= 2 =

ഇതുപോലൊരു സമത്വസുന്ദരശ്യാമളകോമളമായ ഗ്രാമത്തിലാണു് നമ്മുടെ നായകൻ ജനിച്ചതു്. മദ്യപാനം ചീട്ടുകളി മുറുക്കു് പുകവലി മുതലായ ലളിതകലകളിൽ പ്രാവീണ്യം ഇല്ലാത്തവരായി അവിടെ ആരുമുണ്ടായിരുന്നില്ല. വിശ്രമസമയങ്ങളിൽ അവർ ചെവിതോണ്ടികൊണ്ടു് ചെവിതോണ്ടിയോ, പല്ലുകുത്തികൊണ്ടു് പല്ലുകുത്തിയോ രസിക്കുക പതിവായിരുന്നു. നീർക്കുതിരകളെപ്പോളെ കോട്ടുവാ വിടുന്ന കലയിൽ അവർ പതിവായി മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. സ്ത്രീപുരുഷന്മാർ തമ്മിൽ പരസ്യമായി നടത്തിയിരുന്ന മത്സരങ്ങളിൽ ഒരിക്കൽപ്പോലും ആർക്കും ആരെയും തോൽപിക്കാൻ കഴിയാതിരുന്ന ഒരു ഇനമായിരുന്നു പരദൂഷണം. ഈവിധ കലകളെല്ലാം കണ്ടു് വളർന്ന നമ്മുടെ നായകനും സഹജവാസനക്കനുസൃതമായ ഒരു കലയിൽ താത്പര്യം ജനിച്ചതിൽ അവനെ കുറ്റപ്പെടുത്താനാവില്ല. പക്ഷേ, ഏതു് സമൂഹത്തിനും ചില റ്റബൂകളുണ്ടു് എന്ന കാര്യം ആ സാധു മനസ്സിലാക്കിയില്ല. വ്യക്തിജീവിതത്തിലായാലും സാമൂഹികജീവിതത്തിലായാലും പറയാൻ പാടില്ലാത്ത, ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ, ഭക്ഷിക്കാൻ പാടില്ലാത്ത ചില ഫലങ്ങൾ, സൂചിപ്പിക്കാൻ പോലും പാടില്ലാത്ത ചില വിശുദ്ധികൾ, അശുദ്ധികൾ! നമ്മുടെ നായകൻ തിരഞ്ഞെടുത്ത കലയും അതുപോലെതന്നെ, ആ ഗ്രാമത്തിൽ ഏറ്റവും നിന്ദ്യമായി കരുതി വിലക്കപ്പെട്ടിരുന്ന റ്റബൂ ആയിരുന്നു.


മനുഷ്യജീവിതത്തിന്റെ നിലനിൽപിനു് അനിവാര്യമായതിനാൽ മനുഷ്യശരീരത്തെ ബാഹ്യലോകവുമായി ബന്ധിപ്പിക്കുന്നതിനു് ചർമ്മവുമായുള്ള പരസ്പര ധാരണയിൽ, ശരീരത്തിലെ പരസ്യമോ രഹസ്യമോ ആയ സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന എല്ലാ സുഷിരങ്ങളിലും വഴുവഴുപ്പുള്ളതും വ്യത്യസ്തവുമായ ദ്രാവകങ്ങൾ രൂപമെടുക്കാറുണ്ടു്. ഇതിനൊരു മറുവശമുള്ളതു്, അത്തരം ദ്രാവകങ്ങൾ യഥാസമയം അനുയോജ്യമായ രീതിയിൽ നീക്കം ചെയ്യപ്പെട്ടില്ലെങ്കിൽ അതു് ആ ഭാഗങ്ങളിൽ ഉണങ്ങിപ്പിടിച്ചു് ഒരുതരം അസ്വസ്ഥതക്കു് കാരണമാവും എന്നതാണ്. "ഈ വസ്തുവിന്റെ സാന്നിദ്ധ്യം എന്നെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നു, അതിനെ ആ ഭാഗത്തുനിന്നും നീക്കം ചെയ്യുക" എന്നു് മനുഷ്യരോടു് കൽപിക്കുന്ന തലച്ചോറിന്റെ ഭാഷയാണു് ചൊറിച്ചിലോ, കിരുകിരുപ്പോ ഒക്കെയായി അനുഭവപ്പെടുന്ന ഇത്തരം അസ്വസ്ഥതകൾ. വെള്ളത്തെപ്പറ്റിയുള്ള ചിന്തപോലും നമ്മുടെ നായകനു് അസഹ്യമായ വേദനയുണ്ടാക്കിയിരുന്ന കാര്യമായിരുന്നതിനാൽ, ശൗച്യം കുളി മുതലായ ശുചീകരണ കർമ്മങ്ങളിൽ നിന്നും അവൻ കഴിവതും ഒഴിഞ്ഞുനിൽക്കാറായിരുന്നു പതിവു്. അതുകൊണ്ടുതന്നെ അവന്റെ തലച്ചോറിനു് ശുചീകരണത്തിനുള്ള ഇത്തരം ആഹ്വാനങ്ങൾ നിരന്തരമെന്നോണം നടത്തേണ്ടിയിരുന്നു. ഓരോ വട്ടവും ഈ ആഹ്വാനം അവനിലെ കലാകാരനെ വിളിച്ചുണർത്തി. അവൻ ശരീരത്തിലെ ബന്ധപ്പെട്ട സ്ഥാനങ്ങളിൽ നിന്നും നിർദ്ദിഷ്ട കഷണങ്ങൾ അടർത്തിയെടുത്തു് വലതുകയ്യിലെ പെരുവിരലിന്റേയും ചൂണ്ടുവിരലിന്റെയും മാത്രം സഹായത്താൽ ചെറിയ ചെറിയ കലാരൂപങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. ഒരു ശിൽപകാരനും ഇന്നോളം സാധിച്ചിട്ടില്ലാത്തത്ര മനോഹരരൂപങ്ങൾ അങ്ങനെ അവൻ മെനഞ്ഞെടുത്തിരുന്നു. പക്ഷേ, പറഞ്ഞിട്ടെന്തുകാര്യം, അവന്റെ ഗ്രാമത്തിൽ ഈ കല പീള ഞൊട്ടൽ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു റ്റബൂ ആയിരുന്നു. വിശുദ്ധ കുർബ്ബാന മദ്ധ്യേ മദ്ബഹയിലെ ഭിത്തിയിൽ അച്ചന്മാരും കന്യാസ്ത്രീകളും തമ്മിലുള്ള ലൈംഗികകേളികളുടെ ചലനചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടാൽ സത്യവിശ്വാസികൾ എങ്ങനെ പ്രതികരിക്കുമോ അങ്ങനെതന്നെ ആയിരുന്നു ആ ഗ്രാമവാസികൾ ഈ കലയോടു് കാലാകാലങ്ങളായി പ്രതികരിച്ചുകൊണ്ടിരുന്നതു്.

ഗ്രാമത്തിലെ സദാചാരപരമായ കാര്യങ്ങളുടെ ചുമതല വഹിക്കുന്ന മൂപ്പന്മാർ ഈ താന്തോന്നിത്തത്തിന്റെ പേരിൽ ഉഗ്രകോപികളായി. മകന്റെ പീള ഞൊട്ടൽ എന്നേക്കുമായി അവസാനിപ്പിക്കാൻ മതിയായ നടപടികൾ ഉടനടി കൈക്കൊണ്ടില്ലെങ്കിൽ കുടുംബത്തെ മൊത്തമായും ചില്ലറയായും ഊരുവിലക്കുമെന്നു് അവർ അവന്റെ മാതാപിതാക്കൾക്കു് അന്ത്യശാസനം നൽകി. കഥാനായകന്റെ വീട്ടിൽ അതിനെത്തുടർന്നു് ശകാരത്തിന്റേയും ഭീഷണിയുടേയും ശിക്ഷകളുടേയും ഒരു അരങ്ങേറ്റം തന്നെ നടന്നു. റോഡിൽ വാഹനാപകടമുണ്ടാവുമ്പോൾ ഗുരുതരമായ പരിക്കേറ്റവർക്കു് ഫസ്റ്റ്‌ എയ്ഡ്‌ നൽകുകയോ ആശുപത്രിയിൽ എത്തിക്കുകയോ ചെയ്യേണ്ടതിനേക്കാൾ പ്രധാനമായ കാര്യം വാഹനത്തിന്റെ ഡ്രൈവറെ കണ്ടുപിടിച്ചു് കാഴ്ച്ചക്കാരുടെ കൈത്തരിപ്പു് തീർക്കുകയാണെന്ന, ചില പരിഷ്കൃത സമൂഹങ്ങളിൽ ഇന്നും നിലവിലിരിക്കുന്ന, നീതിയുക്തമായ പെരുമാറ്റച്ചട്ടം പോലെ, അവന്റെ ബന്ധുക്കൾ എല്ലാവരും അവനിൽ മാറിമാറി കൈവച്ചു. അപ്പൻ തല്ലി, അമ്മ തല്ലി, മൂത്തവരും ഇളയവരും ഒക്കെത്തല്ലി. അവൻ അതൊക്കെ സഹിച്ചുകൊണ്ടു് തന്റെ കലാപരമായ ജന്മവാസനയിൽ സൃഷ്ടിപരമായി പരീക്ഷണങ്ങൾ തുടരുക മാത്രം ചെയ്തു. അവന്റെ ഈ കടുംപിടുത്തം ആ ഗ്രാമത്തിൽ ബൈബിളിന്റെ കാലത്തുപോലും ഉണ്ടായിട്ടില്ലാത്തത്ര വലിയോരു പൂച്ചകരച്ചിലിനും രോഷപ്രകടനത്തിനും കാരണമായി.

മാറ്റമില്ലാത്ത അവന്റെ ഈ നിലപാടു് ആ സമൂഹത്തിന്റെ നിലനിൽപിനെത്തന്നെ ബാധിക്കുന്ന ഗൗരവതരമായ ഒരു പ്രശ്നമായിരുന്നതിനാൽ പരിഹാരനിർദ്ദേശങ്ങളും അനവധിയായിരുന്നു. കല്ലെറിഞ്ഞു് കൊല്ലുക, തൂക്കിക്കൊല്ലുക, എൻഡോസൾഫാൻ തളിച്ചു് കൊല്ലാക്കൊല കൊല്ലുക, കൊച്ചിയിലെ ദുർഗ്ഗന്ധത്തിലേക്കു് നാടുകടത്തുക, നഖത്തിനടിയിലൂടെ സൂചി കയറ്റുക, ലിംഗത്തിലൂടെ ഉലക്ക കയറ്റുക, കുരിശിൽ തറയ്ക്കുക, മദ്ധ്യകാലക്രിസ്തീയ മാതൃകയിൽ ചിതയിലെറിയുക, ജീവനോടെ തൊലിയുരിയുക, മൂക്കുകയറിട്ടു് മരണം വരെ കെട്ടിത്തൂക്കുക വിസയില്ലാതെ ഗൾഫിലേക്കു് കപ്പൽ കയറ്റുക മുതലായ ഒട്ടേറെ ശിക്ഷാ മാതൃകകൾ മുന്നോട്ടു് വയ്ക്കപ്പെട്ടു. ഓരോ ഗ്രാമവാസിയും ആൺപെൺഭേദമില്ലാതെ ചുരുങ്ങിയതു് ഈരണ്ടു് ശിക്ഷാവിധിയെങ്കിലും നിർദ്ദേശിച്ചു. അവസാനം, പൊറുക്കാനാവാത്ത പാപം ചെയ്യുന്നവർക്കു് മാലാഖമാരുടെ മദ്ധ്യേ ഹാനോക്കിനോടും ഏലിയാവിനോടും യേശുവിനോടുമൊപ്പം ഏകാന്തനായി സ്വർഗ്ഗത്തിൽ വാഴുന്ന ഏകദൈവം നൽകുന്ന ശിക്ഷയായ പ്രളയമോ അഗ്നിമഴയോ ആണു് ഏറ്റവും നീതീകരിക്കാവുന്നതു് എന്ന ഓലച്ചാപ്പലിലെ പാതിരിയുടെ വിദഗ്ദ്ധാഭിപ്രായം പൊതുവേ അംഗീകരിക്കപ്പെട്ടു. ശിക്ഷാസംബന്ധമായ കാര്യങ്ങളിൽ സ്നേഹസ്വരൂപിയായ ദൈവം നേരിട്ടു് കരുണാനിർഭരമായ എത്രയോ മാതൃകകൾ കാണിച്ചുതന്നിട്ടുണ്ടു് എന്നിരിക്കെ, മാനുഷികമായ ശിക്ഷാവിധികളിൽ അഭയം തേടേണ്ട ആവശ്യമെന്തു് എന്ന പാതിരിയുടെ ഘനഗംഭീരമായ ചോദ്യം തെക്കേമലയും കിഴക്കേമലയും മത്സരിച്ചു് പ്രതിദ്ധ്വനിപ്പിച്ചുകൊണ്ടിരുന്നതല്ലാതെ, അതിനൊരു മറുപടി കണ്ടെത്താൻ അവർക്കാർക്കുമായില്ല. ന്യായമായ എതിര്‍വാദമില്ലെങ്കിൽ എതിരാളിയുടെ വാദം അംഗീകരിക്കേണ്ടിവരുമെന്നതിനാൽ എന്തു് പൊള്ളവാദം നിരത്തിയും വാദം നീട്ടിക്കൊണ്ടു് പോകാൻ പെടാപ്പാടുപെടുന്ന ആധുനികപണ്ഡിതരുടെ സ്വഭാവക്കാരായിരുന്നില്ല അവർ. അതിനാൽ പാതിരി പറഞ്ഞതു് അവർ കാര്യമായ എതിർപ്പൊന്നുമില്ലാതെ അംഗീകരിച്ചു.

അതിൽ അതീവ സന്തുഷ്ടനായി, ഈ നിമിഷം ലോകത്തിൽ എവിടെയെങ്കിലും ഒരു മഹാപ്രളയം നടക്കുന്നതായി തനിക്കു് അറിവൊന്നുമില്ലെങ്കിൽത്തന്നെയും, പ്രളയത്തിൽ മുക്കിക്കൊല്ലുന്നതും വെള്ളത്തിൽ മുക്കിക്കൊല്ലുന്നതും തമ്മിൽ തത്വത്തിൽ വ്യത്യാസമൊന്നുമില്ലാത്തതിനാലും, അടുത്തൊരു പുഴയും, പുഴയിൽ അഗാധമായൊരു കയവും, പുഴയുടെ തീരത്തു് സാധാരണ അളവിലും തൂക്കത്തിലുമുള്ള ഒരു മനുഷ്യനെ വെള്ളത്തിനടിയിൽ പിടിച്ചുനിർത്താൻ മതിയായ ഭാരമുള്ള ധാരാളം കല്ലുകളും ഉണ്ടെന്നതിനാലും, വെറുമൊരു പീള ഞൊട്ടിയുടെ വധശിക്ഷക്കായി പ്രത്യേകം ഒരു അഗ്നിമഴക്കുള്ള ആപ്ലിക്കേഷൻ ദൈവത്തിനു് സമർപ്പിക്കേണ്ട ആവശ്യമില്ല എന്നും പാതിരി ഓർമ്മിപ്പിച്ചു. ഈ ജ്ഞാനോപദേശം ശ്രവിച്ചപ്പോൾ, രക്ഷാവിധികളേക്കാൾ ശിക്ഷാവിധികളിൽ പാതിരിമാർക്കുള്ള അഗാധപാണ്ഡിത്യവും താത്പര്യവും ഒരിക്കലും മനുഷ്യർ മറക്കാൻ പാടില്ലെന്നും, അതിനു് ദൈവത്തേക്കാൾ കൂടുതൽ പാതിരിമാരോടാണു് അവർ കടപ്പെട്ടിരിക്കുന്നതെന്നും ആ സമൂഹം തിരിച്ചറിയുകയും ഈ സത്യം അവർ പരസ്പരം പലവട്ടം ആവർത്തിച്ചുപറഞ്ഞു് മനസ്സിൽ ഉറപ്പിക്കുകയും ചെയ്തു.

താമസിയാതെ കുറ്റവാളിയായ കഥാനായകനുമായി വലിയോരു പുരുഷാരം സ്ത്രീകളുടെ അകമ്പടിയോടെ പുഴയോരത്തേക്കു് ജാഥയായി നീങ്ങി. ജീവനോടെ തൊലിയുരിയുക, ലിംഗത്തിലൂടെ ഉലക്ക കയറ്റുക മുതലായ ലളിതശിക്ഷാവിധികളുടെ അനുയായികളായിരുന്ന ചില സ്ത്രീകൾ ഹൃദയഭേദകമായ വിലാപഗീതങ്ങൾ ആലപിച്ചുകൊണ്ടിരുന്നു. കൊല്ലാനുള്ള മൃഗങ്ങളുടെ ചെവിയിൽ കടുകു് വാരിയിട്ടു് തല കുലുക്കിച്ചു് അനുവാദം വാങ്ങുന്ന ദൈവവിശ്വാസികളെപ്പോലെ, കുറ്റവാളികളെ വധശിക്ഷക്കായി കൊണ്ടുപോകുമ്പോഴും, ശത്രുക്കൾ മരിക്കുമ്പോഴും നെഞ്ചത്തടിച്ചു് വിലപിക്കേണ്ട ചുമതല ആ ഗ്രാമത്തിലെ സ്ത്രീകളുടേതായിരുന്നു. യുക്തിപൂർവ്വമായ ഉത്തമബോദ്ധ്യത്തിലൂടെ മതവിശ്വാസികളായിത്തീർന്നതിനാൽ, ചത്താലും സ്വന്തനിലപാടിൽ നിന്നും വ്യതിചലിക്കാൻ തയ്യാറാവാത്ത ബിരുദമാത്രശാസ്ത്രജ്ഞരെപ്പോലെ, തനിക്കു് ചുറ്റും നടക്കുന്നതെന്തെന്നു് ശ്രദ്ധിക്കുകപോലും ചെയ്യാതെ നമ്മുടെ നായകൻ മുഴുവൻ സമയവും അവിടന്നും ഇവിടന്നും പീള ശേഖരിച്ചു് മനോജ്ഞമായ മിനീച്ചർ ശിൽപങ്ങൾ തീർത്തുകൊണ്ടിരുന്നു. പുഴവക്കത്തെത്തിയപ്പോൾ വിധിപ്രകാരമുള്ള ചടങ്ങുകളുടെ ചുമതല പാതിരി ഏറ്റെടുത്തു. പ്രതിയുടെ കുറ്റങ്ങൾ അവൻ ജനത്തിനുമുന്നിൽ അവതരിപ്പിച്ചു: കറപുരളാത്തതും കുലീനവുമായ ഈ ഗ്രാമീണസമൂഹം അനാദികാലം മുതൽ റ്റബൂ ആയിക്കരുതിവരുന്ന ഒരു മഹാപാതകം യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ആവർത്തിക്കുന്നതുവഴി പ്രതി എന്തും കണ്ണടച്ചു് വിശ്വസിക്കുന്നവരായ ഇവിടത്തെ ജനങ്ങളെ പ്രകോപിപ്പിക്കുന്നു. ശിൽപകലയിൽ ലജ്ജാവഹമായ നൂതനാശയങ്ങൾ തിരുകിക്കയറ്റാൻ ശ്രമിക്കുന്നതിൽ നിന്നും പ്രതി ഈ സമൂഹത്തെ നിത്യനാശത്തിലേക്കു് നയിക്കാൻ ബദ്ധശ്രദ്ധനാണെന്നു് നിസ്സംശയം മനസ്സിലാക്കാം.

വ്യക്തിപരമായ എന്റെ വിശ്വാസത്തിന്റെ വെളിച്ചത്തിൽ ഒരു സത്യം തുറന്നുപറയാൻ ഇവിടെ സന്നിഹിതരായിരിക്കുന്ന മാന്യസമൂഹം എന്നെ അനുവദിക്കുമെന്ന പ്രതീക്ഷയിൽ ഒരു കാര്യം കൂടി ഇവിടെ സൂചിപ്പിക്കട്ടെ: മേൽ ആകാശത്തിലെങ്കിലും, താഴെ ഭൂമിയിലെങ്കിലും, ഭൂമിക്കു് കീഴെ വെള്ളത്തിലെങ്കിലുമുള്ള യാതൊന്നിന്റേയും പ്രതിമയെ നിങ്ങൾ നിർമ്മിക്കുകയോ അവയെ വന്ദിക്കുകയോ ചെയ്യരുതെന്നു് പ്രവാചകനായ മോശെവഴി യഹോവയായ ദൈവം കര്‍ശനമായി കൽപിച്ചിട്ടുണ്ടു്. അതിനർത്ഥം, വിഗ്രഹാരാധന എന്ന അതിഭയങ്കരവും, ദൈവം എന്നേക്കുമായി യഹൂദന്മാർക്കു് നിഷേധിച്ചതുമായ മഹാപാപമാണു്, നിങ്ങൾ നേരിട്ടു് കാണുന്നതുപോലെ, പ്രതി ഈ നിമിഷം പോലും ചെയ്തുകൊണ്ടിരിക്കുന്നതു്. ആ കൽപന യഹൂദന്മാരോടായിരുന്നതുകൊണ്ടു് അന്യജാതികൾ അതു് അനുസരിക്കരുതെന്നു് പറയുന്നതു് എന്തു് നീതി? എന്റെ സഭയിലും ചില പടങ്ങളും രൂപങ്ങളുമൊക്കെ ഉണ്ടാക്കി വച്ചിട്ടുണ്ടല്ലോ എന്നു് ഇപ്പോൾ നിങ്ങൾ ചോദിച്ചേക്കാം. പക്ഷേ, അതൊരു തെറ്റല്ല എന്നു് സ്ഥാപിക്കാനാണു് ഞങ്ങൾ ബൈബിളിന്റെ മറ്റൊരു വേർഷൻ ഇറക്കിയതു്. മനുഷ്യൻ എത്ര വിഡ്ഢിയാണു് എന്നതല്ല, വിഡ്ഢിത്തത്തിൽ നിന്നും തലയൂരാൻ മാത്രം അവൻ സൂത്രശാലിയാണോ എന്നതാണു് കാര്യം. യേശുനാഥനെ സാത്താൻ പരീക്ഷിക്കുന്ന ഭാഗം ഈ സത്യമാണു് നമ്മെ പഠിപ്പിക്കുന്നതു്. വ്യാകുലമാതാവിന്റെ രൂപവും, (ചങ്കു് പറിച്ചു് കാണിച്ചാൽ ചെമ്പരത്തിപ്പൂവല്ല എന്നു് മനുഷ്യരെ മനസ്സിലാക്കാനായി) യേശുനാഥന്റെ ചങ്കു് പറിച്ചെടുത്തു് നെഞ്ചത്തു് ഒട്ടിച്ചുവച്ചിരിക്കുന്നതിന്റെ പടവും, ചില്ലുകൂട്ടിൽ ഇരിക്കുന്ന ഗീവർഗ്ഗീസ്‌ പുണ്യാളന്റെ രൂപവുമൊന്നും വിഗ്രഹം എന്ന നിർവചനത്തിന്റെ പരിധിയിൽ വരുന്നതല്ല. അതുപോലെതന്നെ, മെക്കയിലെ കല്ലിനെ മുസ്ലീമുകൾ ഭക്തിപൂർവ്വം പ്രദക്ഷിണം വയ്ക്കുന്നതു് വിഗ്രഹാരാധനയുടെ വകുപ്പിൽ പെടുത്താനാവില്ല. ഹിന്ദുക്കൾ ആരാധിക്കുന്നതും വിഗ്രഹങ്ങളെയല്ല. പക്ഷേ, അവർക്കു് ആ കാര്യത്തിൽ വലിയ അവകാശവാദങ്ങളൊന്നും ഇല്ലാത്തതിനാൽ അന്യമതക്കാർ അവരെ വിഗ്രഹാരാധകർ എന്നു് വിളിക്കുന്നു എന്നുമാത്രം. മുപ്പത്തിമുക്കോടി ദൈവങ്ങളുള്ളവർക്കു് ദൈവങ്ങളെ സംരക്ഷിക്കുക എന്നതു് ഒന്നോ ഒന്നരയോ ദൈവമുള്ളവരേപ്പോലെ എളുപ്പം സാധിക്കുന്ന കാര്യമല്ല എന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ. പരിധിയില്ലാത്തതല്ല ഒരു മനുഷ്യനു് ചെയ്യാൻ കഴിയുന്ന ജോലിയുടെ അളവു്.

പുരാതനകാലം മുതൽതന്നെ മനുഷ്യർക്കു് ഇടയ്ക്കിടെ മീറ്റിയോറൈറ്റുകൾ (Meteorite = എരിഞ്ഞുതീരാതെ ഭൂമിയിൽ പതിക്കുന്ന ഉൽക്കകൾ) അയച്ചുകൊടുക്കുന്നതു് 'ഏകദൈവങ്ങളുടെ' ഒരു പതിവായിരുന്നു. ആരാധിക്കാൻ മുട്ടുമ്പോൾ, മറ്റൊന്നും കിട്ടിയില്ലെങ്കിൽ, ഈ കല്ലുകളിൽ ചിലതിനെയും ചില പ്രാകൃത ഗോത്രങ്ങൾ ആരാധിച്ചിരുന്നു. (മരുപ്രദേശങ്ങളിലെ ചില മേഖലകളിൽ 'ദൈവത്തിന്റെ' ഇത്തരം 'കല്ലേറുകളുടെ' എണ്ണം ദീർഘകാലാടിസ്ഥാനത്തിൽ വർദ്ധിതമായി കാണുന്നു എന്നതു് ഒരു പുതിയ അറിവാണു്.) യഹോവയെക്കൊണ്ടു് കൽപലകകളിൽ കൽപനകൾ കൊത്തിക്കുവാൻ മോശെക്ക് വെറും നാൽപതു് ദിവസത്തേക്കു് മലയിലേക്കു് പോകേണ്ടിവന്നപ്പോഴേക്കും യഹൂദന്മാർ കാളക്കുട്ടിയുടെ പ്രതിമ ഉണ്ടാക്കി ആരാധിച്ചില്ലേ? അതാണു് ശരിയായ അർത്ഥത്തിലെ വിഗ്രഹാരാധന. അല്ലെങ്കിൽ മോശെ ആ കാളക്കുട്ടിയെ തല്ലിപ്പൊട്ടിക്കുമായിരുന്നു എന്നു് നിങ്ങൾ കരുതുന്നുണ്ടോ? ഇതിൽ നിന്നും രണ്ടുകാര്യങ്ങൾ നമുക്കു് മനസ്സിലാക്കാം. ഒന്നാമതു്, ആരാധിക്കാൻ ഒരു ദൈവമില്ല എന്നുവന്നാൽ മിനിമം ഒരു ദൈവത്തെയെങ്കിലും മനുഷ്യർ ഏതാനും ദിവസങ്ങൾക്കകം നിർബന്ധമായും ഉണ്ടാക്കിയിരിക്കും. രണ്ടാമതു്, ഏതു് വിഗ്രഹമാണു് വിഗ്രഹം, ഏതു് വിഗ്രഹമാണു് വിഗ്രഹമല്ലാത്തതു് എന്നു് ഒറ്റനോട്ടത്തിൽ പറയാൻ പറ്റുന്ന കാര്യമല്ല. ഒരുപാടു് വ്യാഖ്യാനത്തിലൂടെ സ്ഥാപിച്ചെടുക്കേണ്ട ഒരു ദൈവികരഹസ്യമാണതു്. അതിനാണു് എന്നേപ്പോലെയുള്ളവർ തിയോളജി പഠിക്കുന്നതു്. തിയോളജി എന്നാൽ കക്ക വാറ്റി ചുണ്ണാമ്പുണ്ടാക്കുന്നതുപോലുള്ള ഒരു ഏർപ്പാടല്ല. അങ്ങനെ നിങ്ങൾക്കു് തോന്നുന്നതു്, ഞാൻ ചെയ്യുന്നതുപോലെ, അടിയുറച്ച വിശ്വാസത്തിൽ മൂടുറപ്പിച്ചുകൊണ്ടു് കാര്യങ്ങൾ പഠിക്കാനുള്ള ദൈവവിളി നിങ്ങൾക്കില്ലാത്തതുകൊണ്ടാണു്. ആദ്യം നിങ്ങൾ ചെയ്യേണ്ടതു് കാര്യങ്ങൾ ശരിയായി മനസ്സിലാക്കുക എന്നതാണു്. ശരിയായി മനസ്സിലാക്കുക എന്നാൽ അതിനു് ഒരർത്ഥമേയുള്ളു: വേദഗ്രന്ഥങ്ങളെപ്പറ്റി ദൈവശാസ്ത്രജ്ഞന്മാർ പറയുന്നതു് വാപൊളിച്ചിരുന്നു് കേൾക്കുക, കേൾക്കുന്നതു് കണ്ണുമടച്ചു് വിശ്വസിക്കുക.

പാതിരിയുടെ കുറ്റപത്രവായന ഇങ്ങനെ ദൈവത്തെയും സ്വർഗ്ഗത്തേയും നരകത്തേയും കുറിച്ചു് മതോപദേശികൾ നടത്തുന്ന ദൃക്‌സാക്ഷി വിവരണം പോലെ ഏഴാം കടലിനുമപ്പുറത്തേക്കു് നീണ്ടുപരന്നുകൊണ്ടിരുന്നപ്പോൾ, ആളുകൾ പതിയെ ഇരുന്നും നിന്നും ഉറങ്ങാൻ തുടങ്ങി. അതിനാൽ മനസ്സില്ലാമനസ്സോടെ കുറ്റപത്രവായന നിർത്തി, കറുത്തവസ്ത്രം ധരിച്ചു് അക്ഷമരായി കാത്തുനിന്നിരുന്ന ആരാച്ചാരന്മാരെ കൃത്യനിർവ്വഹണത്തിനായി ക്ഷണിക്കുകയേ അവനു് നിവൃത്തിയുണ്ടായിരുന്നുള്ളു. അവർ രണ്ടുപേർ ചേർന്നു് അവന്റെ കഴുത്തിൽ പള്ളിപണിയാൻ പറ്റിയ ഒരു പാറക്കല്ലു് കെട്ടിയുറപ്പിച്ചശേഷം അവനെ കയത്തിലേക്കു് തള്ളിയിട്ടു. ഈ സമയത്തുപോലും നമ്മുടെ ട്രാജിക്‌ ഹീറോ ഒരു പക്കാ കലാകാരനു് യോജിച്ച വിധത്തിൽ തന്റെ ശിൽപസൃഷ്ടിയിൽ വ്യാപൃതനായിരുന്നു. വധശിക്ഷാസമയത്തെ പതിവുപോലെ, ജനക്കൂട്ടം "കരുണാമയനായ ദൈവം വലിയവനും വാഴ്ത്തപ്പെട്ടവനുമാകുന്നു" എന്നു് മുടങ്ങാതെ വിലാപരാഗത്തിൽ ആർത്തുവിളിച്ചുകൊണ്ടിരുന്നു. കയത്തിലേക്കു് താണുകൊണ്ടിരുന്നതിനിടയിൽ കഥാനായകൻ വലത്തുകൈ ഉയർത്തിപ്പിടിച്ചു് ഒരു കഷണം പീളയെ പെരുവിരലും ചൂണ്ടുവിരലും ഉപയോഗിച്ചു് ഞെക്കിയും ഞരടിയും തന്റെ അവസാനത്തെ കലാരൂപം പൂർത്തിയാക്കി കരയിലെ കാഴ്ചക്കാരുടെ മദ്ധ്യത്തിലേക്കു് ഞൊട്ടിത്തെറിപ്പിച്ചു. ഹൃദയഭേദകമായിരുന്ന ഈ ദാരുണസംഭവം കൂടുതൽ വിശദമാക്കാൻ മാത്രം കഠിനഹൃദയനല്ല ഞാൻ എന്നതിനാൽ ഈ കഥാകഥനം ഇവിടെ നിർത്തുകയേ എനിക്കു് നിവൃത്തിയുള്ളു.

(ചെറുപ്പത്തിൽ കേട്ടിട്ടുള്ള ഒരു 'ഗുണപാഠ'കഥയുടെ പുനരാവിഷ്കരണം. ഒരിടത്തു് ഒരു പീള ഞൊട്ടി ഉണ്ടായിരുന്നുവെന്നും, ആരെത്ര ശ്രമിച്ചാലും അവൻ തന്റെ ഈ കലാപരിപാടി അവസാനിപ്പിക്കുകയില്ലായിരുന്നുവെന്നും, അവസാനം ഗത്യന്തരമില്ലാതെ ആളുകൾ അവനെ വെള്ളത്തിൽ കെട്ടിത്താഴ്ത്തിയപ്പോഴും കയ്യുയർത്തി ഞൊട്ടിക്കാണിച്ചുകൊണ്ടാണു് അവൻ താണുപോയതെന്നും ഒറിജിനൽ)