(തുടക്കം അറിയാതെ ഒടുക്കം അറിയണ്ട എന്നുള്ളവര്‍ ആദ്യം ഈ വളവ് തിരിയുക)

നിങ്ങൾ കേട്ടില്ലേ? യുക്തിഭദ്രമായി ചിന്തിക്കാൻ കഴിയുന്നവരും അതുകൊണ്ടുതന്നെ വിശ്വാസി-സ്റ്റാറ്റിസ്റ്റിക്സ്‌ പ്രകാരം മന്ദബുദ്ധികളായിരിക്കേണ്ടവരുമായ ഏതോ കുറേ ശാസ്ത്രജ്ഞർ മനുഷ്യനിർമ്മിതമായ DNA ഉപയോഗിച്ചു് ഒരു ജീവിക്കുന്ന സെൽ സൃഷ്ടിച്ചത്രെ! ഇതുകേട്ടാൽ ഒരു പക്കാ വിശ്വാസി എന്തുപറയുമെന്നുകരുതി? "ഹാ ഹാ ഹാ! ഇതാണോ ഇത്ര വലിയ ഒരു കാര്യം? പറ്റുമെങ്കിൽ ഒരു ഞാഞ്ഞൂലിനെ സൃഷ്ടിച്ചു് കാണിക്കൂ!" അതേസമയം, ദൈവത്തെ പ്രപഞ്ചസൃഷ്ടിയുടെ ഹോൾസെയിൽ വ്യാപാരി ആയി വാഴിച്ചു് ആ ദൈവത്തിന്റെ റീട്ടെയിൽ വ്യാപാരികളായി വിശ്വാസികളുടെ മുതുകത്തു് കയറിയിരുന്നു് വാഴുന്നവർ പണ്ടായിരുന്നെങ്കിൽ കയ്യോടെ സാമാന്യത്തിൽ ഭേദപ്പെട്ട ഒരു ചിതയൊരുക്കുവാൻ വിനീതവിധേയരായ അനുയായികൾക്കു് കൽപന കൊടുത്തേനെ. ഇപ്പോൾ കാര്യങ്ങൾ അത്ര എളുപ്പമല്ലാത്തതിനാൽ അവർക്കു് ചില നീക്കുപോക്കുകളും താക്കീതുകളുമായി ഒതുങ്ങിക്കൂടേണ്ടിവരുന്നു: "ഹേ ഹേ ഹേ! കളിയൊക്കെ കൊള്ളാം പക്ഷേങ്കി കളി കാര്യമാവരുതു്. പറഞ്ഞില്ലാന്നു് വേണ്ട. ഞങ്ങടെ കഞ്ഞിയിൽ പാറ്റയെ വീഴിച്ചാലും കൃത്രിമജീവിയെ മാത്രം വീഴിക്കരുതു്".


ഏതായാലും, കത്തോലിക്കാസഭയിൽ, ചുരുങ്ങിയപക്ഷം വത്തിക്കാനിലെ ചില തലകളിലെങ്കിലും ബോധോദയത്തിന്റെ ആദ്യകിരണങ്ങൾ പതിയാൻ തുടങ്ങുന്നു എന്നതു് ആശ്വാസദായകമാണു്. ഒരു അൻപതു് കൊല്ലങ്ങൾ കഴിയുമ്പോഴേക്കും അവർ ഇന്നത്തെ മനുഷ്യരുടെ ബൗദ്ധികനിലവാരത്തിൽ എത്തിക്കൂടായ്കയില്ല. അതേസമയം, ഇന്നത്തെ ഇസ്ലാം, വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ, കത്തോലിക്കാസഭയെ അപേക്ഷിച്ചു്, ചുരുങ്ങിയതു് ഒരു ഇരുന്നൂറു് വർഷങ്ങൾക്കെങ്കിലും പുറകിലാണെന്നതിനാലും, ഇസ്ലാമിനെ അതിലും പുറകിലേക്കു് ഓടിക്കാനുള്ള ശ്രമങ്ങൾ അവരുടെ പക്ഷത്തുനിന്നുതന്നെ തകൃതിയായി നടക്കുന്നുണ്ടെന്നതിനാലും, അവിടെ ബോധവത്കരണത്തിന്റെ പ്രകാശരശ്മികൾ കാണാൻ വരാനിരിക്കുന്ന ഏറെ തലമുറകൾക്കു് ഭാഗ്യമുണ്ടാവണമെന്നില്ല. അതുകൊണ്ടു്, ഏതാനും വർഷങ്ങൾക്കോ ദശകങ്ങൾക്കോ ശേഷം ഒരു മനുഷ്യജീവിയെത്തന്നെ സൃഷ്ടിക്കുന്നതിൽ ശാസ്ത്രം വിജയിച്ചു എന്നു് കരുതൂ. അപ്പോൾ മതബ്ലോഗുകളിൽ വായിക്കാം: "പറ്റുമെങ്കിൽ ഞങ്ങടെ സർവ്വശക്തനായ ദൈവം പടച്ചതുപോലെ പശമണ്ണു് കുഴച്ചു് മനുഷ്യനെ സൃഷ്ടിച്ചുകാണിക്കൂ!" അതാണു് വിശ്വാസി! പൂച്ചയെ മുകളിലേക്കു് എറിഞ്ഞാൽ നാലുകാലിൽ കുത്തിയേ താഴെയെത്തൂ എന്നതിനാൽ എറിഞ്ഞവനെ കണ്ണിറുക്കിനോക്കി ചൂളമടിക്കാനുള്ള അർഹത പൂച്ചക്കുണ്ടു്. അതേസമയം വിശ്വാസി അവന്റെ നിലപാടുകളുമായി മുതുകുകുത്തി വീണു് നടുവൊടിഞ്ഞു് കിടന്നകിടപ്പിൽ കിടക്കുകയാണെങ്കിലും താൻ വീണതു് നാലുകാലിലായിരുന്നു എന്നാവും അവകാശപ്പെടുക. അതാണു് സാക്ഷാൽ വിശ്വാസി!

ഈ ലോകത്തിൽ കോടിക്കണക്കിനാളുകൾ പുകവലിക്കുന്നവരാണു്. പുകവലി ലംഗ്‌ ക്യാൻസർ ഉണ്ടാവാൻ കാരണമാവാമെന്നും, അതൊരു മാരകമായ രോഗമാണെന്നും പുകവലിക്കുന്നവർ അടക്കം മിക്കവാറും എല്ലാ മനുഷ്യർക്കുമറിയാം. പോരെങ്കിൽ പല രാജ്യങ്ങളിലും സിഗററ്റ്‌ പാക്കറ്റുകളിൽ പുകവലി മാരകമാണെന്നും, കുഞ്ഞുങ്ങൾ സിഗററ്റിന്റെ പുക ശ്വസിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കണമെന്നുമൊക്കെ വലിയ അക്ഷരങ്ങളിൽത്തന്നെ എഴുതി വച്ചിട്ടുമുണ്ടു്. പുകവലിക്കുന്നവർ ഓരോ സിഗററ്റ്‌ പുറത്തെടുക്കുമ്പോഴും ഈ താക്കീതുകൾ കാണുന്നുമുണ്ടു്. എങ്കിലും അവർ തുടർന്നും പുകവലിക്കുന്നു! കോടിക്കണക്കിനാളുകൾ പുകവലി നിർത്താതെ ഇപ്പോഴും തുടരുന്നു എന്നതു് പുകവലിയുടെ ന്യായീകരണമാണു് എന്നൊരുവൻ വാദിക്കുന്നതുപോലെയാണു് കോടിക്കണക്കിനു് മനുഷ്യർ ദൈവവിശ്വാസികളായിരിക്കുന്നതു് ദൈവവിശ്വാസത്തിന്റെ നീതീകരണമായും അതുവഴി ദൈവാസ്തിത്വത്തിന്റെ തെളിവായും ഒരുവൻ വാദിക്കുന്നതു്. പുകവലിയും മദ്യപാനവും ചൂതുകളികളുമെല്ലാം അഡിക്ഷനാണു്. ഒരു പരിധി ലംഘിച്ചാൽ ചികിത്സകൊണ്ടു് മാത്രം മാറ്റാൻ കഴിയുന്ന രോഗങ്ങളാണു് അവയെല്ലാം. അത്തരം ചികിത്സയുടെ വിജയസാദ്ധ്യതയിൽ ആ വ്യക്തിയുടെ ആത്മനിയന്ത്രണശേഷി നല്ലൊരു പങ്കു് വഹിക്കുന്നുമുണ്ടു്. ദൈവവിശ്വാസവും ഒരു അഡിക്ഷൻ മാത്രമല്ലാതെ മറ്റൊന്നുമല്ല. ഒരു പരിധി ലംഘിച്ചാൽ ഭ്രാന്തായി മാറുന്ന അഡിക്ഷൻ. നിരപരാധികളെയും, സ്വന്തം മക്കളേയും അടുത്ത കുടുംബാംഗങ്ങളേയും പോലും നിർദ്ദയം കൊല്ലാൻ മടിയില്ലാതാക്കുന്ന മാനസികാവസ്ഥയിലേക്കു് മനുഷ്യനെ എത്തിച്ചേക്കാവുന്ന ദൈവ/മതവിശ്വാസഭ്രാന്തു്. ക്രിമിനോളജിയിൽ അതിനുള്ള ഉദാഹരണങ്ങൾ ധാരാളം. അതുപോലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനുള്ള ദൈവകൽപന തങ്ങൾക്കു് ലഭിച്ചതു് സ്വപ്നത്തിലൂടെയോ വെളിപാടിലൂടെയോ ഒക്കെയാണെന്നാണു് ചോദ്യം ചെയ്യുമ്പോൾ അത്തരം കുറ്റവാളികളും നൽകുന്ന മറുപടി. ദൈവം മരുഭൂമികളിൽ മാത്രമല്ല വെളിപെടാറുള്ളതു് എന്നു് സാരം.

സാധാരണഗതിയിൽ സാമാന്യബുദ്ധിയുള്ള ഒരു മനുഷ്യനും വിശ്വസിക്കാനോ ചെയ്യാനോ തയ്യാറാവാത്ത ഒരു കാര്യം, അതു് ദൈവം കൽപിച്ചതാണെന്നു് വരുത്താനായാൽ, അതു് നിരുപാധികം വിശ്വസിക്കാനും അക്ഷരം പ്രതി അനുസരിക്കാനും, അതു് അഭിമാനകരമായ ഒരു കാര്യമായാലെന്നപോലെ സമൂഹമദ്ധ്യേ പ്രദര്‍ശിപ്പിക്കാനും ചിന്താശേഷിയില്ലാത്ത മനുഷ്യർ മടിക്കാറില്ല. ചേലാകർമ്മം എന്ന ദൈവകൽപന ഉദാഹരണമായി എടുക്കാം. അതൊരു ദൈവകൽപന ആണെന്നു് തലമുറകളിലൂടെ അടിച്ചേൽപിക്കപ്പെടാതിരുന്നെങ്കിലോ, അല്ലെങ്കിൽ, അതു് ഇഷ്ടമുള്ളവർക്കു്, വേണമെങ്കിൽ മാത്രം, ചെയ്യാവുന്ന ഒരു ഓപ്ഷൻ ആയിരുന്നെങ്കിലോ അതുപോലൊരു ഏർപ്പാടു് ചെയ്യാൻ തയ്യാറാവുന്നവരുടെ എണ്ണം കൽപന ലഭിച്ചു് അധികം താമസിയാതെതന്നെ പൂജ്യമായിത്തീർന്നേനെ. ലോകത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും അതുപോലൊരു കർമ്മം ആചരിക്കാത്തവരാണു് എന്നുകൂടി ഇതിനോടു് ചേർത്തു് വായിക്കുക. ദൈവനാമത്തിൽ ആചരിക്കപ്പെട്ടാൽ ഏതു് ഭ്രാന്തും നോര്‍മൽ ആയി കണക്കാക്കാൻ മനുഷ്യർക്കുള്ള മടിയില്ലായ്മക്കു് മറ്റൊരുദാഹരണം കൂടി (പണ്ടൊരിക്കൽ എവിടെയോ എഴുതിയതാണെങ്കിലും): "സഖാവേ, നീ എന്റെ സുഹൃത്താകുന്നു" എന്നൊരു നല്ല മനുഷ്യൻ നമ്മോടു് പറഞ്ഞാൽ നമ്മൾ അതിൽ സന്തോഷിക്കും. നമ്മുടെ സന്തോഷവും നന്ദിയും അവനെ അറിയിക്കുകയും ചെയ്യും. അതേസമയം, ആ മനുഷ്യൻ അതേ വാചകം ഇരുന്ന ഇരുപ്പിൽ ഇരുപത്തഞ്ചു് പ്രാവശ്യം നമ്മുടെ ചെവിയിൽ ഉരുവിടാൻ തുടങ്ങിയാൽ അയാളെ നമ്മൾ സ്നേഹപൂർവ്വം അടുത്ത മാനസികരോഗാശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കും. കാരണം, അയാളുടെ ആ പ്രവൃത്തി സ്വാഭാവികമായും നമ്മുടെ ദൃഷ്ടിയിൽ ഒരു അബ്നോര്‍മാലിറ്റിയാണു്. അതേസമയം കാണാതെ പഠിച്ച ചില പ്രാർത്ഥനാശകലങ്ങൾ കൊന്തയുടെയോ രുദ്രാക്ഷമാലയുടെയോ പിൻതുണയോടെ റെയിൽവേ സ്റ്റേഷനിലോ ബസ്‌ സ്റ്റോപ്പിലോ ഒക്കെ ഇരുന്നു് ഇടവിടാതെ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ഭക്തൻ ഒരു അസാധാരണത്വവും നമ്മിൽ ഉദിപ്പിക്കാറില്ല. പക്ഷേ, ആ ഭക്തന്റെ ഈ പ്രവൃത്തി ദൈവത്തിന്റെ ദൃഷ്ടിയിലൂടെ കാണാൻ ശ്രമിച്ചാൽ, ദൈവം ഒന്നുകിൽ ചെവിയില്ലാത്തവനോ, അല്ലെങ്കിൽ കേൾക്കുന്നതു് മനസ്സിലാക്കാൻ കഴിവില്ലാത്തവനോ ആയിരിക്കാമെന്നു് നമുക്കു് തോന്നിയാൽ അതിൽ അത്ഭുതമുണ്ടോ? സ്വന്തം പ്രവൃത്തികളെപ്പറ്റി ചിന്തിക്കാൻ കഴിയുമായിരുന്നെങ്കിൽ തന്റെ ദൈവത്തെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുവാൻ ആ മനുഷ്യൻ തയ്യാറാവുമായിരുന്നോ? പറയുന്നതു് നൂറുവട്ടം ആവർത്തിച്ചാലും മനസ്സിലാവാത്ത മനുഷ്യർ നമ്മുടെ അഭിപ്രായത്തിൽ വിഡ്ഢികളാണു്. ദിവസത്തിൽ എത്രയോവട്ടം ദൈവത്തോടു് ആവർത്തിക്കപ്പെടുന്ന പ്രാർത്ഥനാജപങ്ങൾ വഴി ഭക്തന്മാർ ചെയ്യുന്നതു് അവരുടെ ദൈവത്തെ വിഡ്ഢിയാക്കലല്ലാതെ മറ്റെന്താണു്?

വെറുമൊരു നേരിയ അംശം മാത്രം ഇതുവരെയായിട്ടും നമുക്കു് മനസ്സിലാക്കാൻ കഴിഞ്ഞ - അതും ശാസ്ത്രത്തിന്റെ സഹായം ഒന്നുകൊണ്ടുമാത്രം! - ആകമാനപ്രപഞ്ചത്തിന്റെ ആദ്യകാരണമാണു് ദൈവം എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതെങ്കിൽ, ആ ദൈവമെവിടെ, ആ ദൈവം ശിക്ഷിക്കുമെന്നും, രക്ഷിക്കുമെന്നും, ആ ദൈവത്തെ തൃപ്തിപ്പെടുത്തണമെന്നും, ആ ദൈവത്തിനു് നേർച്ചകാഴ്ചകൾ അർപ്പിക്കണമെന്നും ഒക്കെ അനുശാസിക്കുന്ന മതങ്ങളെവിടെ, ആ മതങ്ങളിലെ ദൈവമെവിടെ? ഒരു മനുഷ്യൻ എപ്പോൾ എവിടെ ആരോടു് ലൈംഗികബന്ധത്തിൽ ഏർപ്പെടണം എന്നു് അരുളിച്ചെയ്യാൻ ഭൂമിയിൽ എത്തുന്ന ആരോ ആണത്രെ സമസ്തപ്രപഞ്ചത്തിന്റെയും ആദ്യകാരണം! പ്രപഞ്ചത്തിനു് ഒരു ആദ്യകാരണം വേണമെന്നു് മനുഷ്യർക്കാണു് നിർബന്ധം. അങ്ങനെയൊരു നിർബന്ധം തനിക്കുണ്ടെന്നു് പ്രപഞ്ചം ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. ഇനി അഥവാ വേണമെങ്കിൽത്തന്നെ, അതു് കല്യാണക്കുറിയുമായി നടക്കുന്ന ഒരു പോസ്റ്റ്‌മാനോ, പശമണ്ണു് കുഴക്കുന്ന ഒരു കുശവനോ, മനുഷ്യർക്കു് തോലുകൊണ്ടു് വസ്ത്രമുണ്ടാക്കുന്ന ഒരു തയ്യൽക്കാരനോ ഒന്നും ആയിരിക്കുകയില്ല എന്നു് യാതൊരു സംശയവും ഇല്ലാതെ പറയാം. അതുപോലൊരുവനാണു് ദൈവമെങ്കിൽ, ആ ദൈവത്തെ ഈ ഭൂമിയിൽ നിന്നും ആട്ടിയോടിക്കേണ്ട സമയം അതിക്രമിച്ചു എന്നേ പറയാനുള്ളു. പ്രപഞ്ചം എന്നാൽ കോത്താഴം ആണെന്നും, അവിടത്തെ പഞ്ചായത്തു് പ്രസിഡന്റായ രാമനാണു് ദൈവമെന്നും സങ്കൽപ്പിച്ചാൽ പ്രശ്നമൊന്നുമില്ല. പ്രസിഡന്റ്‌ രാമൻ തന്റെ 'പ്രപഞ്ചത്തിലെ' ഒന്നോ രണ്ടോ കല്യാണത്തിന്റെ ദല്ലാൾ പണിയേറ്റെടുക്കുന്നതിലും, സദ്യവട്ടങ്ങളുടെ ചുക്കാൻ പിടിക്കുന്നതിലും അസാധാരണമായി ഒന്നുമില്ല. പക്ഷേ, കഷ്ടമെന്നേ പറയേണ്ടൂ, ഒരു കോത്താഴമല്ല പ്രപഞ്ചം. അതുകൊണ്ടുതന്നെ, കോത്താഴത്തെ പഞ്ചായത്തു് പ്രസിഡന്റായ രാമൻ ഒരിക്കലും പ്രപഞ്ചം എന്ന അപാരതയുടെ ആദ്യകാരണമാവുകയുമില്ല.

സാമൂഹികജീവിതത്തിലെ ധാർമ്മികതകക്കു് ഒരു ദൈവത്തിന്റെയും ആവശ്യമില്ല. മനുഷ്യർക്കു് ഒരു സമൂഹത്തിൽ സമധാനപരമായ സഹവർത്തിത്വത്തിൽ ജീവിക്കാൻ നിയമങ്ങളും നിയമപരിപാലനവുമാണു് ആവശ്യം. ദൈവം, ഏറിയാൽ, വ്യക്തിജീവിതത്തിനു് മനഃശാസ്ത്രപരമായ ഒരു അത്താണി ആയേക്കാവുന്ന, തികച്ചും സാങ്കൽപികം മാത്രമായ ഒരാശയം മാത്രം. അതു് വ്യക്തിഗതമായി തുടരുന്നിടത്തോളം സമൂഹത്തിനു് അതുവഴി ദോഷമൊന്നും സംഭവിക്കാനില്ല. വേണ്ടവൻ ചെയ്യട്ടെ. ലോട്ടറി അടിച്ചു് ലക്ഷപ്രഭു ആവണം എന്നു് ആഗ്രഹമില്ലാത്തവൻ എന്തിനു് ലോട്ടറിടിക്കറ്റെടുക്കണം? ലോട്ടറിയിൽ പങ്കെടുക്കുന്ന മറ്റു് പതിനായിരങ്ങളുടെ പണമാണു് പങ്കെടുക്കുന്ന ഓരോരുത്തനും തന്റെ പോക്കറ്റിലേക്കു് ഒഴുകണം എന്നാഗ്രഹിക്കുന്നതു്. അവരെല്ലാവരും അതുതന്നെ ആഗ്രഹിക്കുന്നവരാണെന്നതിനാൽ അതിൽ പരാതിപ്പെടേണ്ട കാര്യവുമില്ല. പക്ഷേ, ദൈവം ലോട്ടറി നടത്തുന്നവനാവുമോ? "പലതുള്ളി പെരുവെള്ളം" - അതാണു് മതങ്ങൾ വാരിക്കൂട്ടുന്ന ധനത്തിന്റെയും രഹസ്യം. വേണ്ടത്ര ശേഖരിച്ചുകഴിഞ്ഞാൽ സ്വയം പ്രവർത്തിച്ചു് പെരുകാൻ കഴിവുള്ള ഒരു പ്രതിഭാസമാണു് ധനം. ദൈവമല്ല, ദൈവത്തെ സ്വന്തം കോട്ടകൊത്തളങ്ങളിൽ ഒതുക്കാൻ ശ്രമിക്കുന്ന മതങ്ങളാണു് ഏതൊരു സമൂഹത്തിന്റെയും ശാപം. ഞങ്ങളുടേതാണു് മറ്റു് മതങ്ങളെക്കാൾ ഭേദമെന്നു് സ്ഥാപിക്കണമെങ്കിൽ ഞങ്ങളുടെ ദൈവമാണു് ഏകസത്യദൈവമെന്നു് സ്ഥാപിക്കപ്പെടണം. അതിനുവേണ്ടി ആരോ എന്നോ അക്കാലത്തെ ബുദ്ധിയുടെ അടിസ്ഥാനത്തിൽ എഴുതിയുണ്ടാക്കിയ അക്ഷരങ്ങളെ അവർ തിരിച്ചും മറിച്ചും തലകുത്തിനിന്നും വ്യാഖ്യാനിക്കുന്നു. അവർക്കു് വേണ്ടതു് കിട്ടുന്നതുവരെ ഈ അരിയ്ക്കലും പാറ്റലും കൊഴിയ്ക്കലും തുടർന്നുകൊണ്ടിരിക്കും. അവസാനം അതെഴുതിയുണ്ടാക്കിയവൻ സ്വപ്നത്തിൽ പോലും സങ്കൽപിച്ചിരിക്കാൻ സാദ്ധ്യതയില്ലാത്ത ചില മസ്തിഷ്ക്കഭൂതങ്ങൾ അതിൽനിന്നും ഉരുത്തിരിയുന്നു. ഒരു മതത്തിനു് അതിന്റെ ഘടനകൊണ്ടുതന്നെ സഹിഷ്ണുതയുള്ളതായിരിക്കാനാവില്ല. മതവും രാഷ്ട്രവും തമ്മിൽ നിർബന്ധമായും വേർപെടുത്തപ്പെടേണ്ടതിന്റെ ആവശ്യവും അതുകൊണ്ടുതന്നെ.

വ്യാഖ്യാനങ്ങൾ ജനിക്കുന്നതിന്റെ ബാലപാഠം

'മാ നിഷാദ' എന്നാൽ 'അരുതേ കാട്ടാള' എന്നു് സാമാന്യമായ അർത്ഥം. പക്ഷെ, ഉരലിൽ ഇട്ടു് അതിനെ ഒന്നു് കുത്തിപ്പൊടിച്ചാൽ 'അമ്മേ കാട്ടാള' എന്നാക്കി മാറ്റാം. പൊടിച്ചശേഷം വ്യാഖ്യാതാവു് ഇതു് പറയുമ്പോൾ സദസ്യരായ കേൾവിക്കാർക്കു് കാണാനാവുന്നവിധത്തിൽ യാതൊരു കാരണവശാലും മുഖത്തെ മാംസപേശികൾ ചലിപ്പിക്കുകയോ, മുഖത്തെ 'ഗൗരവഭാവം' കൈവെടിയുകയോ ചെയ്യരുതെന്ന ഒരു നിബന്ധനയേ ഉള്ളു. മതവിശ്വാസപരം, പ്രത്യയശാസ്ത്രപരം, ബുദ്ധിജീവിപരം, ജ്യോതിഷപരം 'മുതലായപരം' കാര്യങ്ങളിൽ തമാശ, സാറ്റയർ തുടങ്ങിയ പുള്ളകളികൾക്കു് യാതൊരു സ്ഥാനവുമില്ലെന്നറിയുക. (സറ്റീറിക്കൽ ഷോകളിലെപ്പോലെ, ചാൻസലറിനേയും മന്ത്രിമാരെയും സാംസ്കാരികനായകന്മാരേയും മാർപ്പാപ്പയേയും ദൈവത്തെയുമൊക്കെ സ്റ്റേജിൽ നൂറുകണക്കിനു് പ്രേക്ഷകരുടെ മുന്നിൽ നർമ്മരസം കലർത്തി തൊലിയുരിച്ചു് വിമര്‍ശിക്കാനും അവയുടെയൊക്കെ തത്സമയപ്രക്ഷേപണം രാജ്യം മുഴുവൻ ടെലിവിഷനിലും റേഡിയോയിലുമൊക്കെ അവതരിപ്പിക്കാനും ഇതു് പശ്ചിമയൂറോപ്പല്ല, ഭാരതമാണെന്നു് മറക്കാതിരിക്കുക. ഭാരതത്തിൽ 'ജീവിക്കുന്ന' ആത്മാരാധനാജനുസ്സുകൾക്കു് ഈശ്വരനിലും ആത്മാവിലും മോക്ഷത്തിലും രാഷ്ട്രീയത്തിലും കുറഞ്ഞ ഒരു വിഷയത്തിലും താത്പര്യമില്ല, വെളിവുമില്ല. അഹം ആണല്ലോ അനാദികാലം മുതൽ ഭാരതത്തിൽ ഭാവവും ബ്രഹ്മവും! അതിലും താഴ്‌ന്ന വിഷയങ്ങൾ അവിടെ ആർക്കും വേണ്ടാത്തതിനാൽ അവ പൊതുവേ 'ദളിതവിഷയങ്ങൾ' എന്നു് മുദ്രകുത്തപ്പെടുന്നു. ഭാരതത്തിൽ ജാതികളും മതങ്ങളുമേ ഉള്ളു, മനുഷ്യരില്ല എന്നതാണു് ഇൻഡോളജിയിൽ നമ്മൾ പഠിക്കുന്ന ആദ്യത്തെ പാഠം തന്നെ! സാറ്റയറും ഏൽക്കാതായ ഒരു സമൂഹത്തെ രക്ഷപെടുത്താനാവില്ല എന്നു് വെളിവുള്ള ആരോ പറഞ്ഞിട്ടുണ്ടു്.)

വ്യാഖ്യാനം പോലുള്ള കാര്യങ്ങൾ ബന്ധപ്പെട്ടവരിൽ നിന്നും അങ്ങേയറ്റത്തെ ബൗദ്ധികതീവ്രത ആവശ്യപ്പെടുന്ന ഇടപാടുകളാണെന്നതിനാൽ, കുഞ്ഞിന്റെ കൈ ആദ്യം പുറത്തുവന്ന ഒരു കേസിൽ പ്രസവം എടുക്കേണ്ടിവരുന്ന വയറ്റാട്ടിയുടെ മുഖത്തെന്നപോലെ പസിഫിക്‌ സമുദ്രത്തിന്റെ ആഴവും പരപ്പുമുള്ള ഗൗരവമാണു് സദസ്യർ വ്യാഖ്യാതാവിൽ നിന്നും പ്രതീക്ഷിക്കുന്നതു്. കേരളക്കരയിലെ ആപ്പീസറന്മാരെപ്പോലെ ഇത്തിരി ഗൗരവത്തിലായാൽ ഒരുമാതിരിക്കാർ ചോദ്യം ചോദിച്ചു് ശല്യം ചെയ്യാൻ ധൈര്യപ്പെടുകയില്ല എന്നൊരു ഗുണവുമുണ്ടു്. ആപ്പീസറായ നമ്മൾ വിവരത്തിൽ പണ്ടേതന്നെ ഇത്തിരി പുറകിലാണെന്നു് നാട്ടുകാരെ അറിയിക്കാതിരിക്കാനും ഈ ഗൗരവഭാവം ഒരു നല്ല സഹായമാണു്. പക്ഷേ, "നാട്ടിൽ പ്രഭുക്കളെ കണ്ടാലറിയാത്ത കാട്ടിൽ കിടക്കുന്ന ഏതെങ്കിലും മൂളിക്കുരങ്ങു്" സദസ്സിൽ കയറിപ്പറ്റിയിട്ടുണ്ടെങ്കിൽ അവൻ, "objection your honour, 'അമ്മേ കാട്ടാള' എന്നതിൽ വ്യാകരണപരമായ ലിംഗപ്പൊരുത്തമില്ലായ്മ ദാ മുഴച്ചു് നിൽക്കുന്നു" എന്നോ മറ്റോ വിളിച്ചുപറഞ്ഞുകൂടെന്നില്ല. അവിടെയാണു് വ്യാഖ്യാതാവു് ശാസ്ത്രജ്ഞാനിയായി പരിണമിക്കേണ്ടതു്. ഇത്തരം മൈനർ കേസുകൾ പരിഹരിക്കുന്നതിനാണു് "സംഭവാമി ഗുഗേൾ ഗുഗേൾ" എന്ന ആപ്തവാക്യത്തെ അന്വർത്ഥമാക്കിക്കൊണ്ടു് ഗൂഗിളിന്റെ 'Trans(il)literation' എന്ന മുട്ടക്കോസ്‌ അവതാരമെടുത്തിരിക്കുന്നതു്. അടുത്ത പ്രസന്റേഷനു് മുൻപായി ആ അവതാരത്തിൽ ജ്ഞാനിയായ 'വ്യാഖ്യാനി' തന്ത്രപൂർവ്വം ഒരു ടൈപ്പോ തിരുകുന്നു. a-യുടെ സ്ഥാനത്തു് i പ്രത്യക്ഷപ്പെടുന്നു! 'മാ നിഷാദ/അമ്മേ കാട്ടാള' എന്നതിനു് 'മാ നിഷാദി/അമ്മേ കാട്ടാളി' എന്നു് ഡാർവിനെ നാണിപ്പിച്ചുകൊണ്ടു് പരിണാമം സംഭവിക്കുന്നു. അങ്ങനെ, ആരോപിക്കപ്പെട്ട (വ്യാകരണപരമായ) ലിംഗപ്പൊരുത്തമില്ലായ്മയുടെ സ്പീഷീസിനു് വംശനാശം സംഭവിച്ചു് ലിംഗങ്ങൾ തമ്മിൽ പൊരുത്തക്കേടൊന്നുമില്ലാത്ത ഒരു പുതിയ സ്പീഷീസ്‌ ജന്മമെടുക്കുന്നു! വിശുദ്ധവചനത്തിന്റെ അച്ചട്ടായ വ്യാഖ്യാനത്തിൽ സദസ്യർ ഹാപ്പി, 'വ്യാഖ്യാനി' അതിലും കൂടുതൽ ഹാപ്പി! ആടിനെ പട്ടിയാക്കാനും ആളിനെ ചെട്ടിയാക്കാനും ഗ്രന്ഥവ്യാഖ്യാനം എന്ന ഈ ഗർഭം കലക്കിതന്നെ ഒറ്റമൂലി!