എല്ലാവർക്കും വേണ്ടതു് സത്യമാണു്. എല്ലാവരും തേടുന്നതും സത്യമാണു്.  ചുരുങ്ങിയപക്ഷം അങ്ങനെ അവകാശപ്പെടുന്നവരെങ്കിലുമാണു് മിക്കവാറും എല്ലാ  മനുഷ്യരും. അറിയുന്നതിനേക്കാൾ എത്രയോ കൂടുതൽ അറിയാത്ത കാര്യങ്ങളുണ്ടെന്നു്  ഇതിനോടകം മനസ്സിലാക്കാൻ കഴിഞ്ഞ നിരീശ്വരവാദിയും യുക്തിവാദിയും,  ശാസ്ത്രജ്ഞരുമൊക്കെ തുടർന്നും സത്യം തേടിക്കൊണ്ടിരിക്കുന്നതു്  മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല. അവർക്കു് കണ്ടെത്താൻ ഇനിയുമുണ്ടല്ലോ  ഏറെയേറെക്കാര്യങ്ങൾ. പക്ഷേ, ഒരു ദൈവവിശ്വാസി എന്തു് സത്യമാണു്  അന്വേഷിക്കുന്നതു്? ദൈവത്തെ കണ്ടെത്തി എന്നു് അവകാശപ്പെടുന്നവനാണല്ലോ ഒരു  ദൈവവിശ്വാസി. ആത്യന്തികമായ, പൂർണ്ണമായ ഒരു സത്യത്തെയാണു് ദൈവം എന്ന  വാക്കുകൊണ്ടു് മനുഷ്യർ വിശേഷിപ്പിക്കുന്നതെന്നാണു് ഞാൻ  മനസ്സിലാക്കിയിട്ടുള്ളതു്. ഈ ദൈവവിശേഷണത്തിൽ വെട്ടിച്ചുരുക്കലുകൾ  വരുത്തിയാൽ, അതെത്ര നേരിയതായാലും ശരി, അതുവഴി പൂർണ്ണത അപൂർണ്ണതയാവും, ദൈവം  ദൈവമല്ലാതാവും. അതുപോലെ സമ്പൂർണ്ണനായൊരു ദൈവത്തെ, അതിനപ്പുറം  മറ്റൊന്നില്ലാത്തവിധം പരമമായൊരു സത്യത്തെ കണ്ടെത്തിയ ഒരു ദൈവവിശ്വാസി  തുടർന്നും സത്യം അന്വേഷിക്കണമെങ്കിൽ അവന്റെ തലയിൽ ബാല്യം മുതലുള്ള  വേദോപദേശം വഴി പിരിയാണികൾ ഊരിപ്പോയ എത്ര തുളകൾ ഉണ്ടായിരിക്കണം?  കന്യാകുമാരിയിലേക്കു് തീർത്ഥയാത്ര പോകുന്നവർ അവിടെയെത്തിയശേഷവും  കന്യാകുമാരിയെ അന്വേഷിക്കുന്നതുപോലെയല്ലേ തന്റെ ദൈവത്തെ കണ്ടെത്തിയ  വിശ്വാസി തുടർന്നും മുടങ്ങാതെ സത്യം അന്വേഷിച്ചുകൊണ്ടിരിക്കുന്നതു്?  അർത്ഥമുണ്ടെന്നു് അറിഞ്ഞുകൊണ്ടു് വാക്കുകൾ ഉപയോഗിക്കുന്ന ആരെങ്കിലും  പറയുകയോ ചെയ്യുകയോ ചെയ്യുന്ന ഒരു കാര്യമാണോ ഇതു്? ഇനി, ഈ ദൈവം എന്ന സംഗതി  അത്ര ഉറപ്പില്ലാത്ത ഒരു കാര്യമാണെന്നു് അൽപമെങ്കിലും ഒരു ദൈവവിശ്വാസി  അംഗീകരിക്കുന്നുവെങ്കിൽ, അവൻ ഊണിലും ഉറക്കത്തിലും സ്വന്തം ദൈവത്തിന്റെ  അസ്തിത്വം സ്ഥാപിക്കാൻ വാലും തലയുമില്ലാത്ത വാദമുഖങ്ങൾ കൊണ്ടു്  ശ്രമിക്കുകയല്ല, മുകളിൽ പറഞ്ഞ വിഭാഗങ്ങളുടെ മാതൃകയിൽ സ്വതന്ത്രമായ  ദൈവാന്വേഷണം ആരംഭിക്കുകയാണു് വേണ്ടതു്. അത്തരമൊരു അനേഷണത്തിനു് മുതിരാതെ,  ഒരു അന്തിമസത്യത്തിൽ മനുഷ്യബുദ്ധിയെ തളച്ചിടാത്ത യഥാർത്ഥ അന്വേഷികളിൽ  മുൻവിധി ആരോപിക്കുന്നതു്, മലർന്നു് കിടന്നു് തുപ്പുന്നതിനു് തുല്യമല്ലേ  ആവൂ? ഒരു ദൈവം സംശയരഹിതമായി നിലനിൽക്കുന്നുണ്ടെന്നു് വിശ്വസിക്കുകയും, ആ  വിശ്വാസത്തെ സ്പര്‍ശിക്കുന്നതുപോലും മഹാ അപരാധമാണെന്നു് കരുതുകയും  ചെയ്യുന്നതിൽ കവിഞ്ഞ ഒരു മുൻവിധിയുണ്ടോ?

ഒരു ദൈവമുണ്ടെങ്കിൽ, ആ ദൈവം സകല പ്രപഞ്ചരഹസ്യങ്ങൾക്കും ആത്യന്തികമായ  മറുപടിയാവാൻ പര്യാപ്തമായ പരമമായ ഒരു സത്യമായിരിക്കണം എന്ന കാര്യത്തിൽ  ആർക്കെങ്കിലും സംശയം ഉണ്ടാവുമെന്നു് തോന്നുന്നില്ല. അതുപോലെതന്നെ  സംശയരഹിതമായ ഒരു കാര്യമാണു്, തലമുറകളിലൂടെ മനുഷ്യരുടെ അറിവുകൾ  വർദ്ധിച്ചതിനനുസരിച്ചു് ദൈവത്തിന്റെ രൂപത്തിനും ഭാവത്തിനും വ്യത്യാസം  വരുത്താൻ ദൈവവിശ്വാസികൾ നിർബന്ധിതരായിട്ടുണ്ടു് എന്നതും. ഇതിനു്  മാനവചരിത്രത്തിലെ വ്യത്യസ്ത സംസ്കാരങ്ങൾ ആവശ്യത്തിലേറെ തെളിവുകൾ  നൽകുന്നുണ്ടു്. പുത്രസമ്പത്തും, ധാന്യങ്ങൾ കൊണ്ടു് നിറഞ്ഞ പത്തായങ്ങളും,  വളർത്തുമൃഗങ്ങൾ നിറഞ്ഞ തൊഴുത്തുകളും പോലെതന്നെ, പകർച്ചവ്യാധികളും,  അത്യാഹിതങ്ങളും, പ്രകൃതിക്ഷോഭങ്ങളുമെല്ലാം മനുഷ്യരുടെ പ്രവൃത്തികളിലെ  നന്മയും തിന്മയും വിവേചിച്ചറിയാൻ കഴിഞ്ഞിരുന്ന ദൈവങ്ങളുടെ അനുകൂലമോ  പ്രതികൂലമോ ആയ പ്രതികരണങ്ങളായിട്ടായിരുന്നു പുരാതനമനുഷ്യർ  മനസ്സിലാക്കിയിരുന്നതു്. സൂര്യൻ, ചന്ദ്രൻ, ഇടി, മിന്നൽ മുതലായ  പ്രകൃതിശക്തികളും, മൃഗരൂപികളും, മൃഗ-മനുഷ്യരൂപികളും, മനുഷ്യരൂപികളും,  അരൂപിയും, സ്നേഹവും, ഊർജ്ജവും, ഏതോ ഒരു 'പ്രപഞ്ചശക്തിയും' ഒക്കെയായി  കാലാകാലങ്ങളിൽ രൂപാന്തരം സംഭവിച്ചിട്ടുള്ള ഒന്നാണു് ദൈവം എന്ന പേരിൽ  അറിയപ്പെടുന്ന പ്രഹേളിക. വാസ്തവത്തിൽ അതൊരു പ്രഹേളികയല്ല. ആർക്കും അവനവന്റെ  ഉപയോഗത്തിനനുസരിച്ചു് ചെത്തിമുറിച്ചോ വലിച്ചുനീട്ടിയോ പാകപ്പെടുത്താവുന്ന  ഒന്നാണു് ദൈവം എന്ന ആശയം. ദൈവത്തിന്റെ വിശേഷണങ്ങൾ ആവശ്യാനുസരണം  ആരാധിതവസ്തുക്കൾക്കുപോലും നൽകപ്പെടുന്നുണ്ടു് എന്നതാണു് ഈ പാകപ്പെടുത്തൽ  സാദ്ധ്യമാണെന്നതിന്റെ തെളിവു്. വ്യത്യസ്ത കാലഘട്ടങ്ങളിൽ ദൈവത്തിൽ മനുഷ്യർ  അടിച്ചേൽപിച്ച നിഷേധിക്കാനാവാത്ത എത്രയോ രൂപാന്തരീകരണങ്ങൾ മാത്രം മതി  പ്രപഞ്ചനാഥൻ എന്ന പദവി അർഹിക്കുന്ന ഒരു ദൈവത്തിന്റെ അസ്തിത്വം നിരുപാധികം  തള്ളിക്കളയാൻ. സൂര്യനും ഇടിയും മിന്നലും സ്നേഹവും ഊർജ്ജവും അരൂപിയുമൊക്കെ  ഉത്തമപുരുഷസർവ്വനാമവും ഏകവചനവും ഉപയോഗിച്ചു് സ്വയം പരിചയപ്പെടുത്തി  മനുഷ്യരോടു് സംസാരിക്കുന്നതു് ഒന്നു് സങ്കൽപിച്ചുനോക്കൂ. "ഞാൻ" നിന്റെ  ദൈവമായ കർത്താവാകുന്നു, "ഞാൻ" ഒഴികെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുതു്! ഇവ ഒരു  ദൈവത്തിന്റെ "വായിൽ നിന്നും" വരുന്ന വാക്യങ്ങളാണെങ്കിൽ, അതു് പറയുന്നതു്  ഒരു ദൈവമല്ല എന്നറിയാൻ ആ വാക്യങ്ങളിൽ കൂടിയ ഒരു തെളിവിന്റേയും ആവശ്യമില്ല.  "I am Bond, James Bond" എന്ന രീതിയിൽ ഏതെങ്കിലും ഒരു മനുഷ്യന്റെ  മുന്നിൽച്ചെന്നു് സ്വയം പരിചയപ്പെടുത്തേണ്ട ഗതികേടുള്ള ഒരു '007' അല്ല  തീർച്ചയായും ദൈവം. മോശെയുടെ വാക്കുകളിലൂടെ വെളിപ്പെടുന്ന യഹോവ ഒരു 'മോശെ'  മാത്രമാണു്. മുഹമ്മദിന്റെ വാക്കുകൾ വർണ്ണിക്കുന്ന അല്ലാഹു ഒരു 'മുഹമ്മദ്‌'  മാത്രമാണു്. ഏതു് മതത്തിന്റെ കാര്യവും ഇതുപോലെതന്നെ. മനസ്സിൽ ഉള്ളതാണു്  വാക്കുകളാവുന്നതു്. അമാനുഷികമായ മനസ്സോ വാക്കുകളോ ഇല്ല. എല്ലാ മതസ്ഥാപകരും  മനുഷ്യരായിരുന്നു. അവരുടെ ദൈവങ്ങൾ അവരുടെ സൃഷ്ടിയാണു്, അവരുടെ ഭാവനയിൽ  വിരിഞ്ഞ സാങ്കൽപികരൂപങ്ങൾ മാത്രമാണു്.

ദൈവത്തിനു് മൂർത്തവും അമൂർത്തവുമായ വ്യാഖ്യാനങ്ങൾ നൽകാം. ദൈവത്തെ  സർവ്വവ്യാപിയെന്നു് വിശേഷിപ്പിക്കാം, ഒപ്പംതന്നെ ഏതു് കുടുസ്സുമുറിയിലും  കുടിയിരുത്തുകയുമാവാം. ദൈവം സകലപ്രപഞ്ചത്തിനും അധിപനാണു്, പക്ഷേ,  അത്താഴപ്പട്ടിണിക്കാരന്റെ നയാപൈസ ആയാലും കിട്ടിയാൽ വേണ്ടെന്നു് വയ്ക്കില്ല.  ആഫ്രിക്കയിലേയും ഏഷ്യയിലേയും, ഓസ്റ്റ്രേലിയയിലേയും, ഭൂമിയിൽ  മറ്റെവിടെയൊക്കെ മരങ്ങളും അവയിൽ ഇലകളുമുണ്ടോ, അവിടെയൊക്കെയുമുള്ള ഓരോ  മരത്തിലെയും ഓരോ ഇലകൊഴിയലും എപ്പോൾ എങ്ങനെ സംഭവിക്കുന്നു എന്നെല്ലാം  ആദിയിലേ കൃത്യമായി നിശ്ചയിച്ചുറപ്പിച്ചിരിക്കുന്ന കര്‍ശനക്കാരനാണു് ദൈവം.  പക്ഷേ, അൽപസ്വൽപം കൈമടക്കോ നിസ്സാരമായ ഒരു നേർച്ചയോ നൽകിയാൽ ഇലകൊഴിയലും  മുടികൊഴിയലും സംബന്ധിച്ച അത്തരം ഉറച്ച തീരുമാനങ്ങളിൽനിന്നും അവൻ പൂർണ്ണമോ  ഭാഗികമോ ആയി പിന്മാറിക്കൂടെന്നുമില്ല. മനുഷ്യരുടെ പ്രാർത്ഥന, തീർത്ഥാടനം  മുതലായവയുടെ സൗകര്യാർത്ഥം ദൈവങ്ങൾ പൊതുവേ ഭൂമിയിലാണു്  പ്രതിഷ്ഠിക്കപ്പെടാറുള്ളതെങ്കിലും, അവരുടെ ഒറിജിനൽ കൊട്ടാരങ്ങളും  സിംഹാസനങ്ങളും തീന്മേശകളുമെല്ലാം സ്വർഗ്ഗത്തിൽത്തന്നെ നിലനിർത്തുന്നതാണു്  മനുഷ്യർക്കു് പൊതുവേ ഇഷ്ടം. എത്ര കഷ്ടപ്പെട്ടിട്ടായാലും മനുഷ്യർ  തീർച്ചയായും സ്വന്തമാക്കാൻ ശ്രമിക്കേണ്ടതാണെന്നു് മതങ്ങൾ പഠിപ്പിക്കുന്ന ഈ  സ്വർഗ്ഗം 'മുകളിൽ' എവിടെയോ ആണെന്ന കാര്യത്തിലും തർക്കങ്ങൾ ഉണ്ടാവാറില്ല.  അതേസമയം നരകം എന്ന സംഭവം, ഭൂമി പരന്നിരുന്ന കാലത്തു്,  ഭൂമിക്കടിയിലായിരുന്നു. കുറേക്കഴിഞ്ഞു് ഭൂമി ഉരുണ്ടുപോയതുകൊണ്ടു് ഇപ്പോൾ  നരകം ഭൂമിക്കുള്ളിൽ എവിടെയോ ആവാനാണു് സാദ്ധ്യത.

ദൈവമെന്ന ആശയം കൊണ്ടു് സത്യത്തിൽ മനുഷ്യർ എന്താണു് ഉദ്ദേശിക്കുന്നതു്?  ലുഡ്‌വിഗ്‌ ഫൊയർബാഹിന്റെ ചിന്തകളുടെ അടിസ്ഥാനത്തിൽ പറഞ്ഞാൽ, എന്റെ ദൈവം  എന്നെ സംരക്ഷിക്കുന്നവനും എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുതരുന്നവനും  ആയിരിക്കണം. അതുമാത്രം പോരാ, അവൻ എന്റെ ശത്രുക്കളെ നിശ്ശേഷം  നശിപ്പിക്കുന്നവനുമായിരിക്കണം. അതുകൊണ്ടാണു് മനുഷ്യരുടെ ദൈവം ഒരേസമയം  സ്നേഹനിധിയും ക്രൂരനുമാവേണ്ടി വരുന്നതു്. എന്റെ ശത്രുക്കളെ നശിപ്പിക്കാത്ത  ദൈവത്തെക്കൊണ്ടു് എനിക്കെന്തു് പ്രയോജനം? "എനിക്കു് വേണ്ടത്ര ശക്തിയും  കഴിവും ഉണ്ടായിരുന്നെങ്കിൽ ഞാൻ തനിയെ ചെയ്യുമായിരുന്ന കാര്യങ്ങൾ  എനിക്കുവേണ്ടി ചെയ്തുതരേണ്ടവനാണു് എന്റെ ദൈവം." ഇതിന്റെ രസകരമായ മറ്റൊരു  വശം, ഞാനും എന്റെ ശത്രുവും ഒരേ ദൈവത്തിൽ വിശ്വസിക്കുന്നവരാവുമ്പോൾ  ദൈവത്തിനു് നിർബന്ധമായും വേണ്ട ഈ ക്വാളിറ്റികൾ ചുരുങ്ങിയ പക്ഷം ദൈവത്തിന്റെ  ദൃഷ്ടിയിലെങ്കിലും ഒരു ഡിലെമ ആയി മാറുന്നു എന്നതാണു്. ഒരാൾക്കു് മാത്രം  ജയിക്കാൻ കഴിയുന്ന ഒരു മത്സരത്തിൽ എന്നെയും എന്റെ ശത്രുവിനേയും ഒരുപോലെ  ജയിപ്പിക്കാൻ ഏതെങ്കിലും ദൈവത്തിനു് കഴിയുമോ? പക്ഷേ, അതൊന്നും വിശ്വാസിയായ  എനിക്കു് അറിയേണ്ട കാര്യമില്ല, ഞാൻ വിശ്വസിക്കുന്ന ദൈവം എന്റെ കാര്യങ്ങൾ  സാധിച്ചുതരുന്നവനാവണം. ഓരോ വിശ്വാസിയും കരുതുന്നതു് ഇങ്ങനെയാണു്.  എന്തുകൊണ്ടാണു് ഓരോ വിശ്വാസിയും ഇങ്ങനെ കരുതുന്നതു്? കാരണം, ഒരുവൻ അവന്റെ  കാഴ്ചപ്പാടിൽ ദൈവസന്നിധിയിൽ മറ്റാരേക്കാളും വിലമതിക്കപ്പെടേണ്ടവനാണു്.  അല്ലാവുദീന്റെ അത്ഭുതവിളക്കിനെ (അബദ്ധത്തിൽ പോലും!) തിരുമ്മുന്നവന്റെ ഏതു്  കൽപനയും അനുസരിക്കാൻ ഒരു അടിമയെപ്പോലെ പ്രത്യക്ഷപ്പെടുന്ന ഒരു  ജിന്നായിരിക്കണം വിശ്വാസിയുടെ കാഴ്ചപ്പാടിൽ അവന്റെ ദൈവം. (അല്ലാഡിനു് ഈ  വിളക്കു് കൂടാതെ ഒരു അത്ഭുതമോതിരവും ഉണ്ടായിരുന്നു. അതിൽ തിരുമ്മിയാൽ  പ്രത്യക്ഷപ്പെടുന്നതു് അൽപം 'മൂച്ചു്' കുറഞ്ഞ ഒരു കുഞ്ഞൻ ജിന്നായിരുന്നു.  അല്ലാഡിൻ 'ഏകജിന്നു്' ആരാധകനായിരുന്നില്ലെന്നു് സാരം). ദൈവത്തെ തിരുമ്മാനും  നുള്ളാനും ഒന്നും പറ്റാത്തതിനാൽ പ്രാർത്ഥനയും മറ്റുതരം ഗോഷ്ടികളുമാണു്  അഭിനവ അല്ലാഡീന്മാരുടെ ആവാഹനമാർഗ്ഗങ്ങൾ. വിശ്വാസിയുടെ ആജ്ഞാനുവർത്തിയാണു്  അവന്റെ ദൈവം. അവൻ ദൈവത്തിനു് നൽകുന്ന കൽപനകൾക്കു് അപേക്ഷയുടെ രൂപമാണെന്നതു്  മാത്രമാണു് ദൈവം അവന്റെ ഭൃത്യനാണോ എന്നു് ആർക്കും സംശയം തോന്നാത്തതിനു്  കാരണം. (ലുഡ്‌വിഗ്‌ ഫൊയർബാഹിനെപ്പറ്റി അൽപം കൂടെ വിശദമായ എന്റെ ഒരു  പോസ്റ്റ്‌ താത്പര്യമുള്ളവർക്കു് ഇവിടെ വായിക്കാം: ദൈവങ്ങളുടെ ഉത്ഭവം)

പക്ഷേ, പല മതഗ്രന്ഥങ്ങളും വായിച്ചാൽ, മുകളിൽ എവിടെയോ ഇരുന്നു് ഒരു  പാവകളിക്കാരനെപ്പോലെ മനുഷ്യപ്പാവകളുടെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ  നിയന്ത്രിക്കുന്ന ഒരുവനാണു് ദൈവം എന്നു് ആർക്കെങ്കിലും തോന്നിയാൽ അവനെ  കുറ്റം പറയാൻ കഴിയില്ല. വായിക്കുന്നതു് പരസഹായമില്ലാതെ മനസ്സിലാക്കാൻ  കഴിവുള്ള ആർക്കും അവയിൽ നിന്നും മറ്റൊരർത്ഥം വായിച്ചെടുക്കാനാവില്ല. ചില  പുരാതന സംസ്കാരങ്ങളിലെ ഗ്രന്ഥങ്ങളിൽ സൂര്യനെ പിടിച്ചുനിർത്താൻ കഴിഞ്ഞിരുന്ന  മനുഷ്യരുടെ വർണ്ണനകളുണ്ടു്. അന്നും പ്രപഞ്ചത്തിനു് ഒരു ദൈവം  ഉണ്ടായിരുന്നിരിക്കാനാണു് സാദ്ധ്യത. കാരണം, പ്രപഞ്ചത്തിന്റെ ഒരു  ഇടക്കാലാശ്വാസം എന്ന രീതിയിലല്ലല്ലോ ദൈവം സൃഷ്ടിക്കപ്പെട്ടതു്. പുരാതന  ഹീറോകൾ കൈവരിച്ചതെന്നു് വർണ്ണിക്കപ്പെടുന്ന അതിമാനുഷപ്രവൃത്തികൾ എല്ലാം  ദൈവത്തിനുംകൂടി പങ്കുള്ളവയാണു്. എന്തുകൊണ്ടെന്നറിയില്ല, ആ ദൈവങ്ങൾ  കാലത്തിനും ദേശത്തിനുമനുസരിച്ചു് വളരെ വ്യത്യസ്തരായിരുന്നു. ഈജിപ്റ്റിൽ  കാളരൂപിയും ഗരുഡരൂപിയുമൊക്കെ ആയിരുന്ന ഒട്ടനവധി ദൈവങ്ങൾ ഉണ്ടായിരുന്നു.  ഭാരതത്തിൽ ചില ദൈവങ്ങൾ പോത്തിനെയും എലിയേയുമൊക്കെ വാഹനങ്ങളായി  ഉപയോഗിച്ചിരുന്നുവത്രെ. കോടീശ്വരന്മാരെ തട്ടിയിട്ടു് നടക്കാൻ കഴിയാത്ത  ഇന്നത്തെ ഭാരതത്തിലായിരുന്നെങ്കിൽ സാക്ഷാൽ ഈശ്വരന്മാർ ഓരോരുത്തരും  എട്ടോപത്തോ പ്രൈവറ്റ്‌ ജെറ്റുകൾ വാങ്ങി തൊഴുത്തിൽ കെട്ടുമായിരുന്നു  എന്നുവേണം ഊഹിക്കാൻ. മറ്റുചില വിശുദ്ധ പഴംകഥകളിൽ ദൈവത്തിന്റെ സഹായത്തോടെ  കടലിലെ ജലത്തെ രണ്ടായി പകുത്തവരുണ്ടു്. ദൈവത്തെ വിളിച്ചപേക്ഷിച്ചു്  ബലിപീഠത്തിലേക്കു് ആകാശത്തിൽ നിന്നും തീ ഇറക്കിയവരുണ്ടു്. ഒരു  ചുഴലിക്കാറ്റുവഴി ദൈവം ഉടലോടെ സ്വർഗ്ഗത്തിലേക്കു്  എടുത്തുകൊണ്ടപ്പെട്ടവരുമുണ്ടു്.

ഏതാണ്ടു് ആയിരത്തി നാനൂറു് വർഷങ്ങൾക്കു് മുൻപു്, സൂര്യനെ കിഴക്കും  പടിഞ്ഞാറുമൊക്കെ ഉദിപ്പിക്കാൻ കഴിയുന്നവനാണു് താനെന്നു് ദൈവം അറേബ്യയിലെ  മുഹമ്മദിനോടു് പറഞ്ഞു എന്നു് മറ്റൊരു കഥയുണ്ടു്. ആ ദൈവം ഇത്തരമൊരു അസാധാരണ  സൂര്യോദയം സംഭവിപ്പിക്കുന്നതിനുള്ള തന്റെ മാന്ത്രികശേഷി കൂടാതെ മറ്റു്  പലതും മുഹമ്മദിനു് വെളിപ്പെടുത്തിക്കൊടുത്തിരുന്നു എന്നും ഖുർആൻ  സാക്ഷ്യപ്പെടുത്തുന്നു. പ്രധാനവിഷയങ്ങൾ ശൗചം കല്യാണം ലൈംഗികബന്ധം  മൊഴിചൊല്ലൽ യുദ്ധം കൊല മുതലായവയായിരുന്നു. (എങ്കിലും, അതിൽ ബിഗ്ബാംഗും,  എനിക്കു് ശരിക്കു് ഉച്ചരിക്കാൻ അറിയാത്ത മറ്റുചില ശാസ്ത്രരഹസ്യങ്ങളും  പ്രതീകാത്മകമായി സൂചിപ്പിച്ചിട്ടുണ്ടെന്നു് പിൽക്കാലത്തെ വ്യാഖ്യാനങ്ങൾ  നിസ്സംശയം തെളിയിക്കുകയുണ്ടായത്രെ!) അന്നത്തെ മനുഷ്യരുടെ തലയ്ക്കകത്തു്  ഒരുപാടു് ബുദ്ധിയുണ്ടായിരുന്നതുകൊണ്ടു് ദൈവം ചെയ്തതും പറഞ്ഞതുമെന്നു്  പറഞ്ഞുകേട്ടവ മുഴുവൻ നേരിട്ടു് കാണണമെന്നോ കേൾക്കണമെന്നോ ഒരു  പിടിവാശിയുമില്ലാതെ സകല വിശ്വാസികളും കണ്ണുമടച്ചു് വിശ്വസിക്കുകയായിരുന്നു.  വിശ്വാസികൾ അങ്ങനെയാണു്. കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ എന്നു്  ദൈവം കൽപിച്ചു എന്നു് വിശ്വസിക്കണമെന്നാണു് അവരെ പഠിപ്പിച്ചിരിക്കുന്നതു്.  (യോഹ. 20: 29) ഇത്രയും പറഞ്ഞതു്, ആസ്തികർ നാസ്തികരെപ്പോലെ കിറുക്കന്മാരോ,  മണ്ടശിരോമണികളോ അല്ല, അവർ അതീവബുദ്ധിമാന്മാരാണു് എന്നു് വ്യക്തമാക്കാനാണു്. 

വേദഗ്രന്ഥങ്ങളിൽനിന്നും ആരോ തിരഞ്ഞെടുത്തു് ഓതിക്കൊടുത്ത ഏതാനും വാക്യങ്ങൾ  അക്ഷരം പ്രതി പിന്തുടരുക എന്നതുമാത്രമാണു് അവരുടെ കടമ. അന്യഗ്രന്ഥങ്ങൾ അവർ  വായിക്കാറില്ല. ലോകത്തിലെ മറ്റു് സകല ഗ്രന്ഥങ്ങളിലും ഉള്ളതു് മുഴുവൻ  സ്വന്തം വേദഗ്രന്ഥത്തിൽ ഉള്ളപ്പോൾ എന്തിനു് അവയൊക്കെ വായിച്ചു് സമയം കളയണം?  മറ്റു് ഗ്രന്ഥങ്ങൾ വായിക്കുന്നവർ അവരുടെ അഭിപ്രായത്തിൽ അവ എഴുതിയവരെ  ദൈവമായി ആരാധിക്കുന്നവരാണു്. ഡോക്കിൻസിനെ വായിക്കുന്നവന്റെ ദൈവം  ഡോക്കിൻസ്‌. ഹോക്കിങ്ങിനെ വായിക്കുന്നവന്റെ ദൈവം ഹോക്കിംഗ്‌. ഒരു വിശ്വാസി  അന്യഗ്രന്ഥങ്ങൾ വായിക്കുന്നുണ്ടെങ്കിൽത്തന്നെ അതു് അവയിലെ അക്ഷരത്തെറ്റുകൾ  കണ്ടുപിടിക്കാനാണു്. ഓരോ പ്രിന്റിംഗ്‌ മിസ്റ്റേക്കും അതെഴുതിയവനെ  അധിക്ഷേപിക്കാനുള്ള ഓരോ വിജയാഘോഷമാണവർക്കു്. ആശയം പിടികിട്ടാത്തവർക്കു്  അക്ഷരത്തെറ്റുകൾ എപ്പോഴും ആഹ്ലാദകാരണമായിരിക്കും. അതെഴുതിയവനെ  വിമര്‍ശിച്ചു് അവനേക്കാൾ യോഗ്യനാവാനുള്ള ഒരു കുറുക്കുവഴി. തലച്ചോറു്  ബാല്യത്തിലേ ആമ്പ്യുട്ടേയ്റ്റ്‌ ചെയ്യപ്പെട്ടവർ അല്ലാതെന്തു് ചെയ്യാൻ?  ബുദ്ധിമാനാവാൻ തലച്ചോറു് വേണമെന്നു് നിർബന്ധമൊന്നുമില്ല. പിശാചിന്റെ ഏകദേശം  അത്രതന്നെ ബുദ്ധിമാൻ ആവാൻ ദൈവത്തിനും ഒരു തലച്ചോറിന്റെ ആവശ്യം  വരുന്നില്ലല്ലോ. അതോ മനുഷ്യരൂപിയായതിനാൽ ദൈവത്തിനും മനുഷ്യരെപ്പോലെ ഒരു  തലച്ചോർ ഉണ്ടോ? പ്രതീകാത്മകമായ ഒരു തലച്ചോർ?