ഒന്‍പതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ പതിനൊന്നാം നൂറ്റാണ്ടിന്റെ ആദ്യം വരെയുള്ള കാലഘട്ടം മാര്‍പ്പാപ്പമാരുടെ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമായിരുന്നു. റോമിലെ സെന്റ്‌ ജോണ്‍സ്‌ ലാറ്റെറന്‍ ബസിലിക്കയില്‍897 ജനുവരിയില്‍ നടത്തപ്പെട്ട 'ശവ-സുന്നഹദോസ്‌' (Cadavar Synod) ഈ കാലഘട്ടത്തില്‍ നടന്ന വൈകൃതങ്ങളുടെ മൃഗീയത എത്രമാത്രമായിരുന്നു എന്നു് എടുത്തുകാണിക്കുന്നു. ഈ സംഭവത്തിന്റെ അനുബന്ധകാലഘട്ടമായ 872 മുതല്‍ 965 വരെയുള്ള 93 വര്‍ഷങ്ങള്‍ക്കിടയില്‍ 24 മാര്‍പ്പാപ്പമാര്‍ വാഴുകയുണ്ടായി. മാര്‍പ്പാപ്പമാര്‍ നിരന്തരം വന്നുകൊണ്ടിരുന്നു, പോയിക്കൊണ്ടിരുന്നു, അഥവാ 'പോക്കിക്കൊണ്ടിരുന്നു'! കാരണം, അക്കാലത്തു് സ്വാഭാവികമരണം പ്രാപിച്ച മാര്‍പ്പാപ്പമാര്‍ വിരളമായിരുന്നു! ഈ കാലഘട്ടത്തെ വിവരിക്കുമ്പോള്‍ ചരിത്രകാരന്മാരും പുരാവൃത്തരചയിതാക്കളും അവരുടെ അറപ്പും നിന്ദയും പരസ്യമായി പ്രകടിപ്പിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

സ്റ്റീഫന്‍ ആറാമന്‍ (അന്നത്തെ പേരു് സ്റ്റീഫന്‍ ഏഴാമന്‍!) മാര്‍പ്പാപ്പ 897 ജനുവരിയില്‍ തന്റെ മുന്‍ഗാമിയായിരുന്ന മാര്‍പ്പാപ്പ ഫോര്‍മോസസിന്റെ മൃതശരീരം മാന്തിയെടുത്തു് പൂര്‍ണ്ണമായ വേഷവിധാനങ്ങളോടെയും അലങ്കാരങ്ങളോടെയും പാപ്പാസിംഹാസനത്തില്‍ ഇരുത്തി ആ ശവത്തിനെതിരെ നടത്തിയ കേസുവിസ്താരമാണു് 'ശവ-സുന്നഹദോസ്‌' എന്നറിയപ്പെടുന്നതു്. അഴുകാന്‍ തുടങ്ങിയിട്ടു് ഒന്‍പതുമാസമായിരുന്ന മൃതശരീരത്തിനെതിരെ സ്റ്റീഫന്‍ ആറാമന്‍ കേസ്‌ നടത്തിയപ്പോള്‍ 'ഫോര്‍മോസസിനോടുള്ള' ചോദ്യങ്ങള്‍ക്കു് മറുപടി പറയാന്‍ ഒരു ഡീക്കനെ ചുമതലപ്പെടുത്തിയിരുന്നു! അല്‍മായനായിരിക്കെ ബിഷപ്പിന്റെ സ്ഥാനം വഹിച്ചു, മറ്റൊരു പട്ടണത്തിലെ ബിഷപ്പായിരുന്നതിനാല്‍ അവനു് റോമില്‍ പാപ്പയാവാന്‍ അവകാശമില്ലായിരുന്നു മുതലായ കുറ്റങ്ങള്‍ കൂടാതെ അവന്റെ പേരില്‍ പ്രതിജ്ഞാഭഞ്ജനവും ആരോപിക്കപ്പെട്ടിരുന്നു. അവന്‍ കുറ്റക്കാരനാണെന്നേ 'ക്യഡാവര്‍ സിനോഡ്‌' വിധിക്കുകയുള്ളു എന്നകാര്യം ആരംഭം മുതലേ നിശ്ചിതവും വ്യക്തവുമായിരുന്നു! അങ്ങനെ കുറ്റക്കാരനായി വിധി പ്രസ്താവിച്ചതിനുശേഷം ശവത്തിന്റെ 'പ്രതിജ്ഞാവിരലുകള്‍' (പെരുവിരല്‍, ചൂണ്ടുവിരല്‍, നടുവിരല്‍) മുറിച്ചുമാറ്റി, വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി ആദ്യം വിദേശികള്‍ക്കു് വേണ്ടിയുള്ള ശ്മശാനത്തിലെ ശവക്കുഴിയിലും പിന്നീടു് അവിടെനിന്നും എടുത്തു് റ്റൈബര്‍ നദിയിലും എറിഞ്ഞു! എന്നിരുന്നാലും സ്റ്റീഫന്‍ ആറാമന്‍ മാര്‍പ്പാപ്പക്കു് തന്റെ ക്രൂരമായ ഈ വിജയം ദീര്‍ഘനാള്‍ ആസ്വദിക്കാനായില്ല. കരയിലടിഞ്ഞ ഫോര്‍മോസസിന്റെ ശവശരീരം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നും മറ്റുമുള്ള വാര്‍ത്തകള്‍ കൂടി ആയപ്പോള്‍ ജനരോഷം സ്റ്റീഫനു് എതിരായി തിരിഞ്ഞു. ആറുമാസങ്ങള്‍ക്കുശേഷം അവന്‍ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും ജയിലില്‍ അടയ്ക്കപ്പെടുകയും അവിടെവച്ചു് കഴുത്തു് ഞെരിച്ചു് കൊലചെയ്യപ്പെടുകയും ചെയ്തു.

897 നവംബറില്‍ തിയോഡോര്‍ രണ്ടാമന്‍ പാപ്പ 'ശവ-സിനോഡ്‌' അസാധുവാക്കുകയും, ഫോര്‍മോസസിനെ പുനരധിവസിപ്പിക്കുകയും, റ്റൈബര്‍ നദിയില്‍നിന്നും വീണ്ടെടുത്ത ശവശരീരം സെന്റ്‌ പീറ്റേഴ്സ്‌ ബസിലിക്കയില്‍ മാര്‍പ്പാപ്പയുടെ ഔദ്യോഗികവേഷവിധാനങ്ങള്‍ അണിയിച്ചു് സംസ്കരിക്കുകയും ചെയ്തു. കൂടാതെ, 898-ല്‍ ജോണ്‍ ഒന്‍പതാമന്‍ പാപ്പ തിയോഡോര്‍ രണ്ടാമന്റെ തീരുമാനങ്ങളെ രണ്ടു് സിനോഡുകള്‍ വഴി ശരിവയ്ക്കുകയും, 'ശവ-സിനോഡ്‌' റദ്ദുചെയ്യുകയും, അതു് സംബന്ധിച്ച രേഖകള്‍ നശിപ്പിക്കുകയും, ഭാവിയില്‍ മൃതശരീരങ്ങള്‍ക്കെതിരെ കേസ്‌ നടത്തുന്നതിനെ നിരോധിക്കുകയും ചെയ്തു. പക്ഷേ, 'ശവ-സിനോഡിലെ' ഒരു സഹജഡ്ജി ആയിരുന്ന (അന്നു് ബിഷപ്പ്‌) സെര്‍ജിയസ്‌ മൂന്നാമന്‍ മാര്‍പ്പാപ്പ (904 - 911) ആയപ്പോള്‍ തിയോഡോര്‍ രണ്ടാമന്റെയും ജോണ്‍ ഒന്‍പതാമന്റെയും തീരുമാനങ്ങള്‍ വീണ്ടും റദ്ദുചെയ്തുകൊണ്ടു് ഫോര്‍മോസസിനെതിരായ സ്റ്റീഫന്‍ ആറാമന്റെ വിധി ശരി വച്ചു! ഏതായാലും സെന്റ്‌ പീറ്റേഴ്സ്‌ ബസിലിക്കയിലെ പാപ്പമാരുടെ ലിസ്റ്റില്‍ഫോര്‍മോസസുമുണ്ടു്.

ഇറ്റലിയിലേയും പ്രത്യേകിച്ചു് റോമിലേയും പ്രഭുകുടുംബങ്ങളുടെ കൈകളിലെ കളിപ്പന്തുകളായിരുന്നു അക്കാലത്തെ മാര്‍പ്പാപ്പമാര്‍. എതിര്‍പാര്‍ട്ടികള്‍ തമ്മില്‍ ഘോരമായ പോരാട്ടമായിരുന്നു നിലനിന്നിരുന്നതു്. ഈ കാലഘട്ടത്തില്‍ ഇറ്റലിയിലും റോമിലും വാണിരുന്ന രാഷ്ട്രീയവും സാമൂഹികവുമായ അവസ്ഥയെ കര്‍ദ്ദിനാളും സഭാചരിത്രകാരനുമായിരുന്ന സീസര്‍ ബറോണിയസ്‌ വേശ്യാഭരണം (Pornocracy) എന്ന പേരുനല്‍കിയാണു് വിളിച്ചതു്! ഒരുപാടു് ദുഷ്പേരുകള്‍ക്കും സംശയാസ്പദമായ കുറ്റകൃത്യങ്ങള്‍ക്കും ഉത്തരവാദിയാക്കപ്പെടുന്ന സെര്‍ജിയസ്‌ മൂന്നാമന്‍ അധികാരം കയ്യാളുന്നതിനുവേണ്ടി തന്റെ രണ്ടു് മുന്‍ഗാമികളെയും കൊലപ്പെടുത്തി എന്നാണു് വിശ്വസിക്കപ്പെടുന്നതു്. സഭാചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ സെര്‍ജിയസ്‌ മൂന്നാമന്റെ ഭരണത്തോടെ കത്തോലിക്കാസഭയിലെ ഇരുണ്ട നൂറ്റാണ്ടു് ആരംഭിച്ചു. അതിലെ പ്രധാന കഥാപാത്രങ്ങളായിരുന്നു തിയോഡോറയും അവളുടെ 892-ല്‍ ജനിച്ച മകള്‍ മറോസിയയും. ചരിത്രകാരന്മാരെ വിശ്വസിക്കാമെങ്കില്‍, തിയോഡോറ തന്റെ മകളെ അവളുടെ പതിനാറാമത്തെ വയസ്സില്‍ തന്നെ സെര്‍ജിയസ്‌ മൂന്നാമനു് 'കളിത്തോഴി' ആയി ഏല്‍പിച്ചുകൊടുക്കുകയായിരുന്നു. 911 ഏപ്രിലില്‍ സെര്‍ജിയസ്‌ മരിച്ചപ്പോള്‍ പാപ്പയായി വാഴിക്കപ്പെട്ട ജോണ്‍ പത്താമന്‍ തിയോഡോറയുടെ പഴയ കാമുകരില്‍ ഒരാളായിരുന്നു. കഴിവുള്ളവനായിരുന്നെങ്കിലും അവനെ മാര്‍പ്പാപ്പയാക്കാന്‍ വേണ്ട ചരടുവലികള്‍ നടത്തിയതു് തിയോഡോറയായിരുന്നു. 917-നും 921-നും ഇടയില്‍ തിയോഡോറയും ഭര്‍ത്താവും മരിച്ചപ്പോള്‍ ജോണ്‍ പത്താമന്‍ സഹോദരനായ പീറ്ററിന്റെ സഹായത്തോടെ അവരുടെ കുടുംബത്തിന്റെ സ്വാധീനം നശിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും അതില്‍ വിജയിച്ചില്ല. മുപ്പതാമത്തെ വയസ്സില്‍ മറോസിയതന്റെ പിതാവിന്റെ ടസ്ക്കന്‍ മെര്‍സെനറിയുടെ കമാന്‍ഡര്‍ പദവി ഏറ്റെടുക്കുകയും സ്വയം സെനറ്ററായി പ്രഖ്യാപിക്കുകയും ചെയ്തു. വത്തിക്കാന്റെ മുഴുവന്‍ സാമ്പത്തികത്തിന്റെയും ചുമതലക്കാരിയായിരുന്ന അവള്‍ 927 അവസാനം സംഘടിപ്പിച്ച ഒരു ലഹളയില്‍ ടസ്ക്കന്‍ കൊലയാളികള്‍ ജോണ്‍ പത്താമന്റെ മുന്‍പില്‍ വച്ചു് അവന്റെ സഹോദരനായ പീറ്ററെ തല്ലിക്കൊന്നു. 928-ല്‍ ജോണ്‍ പത്താമന്‍ മാര്‍പ്പാപ്പ സ്ഥനഭ്രഷ്ടനാക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തു. അധികം താമസിയാതെ അവന്‍ തലയിണകൊണ്ടു് ശ്വാസം മുട്ടിച്ചു് കൊലചെയ്യപ്പെട്ടു.

പിന്നീടു്, സെര്‍ജിയസിന്റെ വെപ്പാട്ടി ആയിരുന്ന കാലത്തു് പ്രസവിച്ച മകനായ അലക്സാണ്ടറെ മാര്‍പ്പാപ്പയാക്കാന്‍ ആയിരുന്നു മറോസിയയുടെ ശ്രമം. പക്ഷേ, അലക്സാണ്ടര്‍ അപ്പോള്‍ പതിനാറുവയസ്സു് മാത്രം പ്രായമുള്ള ഒരു ബാലനായിരുന്നു എന്നതിനാല്‍ അത്തരമൊരു നടപടി വഴി പത്രോസിന്റെ സിഹാസനത്തില്‍ ജനങ്ങള്‍ക്കുള്ള അവസാനത്തെ വിശ്വാസവും നഷ്ടപ്പെടാതിരിക്കാന്‍ തന്റെ താളത്തിനു് തുള്ളുന്ന സ്റ്റീഫന്‍ ഏഴാമനെ അവള്‍ തല്‍കാലത്തേക്കു് മാര്‍പ്പാപ്പയാക്കാന്‍ തീരുമാനിക്കുന്നു! 931-ല്‍ മകന്‍ അലക്സാണ്ടര്‍ പ്രായപൂര്‍ത്തി എത്തിയതോടെ മറോസിയ അതുവരെ തനിക്കുവേണ്ടി 'ജോലി ചെയ്തിരുന്നവനായ' സ്റ്റീഫന്‍ ഏഴാമനെ സ്ഥാനഭ്രഷ്ടനാക്കി തടവിലടച്ചു. അവിടെ അവന്‍ ‍ ശ്വാസം മുട്ടിച്ചു് കൊലചെയ്യപ്പെട്ടു.

അങ്ങനെ 931 മാര്‍ച്ചില്‍ ജോണ്‍ പതിനൊന്നാമന്‍ എന്ന പേരില്‍ മാര്‍പ്പാപ്പയായി പത്രോസിന്റെ സിഹാസനത്തില്‍ അവരോധിതനായ അലക്സാണ്ടര്‍ പത്തൊന്‍പതാമത്തെ വയസ്സില്‍ സ്വര്‍ഗ്ഗത്തിന്റെ താക്കോലിന്റെ ചുമതലക്കാരനായി. പക്ഷേ അമ്മയുടെയും മകന്റെയും സന്തോഷം അധികനാള്‍ നീണ്ടുനിന്നില്ല. മറോസിയയുടെ രണ്ടാമത്തെ വിവാഹത്തിലെ മകനായ ആല്‍ബെറിക്കിനു് അലക്സാണ്ടറുടെ ഈ വളര്‍ച്ച അത്ര തൃപ്തികരമായിരുന്നില്ല. പോരാത്തതിനു് കാനോന്‍ പ്രകാരം അസാധുവായ മറോസിയയുടെ മൂന്നാമത്തെ വിവാഹത്തിനു് മാര്‍പ്പാപ്പ ആശീര്‍വാദം നല്‍കിയതും അവന്റെ കോപത്തിനു് കാരണമായി. 932 ഡിസംബറില്‍ സായുധസേനയുമായി ചെന്നു് അവന്‍ മാര്‍പ്പാപ്പയേയും മറോസിയയേയും തടവിലാക്കി. 935-ല്‍ ജോണ്‍ പതിനൊന്നാമന്‍ തടവില്‍ വച്ചു് കൊലചെയ്യപ്പെട്ടു. മറോസിയയും കൊല്ലപ്പെട്ടിരിക്കാം. ഏതായാലും അവളെപ്പറ്റി അതിനുശേഷം വിവരമൊന്നും ഇല്ല.

അതോടെ റോമിലെ 'പോര്‍ണോക്രസി' അവസാനിച്ചുവെങ്കിലും ഭീകരഭരണം വീണ്ടും തുടര്‍ന്നു. 936 മുതല്‍ 954 വരെയുള്ള പതിനെട്ടു് വര്‍ഷങ്ങളില്‍ ആല്‍ബെറിക്ക്‌ അഞ്ചു് വ്യത്യസ്ത പാപ്പമാരെ വാഴിക്കുകയും താഴെയിറക്കുകയും ചെയ്തു! അവസാനം 955-ല്‍ തന്റെ മകന്‍ ഒക്ടേവിയനു് പതിനെട്ടു് വയസ്സായപ്പോള്‍ അവനെ ജോണ്‍ പന്ത്രണ്ടാമന്‍ എന്നപേരില്‍ ആല്‍ബെറിക്ക്‌ മാര്‍പ്പാപ്പയാക്കി. ജോണ്‍ പന്ത്രണ്ടാമനും തന്റെ കുടുംബത്തിന്റെ മാര്‍ഗ്ഗം തന്നെ പിന്‍തുടര്‍ന്നു! 'ലാറ്റെറന്‍ പാലസില്‍' അന്തഃപുരമുണ്ടായിരുന്ന ജോണ്‍ പന്ത്രണ്ടാമന്‍ തീര്‍ത്ഥാടകരുടെ നേര്‍ച്ചപ്പണം കൊണ്ടു് ചൂതുകളിച്ചു, സഭയിലെ അധികാരസ്ഥാനങ്ങള്‍ നല്‍കാന്‍ പ്രതിഫലം വാങ്ങി. കൊലപാതകകുറ്റവും, പ്രതിജ്ഞാഭഞ്ജനവും, വ്യഭിചാരകുറ്റവും ചുമത്തപ്പെട്ട ഈ മാര്‍പ്പാപ്പ അവസാനം ജര്‍മ്മന്‍ രാജാവു് മഹാനായ ഒട്ടോ ഒന്നാമന്റെസഹായം തേടി. റോമില്‍ എത്തിയ ഒട്ടോ ഒന്നാമന്‍ തത്കാലത്തേക്കു് കാര്യങ്ങള്‍ നിയന്ത്രണാധീനമാക്കി. പ്രത്യുപകാരമായി ജോണ്‍ പന്ത്രണ്ടാമന്‍ ഒട്ടോ ഒന്നാമനെ 'കൈസര്‍' ആയി സ്ഥാനാഭിഷേകം ചെയ്തു. 964-ല്‍ ജോണ്‍ പന്ത്രണ്ടാമന്‍ മരിച്ചു. തന്റെ ഭാര്യയോടൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതു് നേരിട്ടുകണ്ട ഒരു ഭര്‍ത്താവു് ഈ മാര്‍പ്പാപ്പയെ തല്ലിക്കൊല്ലുകയായിരുന്നത്രെ! ജോണ്‍ പന്ത്രണ്ടാമന്റെ മരണത്തോടെ സാവകാശം സഭയിലെ അന്ധകാരത്തിന്റെ നൂറ്റാണ്ടു് അതിന്റെ അവസാനത്തിലേക്കു് നീങ്ങി. ആ കാലഘട്ടത്തില്‍ രൂപമെടുത്ത Cluniac Reformsകത്തോലിക്കാസഭയിലെ ജീര്‍ണ്ണതക്കെതിരായ ഒരു ധാര്‍മ്മികശക്തിയായി വളര്‍ന്നതും നവീകരണത്തെ ത്വരിതപ്പെടുത്താന്‍ സഹായകമായി.