷനറിമാരുടെ കെട്ടുകഥകളല്ല. തെക്കൻ ഹെമിസ്ഫിയറിൽ ഞങ്ങൾ നടത്തിയ കണ്ടെത്തലുകളുടെ പ്രിന്റിംഗ്‌ സംബന്ധമായ കാര്യങ്ങളിൽ മുഴുകിയിരിക്കുകയാണു് ഈ നിമിഷത്തിൽ ഡോക്ടർ ജോൺ ഹോക്സ്‌വർത്ത്‌. അന്റാർക്ടിക്ക്‌ പ്രദേശത്തു് പ്രകൃതിസംബന്ധമായ പഠനങ്ങൾ നടത്താൻ സമയവും പണവും ബലികഴിച്ച മാന്യയുവാവായ മിസ്റ്റർ ബാങ്ക്സിന്റെ സ്ഥിരം സഹയാത്രികനായിരുന്നു ഞാൻ. പാൽമൈറയിലെയും ബാൽബക്കിലെയും അവശിഷ്ടങ്ങളുടെ അടിയിൽ നിന്നും സ്മാരകശിൽപങ്ങൾ മാന്തിയെടുക്കലായിരുന്നു മിസ്റ്റർ ഡോക്കിൻസിന്റെയും മിസ്റ്റർ വുഡിന്റെയും ജോലി. അതേസമയം മിസ്റ്റർ ഹാമിൽടൺ ചെയ്തിരുന്നതു്, അത്ഭുതം മൂലം വായും പിളർന്നു് നിന്നിരുന്ന നിയപ്പോളിറ്റന്മാരോടു് അവരുടെ മൗണ്ട്‌ വെസുവിയസിന്റെ ചരിത്രം പ്രസംഗിക്കുക എന്ന കൃത്യമായിരുന്നു. ഞാൻ ഇപ്പോൾ നിങ്ങളോടു് പറയാൻ പോകുന്നതു് ശ്രീമാന്മാർ ബാങ്ക്സിനും, സൊലാൻഡർക്കും, കുക്കിനും നൂറു് മറ്റുള്ളവർക്കുമൊപ്പം ഞാൻ നേരിട്ടു് കണ്ട കാര്യങ്ങളാണു്:

"റ്റഹീറ്റി ദ്വീപിലെ രാജ്ഞിയായ രാജകുമാരി ഒബൈര..."

മിസ്റ്റർ ഗ്രൗ ഇത്രയും പറഞ്ഞപ്പോഴേക്കും കാപ്പി എത്തി. അതിനാൽ കാപ്പികുടി കഴിഞ്ഞശേഷം ഗ്രൗ തന്റെ റിപ്പോർട്ട്‌ തുടർന്നു.

അദ്ധ്യായം - 6

ഇംഗ്ലണ്ടിലെ രാജ്ഞിക്കു് ഒപ്പം നിൽക്കുന്ന വിധത്തിൽ ഞങ്ങളെ സമ്മാനങ്ങൾ കൊണ്ടു് പൊതിഞ്ഞശേഷം, ആകാംക്ഷയാൽ പ്രേരിപ്പിക്കപ്പെട്ടു് ഒരുദിവസം ഞങ്ങളുടെ ആംഗ്ലിക്കൻ കുർബ്ബാന കാണണമെന്ന ആഗ്രഹം രാജകുമാരി ഒബൈര പ്രകടിപ്പിച്ചു. ഞങ്ങൾ ആവുന്നത്ര മുഴുവൻ ആഡംബരത്തോടെയും കൂടി അവളുടെ മുന്നിൽ വിശുദ്ധ കുർബ്ബാന ആഘോഷിച്ചു. ആഹാരത്തിനുശേഷം അവൾ ഞങ്ങളെ അവളുടെ ആരാധനാക്രമം കാണാൻ ക്ഷണിച്ചു. അതു് 1769 മെയ്മാസം പതിനാലാം തീയതിയായിരുന്നു. രണ്ടു് ലിംഗത്തിലും പെട്ട ഏകദേശം ആയിരം പേർ ബഹുമാനപുരസരമായ നിശബ്ദതയോടെ അർദ്ധവൃത്താകൃതിയിൽ അവൾക്കു് ചുറ്റും നിന്നിരുന്നു. യുവസൗന്ദര്യം തുളുമ്പുന്ന ഒരു പെൺകുട്ടി നേരിയ ഒരു വസ്ത്രത്തിൽ പൊതിഞ്ഞു് ബലിയർപ്പണം നടത്തേണ്ടുന്ന അൾത്താരയായ ഒരു തട്ടിൽ കിടന്നിരുന്നു. ഏകദേശം ഇരുപതു് വയസ്സു് പ്രായം വരുന്ന സുന്ദരനായ ഒരു യുവാവിനോടു് ബലികർമ്മം പൂർത്തിയാക്കാൻ രാജ്ഞി ഒബൈര ആവശ്യപ്പെട്ടു. ഒരു പ്രാർത്ഥനപോലെ തോന്നിയ എന്തോ പിറുപിറുത്തുകൊണ്ടു് അവൻ ബലിത്തട്ടിൽ കയറി. ബലിയർപ്പിക്കേണ്ടവരായ അവർ രണ്ടുപേരും അർദ്ധനഗ്നരായിരുന്നു. രാജകീയമായ അംഗവിക്ഷേപങ്ങളോടെ ഒബൈര രാജ്ഞി ഇതുപോലൊരു ബലി എങ്ങനെ ഏറ്റവും ഭംഗിയാക്കാമെന്നു് അവരെ പഠിപ്പിച്ചുകൊണ്ടിരുന്നു. മുഴുവൻ റ്റഹീറ്റിക്കാരും വളരെ ശ്രദ്ധാലുക്കളും ഭക്തിനിറഞ്ഞവരുമായിരുന്നതിനാൽ ഞങ്ങളിലെ ഒരു നാവികനും അപമര്യാദയായ രീതിയിൽ ചിരിച്ചുകാണിച്ചു് ആ ചടങ്ങിനെ അപകീർത്തിപ്പെടുത്താൻ ധൈര്യപ്പെട്ടില്ല. അതു് ഞാൻ എന്റെ രണ്ടു് കണ്ണുകൾ കൊണ്ടു് കണ്ടതാണു്, അതുപോലെതന്നെ ഞങ്ങളുടെ മുഴുവൻ കപ്പൽ ടീമും ആ കാഴ്ച കണ്ടു. തുടർന്നുള്ള കാര്യങ്ങൾ നിങ്ങൾ സ്വയം അനുമാനിച്ചാൽ മതി.

അപ്പോൾ ഡോക്ടർ ഗോഡ്‌മാൻ ഇടപെട്ടു: റ്റഹീറ്റിയിലെ ഈ അഭിഷേകോത്സവം എന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല. മനുഷ്യവർഗ്ഗം ഏറ്റവും ആദ്യം ആഘോഷിച്ച ഉത്സവം ഇതായിരുന്നു എന്നും എനിക്കു് ഉത്തമബോദ്ധ്യമുണ്ടു്. നമ്മുടെ ശരീരത്തിനു് ആവശ്യമായ ആഹാരം കഴിക്കാൻ തുടങ്ങുന്നതിനുമുൻപു് ഓരോ പ്രാവശ്യവും നമ്മൾ ദൈവത്തോടു് പ്രാർത്ഥിക്കുന്നുണ്ടെന്നിരിക്കെ, ദൈവത്തിന്റെ തനിസ്വരൂപത്തിൽ ഒരു സൃഷ്ടി നടത്താൻ മനുഷ്യൻ ആഗ്രഹിക്കുമ്പോൾ എന്തുകൊണ്ടു് ദൈവത്തോടു് പ്രാർത്ഥിച്ചുകൂടാ എന്നു് എനിക്കു് മനസ്സിലാവുന്നില്ല. ആത്മബോധത്താൽ അനുഗ്രഹിക്കപ്പെട്ട ഒരു ജീവിയെ ഈ ഭൂമിയിലേക്കു് ജനിപ്പിക്കുക എന്ന ജോലി അത്യന്തം ഉൽകൃഷ്ടവും വിശുദ്ധവുമായ ഒരു പ്രവൃത്തിയാണു്. പ്രത്യുത്പാദനത്തിന്റെ പ്രതീകമായ ലിംഗത്തെ ആരാധിച്ചിരുന്ന ആദ്യത്തെ ഇൻഡ്യാക്കാരും അങ്ങനെയാണു് ചിന്തിച്ചിരുന്നതു്, പ്രദക്ഷിണങ്ങളിൽ പുരുഷലിംഗം (phallus) ചുമന്നുകൊണ്ടു് നടന്നിരുന്ന പണ്ടത്തെ ഈജിപ്തുകാരും, പ്രയാപ്പസിനു് (Priapus) അമ്പലം പണിത ഗ്രീക്കുകാരും ചിന്തിച്ചിരുന്നതും അതുപോലെതന്നെ. തങ്ങളുടെ അയൽക്കാരെ മുഴുവൻ കൊഴുക്കെ അനുകരിക്കുന്നവരും കരുണാർഹരുമായ ചെറിയ യഹൂദ രാജ്യത്തെ ജനങ്ങളെ പരാമര്‍ശിക്കാൻ അനുവാദമുണ്ടെങ്കിൽ, അവരും പ്രയാപ്പസിനെ ആരാധിച്ചിരുന്നതായും, യഹൂദരാജാവായ ആസയുടെ അമ്മരാജ്ഞി അവന്റെ ഒരു പുരോഹിത ആയിരുന്നതായും അവരുടെ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. (1. രാജാക്കന്മാർ 15: 13, 14 -ലേക്കു് വോൾട്ടയർ നടത്തുന്ന പരോക്ഷസൂചന)

അതെങ്ങനെയുമാവട്ടെ, ഒരു ജനവിഭാഗവും ഏതെങ്കിലും ഒരു ആരാധനാസമ്പ്രദായം ചപലമായ കാരണങ്ങൾകൊണ്ടു് ഇതുവരെ നടപ്പിൽ വരുത്തിയിട്ടില്ല, വരുത്താൻ മിക്കവാറും കഴിയുകയുമില്ല. കാലക്രമേണ ഇടയ്ക്കിടെ അമിതാസക്തിയുടെ നുഴഞ്ഞുകയറ്റം ഉണ്ടാവാമെങ്കിലും, സ്ഥാപനം അതിൽത്തന്നെ കുറ്റമറ്റതും ശുദ്ധവുമാണു്. കുമാരീകുമാരന്മാർ വളരെ ഒതുക്കത്തോടെയും സങ്കോചത്തോടെയും പരസ്പരം ചുണ്ടുകളിൽ ചുംബിച്ചിരുന്ന നമ്മുടെ ആദ്യകാലത്തെ പ്രണയാഘോഷങ്ങൾ വളരെ താമസിച്ചാണു് റോണ്ടേവ്യൂ ആയും പാതിവ്രത്യമില്ലായ്മയായും പരിണമിച്ചതു്. ദൈവം അനുഗ്രഹിച്ചിരുന്നെങ്കിൽ എനിക്കും ഒബൈര രാജ്ഞിയുടെ സന്നിധിയിൽ മിസ്‌ ഫിഡ്ലറുമായി എല്ലാ ബഹുമാനത്തോടെയുംകൂടി ബലി അർപ്പിക്കാൻ കഴിഞ്ഞേനെ. അതായിരുന്നേനെ തീർച്ചയായും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസവും ഏറ്റവും നല്ല പ്രവൃത്തിയും.

ഗോഡ്മാനും ഗ്രൗവും നിറുത്താതെ സംസാരിച്ചുകൊണ്ടിരുന്നതിനാൽ അതുവരെ നിശബ്ദത പാലിക്കേണ്ടിവന്ന മിസ്റ്റർ സിഡ്രാക്‌ അവസാനം സംയമനം ഉപേക്ഷിച്ചുകൊണ്ടു് പറഞ്ഞു: ഞാൻ ഈ കേട്ടതെല്ലാം എന്നെ അത്ഭുതം കൊണ്ടു് നിറയ്ക്കുന്നു. ദക്ഷിണ ഹെമിസ്ഫിയറിലെ ഏറ്റവും പ്രമുഖയായ വ്യക്തിയാണു് രാജ്ഞി ഒബൈര എന്നെനിക്കു് തോന്നുന്നു, രണ്ടു് ഹെമിസ്ഫിയറിലേയും എന്നു് പറയാൻ ഏതായാലും ഞാൻ ധൈര്യപ്പെടുന്നില്ല. എങ്കിലും ഇത്രമാത്രം കീർത്തിക്കും പരമാനന്ദത്തിനുമിടയിലും എന്നെ ഞെട്ടിക്കുന്ന ഒരു കാര്യമുണ്ടു്. മിസ്റ്റർ ഗോഡ്മാൻ അതിനെപ്പറ്റി സൂചിപ്പിക്കുകയും നിങ്ങൾ അതിലേക്കു് കടക്കുകയും ചെയ്തിരുന്നു. മിസ്റ്റർ ഗ്രൗ, നമുക്കും മുൻപേ ഭാഗ്യമുള്ള ആ ദ്വീപിൽ എത്തിയ ക്യാപ്റ്റൻ വാലിസ്‌ ആണു് സിഫിലിസ്‌ (syphilis) എന്ന, മനുഷ്യരാശിയുടെ ഏറ്റവും വലിയ വിപത്തുകളിൽ ഒന്നായ, ഭയാനകരോഗം അവിടെക്കു് എത്തിച്ചതു് എന്നതു് സത്യമാണോ? അതിനു് മറുപടിയായി ഗ്രൗ പറഞ്ഞു: കഷ്ടം തന്നെയെങ്കിലും, അതു് സത്യമാണു്. ഫ്രഞ്ചുകാർ അതിനു് നമ്മളെ ഉത്തരവാദികളാക്കുന്നു, നമ്മൾ അവരെയും. മിസ്റ്റർ ബൂഗൻവിൽ പറയുന്നതു് ശപിക്കപ്പെട്ട ഇംഗ്ലീഷുകാരാണു് ഒബൈര രാജ്ഞിക്കു് ഈ രോഗം പകർന്നുകൊടുത്തതു് എന്നാണു്; മിസ്റ്റർ കുക്ക്‌ പറയുന്നതു് ഒബൈര രാജ്ഞിക്കു് ഈ ഭീകരരോഗം മിസ്റ്റർ ബൂഗൻവില്ലിൽ നിന്നും നേരിട്ടു് കിട്ടിയതാണെന്നും. അതു് എങ്ങിനെ ആയിരുന്നാൽത്തന്നെയും, സിഫിലിസ്‌ എന്ന രോഗം ഏറ്റവും മനോഹരമായ കലകൾക്കു് തുല്യമാണു്. അതു് എവിടെനിന്നു് വരുന്നുവെന്നു് ആർക്കുമറിയില്ല. പക്ഷെ, പതിയെപ്പതിയെ ആ രോഗം അതിന്റെ തേരോട്ടം യൂറോപ്പിലേക്കും ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കും അമേരിക്കയിലേക്കും വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നു.

സിഡാക്‌ തുടർന്നു: ഞാൻ ഒരു ശസ്ത്രക്രിയാവിദഗ്ദ്ധന്റെ തൊഴിൽ ചെയ്യാൻ തുടങ്ങിയിട്ടു് ഏറെ നാളുകളായി. എന്റെ സമ്പത്തിന്റെ നല്ലൊരംശത്തിനും സിഫിലിസിനോടാണു് ഞാൻ നന്ദി പറയേണ്ടതു്. അതുകൊണ്ടു് ആ രോഗത്തിനോടുള്ള എന്റെ വെറുപ്പു് ഒട്ടും കുറയുന്നുമില്ല. വിവാഹരാത്രിയിൽത്തന്നെ എന്റെ ഭാര്യ എനിക്കു് സിഫിലിസ്‌ പകർന്നുതന്നു. ആഭിജാത്യപരമായ എല്ലാ കാര്യങ്ങളിലും അവൾ വളരെ സെൻസിറ്റീവ്‌ ആയതിനാൽ, തനിക്കു് അശുദ്ധരോഗമായ സിഫിലിസ്‌ ഉണ്ടെന്നതു് ശരിയാണെങ്കിൽത്തന്നെയും, ഒരു പഴയ കുടുംബദൗർഭാഗ്യമായ ആ രോഗത്തെ ലോകത്തിനു് കാഴ്ചവച്ചതു് താനാണെന്നു് അവൾ ലണ്ടനിലെ എല്ലാ ദിനപ്പത്രങ്ങളിലും ആഘോഷപൂർവ്വം പ്രസിദ്ധപ്പെടുത്തി.

ജീവന്റെ ഉറവയിലേക്കു് ഈ മാരകവിഷം കോരിയൊഴിച്ചപ്പോൾ 'പ്രകൃതി' എന്ന സംഗതി എന്താണാവോ ചിന്തിച്ചതു്? പണ്ടേ പറഞ്ഞുകഴിഞ്ഞതാണെങ്കിലും ഞാൻ അതു് വീണ്ടും ആവർത്തിക്കുന്നു: നിഷ്ഠൂരവും നിന്ദ്യവുമായ ഒരു വൈരുദ്ധ്യമാണതു്. മനുഷ്യൻ ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെടുകയായിരുന്നത്രെ! finxit in effigiem moderantum cuncta deorum എന്നാണു് പറയുന്നതു് ([മനുഷ്യരെ] അവൻ [പ്രൊമിത്യൂസ്‌] സകലതും നിയന്ത്രിക്കുന്ന ദൈവങ്ങളുടെ ആകൃതിയിൽ രൂപപ്പെടുത്തി: Metamorphoses - Ovid). അതോടൊപ്പം ആ സൃഷ്ടിയുടെ ബീജസഞ്ചിയിൽ വേദനയും സാംക്രമികരോഗങ്ങളും മരണവും കുത്തിനിറയ്ക്കുകയും ചെയ്തു. മിലോർഡ്‌ റോചെസ്റ്ററിന്റെ സുന്ദരമായ ഈ വരികൾ ഇവിടെ ശ്രദ്ധേയം: "നിരീശ്വരവാദികൾ ദൈവസ്തുതി പാടുന്നിടത്തേക്കു് പ്രണയം മനുഷ്യരെ കൊണ്ടുചെന്നെത്തിക്കുന്നു."

അതുകേട്ട ഡോക്ടർ ഗോഡ്മാൻ പറഞ്ഞു: ആഹ്‌, ഒരുപക്ഷേ എന്റെ കാമുകിയായ മിസ്‌ ഫിഡ്ലറെ കല്യാണം കഴിക്കാൻ എനിക്കു് കഴിയാതെ പോയതിനു് ഈശ്വരേച്ഛയോടു് നന്ദിപറയാനാണു് ഞാൻ കടപ്പെട്ടിരിക്കുന്നതെന്നു് തോന്നുന്നു. അതിന്റെ പരിണതഫലങ്ങൾ എന്തായിരുന്നേനെ എന്നാർക്കറിയാം? ഈ ലോകത്തിൽ മനുഷ്യനു് ഒന്നിനും ഒരു ഉറപ്പുമില്ല. അതെന്തായാലും, മിസ്റ്റർ സിഡ്രാക്‌, എന്റെ മൂത്രസഞ്ചിക്കു് സംഭവിക്കാവുന്ന എല്ലാ ഭാഗ്യദോഷങ്ങളിലും വാഗ്ദാനപ്രകാരം നിങ്ങൾ എന്നെ സഹായിക്കുമെന്നു് കരുതുന്നു.

മിസ്റ്റർ സിഡ്രാക്‌ അവനെ ആശ്വസിപ്പിച്ചു: സേവനസന്നദ്ധനായി ഞാൻ നിങ്ങളോടൊപ്പമുണ്ടു്. എങ്കിലും അത്തരം ചീത്ത ചിന്തകളെ നമ്മൾ മനസ്സിൽനിന്നും തുരത്തണം.

ഈ സംസാരം കേട്ട ഗോഡ്മാനു് തന്റെ വിധി മുൻകൂട്ടി കാണാൻ കഴിയുന്നപോലെ തോന്നി.

(തുടരും)