പരിപൂര്‍ണ്ണബോധ്യത്തോടെ നിരീശ്വരവാദിയായവര്‍ക്കു് ജനാധിപത്യവാദിയായിരിക്കാന്‍ കഴിയുകയില്ല. ഇനി അങ്ങനെ അല്ലെങ്കില്‍ അവര്‍ ആത്മവഞ്ചകരാണു്. കാരണം അവരുടെ മനസ്സാക്ഷിക്കും ബോധ്യത്തിനും വിരുദ്ധമായാണു് അവര്‍ പ്രവര്‍ത്തിക്കുന്നതു്. ജനങ്ങളില്‍ നിന്നു് ജനങ്ങളാല്‍ ജനങ്ങള്‍ക്കു് വേണ്ടി എന്ന തത്വത്തില്‍ അടിസ്ഥാനമായ ജനാധിപത്യം വ്യക്തികളെ അംഗീകരിക്കുന്നതിനും അവരെ ബഹുമാനിക്കുന്നതിനുമാണു് മുന്‍തൂക്കം നല്‍കുന്നതു്. ദൈവത്തില്‍ വിശ്വസിക്കാത്തവര്‍ക്കു് മറ്റുള്ളവരെ അംഗീകരിക്കാനുമാവില്ല” - ഇതു് കര്‍ദ്ദിനാള്‍ വിതയത്തില്‍ പറഞ്ഞതായി ദീപിക ഓണ്‍ലൈനില്‍ (13.03.2009) വായിച്ചതാണു്.

ഇതു് വായിക്കുമ്പോള്‍ നിങ്ങള്‍ക്കു് എന്തു് തോന്നുന്നു എന്നെനിക്കറിയില്ല. പക്ഷേ, എനിക്കു് തോന്നുന്നതു് ഇതുപോലുള്ള ബുദ്ധിമാന്മാരാണു് ദൈവത്തെ താങ്ങിനിര്‍ത്തുന്നതെങ്കില്‍ ആ ദൈവം തീര്‍ച്ചയായും സഹാനുഭൂതി അര്‍ഹിക്കുന്നുണ്ടെന്നാണു്. ഇതുപോലുള്ള ആദ്ധ്യാത്മികവായ്മൊഴികള്‍ തേന്മൊഴിയായി അനര്‍ഗ്ഗളം വിനിര്‍ഗ്ഗമിക്കുന്നതു് മുടക്കമില്ലാതെ സഹിക്കേണ്ടിവരുന്നുണ്ടെങ്കിലും മനുഷ്യനു് വേറെ ജോലിയുള്ളതിനാല്‍ എപ്പോഴും പ്രതികരിക്കുക അസാദ്ധ്യം. പക്ഷേ, ഇടക്കെങ്കിലും പ്രതികരിച്ചില്ലെങ്കില്‍ ഈ മൊഴിമുത്തുകള്‍ കേള്‍ക്കുന്ന ഈരേഴു് പതിനാലു് ലോകങ്ങളിലുമുള്ള സകലരും ഇതൊക്കെ വെള്ളം തൊടാതെ വിഴുങ്ങി ഉണക്കിയ വടുകപ്പുളിനാരങ്ങയുടെ അച്ചാറും തൊട്ടുനക്കി ആനന്ദകുഞ്ചുക്കളായി ആമോദിക്കുകയാണെന്നും, ആടുന്നതെല്ലാം ആടുകളാണെന്നുമൊക്കെ പിതാക്കന്മാര്‍ കരുതും. കാണുന്നതിനെ കാണാത്തതും, കാണാത്തതിനെ കാണുന്നതുമാണല്ലോ ആത്മീയം!

കര്‍ദ്ദിനാളന്മാരില്‍ നിന്നു് കര്‍ദ്ദിനാളന്മാരാല്‍ കര്‍ദ്ദിനാളന്മാര്‍ക്കു് വേണ്ടി എന്ന തത്വത്തില്‍ അടിസ്ഥാനമായി ആണല്ലോ “ജനാധിപത്യപരമായി” കത്തോലിക്കാസഭയില്‍ മാര്‍പ്പാപ്പമാര്‍ തെരഞ്ഞെടുക്കപ്പെടുന്നതു്!

ജനാധിപത്യം എന്താണെന്നതിനെ സംബന്ധിച്ചു് നമുക്കു് മിക്കവര്‍ക്കും ഒരു ഏകദേശധാരണയുണ്ടു്. ജനാധിപത്യത്തിന്റെ ഏറ്റവും ചുരുങ്ങിയ ഒരു നിര്‍വചനം ഒരമേരിക്കന്‍ പ്രസിഡന്റ്‌ പണ്ടു് പറഞ്ഞതു് ഇങ്ങനെയാണു്: “Democracy is a government of the people, by the people, for the people”. അതു് പറഞ്ഞതു് ദൈവമോ, ഗബ്രിയേല്‍ മാലാഖയോ, സാത്താനോ കുട്ടിത്തേമാങ്കോ ഒന്നുമല്ല, അബ്രഹാം ലിങ്കണ്‍ എന്ന ഒരു മനുഷ്യനാണു്. കുടുംബത്തിലെ സാമ്പത്തികപരാധീനതകള്‍ മൂലം അദ്ദേഹത്തിനു് പലപ്പോഴും സ്ട്രീറ്റ്‌ ലൈറ്റിന്റെ ചുവട്ടില്‍ ഇരുന്നു് പഠിക്കേണ്ടി വന്നിട്ടുണ്ടത്രെ! ഏതായാലും ആ സമയത്തു് ദൈവത്തിന്റെ കോപവും ശാപവുമേറ്റു് ഇടിവെട്ടിച്ചാവാതിരുന്നതിനാല്‍ പഠനം പൂര്‍ത്തിയാക്കാനും, പില്‍ക്കാലത്തു് അമേരിക്കയുടെ പ്രസിഡന്റ്‌ ആവാനും അദ്ദേഹത്തിനു് കഴിഞ്ഞു! അതുപോലൊരു വ്യക്തി ജനാധിപത്യത്തിനു് നല്‍കിയ ഈ നിര്‍വചനം കേരളത്തിലെ വിദ്യാഭ്യാസം കച്ചവടമാക്കിയ ആത്മീയപിതാക്കള്‍ ക്വോട്ട്‌ ചെയ്യാതിരിക്കുന്നതല്ലേ ഭംഗിയും സാമാന്യമര്യാദയും? കേള്‍ക്കുന്ന കുഞ്ഞാടുകളില്‍ അധികവും ഇതൊന്നും മനസ്സിലാക്കുന്നവരല്ലെന്നതു് ശരിതന്നെ. പക്ഷേ, അതു് കാര്യസാദ്ധ്യത്തിനായി വായില്‍ തോന്നിയതെന്തും വിളിച്ചുപറയുന്നതിനുള്ള ലൈസന്‍സ്‌ ആവണമെന്നില്ലല്ലോ. പറയുന്നതെന്തെന്നു് ബോധപൂര്‍വ്വം തരംതിരിക്കാന്‍ കഴിവില്ലാത്ത മാനസികരോഗികളാണു് ഇതൊക്കെ വിളിച്ചുപറയുന്നതെങ്കില്‍ അതു് ക്ഷമിക്കാതെയും കേട്ടില്ലെന്നു് നടിക്കാതെയും നിവൃത്തിയില്ലെന്നു് സമ്മതിക്കാമായിരുന്നു.

വിശ്വാസപരമായ നിലപാടുകളിലെ വ്യത്യസ്തത മൂലം സഹജീവികളെ ആത്മവഞ്ചകര്‍ എന്നൊക്കെ വിളിക്കാന്‍ എന്തുകൊണ്ടും യോഗ്യര്‍ ആത്മീയപിതാക്കള്‍തന്നെ! ആത്മാവിനെസംബന്ധിച്ചു് ആധികാരികമായി പറയാന്‍ ആത്മാവിന്റെ ദല്ലാളന്മാരായ അവരേക്കാള്‍ കൂടുതല്‍ അര്‍ഹത മറ്റാര്‍ക്കു്? എന്നിരുന്നാലും ഒരു ചെറിയ സംശയം: നിരീശ്വരവാദികളായിട്ടും ജനാധിപത്യവാദികളായി എന്നതിന്റെ പേരില്‍ ചുരുങ്ങിയതു് ജന്മം കൊണ്ടെങ്കിലും മനുഷ്യരായവരെ ആത്മവഞ്ചകര്‍ എന്നൊക്കെ വിളിക്കുന്നതു് തിളങ്ങുന്ന കസവുകുപ്പായമിട്ടവരും, കീറിനാറിയ തോര്‍ത്തുമുണ്ടുടത്തവരും, അരമനകളില്‍ സുഖജീവിതം നയിക്കുന്നവരും, തെരുവരികില്‍ ഭിക്ഷയെടുത്തു് ജീവിക്കുന്നവരും, ഭാഗ്യവാന്മാരും, നിര്‍ഭാഗ്യവാന്മാരും, പരിശുദ്ധന്മാരും, പാപികളുമായ എല്ലാ മനുഷ്യരെയും സൃഷ്ടിച്ചവനായ അതേ ഏകദൈവത്തെ ആത്മവഞ്ചകന്‍ എന്നു് വിളിക്കുന്നതിനു് തുല്യമല്ലേ? അതോ എനിക്കങ്ങനെ തോന്നുന്നതു് എന്റെ അജ്ഞത മൂലമാണോ ബഹുമാന്യനായ കര്‍ദ്ദിനാളേ? സര്‍വ്വവ്യാപിയായ ഒരു സര്‍വ്വശക്തന്‍ വിചാരിച്ചാല്‍ മാറ്റാന്‍ കഴിയാത്തതാണോ ഈ ഭൂമിയിലെ ഉച്ചനീചത്വങ്ങള്‍? എങ്കില്‍പ്പിന്നെ എന്തിനു് ദിവസത്തില്‍ എത്രയോവട്ടം മുകളിലേക്കു് നോക്കി നെഞ്ചത്തടിച്ചു് മനുഷ്യന്‍ അലമുറയിടണം? (സര്‍വ്വവ്യാപിയെങ്കിലും ദൈവത്തിന്റെ സ്ഥിരതാമസം മുകളില്‍ എവിടെയോ ആണു്, അതുറപ്പു്!) അത്തരം ഗോഷ്ടികള്‍ കാണുന്നവരായി പക്ഷേ ചില നാട്ടുകാരെ മാത്രമേ ഞാന്‍ കാണുന്നുള്ളു! “The show must go on!” എന്നാവുമോ സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള കല്‍പന? ഇനി, ഒരുപക്ഷേ ഇതൊക്കെ ഞാന്‍ ആത്മീയമായി വേണ്ടത്ര വളര്‍ച്ച പ്രാപിക്കാത്ത ഒരു കുട്ടി ആയതുകൊണ്ടു് തോന്നുന്നതാവുമെന്നുണ്ടോ? അങ്ങനെ ആണെങ്കില്‍ നിങ്ങളുടെയൊക്കെ കര്‍ത്താവായ യേശു പറഞ്ഞതു് ഒന്നുകൂടി കേട്ടോളൂ: “നിങ്ങള്‍ തിരിഞ്ഞു് ശിശുക്കളെപ്പോലെ ആയിവരുന്നില്ല എങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കയില്ല എന്നു് ഞാന്‍ സത്യമായിട്ടു് നിങ്ങളോടു് പറയുന്നു”.

“ഞാന്‍ സത്യമായിട്ടു്പറയുന്നു” എന്നും മറ്റും ഏകദൈവത്തിന്റെ ഏകപുത്രന്‍ പറയുന്നതു് മദ്ധ്യപൂര്‍വപ്രദേശങ്ങളിലെ ജനങ്ങളുടെ ഇടയിലെ ഒരു സാധാരണ സംസാരരീതിപോലെ വെറുതെ ഒരു ചേര്‍ച്ചയ്ക്കു് വേണ്ടി പറഞ്ഞതാണെന്നുണ്ടോ? ആത്മീയപണ്ഡിതരും ദൈവശാസ്ത്രജ്ഞരുമായവര്‍ കുട്ടികളെ അജ്ഞര്‍ എന്നു് പരിഹസിക്കണമെന്നാവുമോ അതിന്റെ കാനോനികവ്യാഖ്യാനം? നിങ്ങളെപ്പോലുള്ളവരല്ലേ അറിവില്ലാത്തവരായ പിന്നാടുകള്‍ക്കു് ദൈവവചനങ്ങള്‍ നേരാംവിധം വ്യാഖ്യാനിച്ചു് കൊടുക്കേണ്ടതു്? മനുഷ്യരെ അവരുടെ വ്യത്യസ്തനിലപാടിന്റെ മാത്രം പേരില്‍ ആത്മവഞ്ചകര്‍ എന്നൊക്കെ വിളിക്കുന്നതാണോ പിതാവേ ക്രിസ്തീയവിശ്വാസപ്രകാരം “മറ്റുള്ളവരെ അംഗീകരിക്കുന്നതിന്റെ” മാനദണ്ഡം? ഇത്തരം മനുഷ്യനിന്ദക്കു് പിന്‍വലിക്കലും മാപ്പുപറയലും ഒന്നും വേണ്ട എന്നുണ്ടോ? അതോ മനുഷ്യനിന്ദയും നിഷേധവും വിമര്‍ശനവുമൊക്കെ പിതാക്കന്മാര്‍ക്കു് മറ്റുള്ളവരുടെ നേരെ പ്രയോഗിക്കാനായി മാത്രം യഹോവ അനുവദിച്ചിട്ടുള്ള ഒരുതരം “വണ്‍വേ ട്രാഫിക്കോ”?

പരിപൂര്‍ണ്ണബോധ്യത്തോടെ നിരീശ്വരവാദിയായവര്‍ക്കു് ജനാധിപത്യവാദിയായിരിക്കാന്‍ കഴിയുകയില്ല.” -പിതാവു് ഉത്തമബോദ്ധ്യത്തോടെ പറയുന്നു. എനിക്കു് ജനാധിപത്യവാദികളായ ധാരാളം നിരീശ്വരവാദികളെ നേരിട്ടും അല്ലാതെയും അറിയാം. അവരില്‍ സാധാരണക്കാരായ സമ്മതിദായകരുണ്ടു്, ജനപ്രതിനിധികളുണ്ടു്, എന്തിനു്, ഉന്നത അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പോലുമുണ്ടു്. നിരീശ്വരവാദവും ജനാധിപത്യവും തമ്മില്‍ പുലബന്ധം പോലുമില്ല എന്നതിനു് എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ചൂണ്ടിക്കാണിക്കാന്‍ കഴിയും. നിരീശ്വരവാദിക്കു് മനസ്സാക്ഷിയില്ല എന്നു് പറയാന്‍ മനസ്സാക്ഷി ഇല്ലാത്ത ഒരുവനു് മാത്രമേ കഴിയൂ. അവനു് മനസ്സാക്ഷി എന്നാല്‍ എന്തെന്നോ, ഈശ്വരന്‍ എന്നാല്‍ എന്തെന്നു് പോലുമോ അറിയില്ല എന്നതിനു് തെളിവാണതു്. അവനെസംബന്ധിച്ചു് സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ നേടുന്നതിനുള്ള, വെള്ളംകുടിയും കോഴിവെട്ടും നേര്‍ച്ചയും കൊണ്ടു് തൃപ്തിപ്പെടുത്താന്‍ കഴിയുന്ന, അഥവാ, മൂര്‍ത്തമായ എന്തോ ഒന്നാണു് ദൈവം. മണ്ണുകുഴച്ചും വാരിയെല്ല് തല്ലിയൂരിയും മറ്റും പുരുഷനെയും സ്ത്രീയെയും സൃഷ്ടിക്കാന്‍ കൈകള്‍, സുഗന്ധധൂപങ്ങള്‍ മണക്കാന്‍ മൂക്കു്, പ്രാര്‍ത്ഥന കേള്‍ക്കാന്‍ ചെവികള്‍ ഇവയെല്ലാമുള്ള ഇമ്മിണി വല്യ, എല്ലാം തികഞ്ഞ ഒരു മനുഷ്യന്‍! ചുരുക്കത്തില്‍, സ്വര്‍ഗ്ഗീയസിംഹാസനത്തില്‍ ഇരുന്നു് വാണരുളുന്ന ഒരു രാജാധിരാജാവു്! അതുപോലൊരു ദൈവചിത്രം ഇന്നും മനസ്സില്‍ കൊണ്ടുനടക്കുന്നവര്‍ ഏറ്റവും ചുരുങ്ങിയതു് ഒരു നൂറു് വര്‍ഷമെങ്കിലും പിറകിലാണു് ജീവിക്കുന്നതു്. ഇന്നത്തെ ഏതൊരു നിരീശ്വരവാദിയും അതുപോലൊരു വിശ്വാസിയേക്കാള്‍ ബൗദ്ധികമായി എത്രയോ പുരോഗമിച്ചവനാണെന്നതില്‍ സംശയം വേണ്ട.

കര്‍ദ്ദിനാള്‍ വിതയത്തില്‍ വീണ്ടും പറയുന്നു: “ദൈവത്തില്‍ വിശ്വസിക്കാത്തവര്‍ക്കു് മറ്റുള്ളവരെ അംഗീകരിക്കാനാവില്ല”. ഇതു് ഞാന്‍ വളരെക്കാലമായി കേട്ടതില്‍ വച്ചു് ഏറ്റവും വലിയ തമാശയാണെന്നേ പറയാനുള്ളു. പക്ഷേ, കര്‍ദ്ദിനാളിനെപ്പോലെ നിലയും വിലയുമൊക്കെ ഉള്ള ഒരാള്‍ അങ്ങനെയൊക്കെ പറയുമ്പോള്‍ എങ്ങനെയാണു് ചാര്‍ലി ചാപ്ലിന്റെ സിനിമ കാണുമ്പോള്‍ എന്നപോലെ നിയന്ത്രണം വിട്ടു് ചിരിക്കുന്നതു്? ഒരു ആത്മീയപിതാവു് മനുഷ്യനെ ദയവുചെയ്തു് ഇങ്ങനെ ചിരിപ്പിക്കരുതു്. അതോ ചിരിച്ചുചിരിച്ചു് ചത്താല്‍ സൂത്രത്തില്‍ ഒരു ശവമടക്കു് ഒത്തു എന്നാണോ? മനുഷ്യന്‍ ജീവിച്ചാലും ചത്താലും നേട്ടമുണ്ടാക്കുന്ന ഒരു വിഭാഗമാണല്ലോ പൗരോഹിത്യം! വിശ്വാസി ഒരു കൊമ്പനാനയെപ്പോലെയാണു്! ജീവിച്ചിരിക്കുമ്പോള്‍ തടിപിടിപ്പിച്ചും എഴുന്നള്ളിച്ചും പണമുണ്ടാക്കാം, ചത്താല്‍ കൊമ്പു് വിറ്റു് പണമുണ്ടാക്കാം! മറ്റുള്ളവരെ അംഗീകരിക്കാന്‍ ദൈവത്തില്‍ വിശ്വസിക്കണമത്രെ! ദൈവത്തില്‍ വിശ്വസിക്കുന്നതിന്റെ മാത്രം പേരില്‍ മറ്റു് മനുഷ്യരെ ആത്മാര്‍ത്ഥമായി അംഗീകരിക്കുന്ന ആത്മീയചെക്കട്ടക്കോഴികളെ തടഞ്ഞിട്ടു് നടക്കാനാവാത്ത സ്ഥിതിയല്ലേ ഇന്നു് കേരളത്തില്‍? അതിന്റെ അലയൊലികളല്ലേ നമ്മള്‍ ഇടയലേഖനങ്ങളിലൂടെയും മറ്റും അനവരതം ശ്രവിച്ചുകൊണ്ടിരിക്കുന്നതു്? കര്‍ത്താവിന്റെ വിശുദ്ധമണവാട്ടിയാവാന്‍ ചാടിപ്പുറപ്പെട്ടു് ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെട്ട സ്വന്തം മകള്‍ എങ്ങനെ മരിച്ചു എന്നറിയാന്‍ നാടുനീളെ കരഞ്ഞുവിളിച്ചു് നടക്കുന്ന അര്‍ദ്ധപ്രാണരായ മാതാപിതാക്കളെ ദൈവത്തില്‍ വിശ്വസിക്കുന്ന അത്തരം കാര്‍ണിവല്‍ വേഷധാരികള്‍ വാരിപ്പുണര്‍ന്നു് “അംഗീകരിക്കുന്നതു്” കേരളീയര്‍ അത്ഭുതപരതന്ത്രരായി, വികാരനിര്‍ഭരരായി അനുദിനമെന്നോണം കണ്ടുകൊണ്ടിരിക്കുകയല്ലേ?

ജനാധിപത്യത്തില്‍ ഒരു ജനപ്രതിനിധിയുടെ അന്തിമമായ ഉത്തരവാദിത്വം അവന്റെ മനസ്സാക്ഷിയോടാണു്. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ ദൈവനാമത്തിലോ അല്ലെങ്കില്‍ ഏതെങ്കിലുമൊരു വേദഗ്രന്ഥത്തില്‍ കൈവച്ചോ പ്രതിജ്ഞയെടുക്കണം എന്ന നിര്‍ബന്ധം പല സമൂഹങ്ങളും ഇതിനോടകം ഒഴിവാക്കിക്കഴിഞ്ഞു. അതേസമയംതന്നെ, ഒരുവന്റെ മനസ്സാക്ഷി എന്നതു് അവന്റെ സമൂഹം, കുടുംബം, വിദ്യാഭ്യാസം, ജീവിതാനുഭവങ്ങള്‍, അങ്ങനെ എത്രയോ ഘടകങ്ങളില്‍ അധിഷ്ഠിതമായി രൂപമെടുക്കുന്ന ഒന്നാണെന്നതിനാല്‍, ഒരു പൂര്‍ണ്ണസ്വതന്ത്രമനസ്സാക്ഷിയുടെ ഉടമയാണു് താനെന്നു് അവകാശപ്പെടാന്‍ ഒരു മനുഷ്യനും ആവില്ല. അതാണു് വാസ്തവം എന്നിരിക്കെ, മറ്റേതെങ്കിലുമൊരു ശക്തിക്കോ ആശയത്തിനോ നിരുപാധികം കീഴ്പെട്ടിരുന്നുകൊണ്ടു് ജനാധിപത്യം പ്രസംഗിക്കുന്നതല്ലേ യഥാര്‍ത്ഥത്തില്‍ ആത്മവഞ്ചന? ഒരു ആത്മീയപിതാവിന്റെ അപ്രമാദിത്വത്തില്‍ നിരുപാധികം വിശ്വസിച്ചുകൊണ്ടു്, അവന്റെ കല്‍പനകള്‍ക്കു് മറുചോദ്യമില്ലാതെ കീഴ്പെട്ടുകൊണ്ടു് ഒരുവന്‍ ജനാധിപത്യം ഘോഷിച്ചാല്‍ അതാണു് എന്റെ അഭിപ്രായത്തില്‍ ആത്മവഞ്ചന. യേശു പറഞ്ഞതായി ബൈബിളില്‍ എഴുതിയിരിക്കുന്നതുപോലെ, “രണ്ടു് യജമാനന്മാരെ സേവിപ്പാന്‍ ആര്‍ക്കും കഴിയില്ല. ... ... നിങ്ങള്‍ക്കു് ദൈവത്തേയും മാമോനേയും സേവിപ്പാന്‍ കഴികയില്ല”. കത്തോലിക്കാസഭ ജനാധിപത്യം പ്രസംഗിക്കുന്നതു്, ഏറ്റവും മിതമായ ഭാഷയില്‍ പറഞ്ഞാല്‍, ചെകുത്താന്‍ വേദമോതുന്നതിനു് തുല്യമാണു്. ആരോതുന്നു, എന്തോതുന്നു എന്നതിനേക്കാള്‍ ഏതെങ്കിലും ഒരാത്മീയന്‍ എന്തെങ്കിലും ഒന്നോതുന്നതു് കേട്ടാല്‍ മതി എന്നുകരുതി ഇടിച്ചുകയറാന്‍ ആട്ടിന്‍കൂട്ടമുള്ളപ്പോള്‍ ആത്മീയപിതാക്കള്‍ പിച്ചും പേയും പറഞ്ഞാല്‍പോലും കിട്ടുന്ന വിടവുകളിലെല്ലാം ദിഗന്തം ഭേദിക്കുമാറുള്ള ആമേന്‍ വിളികള്‍ ഉറപ്പു്! ഭാരതത്തിന്റെ ദേശീയപതാകയുടെ വര്‍ണ്ണങ്ങള്‍ക്കു് അത്യന്താധുനികമായ പൊന്തിക്കൊസ്തു് നിര്‍വചനം നല്‍കുന്ന ജുബ്ബാധാരിയായ, തുള്ളല്‍ വിദഗ്ദ്ധനായ ഒരു ഉപദേശിയെ കാണാനും അവന്റെ ഭ്രാന്തു് കേള്‍ക്കാനും ചെന്നു് കുത്തിയിരിക്കുന്ന കുറെ വിശ്വാസികളെ (അധികപങ്കും സ്ത്രീകള്‍! അവരാണല്ലോ ദൈവത്തെ നിരുപാധികം നിലനിര്‍ത്തിക്കൊള്ളാമെന്നു് ഉപദേശികളോടു് <em>ക്വൊട്ടേഷന്‍</em> എടുത്തിരിക്കുന്നവര്‍!) ഒരു വീഡിയോയില്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവും! ഇല്ലെങ്കില്‍ ആ വീഡിയോയും, ഭക്തിഭ്രാന്തിന്റെ മറ്റു് രണ്ടു് വീഡിയോകളും അനിലിന്റെ ഈ പോസ്റ്റില്‍കാണാം.‍

ഒരു ജനതയുടെ ദൈവങ്ങള്‍, അവരുടെ വിശ്വാസങ്ങള്‍, അവരുടെ സംസ്കാരം, അവരുടെ ഭൂതകാലം, വര്‍ത്തമാനകാലം, ഭാവികാലം മുതലായവയെല്ലാം വിശപ്പും ദാഹവും പോലെ അവരുടെ ജീവിതത്തിന്റെ വേര്‍പെടുത്താനാവാത്ത ഒരു ഭാഗമാണു്. അവയുടെ പരമാധികാരികള്‍ അവര്‍ മാത്രമാണു്. അവയുടെ രൂപമെടുക്കലും, വളര്‍ച്ചയും, തുടര്‍ന്നുള്ള നിലനില്‍പും അവരുടെ സ്വന്തം നിലനില്‍പില്‍ അധിഷ്ഠിതമാണു്. ഒരു ജനാധിപത്യരാഷ്ട്രത്തില്‍ ജനങ്ങളാണു് പരമാധികാരികള്‍. രാഷ്ട്രീയനേതാക്കളും ആത്മീയപിതാക്കളും ഉദ്യോഗസ്ഥവൃന്ദവുമെല്ലാം ജനങ്ങളുടെ സേവകര്‍ മാത്രവും! ജനനന്മക്കായി പ്രവര്‍ത്തിക്കാന്‍ സമൂഹം നല്‍കിയ സ്ഥാനമാനങ്ങള്‍ ദുരുപയോഗം ചെയ്തു് സേവകരാവേണ്ടവര്‍ നാടുവാഴികളായി, അവകാശികളാവേണ്ട ജനങ്ങള്‍ ശക്തിഹീനരും ആശ്രിതരും ആലംബഹീനരുമായി മാറുന്നതോടെയാണു് ഒരു സമൂഹത്തിന്റെ ജീര്‍ണ്ണത ആരംഭിക്കുന്നതു്.

ഏതൊരു സമൂഹത്തിനും മറ്റു് ലോകസമൂഹങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയണമെങ്കില്‍ ലോകത്തിലെ നിരന്തരം വളരുന്ന അറിവുകള്‍ക്കനുസരിച്ചു്, നിലവിലിരിക്കുന്ന പൊതുധാരണകള്‍ തിരുത്തപ്പെടുന്നതിനനുസരിച്ചു്, സ്വന്തനിലപാടുകളിലും, പഴകിജീര്‍ണ്ണിച്ച വിശ്വാസപ്രമാണങ്ങളിലും കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താന്‍ ഒരു സമൂഹം തയ്യാറായിരിക്കണമെന്നു് ബോധമുള്ള ഏതു് ജനതയ്ക്കും അറിയാം. ജനങ്ങളെ മാറ്റങ്ങള്‍ക്കെതിരായി അണിനിരത്താന്‍ ശ്രമിക്കുന്നവര്‍, ലോകത്തിന്റെ വളര്‍ച്ചയുടെ ഗതിയില്‍ നിന്നും അവരെ മുഖം തിരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍, അവര്‍ ഏതു് സാമൂഹികസ്ഥാപനത്തിന്റെ നായകരായാലും, ജനദ്രോഹികളാണു്. അവര്‍ ജനങ്ങളെ വളര്‍ത്തുന്നവരല്ല, തളര്‍ത്തുന്നവരാണു്. അവരുടെ പിന്നാലെ ഓടുന്നവര്‍ അജ്ഞരാണു്, താത്കാലികനേട്ടങ്ങള്‍ മാത്രം കാണാന്‍ കഴിയുന്നവരാണു്. ആധുനിക ലോകത്തിലെ പുതിയ അവസരങ്ങള്‍ മുതലെടുക്കാന്‍, ആന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാന്‍ ജനങ്ങള്‍ക്കു് കഴിയണമെങ്കില്‍ ആ നിലയിലേക്കു് സമൂഹം വിദ്യാഭ്യാസപരമായും സാംസ്കാരികമായും വളരണം. അതിനു് തടസ്സമായി നില്‍ക്കുന്നവര്‍ പിന്‍തള്ളപ്പെടണം. ജനതയുണ്ടെങ്കിലേ അവരുടെ ദൈവമുള്ളു, മതമുള്ളു, സംസ്കാരമുള്ളു, സ്വഭാവജന്യതകള്‍ ഉള്ളു.

ചരിത്രത്തില്‍ ഇന്നോളമുള്ള മനുഷ്യരുടെ പുരോഗതിയുടെയും അധോഗതിയുടെയും കാരണഭൂതര്‍ മനുഷ്യര്‍ തന്നെയായിരുന്നു. അവനൊപ്പം വളരാന്‍ കഴിയാതിരുന്ന ദൈവങ്ങളെയും ചെകുത്താന്മാരെയും മനുഷ്യവിഗ്രഹങ്ങളെയും അവന്‍ എക്കാലവും തല്ലിത്തകര്‍ത്തിട്ടുമുണ്ടു്. ജീവിതത്തിന്റെ എല്ലാ തുറകളിലും മനുഷ്യന്‍ മാത്രമാവണം മാനദണ്ഡം. ദൈവവിശ്വാസത്തെ മനുഷ്യജീവനും മനുഷ്യജീവിതത്തിനും ഉപരിയായി പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നവര്‍ ലക്ഷ്യമാക്കുന്നതു് സാമൂഹികനന്മയല്ല, സ്വാര്‍ത്ഥതാത്പര്യങ്ങളാണു്. പ്രബുദ്ധരായ ഒരു ജനതക്കേ സമൂഹത്തിലെ കീടങ്ങളെ തിരിച്ചറിയാനുള്ള കഴിവു് ഉണ്ടായിരിക്കുകയുള്ളു. അതുകൊണ്ടുതന്നെ, ജനങ്ങള്‍ പ്രബുദ്ധരാവരുതു് എന്നതു് സമൂഹത്തെ തുരന്നു് ജീവിക്കുന്ന കീടങ്ങളുടെ ആത്യന്തികമായ ആവശ്യവും ലക്ഷ്യവുമാണു്.


പുഡിംഗ്‌: “അഭയ-ജനാധിപത്യം”

അഭയം എന്നാല്‍ എന്തെന്നു് നമുക്കെല്ലാമറിയാം. ഭയമില്ലാത്ത അവസ്ഥയാണു് അഭയം. അഭയം തേടുക എന്നാല്‍ ഒരു രക്ഷാസങ്കേതം തേടുക എന്നാണു് നമ്മള്‍ മനസ്സിലാക്കുന്നതു്. ഭയത്തില്‍ നിന്നും രക്ഷപെടാമെന്ന വിശ്വാസത്തില്‍ മനുഷ്യന്‍ എത്തിപ്പെടുന്ന സങ്കേതം ചെന്നായ്ക്കളുടെ ഗുഹയാണെങ്കിലോ? അപ്പോള്‍ അതൊരു രക്ഷാസങ്കേതം എന്നതിനുപകരം ഒരു നരകമായി മാറും - മരണശേഷമല്ലാതെ, ജീവിച്ചിരിക്കുമ്പോള്‍ തന്നെ എത്തിച്ചേരാനാവുന്ന ഭൂമിയിലെ സാക്ഷാല്‍ നരകം. അവിടെവച്ചു് സംഭവിച്ചേക്കാവുന്ന ഏതൊരു നിസാര അബദ്ധവും ആകെയുള്ളൊരു ജീവിതത്തെത്തന്നെ എന്നേക്കുമായി നശിപ്പിച്ചേക്കാം, അവസാനിപ്പിച്ചേക്കാം. ആ അര്‍ത്ഥത്തില്‍, “അഭയ-ജനാധിപത്യം” എന്നതിനെ ഭയം ആവശ്യമില്ലാത്ത അവസ്ഥ നിലനില്‍ക്കുന്ന ജനാധിപത്യം എന്നു് വിളിക്കാമെങ്കിലും, ജനാധിപത്യത്തിന്റെ ആട്ടിന്‍തോലണിഞ്ഞ സ്വേച്ഛാധിപതി-മതാധിപതിച്ചെന്നായ്ക്കള്‍ സമൂഹത്തിലെ പ്രധാനസ്ഥാനങ്ങളില്‍ പണ്ടേ നുഴഞ്ഞുകയിട്ടുണ്ടെന്നതിനാല്‍ അങ്ങേയറ്റം ശ്രദ്ധിച്ചില്ലെങ്കില്‍ സംരക്ഷിക്കപ്പെടുന്നതിനും മുന്നോട്ടു് നയിക്കപ്പെടുന്നതിനും പകരം ജനങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയും “തേനും പാലുമൊഴുകിയിരുന്ന” ജാംബവാന്റെ ചെറുപ്പകാലത്തെ അവസ്ഥകളിലേക്കു് രഥയാത്രയായി കെട്ടിയെടുക്കപ്പെടുകയും ചെയ്യും.

(മാവേലി നാടുവാണിരുന്നപ്പോള്‍ മാലോകര്‍ എല്ലാവരും ഒന്നുപോലെ കുത്തിനിന്നു് പാകം ചെയ്യാനുള്ള അരി കഴുകിയിരുന്നതു് വെള്ളത്തിലും പാലിലും ഗോമൂത്രത്തിലും മാറി മാറി ആയിരുന്നു എന്നതു് നമ്മള്‍ മറക്കണ്ട!)