ചിത്രകാരന്റെ'അഭയ - തിന്മയെ വേട്ടയാടുന്ന ശിക്കാരികള്‍' എന്ന പോസ്റ്റിലെ ലിങ്കുകള്‍ വഴിയാണു് ഞാന്‍ കത്തോലിക്കാസഭയുടെ 'ജാഗ്രതാ'ബ്ലോഗില്‍ എത്തിപ്പെട്ടതു്. അതുവഴി, പതിനാറു് വര്‍ഷങ്ങള്‍ക്കു് മുന്‍പു് മൃതശരീരം ദുരൂഹമായ സാഹചര്യത്തില്‍ കിണറ്റില്‍ കാണപ്പെട്ട അഭയ എന്ന 'ക്രിസ്തുവിന്റെ മണവാട്ടി'യെപ്പറ്റി കത്തോലിക്കാസഭയിലെ ആത്മീയനേതൃത്വം ഇന്നും പുലര്‍ത്തുന്ന ഔദ്യോഗിക നിലപാടു് നീതിബോധമുള്ള ആരെയും ഞെട്ടിപ്പിക്കുന്നതും, മനുഷ്യത്വമുള്ള ആരിലും അറപ്പു് ഉളവാക്കുന്നതുമാണെന്നു് മനസ്സിലാക്കേണ്ടിവന്നു. എന്നാലും, ദൈവികമായ ശക്തിയും ജ്ഞാനവും അത്ഭുതശേഷിയുമൊക്കെ ലോകത്തിനു് വെളിപ്പെടുത്തിക്കൊടുക്കാന്‍ ഗൂഗിളിന്റെ ബ്ലോഗ്‌ എന്ന 'സാത്താന്‍' മാധ്യമത്തെ ഉപയോഗപ്പെടുത്തണമെന്നു് 'കത്തോലിക്കാദൈവങ്ങള്‍ക്കു്' വെളിപാടുണ്ടായതു് നല്ലൊരു കാര്യമാണെന്നു് പറയാതെ വയ്യ. ലോകകാര്യങ്ങളില്‍ പൊതുവേയും, ആത്മീയകാര്യങ്ങളില്‍ പ്രത്യേകിച്ചും 'ആവശ്യത്തിലേറെ' വെളിവുണ്ടാവാന്‍ അനുവാദമില്ലാത്ത സാമാന്യജനങ്ങള്‍ക്കു് (സ്വന്തമായി ട്രാക്ടറും, ജെസിബിയും, കൊത്തുകോഴികളും ഒന്നുമില്ലാത്ത കിഴങ്ങന്മാരെയാണു് ഇവിടെ ഉദ്ദേശിക്കുന്നതു്!) ദൈവികവേഷം ധരിച്ച ചെകുത്താന്മാരെ തിരിച്ചറിയാന്‍ അതൊരു നല്ല മാര്‍ഗ്ഗമായി. ഇടത്തും വലത്തും പത്മാസനത്തിലും ഒരുപാടു് നീളമുള്ള ബിരുദങ്ങള്‍ ചുമന്നുകൊണ്ടു് മഠങ്ങള്‍ക്കു് ചുറ്റും കറങ്ങുന്ന, കൂടുതലും രാത്രിഞ്ചരന്മാരായ ഇത്തരം 'പിതാക്കന്മാരുടെ' ഒന്നോ രണ്ടോ 'സഭാസന്മാര്‍ഗ്ഗരേഖാപോസ്റ്റുകള്‍' വായിച്ചാല്‍ അന്തമില്ലാത്തവന്‍ പോലും എന്തെങ്കിലുമൊന്നു് 'വിടും', കുന്തമില്ലാത്തവന്‍ കടം മേടിച്ചായാലും ഒന്നു് വിഴുങ്ങും!

എന്താണു് ഇവിടെ വിഷയം? ഒരു ഭാരതീയ സ്ത്രീയുടെ ജഡം കിണറ്റില്‍ കാണപ്പെടുന്നു. അതൊരു ആത്മഹത്യയാവാം, കൊലപാതകമാവാം. ആ സ്ത്രീ ക്രിസ്ത്യാനിയാവാം, മുസ്ലീമാവാം, ഹിന്ദുവാവാം, കന്യാസ്ത്രീയോ, വൃദ്ധയോ, മറ്റാരെങ്കിലുമോ ആവാം. ഏതൊരു ആധുനികരാഷ്ട്രത്തിലും ഇതുപോലുള്ള സംഭവങ്ങള്‍ക്കു് നിയമപരമായ നടപടിക്രമങ്ങളുണ്ടു്. മരണം ദുരൂഹമാണെങ്കില്‍ അതു് അന്വേഷണവിധേയമാക്കപ്പെടണം, ആത്മഹത്യയോ കൊലപാതകമോ എന്നു് നിശ്ചയിക്കപ്പെടണം. കൊലപാതകമെങ്കില്‍ അതിനുപിന്നിലെ കുറ്റവാളികളെ കണ്ടെത്തി നിയമം അനുശാസിക്കുന്ന ശിക്ഷ അവര്‍ക്കു് നല്‍കണം. കുറ്റവാളി കൂലിപ്പണിക്കാരനോ പാത്രിയര്‍ക്കീസോ എന്നതു് ഇത്തരം നടപടിക്രമങ്ങളില്‍ യാതൊരു പരിഗണനയും അര്‍ഹിക്കുന്നില്ല. അധികാരത്തിന്റെയോ പണത്തിന്റെയോ സ്വാധീനം അന്വേഷണത്തിന്റെ ഗതിയെ തിരിച്ചുവിടാന്‍ ദുരുപയോഗം ചെയ്യുന്നവര്‍ മറ്റൊരു കുറ്റകൃത്യമാണു് ചെയ്യുന്നതു്. അഭയക്കേസിന്റെ നാള്‍വഴി പരിശോധിക്കുന്ന ആര്‍ക്കും ഈ കേസില്‍ അത്തരമൊരു ബാഹ്യസ്വാധീനം ഉണ്ടായിട്ടില്ല എന്നു് പറയാനാവില്ല. തെളിവുകളില്‍ നടത്തിയ കൃത്രിമങ്ങള്‍, തെളിവുകള്‍ നഷ്ടപ്പെടല്‍, ഇന്‍ഡ്യന്‍ പ്രസിഡന്റിന്റെ വിശിഷ്ടസേവാ പുരസ്കാരം നേടിയവനും, അഭയയുടെ മരണം കൊലപാതകമാണെന്നു് ആദ്യം പറഞ്ഞവനുമായ അന്വേഷണ ഉദ്യോഗസ്ഥന്‍ സി. ബി. ഐ. ഡെപ്യൂട്ടി സൂപ്രണ്ടു് വര്‍ഗ്ഗീസ്‌ പി. തോമസിന്റെ ഏഴുവര്‍ഷത്തെ സേവനം കൂടി ബാക്കിനില്‍ക്കുമ്പോഴുള്ള രാജി മുതലായവ എല്ലാം ഒന്നടങ്കം യാദൃച്ഛികത എന്നു് തള്ളിക്കളയാനാവുന്ന കാര്യങ്ങളല്ല. അതുപോലെതന്നെ, ഈ വിഷയത്തില്‍ ആരംഭം മുതല്‍ ഇന്നുവരെ, കഴിഞ്ഞ പതിനാറു് വര്‍ഷങ്ങളില്‍ കേരളത്തിലെ കത്തോലിക്കാസഭാനേതൃത്വം സ്വീകരിക്കുന്ന 'അമലമാലാഖ' നിലപാടില്‍ നിന്നും ഈ ബാഹ്യസ്വാധീനത്തിനു് പിന്നില്‍ മറഞ്ഞിരിക്കുന്നതു് ആരാണെന്നു് മനസ്സിലാക്കാന്‍ സാമാന്യബോധവും സാമാന്യയുക്തിയും ധാരാളം മതി.

ഇടയലേഖനത്തിലെ കേസിനെ സ്വാധീനിക്കാന്‍ സഭ ശ്രമിച്ചു എന്നതിനു് എതിരെയുള്ള ഒരു പരാമര്‍ശം: 'ഉത്തരവാദിത്വമുള്ള വ്യക്തികളില്‍ നിന്നോ സി. ബി. ഐ. യില്‍ നിന്നോ ഇത്തരത്തിലുള്ള യാതൊരു ആരോപണങ്ങളും ഉണ്ടാകാത്ത സാഹചര്യങ്ങളില്‍ അത്തരം ആരോപണങ്ങളെ അവഗണിക്കുന്നതാണു് നല്ലതെന്നായിരുന്നു നമ്മുടെ തീരുമാനം.' അദ്ധ്വാനിക്കുന്നവനും ഭാരം ചുമക്കുന്നവനും വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുമെങ്കിലും ആരോപണങ്ങളോടു് സഭ പ്രതികരിക്കണമെങ്കില്‍ അവ ഉത്തരവാദിത്വമുള്ളവര്‍ (ഇത്തിരി നിലയും വിലയും പദവിയും ധനവും ഒക്കെയുള്ളവര്‍!) ഉന്നയിച്ചവ ആയിരിക്കണം! അഭയയോ അവളുടെ മാതാപിതാക്കളോ ഒന്നും ആ വിഭാഗത്തില്‍ പെടുന്നവരല്ലായിരിക്കാം! പതിനാറു് വര്‍ഷത്തെ പ്രതികരണമില്ലായ്മയിലൂടെ അഭയയുടെ മരണത്തോടു് കാണിച്ച ക്രൂരമായ അവഗണനയും, പ്രതികള്‍ എന്നു് സംശയിച്ചു് ഇപ്പോള്‍ മൂന്നു് ആത്മീയര്‍ അറസ്റ്റു് ചെയ്യപ്പെട്ടപ്പോള്‍ കാണിക്കുന്ന, 'കരളലിയിപ്പിക്കുന്ന' പ്രാര്‍ത്ഥനകളും ഇടയലേഖനവും പോലുള്ള അതിതീവ്രമായ പ്രതികരണങ്ങളും ഒരു സമവാക്യമാണു്. അതിന്റെ രണ്ടിന്റെയും ലക്ഷ്യം ഒന്നാണു്, നിഗൂഢമാണു്. 'കേസ്‌ പൊക്കാന്‍ നോക്കി, കേസില്‍ക്കുരുങ്ങി' എന്നൊരു പഴയ പോസ്റ്റ്‌ 'ഡീക്കന്റെ' ബ്ലോഗിലുണ്ടു്. അതുകൂടി ചേര്‍ത്തു് വായിച്ചാല്‍ സഭയുടെ യഥാര്‍ത്ഥ ലക്ഷ്യം വ്യക്തമാവും. എന്താണു് ആ വാചകത്തിന്റെ അര്‍ത്ഥം? 'പൊക്കാന്‍ മാത്രം ഒന്നും ഈ കേസിലില്ല. എന്നിട്ടും ഒരുത്തന്‍ അതു് പൊക്കാന്‍ നോക്കിയിരിക്കുന്നു! കണ്ടില്ലേ അവന്‍ കുടുങ്ങിയതു്? ഈ കേസ്‌ പൊക്കാന്‍ നോക്കുന്നവനൊക്കെ ഇതുപോലെ കുടുങ്ങും! (അഥവാ, ഞങ്ങള്‍ കുടുക്കും!) അതുകൊണ്ടു് സൂക്ഷിക്കുക!' പ്രത്യക്ഷമായ പരിഹാസവും, പരോക്ഷമായ ഭീഷണിയും കൂടിച്ചേര്‍ന്ന ഈ വാചകത്തിലൂടെ വെളിപ്പെടുന്നതു് ഈ കേസ്‌ തെളിയാതെ തേഞ്ഞുമാഞ്ഞു് പോകണമെന്ന സഭയുടെ നിഗൂഢോദ്ദേശ്യമല്ലാതെ മറ്റെന്താണു്? സഭ ഇവിടെ അഭയയുടെ പക്ഷത്തോ, എതിര്‍പക്ഷത്തോ?

ഏതെങ്കിലും ഒരു മഠത്തിലെ സന്യാസിനിയുടെ (മറ്റാരുടെയുമോ) മരണം ആത്മഹത്യ ആയിരുന്നാല്‍ പോലും അതിന്റെ കാരണങ്ങള്‍ ആരായാന്‍ സമൂഹത്തിനു് ബാദ്ധ്യതയുണ്ടു്. അവള്‍ ഒരു മാനസികരോഗി ആയിരുന്നോ? എങ്കില്‍ എന്തുകൊണ്ടു് ചികിത്സയ്ക്കു് വിധേയയാക്കപ്പെട്ടില്ല? മറ്റു് മഠാംഗങ്ങളുടെ പീഡനം ഒരുപക്ഷേ ആത്മഹത്യയിലേക്കു് നയിക്കുകയായിരുന്നോ? എങ്കില്‍ അവര്‍ക്കെതിരായി എന്തു് നടപടികള്‍ സ്വീകരിച്ചു? മഠത്തിലെത്തി കന്യാസ്ത്രീക്കുപ്പായം ധരിച്ചു എന്നതിന്റെ പേരില്‍ ഒരു വ്യക്തിയുടെ പൗരാവകാശങ്ങള്‍ എന്നേക്കുമായി നഷ്ടപ്പെടുമോ? അങ്ങനെയെങ്കില്‍, ജനിപ്പിച്ചു എന്നതു് മാതാപിതാക്കള്‍ക്കു് മക്കളെ കൊല്ലുന്നതിനു് അധികാരം നല്‍കുന്നു എന്ന വാദം അതിനേക്കാള്‍ നീതീകരിക്കാവുന്നതായിരിക്കും എന്നേ പറയാനുള്ളു! ഒരു ജനാധിപത്യസമൂഹത്തില്‍ ഒരു മതത്തിനും, ഒരു മഠത്തിനും, ഒരു സഭയ്ക്കും ഭരണഘടന ജനങ്ങള്‍ക്കു് അനുവദിക്കുന്ന മൗലികമായ അവകാശങ്ങളില്‍ കൈകടത്താന്‍ അവകാശമുണ്ടായിക്കൂടാ. ജനങ്ങളുടെ മൗലികാവകാശങ്ങളില്‍ കൈകടത്താന്‍ സ്ഥാപിതതാത്പര്യങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ ആരംഭത്തിലേ തടഞ്ഞില്ലെങ്കില്‍ അതു് അനിയന്ത്രിതമായ അവസ്ഥയില്‍ എത്തിച്ചേരുമെന്നതിനു് ചരിത്രം സാക്ഷി.

ഒരു നിയമരാഷ്ട്രത്തില്‍ കുറ്റവാളി ശിക്ഷിക്കപ്പെടേണ്ടതു് തെളിവുകളുടെ അടിസ്ഥാനത്തിലാണു്. അല്ലാതെ എത്ര വിശുദ്ധ കന്യകകളോ, പരിശുദ്ധ പത്രോസുകളോ ആണു് കണ്ണില്‍ മൂത്രവുമായി കേസിനു് അനുകൂലമായോ പ്രതികൂലമായോ കരഞ്ഞുവിളിച്ചു് പ്രാര്‍ത്ഥിക്കുന്നതു് എന്നതിന്റെ അടിസ്ഥാനത്തിലല്ല. തെളിവുകളുടെ വെളിച്ചത്തില്‍ അറസ്റ്റുചെയ്യപ്പെട്ടവര്‍ നിരപരാധികളാണെന്നു് മുടങ്ങാതെ ഘോഷിക്കുന്നവര്‍ ഒന്നുകില്‍ അവരുടെ നിരപരാധിത്വം നിസ്സംശയം തെളിയിക്കണം, അല്ലെങ്കില്‍ യഥാര്‍ത്ഥ കുറ്റവാളികളെ കാണിച്ചുകൊടുക്കണം. അല്ലാത്തപക്ഷം, അതു് നിയമവ്യവസ്ഥയെ തുരങ്കം വയ്ക്കലും, കേസിനെ തങ്ങള്‍ക്കനുകൂലമായി സ്വാധീനിക്കാന്‍ ശ്രമിക്കലുമാണെന്നു് സംശയിക്കാതെ നിവൃത്തിയില്ല.

ഒരു കത്തോലിക്കാസഭാംഗമായ, കന്യാസ്ത്രീസമൂഹാംഗമായ, സഭാചട്ടങ്ങള്‍ക്കു് വിരുദ്ധമായി എന്തെങ്കിലും ചെയ്തതായി ഇതുവരെ ആരോപിക്കപ്പെട്ടിട്ടില്ലാത്ത, ഇരുപത്തൊന്നു് വയസ്സുകാരിയും, വിദ്യാര്‍ത്ഥിനിയും, സന്യാസിനിയുമായിരുന്ന ഒരു പാവം പെണ്‍കുട്ടി ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെട്ടിട്ടു് പതിനാറു് വര്‍ഷങ്ങള്‍ അര്‍ത്ഥഗര്‍ഭം എന്നു് മാത്രം വിശേഷിപ്പിക്കേണ്ട തന്മയത്വത്തോടെ പൈശാചികമായ മൗനം പാലിച്ച കേരളത്തിലെ കത്തോലിക്കാസഭാനേതൃത്വം, കുറ്റവാളികള്‍ എന്ന സംശയത്തിന്റെ പേരില്‍ രണ്ടു് പുരോഹിതരും ഒരു 'കന്യാസ്ത്രീയും' അറസ്റ്റു് ചെയ്യപ്പെട്ടപ്പോള്‍ ചെണ്ടയും തമ്പേറുമായി ഇടയലേഖനം ഇറക്കിയിരിക്കുന്നു! ആ 'ഇടയരുടെ' അറസ്റ്റില്‍ ദുരൂഹതയുണ്ടത്രെ! അഭയയുടെ മരണത്തില്‍ ഈ വിശുദ്ധപിതാക്കള്‍ക്കു് കഴിഞ്ഞ പതിനാറു് വര്‍ഷങ്ങളിലും കാണാന്‍ കഴിയാതിരുന്ന 'ദുരൂഹത' പെട്ടെന്നു്പ്രത്യക്ഷപ്പെട്ടിരിക്കുന്നു, ഒരു അത്ഭുതഗര്‍ഭം പോലെ! ഇവിടെ കുരുമുളകില്‍ ഒളിച്ചിരിക്കുന്ന കള്ളമുയലുകളെ കാണാതിരിക്കണമെങ്കില്‍ ഒരുവന്‍ എത്രമാത്രം അന്ധനായിരിക്കണം? ഈ കള്ളനാണയങ്ങളെ തലയില്‍ ചുമക്കുന്നവരെയോര്‍ത്തു് ലജ്ജിക്കുകയാണു് വേണ്ടതു്! കുറ്റവാളികളെ കുറ്റവാളികള്‍ എന്നു് വിളിക്കാനുള്ള ധൈര്യം എന്നാണു് സഭാവിശ്വാസികള്‍ക്കുണ്ടാവുക?

"സിസ്റ്റര്‍ അഭയയുടെ മരണത്തിനു് പിന്നില്‍ ആരാണെങ്കിലും അവരെ നിയമത്തിനു് മുമ്പില്‍ കൊണ്ടുവരണം എന്നതായിരുന്നു കേസിന്റെ ആരംഭം മുതല്‍ അതിരൂപതയുടെ നിലപാടു്" എന്നു് ഇടയലേഖനത്തില്‍ വിലപിക്കുകയും, അതേ ലേഖനത്തില്‍ തന്നെ "നിരപരാധികള്‍ എന്നു് നമ്മള്‍ ഇപ്പോഴും വിശ്വസിക്കുന്ന നമ്മുടെ രണ്ടു് വൈദികരെയും ഒരു സിസ്റ്ററെയും കൊലപാതകത്തില്‍ പ്രതികള്‍ എന്നാരോപിച്ചു് സി. ബി. ഐ. അറസ്റ്റു് ചെയ്ത ..." എന്നു് കൂട്ടിച്ചേര്‍ക്കുകയും ചെയ്യുമ്പോള്‍ ആദ്യവാചകത്തിന്റെ ആത്മാര്‍ത്ഥത പ്രതിക്കൂട്ടില്‍ കയറുകയാണു് ചെയ്യുന്നതു്. പ്രത്യേകിച്ചു്, ഇവിടെ കൊലചെയ്യപ്പെട്ടതു് 'നമ്മുടെ' തന്നെ ഒരു 'സിസ്റ്റര്‍' ആയിരുന്നു എന്നതും, അതു് നടന്നതു് പതിനാറു് വര്‍ഷങ്ങള്‍ക്കു് മുന്‍പായിരുന്നു എന്നതും, ഈ കാലഘട്ടത്തിലത്രയും അഭയക്കുവേണ്ടി ഒരു ഇടയലേഖനവും പുറത്തുവന്നില്ല എന്നതും ഒക്കെ കൂട്ടിച്ചേര്‍ത്തു് വായിക്കുന്നവര്‍ക്കു് മറ്റു് ചിലതാണു് മനസ്സിലാവുന്നതു്. നിരപരാധികളായ 'ആത്മീയര്‍' കൊലചെയ്യപ്പെടുന്നതിനേക്കാള്‍ അപരാധികളായാലും 'ആത്മീയര്‍' ശിക്ഷിക്കപ്പെടുന്നതിലാണു് സഭയ്ക്കു് കൂടുതല്‍ വിഷമവും നഷ്ടവും. സ്വപ്നങ്ങള്‍ വിറ്റു് ജീവിക്കുന്ന ഇടയന്മാര്‍ക്കു് സമൂഹത്തിലെ അവരുടെ ഇമേജ്‌ നഷ്ടപ്പെടുക എന്നാല്‍ അതു് പ്രഥമവും പ്രധാനവുമായി സാമ്പത്തികനഷ്ടവും, ആത്യന്തികമായി പൗരോഹിത്യവര്‍ഗ്ഗത്തിന്റെതന്നെ നിലനില്‍പിന്റെ പ്രശ്നവുമാണു്. പക്ഷേ, അതിനുവേണ്ടി ഒരു ജനാധിപത്യസമൂഹത്തില്‍ ഒരിക്കലും കളങ്കമില്ലാത്ത മനുഷ്യജീവന്‍ പന്താടപ്പെടരുതു്.

"അഭയയുടെ മരണത്തിനു് പിന്നില്‍ <strong>ഇപ്പോള്‍ അറസ്റ്റു് ചെയ്യപ്പെട്ട ആത്മീയര്‍ അടക്കമുള്ള</strong> ആരുതന്നെ ആയിരുന്നാലും അവര്‍ നിയമപരമായി ശിക്ഷിക്കപ്പെടണം. അതിനു് എല്ലാവിധ സഹായസഹകരണങ്ങളും സഭയുടെ പക്ഷത്തുനിന്നും ഉണ്ടാവും": കേരളത്തിലെ കത്തോലിക്കസഭാനേതൃത്വത്തിനു് മനുഷ്യത്വത്തിന്റെയും, നീതിബോധത്തിന്റെയും നേരിയ ഒരംശമെങ്കിലും ബാക്കിയുണ്ടെങ്കില്‍ അവര്‍ കേരളത്തിലെ ജനങ്ങളുടെ മുഖത്തുനോക്കി പറയേണ്ടതു് ഇത്ര മാത്രമാണു്. പക്ഷേ, അവരുടെ വായില്‍നിന്നും ഇതുപോലെ ചില വാക്കുകള്‍ പുറത്തുവരും എന്നു് കരുതുന്നവര്‍ കത്തോലിക്കാസഭയെപ്പറ്റി ഒന്നും മനസ്സിലാക്കിയിട്ടില്ലെന്നേ പറയാനുള്ളു! സ്വന്തനിലനില്‍പു് അപകടത്തിലാവുമെന്നു് വരുമ്പോള്‍ 'ദൈവപുത്രനെ' വരെ കുരിശില്‍ തറയ്ക്കാന്‍ മടിക്കാത്തവരുടെ രക്തമാണു് പുരോഹിതര്‍ സിരകളില്‍ വഹിക്കുന്നതു്. പൗരോഹിത്യം എന്നതു് കാപട്യത്തിന്റെ മനുഷ്യരൂപമായിരുന്നു എക്കാലവും! മറ്റൊന്നു് അവര്‍ക്കാവില്ല.

കത്തോലിക്കാബ്ലോഗ്‌പോസ്റ്റുകളിലെ കമന്റുകള്‍ കൈകാര്യം ചെയ്യുന്ന രീതിയെപ്പറ്റി ഒരു എളിയ അഭിപ്രായം:

ചിത്രകാരന്റെ മുകളില്‍ സൂചിപ്പിച്ച പോസ്റ്റില്‍ കൊടുത്ത ലിങ്കുകള്‍ വഴി എത്തിയ ചില സഭാപോസ്റ്റുകളിലെ കമന്റുകള്‍ എല്ലാം 'അഡ്മിനിസ്ട്രേറ്റര്‍' റിമൂവ്‌ ചെയ്തതായി കണ്ടു. അതും ഒരുതരം തെളിവു് നശിപ്പിക്കലാവാം. പോസ്റ്റിലെ കമന്റുകള്‍ക്കു് മറുപടി പറയാം, പറയാതിരിക്കാം, ഡിലീറ്റ്‌ ചെയ്യാം. അതെല്ലാം 'ബ്ലോഗ്‌ അഡ്മിനിസ്ട്രേറ്ററുടെ' 'പരമാധികാരം'! ഇനി, ഒരുപക്ഷേ, സര്‍വ്വജ്ഞരായ ദൈവജ്ഞര്‍ക്കു് മറുപടി ഇല്ലാത്തതുകൊണ്ടാവുമോ ഇത്തരം കമന്റുകള്‍ മായ്ക്കലും സ്ഥലംവിടലും എന്നും അറിയില്ല. പക്ഷേ, തൂറിയാല്‍ കഴുകണമെന്നതു് കേരളീയമാണു്. അതോ, "ഞങ്ങള്‍ അത്തരക്കാരല്ല" എന്നാണോ പൊതുജനം മനസ്സിലാക്കേണ്ടതു്? വിശുദ്ധസഭയെയും വിശുദ്ധപിതാക്കളെയും ഒക്കെ പരാമര്‍ശിക്കുമ്പോള്‍ തൂറുന്നപോലെ നാറുന്ന കാര്യങ്ങള്‍ പറയരുതെന്നറിയാം. പക്ഷേ, തൂറുന്നതിനേക്കാള്‍ നാറുന്ന കാര്യങ്ങള്‍ പോസ്റ്റില്‍ എഴുതിവച്ചിട്ടു് ചന്തിപോലും കഴുകാതെ സ്ഥലം വിട്ടിരിക്കുന്നതു് കണ്ടതുകൊണ്ടു് മിണ്ടാതിരിക്കാന്‍ കഴിയുന്നില്ല. ഞാന്‍ ആ വഴിയേ സാധാരണ പോകാറില്ലെങ്കിലും ആത്മീയത തേടുന്ന പലരും പതിവായി കയറിയിറങ്ങുന്ന വഴിയായതിനാല്‍ ഭാവിയിലെങ്കിലും തൂറിയാല്‍ കഴുകാന്‍ വേണ്ടി, കഴുകുമെന്ന പ്രതീക്ഷയില്‍, സൂചിപ്പിച്ചു എന്നുമാത്രം! അവിടെ കയറി ഇറങ്ങുന്നവര്‍ക്കു് അതൊരു പ്രശ്നമല്ലെങ്കില്‍ ഞാന്‍ ഒന്നും പറഞ്ഞിട്ടുമില്ല.