പണ്ടുപണ്ടൊരു കാലത്തു്, എന്നുവച്ചാൽ മനുഷ്യൻ ഡോളി എന്ന ആടിനെ ക്ലോൺ ചെയ്തതിനും, അമേരിക്കയിലെ ഭൂരിപക്ഷം ജനങ്ങൾ ഓ! ബാമാ! എന്നു് അട്ടഹസിക്കാൻ തുടങ്ങുന്നതിനുമൊക്കെ വളരെവളരെപ്പണ്ടു്, സഹ്യപർവ്വതനിരയുടെ പടിഞ്ഞാറുഭാഗത്തിന്റെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന കേരളം എന്നൊരു ഭൂഖണ്ഡത്തിലെ ഒരു ചെറുഗ്രാമത്തിൽ ജനിക്കാനും വളരാനും കൊല്ലപ്പെടാനും അനുഗ്രഹം ലഭിച്ചവനായിരുന്നു നമ്മുടെ കഥാനായകൻ. ഒരു മനുഷ്യൻ ആരായിത്തീരണമെന്നു് തീരുമാനിക്കുന്നതു് അവൻ ജീവിക്കുന്ന ചുറ്റുപാടുകളുടെ ചരിത്രവും ഭൂമിശാസ്ത്രവും ആണെന്നതിനാൽ, നമ്മുടെ നായകൻ സ്വയം ഒരു ട്രാജിക്‌ ഹീറോ ആവുകയായിരുന്നില്ല, അവന്റെ ചുറ്റുപാടുകൾ അവനെ അങ്ങനെ ആക്കിത്തീർക്കുകയായിരുന്നു. "നിങ്ങളെന്നെ എന്തോ ആക്കി" എന്നോ മറ്റോ നമ്മൾ സാധാരണ പറയാറുമുണ്ടല്ലോ. ഒരു ഞണ്ടിൻകുഞ്ഞിന്റെ മാതാപിതാക്കൾ അതിനോടു് നേരെ മാത്രമേ നടക്കാവൂ എന്നു് ഉപദേശിക്കുകയും, അതേസമയം, സഹജവാസനമൂലം നേരെ നടക്കുന്നതിനേക്കാളേറെ വശങ്ങളിലേക്കു് ഓടാൻ നിർബന്ധിതനാവുന്ന ആ പാവം കുഞ്ഞിനെ വശങ്ങളിലൂടെതന്നെ ഓടിച്ചെന്നു് ആക്രമിക്കുകയും ചെയ്യുന്ന പോലത്തെ ഒരു വിധി ആയിരുന്നു നമ്മുടെ നായകന്റേതു്. "വിത്തും കൈക്കോട്ടും", "പോത്തും കൈവെട്ടും" മുതലായ ഖണ്ഡകാവ്യങ്ങൾ വായിൽനിന്നും ചെവികളിലേക്കു് പകർന്നുകൊടുക്കപ്പെട്ടു് യുഗാന്തരങ്ങളിലൂടെ സജീവമായി നിലകൊണ്ടു് മനുഷ്യരുടെ ജീവിതഗതികളെ നിയന്ത്രിക്കുന്നതുപോലെ, നമ്മുടെ നായകന്റെ കദനകാവ്യവും മുത്തശ്ശിമാരിൽ നിന്നും ഇളം മക്കളിലേക്കും അവർ മുത്തശ്ശികളായപ്പോൾ അവരിൽ നിന്നും അവരുടെ ഇളം മക്കളിലേക്കും പകർന്നുകൊടുത്തുകൊടുത്തു് അനശ്വരമായി ഇന്നുവരെ നിലനിർത്തുകയായിരുന്നു. നമ്മുടെ ട്രാജിക്‌ ഹീറോയുടെ കഥ ആ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ മാത്രമേ പൂർണ്ണമാവുകയുള്ളു എന്നതിനാൽ, റിവേഴ്സ്‌ ഗിയറിൽ നമുക്കു് അങ്ങോട്ടേക്കു് പോകാം.

ഡെക്കാൻ പ്രദേശം മഴ കുറഞ്ഞ ഒരു പീഠഭൂമി ആവുന്നതിന്റെ പ്രധാന കാരണം ഭാരതത്തിന്റെ പടിഞ്ഞാറുഭാഗത്തു് ഗുജറാത്തിന്റെ തെക്കൻ അതിർത്തിമുതൽ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന പശ്ചിമഘട്ടമെന്ന സഹ്യാദ്രിയുടെ ദുരുദ്ദേശപരമായ നിലപാടാണെന്നു് നമുക്കെല്ലാവർക്കുമറിയാം. മേഘമില്ലാതെ മഴ പെയ്യുകയില്ല എന്നു് മറ്റാരേക്കാൾ കൂടുതൽ അറിയാമായിരുന്നിട്ടും, ഡെക്കാൻ പീഠഭൂമിപ്രദേശത്തേക്കു് കടന്നുപോകാനുള്ള വിസ മേഘങ്ങൾക്കു് സഹ്യപർവ്വതനിരകൾ അത്ര എളുപ്പം നൽകാറില്ല. നമ്മുടെ കഥാനായകന്റെ ഗ്രാമത്തിന്റെ അവസ്ഥയും ഏതാണ്ടു് ഇതേപോലെയായിരുന്നു. കിഴക്കും തെക്കും ഉന്നതമായ മലകളാലും വടക്കു് നിബിഡമായ വനപ്രദേശത്താലും ചുറ്റപ്പെട്ടിരുന്ന ഈ ഗ്രാമത്തിന്നു് ബാഹ്യലോകത്തേക്കുള്ള പ്രവേശനം പടിഞ്ഞാറുഭാഗത്തുകൂടി മാത്രമേ സാദ്ധ്യമാവുമായിരുന്നുള്ളു. കുടിയേറ്റക്കാലത്തു് ഓരോ കുടിയുടമയും തന്റെ പറമ്പിന്റെ അതിർത്തിയിൽ മഹാമനസ്കതയോടെ അനുവദിച്ചിരുന്ന ഒന്നരയടി + ഒന്നരയടി = മൂന്നടി വീതിയുള്ള വഴി മാത്രമായിരുന്നു അതിനുള്ള ഒരേയൊരു ഉപാധി. ആ ഗ്രാമത്തിലെ ശരാശരി ആയുർദൈര്‍ഘ്യമായിരുന്ന മുപ്പതുവർഷത്തിൽനിന്നും ഒരുവിധം പ്രായപൂർത്തി ആവുന്നതുവരെയുള്ള വർഷങ്ങൾ ഒഴിവാക്കിയാൽ, അവശേഷിക്കുന്ന വർഷങ്ങൾ കൊണ്ടു് ഒരു മനുഷ്യനു് കാൽനടയായി പിന്നിടാൻ കഴിയുന്ന ദൂരം വളരെ പരിമിതമായിരുന്നതിനാൽ, ബാഹ്യലോകവുമായി കാര്യമായ ബന്ധമൊന്നും സ്ഥാപിക്കാൻ അവർക്കാവുമായിരുന്നില്ല. അന്നന്നു് വീട്ടിൽ തിരിച്ചുവരാൻ കഴിയാത്തത്ര ദൂരത്തേക്കു് അവർ യാത്ര ചെയ്യാറുണ്ടായിരുന്നില്ല. കൃഷിക്കാർ അവരുടെ വാർഷികോത്പന്നങ്ങൾ പത്തു് മൈൽ അകലെയുള്ള ചന്തയിൽ കൊണ്ടുപോയി വിൽക്കാൻ കാൽനടയിൽ പരിചയസമ്പന്നരും മരണഭയമില്ലാത്തവരുമായ ചുമട്ടുതൊഴിലാളികളുടെ സഹായം തേടുകയായിരുന്നു പതിവു്. അവിടത്തെ പലചരക്കുകടക്കാരൻ ഒന്നോ രണ്ടോ മാസത്തിലൊരിക്കൽ മുളകു് മല്ലി ഉപ്പു് ചെറുപയർ ഉണക്കമത്തി പുകയില ബീഡി മുതലായ 'വിദേശീയ' ആഡംബര ഉത്പന്നങ്ങൾ ചന്തയിൽ നിന്നും ഗ്രാമത്തിൽ എത്തിക്കാൻ ഉപയോഗിച്ചിരുന്നതും ഇതേ സ്ട്രാറ്റജി തന്നെയായിരുന്നു. നോക്കുകൂലി എന്ന പകർച്ചവ്യാധി അന്നു് അങ്ങോട്ടേക്കു് വ്യാപിച്ചിട്ടുണ്ടായിരുന്നില്ല. ശാരീരികമായി ജോലി ചെയ്യാതെ ജീവിക്കുന്നവർ ആരുമുണ്ടായിരുന്നില്ല എന്നതിനാൽ, എല്ലാവരും തൊഴിലാളികൾ ആയിരുന്നു. അദ്ധ്വാനിക്കാതെ പണമുണ്ടാക്കുന്ന രഹസ്യം ആരും അവരെ അതുവരെ പഠിപ്പിച്ചിരുന്നില്ല എന്നതിനാൽ ആ ഒരു സൂത്രം അവർക്കജ്ഞാതമായിരുന്നു.

ആ ഗ്രാമത്തിൽ എല്ലാവരും പാലിച്ചിരുന്ന ചില അലിഖിതനിയമങ്ങളുണ്ടായിരുന്നു. അവ ഒരു തരിമ്പുപോലും വ്യത്യാസം വരുത്താതെ എല്ലാവരും പാലിച്ചിരുന്നു. എല്ലാവരുമെന്നാൽ, സ്ത്രീകൾ പാലിക്കേണ്ട നിയമങ്ങൾ സ്ത്രീകളും, പുരുഷന്മാർ പാലിക്കേണ്ട നിയമങ്ങൾ പുരുഷന്മാരും, രണ്ടുകൂട്ടരും പാലിക്കേണ്ട ... (ബാക്കി നിങ്ങൾക്കറിയാം. പിന്നെയെന്തിനു് ഞാൻ വെറുതെ ഒത്തിരി ടൈപ്പു് ചെയ്തു് എന്റെ വിരലുകൾ വ്രണമാക്കണം?) അങ്ങനെ ഓരോരുത്തരും അവരെ ബാധിക്കുന്നതായ നിയമങ്ങൾ മറുചോദ്യമില്ലാതെ നിവർത്തിച്ചുകൊണ്ടിരുന്നതിനാൽ, അവിടെ നിലനിന്നിരുന്ന എല്ലാ കാര്യങ്ങൾക്കും ഒരു അടുക്കും ചിട്ടയും ഉണ്ടായിരുന്നു. ആ നാട്ടിൽ ആർക്കും വാച്ചോ ടൈംപീസോ ക്ലോക്കോ ഇല്ല എന്നറിയാമായിരുന്നതിനാൽ കോഴിപ്പൂവന്മാർ പുലർകാലേ കൃത്യസമയത്തു് കൂവിയിരുന്നു. (എന്തു് പ്രകോപനത്തിന്റെ പേരിലാണെന്നറിയില്ല, ചില പൂവന്മാർ പട്ടാപ്പകലും കൂവിയിരുന്നു. അത്തരം ദിവസങ്ങളിൽ ആ പൂവന്റെ ഉടമസ്ഥന്റെ വീട്ടിൽ അത്താഴത്തിനു് കറി കോഴിയായിരുന്നു.) അന്ത്യയാമത്തിലെ കോഴികൂവൽ കേൾക്കുന്ന നിമിഷം പുരുഷന്മാർ ഉണർന്നു് പ്രഭാതകർമ്മങ്ങൾ ചെയ്തിരുന്നു. (സ്ത്രീകൾ അതിനുമുൻപേ ഉണർന്നു് പ്രഭാതകർമ്മങ്ങൾ നിർവ്വഹിക്കാറുണ്ടായിരുന്നതിനാൽ, അവർ ഇത്തരം കർമ്മങ്ങൾ ചെയ്യുന്നുണ്ടോ, ഉണ്ടെങ്കിൽത്തന്നെ അതു് പ്രഭാതകർമ്മമോ പ്രദോഷകർമ്മമോ മുതലായ കാര്യങ്ങൾ പുരുഷലോകത്തിന്റെ അറിവിനു് അതീതമായിരുന്നു. സ്ത്രീകളിൽ നിന്നുള്ള പുരുഷന്മാരുടെ പ്രതീക്ഷകൾക്കു് രാവും പകലും ഭംഗമൊന്നും വന്നിരുന്നില്ല എന്നതിനാൽ അവരുടെ ഇത്തരം അപ്രസക്തമായ കാര്യങ്ങളിൽ എന്തെങ്കിലും താത്പര്യം കാണിക്കേണ്ട ആവശ്യം പുരുഷന്മാർക്കു് ഹൃദയംഗമമായിത്തന്നെ ഉണ്ടായിരുന്നുമില്ല). രാവിലെയും വൈകിട്ടും മൊന്തയിൽ വെള്ളവുമായി വരുന്ന കറവക്കാരനെ/കറവക്കാരിയെ കാണുമ്പോൾ അവിടത്തെ പശുക്കൾ യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ ചുരത്തിയിരുന്നു. അകിടിൽ അവശേഷിക്കുന്ന പാലുകൊണ്ടു് പശുക്കിടാക്കൾപോലും ഒരു ദുർമ്മുഖവും കാണിക്കാതെ തൃപ്തിപ്പെട്ടിരുന്നു. പശുക്കളുടെ കാര്യത്തിൽ മാത്രമല്ല, ആടുകളുടെ കാര്യത്തിലും - സ്വാഭാവികമായും അളവിലും വ്യാപ്തത്തിലും വ്യത്യാസമുണ്ടായിരുന്നെങ്കിൽത്തന്നെയും - കാര്യങ്ങളുടെ കിടപ്പു് ഏതാണ്ടു് ഇങ്ങനെതന്നെ ആയിരുന്നു. ഒട്ടകങ്ങളും ജിറാഫുകളും ആ നാട്ടിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ടു് അവയെ കറക്കേണ്ടതോ, അവയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച നിയമങ്ങൾ അവിടത്തെ അലിഖിത ഭരണഘടനയിൽ ഉൾക്കൊള്ളിക്കേണ്ടതോ ആയ ആവശ്യം അവർക്കുണ്ടായിരുന്നില്ല. പാണ്ടയെപ്പറ്റി പാണ്ടി നിയമമുണ്ടാക്കേണ്ടതില്ലല്ലോ.

പാലുകൊണ്ടു് അവർ ചായയും കാപ്പിയും കൂടാതെ തൈരും മോരും വെണ്ണയും അവയുടെ സെക്കൻഡറി ആൻഡ്‌ റ്റെർഷ്യറി പ്രോഡക്റ്റ്‌സും നിർമ്മിച്ചിരുന്നു. എന്നിട്ടും പാലു് ബാക്കിയുണ്ടായിരുന്നവർ അതു് ആ നാട്ടിൽ ആകെയുണ്ടായിരുന്ന ഒരു ചായക്കടയിൽ വിൽക്കുകയായിരുന്നു പതിവു്. അവിടെ എല്ലാ നെൽപ്പാടങ്ങൾക്കരികിലൂടെയും കൈത്തോടുകൾ ഒഴുകുന്നുണ്ടായിരുന്നു എന്നതിനാൽ, പാലിൽ വെള്ളം ചേർക്കുക എന്നതു് ക്ഷിപ്രസാദ്ധ്യമായ കാര്യമായിരുന്നു. ഈ കൈത്തോടുകളിൽ ചില എരണം കെട്ട പൊടിമീനുകൾ രാപകലില്ലാതെ ചുറ്റിത്തിരിയുന്നുണ്ടായിരുന്നു എന്നതിനാൽ ചായക്കടയിൽ ഡെലിവർ ചെയ്യപ്പെടുന്ന (പ്രസവിക്കപ്പെടുന്ന എന്ന അർത്ഥത്തിലല്ല) പാലിൽ പലപ്പോഴും കുഞ്ഞുമീനുകൾ ഉള്ളതായി കാണപ്പെട്ടിരുന്നു. പക്ഷേ അവിടത്തെ ജനങ്ങൾ അത്ഭുതങ്ങളിൽ വിശ്വസിച്ചിരുന്നവരായിരുന്നതിനാൽ അതൊരിക്കലും ഒരു പ്രക്ഷുബ്ധാവസ്ഥയിലേക്കോ, എന്തിനു്, വെറുമൊരു വിപ്ലവത്തിലേക്കുപോലുമോ നയിച്ചിരുന്നില്ല. പശുവിന്റെ അകിട്ടിൽ നിന്നും പാലുമാത്രമല്ല, മീൻകുഞ്ഞുങ്ങളും വരാമെന്ന കാര്യത്തിൽ അവർക്കു് സംശയമൊന്നും ഉണ്ടായിരുന്നില്ല. ഒരിക്കൽ ഗ്രാമാതിർത്തിയോടു് ചേർന്നുള്ള വനത്തിലെ ഒരു വലിയ പാറയിൽ നിന്നും രക്തമൊഴുകുന്നു എന്നൊരു ശ്രുതി പരന്നപ്പോൾ പോലും ഒരൊറ്റ ഗ്രാമീണനും അതു് കാണാനായി അവിടേയ്ക്കു് പോയില്ല. അസാധാരണമായി ഒന്നുമില്ലാത്ത ഒരു കാര്യം കാണാനും വേണ്ടി വൃഥാ സമയം ചിലവഴിക്കുന്നവരായിരുന്നില്ല അവർ. അയൽ ഗ്രാമത്തിൽ മഴ പെയ്യുന്നു എന്നു് കേട്ടാൽ അതു് കാണാൻ നമ്മളായാലും പോകാറില്ലല്ലോ.

അവിടത്തെ ഈ പാൽക്കച്ചവടത്തെ സൂക്ഷ്മമായി വീക്ഷിച്ചാൽ ആ ഗ്രാമത്തെ സാമൂഹികമായ അസമത്വങ്ങളിലേക്കോ, പാൽ വ്യവസായത്തിൽ നിന്നും ഉരുത്തിരിഞ്ഞേക്കാവുന്ന ലോകവ്യാപകമായ ഒരു റിസെഷനിലേക്കോ വഴുതിവീഴാതെ സംരക്ഷിച്ചിരുന്ന സാമ്പത്തികശാസ്ത്രത്തിന്റെ ഒരു ഏകദേശരൂപം നമുക്കു് മനസ്സിലാക്കാനാവും. കൊല്ലക്കടയിൽ സൂചി വിൽക്കുന്നതുപോലെ, ചായക്കടയിൽ പാൽ വിൽക്കുന്നവരെല്ലാം അവിടെ നിന്നുതന്നെ പതിവായി ചായ പുട്ടു് ദോശ പരിപ്പുവട ഇടിയപ്പം കുഴലപ്പം ഉണ്ട മുതലായ പലവിധ പലഹാരങ്ങളും വാങ്ങിച്ചു് തിന്നിരുന്നു എന്നതിനാൽ, പാൽവിൽപനക്കാർക്കു് പാലിന്റെ വില കിട്ടിയിരുന്നില്ല എന്നു് മാത്രമല്ല, ചായക്കടക്കാരനു് മാസാവസാനമോ, വർഷത്തിൽ നാലുപ്രാവശ്യമോ, അതുമല്ലെങ്കിൽ ഇഞ്ചിയും മഞ്ഞളും കുരുമുളകുമൊക്കെ വിൽക്കുന്ന മുറയ്ക്കു് വർഷത്തിൽ ഒരിക്കലോ അങ്ങോട്ടു് പണം കൊടുത്തു് കടം വീട്ടേണ്ടി വരികയായിരുന്നു പതിവു്. കടം ഒരിക്കലും വീട്ടാതെ, അതിനു് ഒരു അവധി പറയുക എന്നതു്, അവരെസംബന്ധിച്ചു് അന്തസ്സിന്റേയും തറവാടിത്തത്തിന്റെയും കുലീനതയുടെയും ലക്ഷണമായിരുന്നു. അതുകൊണ്ടുതന്നെ, തനിക്കു് ലഭിക്കേണ്ട പണം തിരിച്ചു് ചോദിക്കുന്നവനോടു് "നിന്റെ കടം ധനു മുപ്പതിനുള്ളിൽ വീട്ടാമെന്നു് ഞാൻ നിന്നോടു് പറഞ്ഞതല്ലേ" എന്ന ഒറ്റ ചോദ്യം മതിയായിരുന്നു ആ നാട്ടിൽ കടം തിരിച്ചു് ചോദിക്കുന്ന ആരെയും മുഖത്തു് അടിയേറ്റപോലെ നിശ്ശബ്ദനാക്കാൻ. കർക്കിടകം ഇരുപത്തെട്ടിനു് കടം തീർക്കാമെന്നു് പറയുന്നതു് ആ നാട്ടിൽ അവഹേളനാതുല്യമായ ഒരു അനാചാരമായിരുന്നു. ഓരോരുത്തനും അങ്ങനെ തന്നിഷ്ടമായി ഓരോരോ തീയതി പറയാൻ തുടങ്ങിയാൽ ഒരു സാധാരണ വർഷത്തിൽ മുന്നൂറ്റിയറുപത്തഞ്ചു് ദിവസവും അധിവർഷത്തിലാണെങ്കിൽ മുന്നൂറ്റി അറുപത്താറു് ദിവസവും അവധി പറയാൻ കഴിയുമല്ലോ എന്നായിരുന്നു അവരുടെ നീതിയുക്തമായ ചോദ്യം. അതുകൊണ്ടു് സാമ്പത്തികവും കടശാസ്ത്രപരവുമായ കാര്യങ്ങൾക്കു് ഒരു അടുക്കും ചിട്ടയും ഉണ്ടായിരിക്കുന്നതിനുവേണ്ടി അവർ അവരുടെ ജ്യോതിഷശാസ്ത്രപ്രകാരം വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശുഭദിവസമായ ധനു മുപ്പതു് അവധി പറയാനുള്ള ദിവസമായി തിരഞ്ഞെടുക്കുകയായിരുന്നു. ഈ വർഷത്തെ ധനു മുപ്പതു് കഴിഞ്ഞുകിട്ടിയാൽ, അടുത്തവർഷത്തെ ധനു മുപ്പതിലേക്കു് അവധി നീട്ടുന്നതിനു് നിയമപരമായ തടസ്സമൊന്നും ഉണ്ടായിരുന്നില്ല.

ഗണിതശാസ്ത്രത്തിൽ അവർ പിന്നാക്കമായിരുന്നെങ്കിലും ജ്യോതിഷശാസ്ത്രത്തിൽ അവർ അജയ്യരായിരുന്നു. ചിങ്ങം കന്നി തുലാം തിരുവാതിര പൂരുരുട്ടാതി മുതലായവയൊക്കെ അവർക്കു് പുഷ്പം പോലെ വശമായിരുന്നു. ദീര്‍ഘദൃഷ്ടിയോടെ നടപ്പിലാക്കപ്പെട്ട ഈ സാമ്പത്തികശാസ്ത്രം മൂലം ആ നാട്ടിൽ പാലു് വിൽക്കാത്തവരിൽ നിന്നോ, പാലു് വിൽക്കുന്നവരിൽനിന്നോ, ചായക്കടയോ പലചരക്കുകടയോ കള്ളുഷാപ്പോ നടത്തുന്നവരിൽ നിന്നോ ജന്മി, മുതലാളി, ബൂർഷ്വാ മുതലായ ചൂഷകവർഗ്ഗങ്ങൾ ഉരുത്തിരിഞ്ഞുവന്നില്ല. പുരോഹിതവർഗ്ഗം ഉണ്ടായിരുന്നു. പക്ഷേ, ഏതൊരു സർക്കസിനും കുറെ കോമാളികൾ ആവശ്യമാണു് എന്നവർക്കു് അറിയാമായിരുന്നതിനാൽ ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും പള്ളിയിൽ പോകുമ്പോഴൊഴികെ മറ്റുദിവസങ്ങളിൽ അക്കൂട്ടരെ ആരും ശ്രദ്ധിക്കുകയോ ഗൗനിക്കുകയോ ചെയ്തിരുന്നില്ല. ഒരു ശവമടക്കു് നടത്താൻ ശവത്തെക്കൂടാതെ മറ്റാരെങ്കിലും കൂടി വേണം എന്നതും പുരോഹിതവർഗ്ഗത്തെ പൂർണ്ണമായി ഒഴിവാക്കാതിരുന്നതിനുള്ള ഒരു കാരണമായിരുന്നിരിക്കാം. ഏതായാലും, സാമ്പത്തികവും, സാമൂഹികവുമായി ആരും ആരെയും തറ ലെവലിൽ നിന്നും ഉയരാൻ അനുവദിക്കാത്ത 'ഞണ്ടോക്രസിയിൽ' എന്നപോലെ, ആ ഗ്രാമത്തിന്റെ ഗ്രോസ്‌ ഡൊമസ്റ്റിക്‌ പ്രോഡക്റ്റ്‌സിന്റെ ആകെമൊത്തം മൂല്യമായ 'ഗ്രോസ്‌ നാഷണൽ ഇൻകം' സംതുലിതമായി വിതരണം ചെയ്യപ്പെട്ടുകൊണ്ടിരുന്നതിനാൽ, ആർക്കും ധനികരാവാൻ കഴിയുമായിരുന്നില്ല. അതുകൊണ്ടു് എല്ലാവരും ദരിദ്രരും സംതൃപ്തരുമായി ജീവിച്ചു് മരിച്ചുകൊണ്ടിരുന്നു.

വർഷത്തിലൊരിക്കൽ മാവേലി ആ വഴിയേ വന്നു് വാത്സല്യപൂർവ്വം സ്വന്തം മീശപിരിച്ചുകൊണ്ടു് "കൊള്ളാം" എന്നു് പറഞ്ഞു് പോയിരുന്നു എന്നതൊഴിച്ചാൽ മറ്റേതെങ്കിലുമൊരു മഹാമഹമോ പൊടിപൂരമോ അവർക്കു് അജ്ഞാതമായിരുന്നതിനാൽ, അവരുടെ സ്വൈര്യജീവിതം, തുലാവർഷത്തിൽ മാത്രം മെത്തിയൊഴുകുന്ന അവരുടെ പുഴപോലെതന്നെ, തടസ്സമേതുമില്ലാതെ സ്വച്ഛന്ദമായി ഒഴുകിക്കൊണ്ടിരുന്നു. വേണമെന്നുണ്ടെങ്കിൽ, കോഴി കൂവുന്നതിനേക്കാൾ ഉയർന്നതായ ഒരു ശബ്ദം എന്നു് ആകെ പറയാമായിരുന്നതു്, ആ നാട്ടിൽ അനേക ദശാബ്ദങ്ങളുടെ മൃഗീയമായ ഏകതാനതയ്ക്കുശേഷം സംഭവിച്ച ഒരേയൊരു പരിഷ്കാരം എന്നു് വിളിക്കാവുന്ന ഒരു ഓലമേഞ്ഞ ചാപ്പലിൽ വർഷത്തിലൊരിക്കൽ ഉയിർപ്പുരാത്രിയുടെ അന്ത്യയാമത്തോടടുപ്പിച്ചു് ത്രിത്വത്തിന്റെ അടയാളമെന്നോണം അവിടത്തെ തൂപ്പുകാരനായിരുന്ന അബ്രാഹാം പൊട്ടിച്ചിരുന്ന മൂന്നു് കതിനവെടികളായിരുന്നു. പിൽക്കാലത്തു് ആ ഗ്രാമത്തിലെ ഏതാനും ക്രിസ്ത്യാനിപ്പെൺകുട്ടികളെ ആതുരസേവനത്തിനായി യൂറോപ്പിലേക്കും അമേരിക്കയിലേക്കുമൊക്കെ അയക്കുക എന്ന സാഹസം ചെയ്യാൻ അവിടത്തെ ചില നസ്രാണികൾ മുന്നോട്ടുവന്നതിന്റെ അംഗീകാരമെന്നോണം യഹോവ, സ്വാഭാവികമായും യേശുവിന്റെ ശുപാര്‍ശപ്രകാരം, ഈജിപ്റ്റിൽ നിന്നുള്ള ഇസ്രായേലിന്റെ പുറപ്പാടു് കാലത്തു് മരുഭൂമിയിൽ വച്ചെന്നപോലെ, മന്നയുടെയും കാടപ്പക്ഷികളുടെയും കൂടെ ഏതാനും ഡോളർ നോട്ടുകളും കൂടി അവിടത്തെ ക്രിസ്തീയ മേൽക്കൂരകളിലേക്കു് വർഷിപ്പിച്ചുകൊടുത്തു. അതിനുശേഷം, ദൈവകൃപയാൽ ത്രിത്വം ത്രിത്വമായിത്തന്നെ ഇന്നും അവിടെ നിലകൊള്ളുന്നുണ്ടെങ്കിലും, ഡോളറിന്റെ എക്സ്ചേഞ്ച്‌ നിരക്കു് വർദ്ധിച്ചതിനു് ഡയറക്റ്റ്‌ലി പ്രൊപ്പോർഷണലായി കതിനവെടികളുടെ എണ്ണത്തിലും ഫ്രീക്വൻസിയിലും അത്ഭുതാവഹമായ വർദ്ധനവുണ്ടാവുകയുണ്ടായി. (ദയവുചെയ്തു് വർദ്ധനവുണ്ടാവുകയുണ്ടായി എന്നതു് വർദ്ധന ഉണ്ടയാവുകയുണ്ടായി എന്നു് വായിക്കരുതു്. രണ്ടാമത്തെ പ്രയോഗം വസ്തുനിഷ്ഠമല്ല. എങ്കിലും, വ്യാഖ്യാനം വഴി അതിനെ വസ്തുനിഷ്ഠമാക്കാം എന്ന സാദ്ധ്യത ഞാൻ തള്ളിക്കളയുന്നുമില്ല.)

ഈ കതിനവെടികൾ നിർബന്ധമായും കോഴി കൂവുന്നതിനു് മുൻപായിരിക്കുമെന്നതിനാലും, അതു് കേട്ടാൽ ഝടുതിയിൽ ഉറക്കമെണീറ്റു് ചാപ്പലിലെത്താൻ മരണാനന്തരജീവിതത്തിനു് അൽപമെങ്കിലും വിലകൽപിക്കുന്ന ഏതൊരു നസ്രാണിയും കടപ്പെട്ടിരിക്കുന്നുവെന്നതിനാലും ഉയിർപ്പുപെരുന്നാളിനു് ശേഷം മിനിമം ഒരാഴ്ചത്തേക്കു് ആ ഗ്രാമത്തിലെ നസ്രാണികളുടേയും, വെടികേട്ടു് അബദ്ധത്തിൽ ഉറക്കമുണർന്നു് 'പറമ്പിലേക്കു്' പോയിപ്പോയ അന്യജാതിക്കാരുടേയും മലമൂത്രവിസർജ്ജനാദികർമ്മങ്ങൾ പാളംതെറ്റി ഓടേണ്ടി വരാറുണ്ടെന്നകാര്യം ആനുഷംഗികമായി (ഉഗ്രൻ സവർണ്ണവാക്കു്!) ഇവിടെ സൂചിപ്പിക്കുന്നു. ബയോറിഥം എന്നതു് നിസ്സാരമായി തള്ളിക്കളയാവുന്ന ഒരു കാര്യമല്ലതന്നെ.

ക്രിസ്മസ്‌ കരോൾ എന്നപേരിൽ തമ്പേറും കൊട്ടി ഡിസംബർ മാസത്തിലെ തണുത്ത രാത്രികളിൽ മഞ്ഞുകൊണ്ടു് പള്ളിപ്പിരിവു് നടത്താൻ വിധിക്കപ്പെട്ട വിശ്വാസിക്കുഞ്ഞുങ്ങളിലെ ചില തലതെറിച്ച സന്തതികൾ അർദ്ധരാത്രിയിൽ നിന്റെ കുടിലിനു് സമീപമെത്തി "അബ്രാഹമേ, അബ്രാഹാമേ" എന്നു് വിളിക്കുമ്പോൾ ഉറക്കച്ചടവോടെ "അടിയനിതാ പിതാവേ, നിന്റെ ഇഷ്ടം പോലെ എനിക്കു് ഭവിക്കട്ടെ" എന്ന ബൈബിൾ വചനം നീ കോപ്പി-പേയ്സ്റ്റ്‌ ചെയ്യുകയും, അപ്പോൾ, "ഇതാ, നീയും നിന്റെ കുടുംബവും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു" എന്ന ദൈവവചനം നീ നേരിട്ടു് ശ്രവിക്കുകയും ചെയ്യുമെന്നു് ലോകാരംഭം മുതലുള്ള സകല പ്രവചകന്മാരാലും സാക്ഷ്യപ്പെടുത്തപ്പെട്ടിരിക്കുന്നവനും, കുർബ്ബാനസമയത്തു് ഗോതമ്പപ്പവും വീഞ്ഞും യേശുവിന്റെ മാംസവും രക്തവുമായി മാറുന്ന transubstantiation നേരിൽ കണ്ടു് ബോദ്ധ്യപ്പെടുകയും, ബ്ലഡ്‌ ഗ്രൂപ്പ്‌ പരിശോധിച്ചു് ഉറപ്പുവരുത്തുകയും ചെയ്തശേഷം, പുലയമഹാസഭയിൽ നിന്നും മാനസാന്തരപ്പെട്ടു് മാമോദീസാ മുങ്ങി ഇടവകവികാരിയിൽ നിന്നും മന്നയും കാടപ്പക്ഷിയും ഏറ്റുവാങ്ങി പുതുക്രിസ്ത്യാനി ആയിത്തീർന്നവനും, ആരംഭത്തിൽ ഓലപ്പുരയായിരുന്ന വിശുദ്ധമന്ദിരത്തിന്റെ തൂപ്പുകാരനും വിശ്വാസികൾക്കു് കതിനവെടിയുമായ അബ്രാഹാം എന്ന (വി)ശുദ്ധൻ ഇവൻ തന്നെയല്ലോ.

വേനൽക്കാലത്തു് ഉഴവുകാളകളേയും പോത്തുകളേയും കുളിപ്പിക്കാനായി ചെറുപ്പക്കാരായ പുരുഷന്മാരും, അലക്കാനും കുളിക്കാനുമായി ചെറുപ്പക്കാരികളും വൃദ്ധകളുമായ സ്ത്രീകളും ഉപയോഗിച്ചിരുന്നതു് ഗ്രാമത്തിന്റെ വടക്കുഭാഗത്തെ വനത്തിലൂടെ ഒഴുകിയിരുന്ന ഒരു പുഴയായിരുന്നു. സാമൂഹികമായ ഈ രണ്ടു് ചടങ്ങുകളും എന്തുകൊണ്ടാണു് ഒരേസമയം നടന്നിരുന്നതു് എന്നതു് വിശദമായ അപഗ്രഥനം ആവശ്യപ്പെടുന്ന, മനുഷ്യജീവിതവുമായി ഇഴപിരിക്കാനാവാത്തവിധം കെട്ടുപിണഞ്ഞുകിടക്കുന്ന അതീവ സങ്കീർണ്ണമായ ഒരു വിഷയമാണു്. ഏഴെട്ടു് വയസ്സിൽ കൂടുതൽ പ്രായമില്ലാത്ത ആൺകുട്ടികൾക്കേ സാധാരണഗതിയിൽ രണ്ടാമത്തെ ഗ്രൂപ്പിൽ അംഗത്വം ലഭിക്കുകയുള്ളു. ഒന്നാമത്തെ ഗ്രൂപ്പിൽ പെൺകുട്ടികൾക്കു് പൊതുവേ പ്രവേശനം ലഭിക്കാറില്ലെങ്കിലും, അതിനും കൂടി ആൺകുട്ടികൾക്കു് അംഗത്വത്തിനു് പ്രായപരിധിയില്ല. അറിഞ്ഞോ അറിയാതെയോ ഈ പ്രായപരിധിയെ മുതലെടുത്തു് രണ്ടു് ഗ്രൂപ്പുകളുടെയും ചർച്ചകൾ ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടുള്ള ആൺകുട്ടികൾക്കു്, അവർ ഒരിക്കൽ കേട്ട കാര്യങ്ങൾ വർഷങ്ങൾക്കുശേഷവും മറക്കാതിരിക്കാൻ മാത്രമുള്ള ഓർമ്മശക്തിയുള്ളവരാണെങ്കിൽ, പിൽക്കാലത്തു്, സ്വന്തം വീക്ഷണങ്ങളിലും ആ പ്രായക്കാരുടേതായിരുന്ന വൈകാരികതകൾ കടന്നുവരാൻ തുടങ്ങുമ്പോൾ, അത്തരം സംഭാഷണങ്ങളുടെ ഉള്ളുകള്ളികൾ വിവേചിച്ചറിയാനും, ചക്കയെ മാങ്ങയെന്നു് തെറ്റിദ്ധരിക്കാതിരിക്കാനും സാധിക്കുമെന്നതിനാലാണു് ഇവിടെ അത്ര പ്രസക്തമല്ലാതിരുന്നിട്ടും ഇതു് വെറുതെ സൂചിപ്പിച്ചതു്.