ചന്ദ്രനും നക്ഷത്രങ്ങൾക്കുമൊപ്പം നാലാം ദിവസമാണു് സൂര്യൻ സൃഷ്ടിക്കപ്പെട്ടതെങ്കിലും അതിനു് മുൻപത്തെ മൂന്നു് ദിവസങ്ങളിലും ഭൂമിയിൽ രാത്രിയും പകലും ഉണ്ടായിക്കൊണ്ടിരുന്നു എന്ന പ്രപഞ്ചസൃഷ്ടിയുടെ ബൈബിൾ വേർഷൻ കഴിഞ്ഞ ലേഖനത്തിൽ നമ്മൾ കണ്ടു. ഉൽപത്തിപ്പുസ്തകത്തെ അടിസ്ഥാനമാക്കി സൃഷ്ടിവാദത്തെ ന്യായീകരിക്കാൻ ശ്രമിക്കുന്ന ഒരുവൻ അവനോടുതന്നെ നീതി പുലർത്തുന്നവനാണെങ്കിൽ ആദ്യം ചെയ്യേണ്ടതു് ഒന്നുകിൽ ഈ വൈരുദ്ധ്യത്തെ 'ഖണ്ഡിക്കാൻ' ഉതകുന്ന വസ്തുതകൾ അവതരിപ്പിക്കുകയോ, അതിനു് കഴിയുന്നില്ലെങ്കിൽ, അതൊരു പരമാബദ്ധമാണെന്നു് തുറന്ന മനസ്സോടെ അംഗീകരിക്കുകയോ ആണു്. മതാന്ധത മൂലം ചിന്താശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത ആർക്കും സൃഷ്ടിയിലെ ഈ പൊരുത്തക്കേടു് കാണാതിരിക്കാനാവില്ല. ബൈബിളിലെ ഒരു ദിവസം എന്നതു് ആയിരമോ അൻപതിനായിരമോ വർഷങ്ങളാണെന്ന ഉപദേശി വ്യാഖ്യാനങ്ങളും ഈ പ്രശ്നത്തിന്റെ പരിഹാരമാവുകയില്ല, അവ ഈ വസ്തുതയെ കൂടുതൽ പരിഹാസ്യമാക്കുകയേയുള്ളു. സൂര്യനില്ലായിരുന്നെങ്കിൽ ഈ ഭൂമിയിൽ രാവും പകലും മാത്രമല്ല, യാതൊരുവിധ ജീവനും രൂപമെടുക്കുമായിരുന്നില്ല, അഥവാ, ലാളിത്യത്തിൽ നിന്നും സങ്കീർണ്ണതയിലേക്കുള്ള ജീവന്റെ വളർച്ച സൂര്യോർജ്ജമില്ലാതെ സാദ്ധ്യമാവുമായിരുന്നില്ല. ഏകദേശം 500 കോടി വർഷത്തേക്കു് കൂടി ഊർജ്ജദായകനാവാനുള്ള ഇന്ധനം സൂര്യനിൽ ഉണ്ടെന്നു് കണക്കാക്കപ്പെടുന്നു. ഇതു് കേൾക്കുമ്പോൾ അതു് ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്ന ലോകാവസാനമാണെന്നു് മനസ്സിലാക്കി ആനന്ദനൃത്തം ചെയ്യുന്ന സൃഷ്ടിവാദികളുണ്ടാവാം. അവർതന്നെയാണു് 'മാക്കാൻ മൂത്തു് മരക്കാവി' എന്ന രീതിയിൽ എന്തുകൊണ്ടു് മനുഷ്യൻ പരിണമിച്ചു് പുതിയ ജീവികളൊന്നും ഉണ്ടാവുന്നില്ല എന്ന കിടിലൻ ചോദ്യവുമായി എവൊല്യൂഷനിസ്റ്റുകളെ നേരിടുന്നതും. അഞ്ഞൂറുകോടി വർഷങ്ങൾ കഴിയുമ്പോൾ ലോകം അവസാനിക്കും എന്നതിനാൽ ഇനി 'വാഴക്കൃഷി' മുതലായ അദ്ധ്വാനങ്ങളൊന്നും വേണ്ട എന്നും അവർ തീരുമാനിച്ചുകൂടായ്കയില്ല.

ക്രിസ്തുമതത്തിന്റെ ആരംഭഘട്ടത്തിൽ യേശുവിന്റെ രണ്ടാം വരവു് വാഗ്ദാനപ്രകാരം ഉടനെതന്നെ ഉണ്ടാവുമെന്ന വിശ്വാസം മൂലം നല്ലൊരു വിഭാഗം വിശ്വാസികൾ നിഷ്ക്രിയരായി മാറി പ്രാർത്ഥനയുമായി കഴിഞ്ഞിരുന്നു. ദൈവരാജ്യം ഉടനെ വരുമെന്ന പ്രതീക്ഷയിൽ ലോകവിമുഖരായി ആത്മീയകാര്യങ്ങളിലേക്കു് തിരിഞ്ഞവരിൽ ചിലർ സമ്പത്തുമുഴുവനും സഭയ്ക്കു് വിട്ടുകൊടുക്കുക പോലും ചെയ്തിരുന്നു. പള്ളിയും അമ്പലവും പണിതു് സ്വർണ്ണംകൊണ്ടു് പൊതിയാൻ കയ്യയച്ചു് സംഭാവന ചെയ്യുന്ന ഭക്തരെ ഇന്നും നമ്മൾ കാണുന്നുമുണ്ടു്. സമ്പത്തു് പണ്ടുമുതലേ ദൈവത്തിന്റെ ഒരു ബലഹീനതയാണു്. അതുകൊണ്ടു് സ്വന്തം കുടുംബം ചോരുന്ന ഓലപ്പുരയിൽ പട്ടിണി കിടക്കുമ്പോഴും, ദൈവത്തിനു് സുവർണ്ണ ക്ഷേത്രങ്ങൾ പണിയാനായി തന്റെ പങ്കു് ചില്ലിക്കാശു് മനുഷ്യർ അവിടെ എത്തിച്ചുകൊടുക്കുന്നു. വിധവയുടെ ചില്ലിക്കാശിലേക്കു് ദൈവത്തിനു് പണ്ടേതന്നെ ഒരു പ്രത്യേക കണ്ണുണ്ടു്. 'ദൈവങ്ങളെ' നമ്മൾ പ്രീതിപ്പെടുത്തണമെന്നതു് നിലത്തെഴുത്തു് പഠിക്കുന്നതിനും മുന്നേ മനുഷ്യർ ആവർത്തിച്ചു് കാണാപ്പാഠം പഠിക്കുന്ന ഒരുതരം സാമൂഹിക പാഠമാണു്. അതിന്റെ കലാശക്കൊട്ടാണു് 'ഹരിശ്രീ ഗണപതായേ നമഃ' എന്നും മറ്റും തുടങ്ങുന്ന വിദ്യാരംഭം. വിശ്വാസസംഹിതക്കനുസരിച്ചു് മാറ്റിയെഴുതപ്പെടാവുന്നവയാണു് ദൈവനാമങ്ങൾ. ഹരി യേശുവും, ഗണപതി അല്ലാഹുവും ഒക്കെ ആയി പരിണമിക്കുന്നതു് വിശ്വാസമേഖലകളിൽ അസാധാരണമായ ഒരു കാര്യമല്ല എന്നു് സാരം. എഴുത്തിനിരുത്തലിൽ ഏതെങ്കിലും ദൈവത്തിന്റെയോ ദൈവങ്ങളുടെയോ മദ്ധ്യസ്ഥത തേടുന്നതു് തെറ്റാവട്ടെ ശരിയാവട്ടെ, എനിക്കു് മനസ്സിലാവാത്തതു് മറ്റൊരു കാര്യമാണു്. ഈ എഴുത്തിനിരുത്തും ഹരിശ്രീ കുറിക്കലുമൊന്നുമില്ലാത്ത സമൂഹങ്ങളിൽ ഉള്ളതിന്റെ നേരിയ ഒരംശം പോലും ശാസ്ത്രജ്ഞരോ, നോബൽ പ്രൈസ്‌ ലഭിക്കുന്നവരോ, മനുഷ്യവർഗ്ഗത്തെ മറ്റുരീതികളിൽ ധന്യമാക്കുന്നവരോ ഒന്നും ഇത്തരം 'ദൈവസഹായം' സമൂഹങ്ങളിൽ നിന്നും എന്തുകൊണ്ടു് ഉണ്ടാവുന്നില്ല? മൂക്കില്ലാത്തിടത്തു് ഒരുപാടു് മുറിമൂക്കന്മാർ രാജാക്കന്മാരായി അവരോധിക്കപ്പെടാറുണ്ടെന്നു് അറിയാം. അത്തരം രാജാക്കന്മാരുടെ കൈവശം ഏതു് സാമൂഹികജീർണ്ണതയേയും ന്യായീകരിക്കാനുതകുന്ന റെഡിമെയ്ഡ്‌ വ്യാഖ്യാനങ്ങൾ ഉണ്ടാവുമെന്നതിനും ധാരാളം അനുഭവങ്ങൾ തെളിവു് നൽകുന്നുണ്ടു്. മതപരമായ മണ്ടത്തരങ്ങൾ തിരിച്ചറിയാൻ നാലായിരവും അയ്യായിരവും വർഷങ്ങളിലെ ചരിത്രപരമായ അനുഭവങ്ങൾ മാത്രം മതിയാവുകയില്ല, അതിനു് വളർത്തലിന്റെ ഭാഗമായി തലച്ചോറിൽ ചില ന്യൂറോണൽ നെറ്റ്‌വർക്ക്സ്‌ രൂപമെടുത്തിരിക്കണം. അതു് സംഭവിക്കാതിരിക്കാനാണു് വിശുദ്ധ നാരായത്തിന്റെ മുന ബാല്യത്തിലേതന്നെ തലച്ചോറിലേക്കു് അടിച്ചുകയറ്റുന്നതു്.

എതിർക്കാൻ കഴിയാത്ത ബാല്യത്തിലേ ശ്രമിച്ചാൽ ആൺകുഞ്ഞുങ്ങളുടെ അഗ്രചർമ്മവും പെൺകുഞ്ഞുങ്ങളുടെ ജെനിറ്റൽസും മാത്രമല്ല, കാതും മൂക്കും കുത്തുന്ന ലാഘവത്തോടെ തലച്ചോറും ആമ്പ്യൂട്ടേയ്റ്റ്‌ ചെയ്യാൻ കഴിയും. അതെല്ലാം ഒരു ദൈവം കൽപിച്ചതാണെന്നു് ഏതെങ്കിലുമൊരു കിത്താബു് പൊക്കിക്കാണിച്ചു് സ്ഥാപിക്കാനായാൽ ഏതു് ക്രൂരതയും ഏറ്റുവാങ്ങാൻ മനുഷ്യർ തയ്യാറാവുകയും ചെയ്യും. പല ആഫ്രിക്കൻ രാജ്യങ്ങളിലും പെൺകുഞ്ഞുങ്ങളെ ജെനിറ്റൽ മ്യൂട്ടിലേഷനു് വിധേയമാക്കുന്നതിന്റെ ചിത്രങ്ങളെങ്കിലും കണ്ടിട്ടുള്ളവർക്കു്, അവർ മതാന്ധരല്ലെങ്കിൽ, ഞാൻ പറയുന്നതു് എന്താണെന്നു് മനസ്സിലാവും. തുരുമ്പെടുത്ത ഷേവിംഗ്‌ ബ്ലേയ്ഡ്‌ കൊണ്ടു് അങ്ങേയറ്റം അൺഹൈജിനിക്ക്‌ ആയി നടത്തുന്ന ഇത്തരം 'ശസ്ത്രക്രിയകൾ' സെപ്റ്റിക്ക്‌ ആയി മരണമടയുന്ന കുട്ടികളും വിരളമല്ല. ആഫ്രിക്കയിലെ ദാരിദ്ര്യത്തിൽ നിന്നും എങ്ങനെയോ രക്ഷപെട്ടു് യൂറോപ്യൻ രാജ്യങ്ങളിലെത്തി ഒരു ജീവിതം പടുത്തുയർത്തിയവരിൽ ചിലർപോലും അവരുടെ പെണ്മക്കളിൽ ജെനിറ്റൽ മ്യൂട്ടിലേഷൻ നടത്താറുണ്ടു്. ആൺകുട്ടികളുടെ കാര്യം പ്രത്യേകം പറയേണ്ടതില്ല. പല ആധുനികസമൂഹങ്ങളും അതു് അനുവദിക്കാത്തതിനാൽ അതിനുമാത്രമായി അവധിയെടുത്തു് ഒന്നുകിൽ സ്വന്തനാട്ടിൽ പോയോ, രാഷ്ട്രീയകാരണങ്ങളാൽ അതു് സാദ്ധ്യമല്ലാത്തവർ ഈ കാട്ടാളത്തം അനുവദിക്കുന്ന മറ്റു് നാടുകളിൽ പോയോ ആണു് കാര്യം സാധിക്കുന്നതു്. അത്ര കർശനവും ഒഴിവാക്കാനാവാത്തതുമാണു് അജ്ഞരായ മനുഷ്യർക്കു് അല്ലാഹുവിന്റെ കൽപനകൾ. തങ്ങൾക്കു് ഒരു നല്ല ജീവിതം നൽകിയതു് അല്ലാഹുവാണെന്നാണു് ആ സാധുക്കളുടെ വിശ്വാസം. എല്ലാം വിറ്റുപെറുക്കി ഏജന്റന്മാർക്കു് നൽകി അവർ ഏർപ്പാടാക്കുന്ന തട്ടിക്കൂട്ടിയ ബോട്ടുകളിൽ ഒളിച്ചു് യൂറോപ്പിൽ എത്താൻ ശ്രമിക്കുന്നവരിൽ ഒരു നല്ല പങ്കു് ബോട്ടുതകർന്നു് മരിക്കാറുണ്ടെന്നും, അവരെ രക്ഷിക്കാൻ അതേ അല്ലാഹു എന്തുകൊണ്ടു് ഒന്നും ചെയ്യുന്നില്ല എന്നുമൊക്കെ ചോദിക്കാൻ ത്രാണിയുള്ളവരല്ല അവർ. വിദേശത്തു് ചെന്നു് അൽപം പച്ചപിടിച്ചവരുടെ 'ആത്മാവിനെ' രക്ഷപെടുത്താൻ കിത്താബുകളും കക്ഷത്തിൽ വച്ചു് എത്തുന്ന ഉപദേശികളാണു് ഏറ്റവും അറപ്പുളവാക്കുന്ന വർഗ്ഗം. സ്വന്തം സമൂഹത്തിൽ ഈ സാധുക്കൾ ജീർണ്ണിച്ചുകൊണ്ടിരുന്നപ്പോൾ അവരുടെ ആത്മാവിനെയും ശരീരത്തെയുമൊന്നും രക്ഷപെടുത്താൻ ഈ അധമന്മാർക്കു് താത്പര്യമുണ്ടായിരുന്നില്ല. ഒരു അന്യസമൂഹത്തിൽ ഇണങ്ങിച്ചേരാൻ ആദ്യതലമുറകൾക്കു് സംസ്കാരത്തിന്റേയും ഭാഷയുടേയും വിശ്വാസത്തിന്റേയുമൊക്കെ പേരിൽ സ്വാഭാവികമായും ഉണ്ടാവാറുള്ള ബുദ്ധിമുട്ടുകൾ മുതലെടുത്തു് ചോര കുടിക്കാൻ എത്തുന്ന ചെന്നായ്ക്കൾ. യുവതലമുറയിൽ നിന്നും ചാവേറുകളെ സൃഷ്ടിച്ചെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതു് ഈ നീചന്മാരാണു്. ഒരു ആധുനികസമൂഹത്തിൽ എത്തിയതുകൊണ്ടുമാത്രം ആർക്കും ഓട്ടോമാറ്റിക്ക്‌ ആയി ഒരു ആധുനികമനസ്സു് ലഭിക്കുകയില്ല. പല കുടിയേറ്റക്കാരും അതുകൊണ്ടുതന്നെ പരാജയപ്പെടാറുമുണ്ടു്.

ഭൂമിയിലെ ജീവൻ നിത്യമായ ഒരവസ്ഥയല്ല, എന്നെങ്കിലും ഇല്ലാതാവേണ്ടതാണതു്. പക്ഷേ, സത്യവിശ്വാസികൾ മരണാനന്തരം സ്വർഗ്ഗത്തിൽ എത്തിച്ചേരുമെന്നു് വിശ്വസിക്കുന്ന മതങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന സമൂഹങ്ങളിലെ ഭ്രാന്തന്മാരായ നേതാക്കൾ ആറ്റം ബോംബ്‌ പോലുള്ള മാരകായുധങ്ങൾ ഉപയോഗിച്ചു് അകാലത്തിലേതന്നെ മനുഷ്യവർഗ്ഗത്തെ നശിപ്പിക്കാതിരുന്നാൽ, വാസയോഗ്യമല്ലാതാവുന്നതിനു് മുൻപു് ഈ ഭൂമിയെ ഉപേക്ഷിച്ചു് അന്യഗ്രഹങ്ങളിൽ കുടിയേറാൻ സഹായകമാവുന്ന സാങ്കേതികവിദ്യകൾ മനുഷ്യർ വിദൂരഭാവിയിലെങ്കിലും കണ്ടെത്തുമെന്ന കാര്യത്തിൽ സംശയം വേണ്ട. Mankind will not remain on Earth forever, but in its quest for light and space will at first timidly penetrate beyond the confines of the atmosphere, and later will conquer for itself all the space near the Sun. - Konstantin E. Tsiolkovsky. ഈ ഭൂമിയുടെയും ഈ ഭൂമിയെ ആശ്രയിച്ചു് ജീവിക്കുന്ന മനുഷ്യരുടെയും ഭാവി മനുഷ്യരുടെ കയ്യിൽ തന്നെയാണു്. അതു് ദൈവത്തിന്റെ കയ്യിലാണെന്നു് വിശ്വസിക്കുകയും സാമാന്യജനങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നവരാണു് മനുഷ്യവർഗ്ഗത്തിന്റെ ശത്രുക്കൾ. ചത്തശേഷവും എനിക്കു് ജീവിക്കണം, അതും സ്വർഗ്ഗത്തിൽത്തന്നെ ജീവിക്കണം എന്ന മനുഷ്യരുടെ അളവില്ലാത്ത സ്വാർത്ഥത മുതലെടുക്കുന്നവരാണവർ. സ്വർഗ്ഗീയജീവിതം എന്ന മിഥ്യ ഏറ്റവും എളുപ്പം വിറ്റഴിയുന്നതു് നരകതുല്യമായ ഇഹലോകജീവിതം നയിക്കേണ്ടിവരുന്നവരുടെ ഇടയിലാണെന്നതു് യാദൃച്ഛികമായി സംഭവിക്കുന്ന ഒരു കാര്യമല്ല. 'ജീവൻ' ഒരിക്കലും മതമില്ലാത്തവൻ ആയിരിക്കരുതു് എന്നതു് അഗതികൾക്കു് സ്വർഗ്ഗം വിറ്റു് ഭൂമിയിൽ സ്വർഗ്ഗീയഗേഹങ്ങളിൽ വസിക്കുന്നവരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമാണു്. ദൈവവും മതങ്ങളും ചോദ്യം ചെയ്യപ്പെട്ടാൽ കട്ടയും പടവും മടക്കേണ്ടിവരും എന്നതിനാൽ അവർ മനുഷ്യരുടെ ബോധവത്കരണത്തെ എതിർക്കുന്നു. അവരുടെ കാഴ്ചപ്പാടിലെങ്കിലും അതു് ബുദ്ധിയാണെന്നതിനാൽ അതു് മനസ്സിലാക്കാനും ബുദ്ധിമുട്ടില്ല. അതുപോലെതന്നെ മനസ്സിലാക്കാവുന്ന കാര്യമാണു്, വിധേയത്വത്തിന്റെ തിമിരം ബാധിച്ച അനുയായികൾ അവരുടെ കണ്ണു് തെളിയിക്കാൻ ശ്രമിക്കുന്നവരെ നിത്യശത്രുക്കളെപ്പോലെ കാണുന്നതും എതിർക്കുന്നതും - അവരുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ടു് അതു് നോക്കിക്കാണണമെന്നേയുള്ളു. ബുദ്ധിഹീനതക്കു് സ്വയം തിരിച്ചറിയാനാവില്ല. ഏതു് മനുഷ്യനും അവന്റെ ലോകത്തിൽ കുറ്റമറ്റവനാണു്. പക്ഷേ, മറ്റുള്ളവരുടെ ലോകത്തിൽ മറ്റൊരുത്തനും കുറ്റമറ്റവനല്ല. മനുഷ്യർ ആരും കുറ്റമറ്റവരല്ല എന്നതാണു് സത്യം.

നമുക്കു് സൃഷ്ടിയുടെ രണ്ടാം ദിനത്തിലേക്കു് കടക്കാം. "ദൈവം വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം (firmament) ഉണ്ടാകട്ടെ; അതു് വെള്ളത്തിനും വെള്ളത്തിനും തമ്മിൽ വേർപിരിവായിരിക്കട്ടെ എന്നു് കൽപിച്ചു. വിതാനം ഉണ്ടാക്കീട്ടു് ദൈവം വിതാനത്തിൻ കീഴുള്ള വെള്ളവും വിതാനത്തിനു് മീതെയുള്ള വെള്ളവും തമ്മിൽ വേർപിരിച്ചു. ദൈവം വിതാനത്തിനു് ആകാശം (heaven) എന്നു് പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി രണ്ടാം ദിവസം". (6-8)

ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചപ്പോൾ ഭൂമിക്കെന്നപോലെതന്നെ ആകാശത്തിനും പേരുണ്ടായിരുന്നില്ല. പേരില്ലാതെ പിന്നെ എന്തിനെയാണു് ദൈവം സൃഷ്ടിച്ചതു്? "എന്തെങ്കിലും ഉണ്ടായിവരട്ടെ" എന്നോ, "ആബ്ര കഡാബ്ര" എന്നോ കൽപിച്ചപ്പോൾ ദൈവത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടു് ഉണ്ടായിവന്ന രണ്ടു് 'സാധനങ്ങളിൽ' ഒന്നിനെ, തിരിച്ചറിയാനുള്ള എളുപ്പത്തിന്റെ പേരിൽ, രണ്ടാം ദിവസം ആകാശം എന്നും, മറ്റേതിനെ മൂന്നാം ദിവസം ഭൂമിയെന്നും വിളിക്കുകയായിരുന്നോ? ഈ ദിവസങ്ങളിലൊന്നും വെള്ളം എന്നൊരു വസ്തു സൃഷ്ടിക്കപ്പെട്ടതായി പറയുന്നില്ല. എങ്കിലും ആരംഭം മുതലേ ദൈവത്തിന്റെ ആത്മാവു് വെള്ളത്തിന്മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു (2)! 'പെണ്ണു് കെട്ടിയാൽ കുഞ്ഞു് സൗജന്യം' എന്നപോലെ, പേരില്ലാതിരുന്ന ആകാശവും ഭൂമിയും എന്ന സാധനങ്ങൾ ഉണ്ടായിവന്നപ്പോൾ കൂട്ടത്തിൽ ഒരു ബോണസെന്നോണം ദൈവം പേരു് നൽകാതെതന്നെ എങ്ങനെയോ പേരുണ്ടായിപ്പോയ വെള്ളവും കൂട്ടത്തിൽ ഉണ്ടായിവന്നതായിരിക്കാം. അതുപോലെ, സൃഷ്ടിക്കാതെ ഉണ്ടായ ഒന്നാണു് ഇരുൾ! "ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു" (2)! ഇരുൾ ഉണ്ടായിരുന്നതുകൊണ്ടാണു് "വെളിച്ചം ഉണ്ടാകട്ടെ" എന്നു് ദൈവത്തിനു് കൽപിക്കേണ്ടിവന്നതു്. വെളിച്ചം എന്നൊന്നു് സൃഷ്ടിക്കപ്പെട്ടിട്ടില്ലാതിരുന്ന ഒരു ലോകത്തിൽ ഇരുൾ എവിടെനിന്നു് വരുന്നു? ഒരു വശം മാത്രമുള്ള ഒരു നാണയം എന്നതിനു് എന്തെങ്കിലും അർത്ഥമുണ്ടോ? താഴെയും മുകളിലുമുള്ള വെള്ളങ്ങളെ തമ്മിൽ വേർപിരിക്കുന്ന ഒരു ആകാശവിതാനം സൃഷ്ടിക്കുന്ന ദൈവത്തിനു് പ്രപഞ്ചം എന്ന പ്രതിഭാസത്തെപ്പറ്റി എന്തെങ്കിലും അറിയാമായിരുന്നെന്നു് ഇന്നത്തെ അറിവിന്റെ വെളിച്ചത്തിൽ കരുതാനാവുമോ? ബൈബിളിലെ പ്രപഞ്ചസൃഷ്ടി എഴുത്തുകാരന്റെ ഭാവനാസഷ്ടിയാണെന്നതിനു് ഇനിയും തെളിവുകൾ വേണോ? ആകാശത്തട്ടിനു് മുകളിൽ എത്ര ക്യുബിക്‌ മീറ്റർ വെള്ളമാണു് ദൈവം ശേഖരിച്ചിരിക്കുന്നതു്? ആഫ്രിക്കൻ മരുഭൂമിക്കു് മുകളിലായി ആകാശത്തട്ടിൽ ഏതാനും വാൽവുകൾ പിടിപ്പിക്കാൻ ദൈവം ഏതെങ്കിലും പ്രവാചകന്മാരെ ചുമതലപ്പെടുത്തിയിരുന്നെങ്കിൽ എത്രയോ മനുഷ്യർക്കു് എന്തെങ്കിലും കൃഷിചെയ്തു് പട്ടിണി കൂടാതെ ജീവിക്കാൻ കഴിയുമായിരുന്നില്ലേ? യിസ്രായേൽ ജനത്തിനു് മരുഭൂമിയിൽ മന്നായും കാടപ്പക്ഷിയും ഇറക്കിക്കൊടുത്ത മഹാമനസ്കനായ ഒരു ദൈവം! കിത്താബിൽ ബ്ലാ ബ്ലാ വയ്ക്കുന്നത്ര എളുപ്പമല്ല സോഷ്യൽ എഞ്ചിനിയറിംഗ്‌. അതിനു് ആകാശവിതാനം പണിയുന്ന ദൈവത്തിന്റെ ബുദ്ധി മതിയാവില്ല. സൃഷ്ടിസമയത്തു് പാഴും ശൂന്യവുമായിരുന്നു ഭൂമി എന്നു് എഴുത്തുകാരൻ. എങ്കിൽ താഴെയുണ്ടായിരുന്ന വെള്ളം എവിടെയായിരുന്നു ശേഖരിക്കപ്പെട്ടിരുന്നതു്? അതോ വെള്ളമുള്ള അവസ്ഥ എഴുത്തുകാരന്റെ നിർവചനപ്രകാരം 'പാഴും ശൂന്യവും' ആണോ? മുകളിലെ വെള്ളവും താഴത്തെ വെള്ളവും വേർതിരിക്കാൻ ദൈവം ആകാശത്തട്ടു് നിർമ്മിച്ചു എന്നപോലുള്ള വിഡ്ഢിത്തങ്ങൾ വിശ്വസിക്കുന്നവരാണു് എല്ലാവിധത്തിലും പ്ലോസിബിൾ ആയ പരിണാമസിദ്ധാന്തത്തെ ഖണ്ഡിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നതു്! ആദിയിൽ ആരാണ്ടോ ഏതാനും ദിവസങ്ങൾകൊണ്ടു് 'പുസ്പം പോലെ' സകലവും സൃഷ്ടിച്ചു എന്നതു് വിശ്വസനീയം, പക്ഷേ, കോടിക്കണക്കിനു് വർഷങ്ങളിലൂടെ സംഭവിച്ചതും, ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ നാച്യുറൽ സെലക്ഷന്റെ അടിസ്ഥാനത്തിലെ എവൊല്യൂഷൻ അവിശ്വസനീയം! അത്തരക്കാർ സൃഷ്ടിവാദികൾ ആവുന്നതു് തന്നെയാണു് നല്ലതും. കാരണം, കൊക്കിൽ ഒതുങ്ങാത്തതു് കൊത്തിയാൽ ശ്വാസം മുട്ടി ചാവാൻ സാദ്ധ്യതയുണ്ടു്.

സൃഷ്ടിയുടെ മൂന്നാം ദിവസം: "ദൈവം ആകാശത്തിൻ കീഴുള്ള വെള്ളം ഒരു സ്ഥലത്തു് കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു് കൽപിച്ചു; അങ്ങനെ സംഭവിച്ചു. ഉണങ്ങിയ നിലത്തിനു് ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിനു് സമുദ്രം എന്നും പേരിട്ടു; നല്ലതു് എന്നു് ദൈവം കണ്ടു. ഭൂമിയിൽ നിന്നു് പുല്ലും വിത്തുള്ള ഭൂമിയിൽ അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവരട്ടെ എന്നു് ദൈവം കൽപിച്ചു. അങ്ങനെ സംഭവിച്ചു. ഭൂമിയിൽ നിന്നു് പുല്ലും അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവന്നു; നല്ലതു് എന്നു് ദൈവം കണ്ടു. സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം." (9 - 13) (ബോൾഡാക്കിയിരിക്കുന്ന ഭാഗം അധികപ്പറ്റായതിനാൽ ഒഴിവാക്കാമായിരുന്നു.)

വെള്ളം ഒരു സ്ഥലത്തു് കൂടിയപ്പോഴേക്കും ബാക്കി സ്ഥലം ഒറ്റദിവസം കൊണ്ടു് സൂര്യപ്രകാശം ഇല്ലാതെതന്നെ ഉണങ്ങി. ദൈവം കൽപിച്ചാൽ ഉണങ്ങാതെ പറ്റുമോ? സൂര്യൻ അപ്പോഴും സൃഷ്ടിക്കപ്പെട്ടിരുന്നില്ല എന്നതു് ഉണങ്ങാതിരിക്കാൻ മതിയായ ഒഴികഴിവല്ല. എഴുത്തുകാരൻ ഇവിടെ വർണ്ണിക്കുന്നതു് കോണ്ടിനെന്റൽ ഡ്രിഫ്റ്റ്‌ തുടങ്ങുന്നതിനു് മുൻപുള്ള അവസ്ഥയാണു്. ബൈബിൾ ആധുനിക ശാസ്ത്രവുമായി പൊരുത്തപ്പെടുന്നതു് എത്ര കൃത്യമായാണെന്നു് നോക്കൂ! Pangaea എന്ന സ്യൂപ്പർ കോണ്ടിനന്റ്‌ ആണു് ഇവിടെ ഉണങ്ങിയ നിലം എന്നതുകൊണ്ടു് ബൈബിൾ രചയിതാവു് ഉദ്ദേശിക്കുന്നതു്. സൃഷ്ടിവാദിസഹജമായ ഭവ്യതമൂലം Pangaea എന്ന നാക്കുളുക്കിയ്ക്കു് പകരം 'ഉണങ്ങിയ നിലം' എന്ന ലളിതമായ പ്രയോഗം ഉപയോഗിക്കാൻ അദ്ദേഹം തീരുമാനിച്ചു എന്നേയുള്ളു. ആറു് ഭൂഖണ്ഡങ്ങളും അഞ്ചു് സമുദ്രങ്ങളുമെല്ലാം പിന്നീടുണ്ടായി വന്നതു് സൃഷ്ടിയുടെ ആരംഭം വർണ്ണിക്കുന്ന എഴുത്തുകാരനെ ബാധിക്കുന്ന കാര്യമല്ലല്ലോ. വെള്ളവും ഇരുളുമൊക്കെപ്പോലെ, ദൈവം കൽപിച്ചില്ലെങ്കിലും സ്വയമേവ ഉണ്ടായി വരുന്ന ഇനത്തിൽപ്പെട്ടവയാണു് ദ്വീപുകളും തടാകങ്ങളും കടലിടുക്കുകളും നദികളുമൊക്കെ. എല്ലാം ദൈവം തന്നെ ചെയ്യണം എന്നൊക്കെപ്പറഞ്ഞാൽ ശരിയാവില്ല, അവനവന്റെ കാര്യം അവനവൻതന്നെ നോക്കണം എന്നറിയാവുന്ന വിഭാഗങ്ങളാണു് ഇത്തരം അജൈവലോകവും, ബൈബിൾ രചയിതാവിനു് സങ്കൽപിക്കാൻ പോലും കഴിയുമായിരുന്നില്ലാത്ത മറ്റെത്രയോ ജീവജാലങ്ങളുടെ ലോകവുമെല്ലാം.

'അതതുതരം' വിത്തുള്ള സസ്യങ്ങളും വൃക്ഷങ്ങളും ഉണ്ടായിവരാനും ദൈവകൽപന ധാരാളം മതിയായിരുന്നു. അവയുടെ വളർച്ചക്കും സൂര്യപ്രകാശം ഒരാവശ്യമേ ആയിരുന്നില്ല. സാധാരണഗതിയിൽ ചെടികളുടെ നിലനിൽപുതന്നെ സൂര്യപ്രകാശത്തിൽ അധിഷ്ഠിതമാണു്. പക്ഷേ, ദൈവം വിചാരിച്ചാൽ അസാധു ആക്കാൻ കഴിയാത്ത പ്രകൃതിനിയമങ്ങളെവിടെ? അവയെല്ലാം വിത്തുള്ളവയായി മുളച്ചു് ഒറ്റദിവസം കൊണ്ടു് പ്രായപൂർത്തിയിൽ എത്തുകയായിരുന്നു. അനേക 'ചിന്തകർക്കു്' ഇന്നുമൊരു തലവേദനയായ ഒരു വലിയ പ്രഹേളികയ്ക്കു് ഇതൊരു പരിഹാരം ആവേണ്ടതാണു്. അണ്ടിയോ മാവോ മൂത്തതു്, കോഴിയോ മുട്ടയോ ആദ്യം ദൈവത്താൽ സൃഷ്ടിക്കപ്പെട്ടതു് മുതലായ ജീവന്മരണപ്രശ്നങ്ങൾ ഇനി മനുഷ്യരാശിയെ അലട്ടേണ്ടതില്ല. കോഴിപ്പൂവന്റെ ഇടത്തെ വാരിയെല്ലുകളിൽ നിന്നും ഒന്നെടുത്തു് സൃഷ്ടിക്കപ്പെട്ട കോഴിപ്പിടയെ സാത്താൻ ഒരു ചവണയുടെ രൂപത്തിൽ വന്നു് ഒരാപ്പിളിനുള്ളിൽ നിന്നും നെയ്മുറ്റിയ ഒരു പുഴുവിനെ പുറത്തെടുത്തുകാണിച്ചു് പ്രലോഭിപ്പിക്കുകയും, ചപലയായ പിട അതിൽ വീണുപോവുകയും ചെയ്തതിന്റെ ഫലമായി പിടവർഗ്ഗം ലോകത്തിലേക്കു് ദിനംപ്രതിയെന്നോണം മുട്ടയിടാൻ നിർബന്ധിതരാവുകയായിരുന്നു. കോഴിവർഗ്ഗത്തിനുമേൽ മനസ്സറിയാതെ വന്നുചേർന്നതും, ജന്മപാപം എന്നു് വിശേഷിപ്പിക്കപ്പെടുന്നതുമായ ഈ ആദ്യപാപശാപത്തിൽ നിന്നുമുള്ള മോചനമാണു് കോഴിവെട്ടു്, വെള്ളംകുടി എന്നീ ബലികളിലൂടെ സാദ്ധ്യമാവുന്നതു്. ബലിയർപ്പിക്കപ്പെടുന്ന പൂവൻകോഴികൾ കോഴിസ്വർഗ്ഗത്തിൽ എത്തിച്ചേരും. അവിടെ അഴകൊത്ത 720 കന്നിപ്പിടകൾ ഓരോ പൂവനേയും കാത്തിരിക്കുന്നുണ്ടെന്നു് കോഴിവേദത്തിൽ വായിക്കാം. അതെന്തായാലും, ഇനി മുട്ട കോഴിപ്പിട മുതലായവയുടെ മൂപ്പിളപ്പു് സംബന്ധിച്ചു് ഒരു തർക്കത്തിന്റെ ആവശ്യമില്ല, മുട്ടയേക്കാൾ പിടയും, അണ്ടിയേക്കാൾ മാവുമാണു് മൂത്തതു് എന്നതിനു് ഉൽപത്തിപ്പുസ്തകം ഒന്നാം അദ്ധ്യായം പതിനൊന്നും പന്ത്രണ്ടും വാക്യങ്ങൾ സാക്ഷി.

അതതുതരം വൃക്ഷങ്ങളും സസ്യങ്ങളും! ഏതേതുതരം വൃക്ഷങ്ങളും സസ്യങ്ങളും? അതതുതരം വൃക്ഷങ്ങൾ മുളയ്ക്കട്ടെ എന്നു് ദൈവം കൽപിച്ചാലും ഒരു വൃക്ഷത്തിനും മുളയ്ക്കാനാവില്ല. എന്തുകൊണ്ടു് ചില ഭൂപ്രദേശത്തു് കാണുന്ന പുല്ലുകളും സസ്യങ്ങളും വൃക്ഷങ്ങളും മറ്റുചില ഭൂപ്രദേശങ്ങളിൽ വളരുന്നില്ല? ഒറ്റദിവസം കൊണ്ടു് ഒരു വീടുപണിയാൻ വേണ്ടത്ര മരം നൽകാൻ മാത്രം വളർന്നു് പന്തലിക്കുന്ന തേക്കുമരങ്ങൾ! Dendrochronology പ്രകാരം ആ മരത്തിന്റെ പ്രായം നോക്കുന്നവൻ തലകറങ്ങി വീണു് ചാവും. മനുഷ്യൻ അടക്കമുള്ള എല്ലാ ജീവജാലങ്ങളേയും പ്രായപൂർത്തി ആയ അവസ്ഥയിലാണു് ദൈവം സൃഷ്ടിച്ചതു് എന്നതു് ഒരത്ഭുതമാണു്. എല്ലാ ജീവികളിലും ആ ഒരൊറ്റ പ്രാവശ്യം മാത്രമേ അതുപോലൊരു ജന്മമെടുക്കൽ നടന്നിട്ടുള്ളു എന്നതു് അതിനേക്കാൾ അത്ഭുതകരം! ആദാമിനും ഹവ്വായ്ക്കും പൊക്കിൾ ഉണ്ടായിരുന്നോ ആവോ? അമ്മയുടെ വയറ്റിൽ കിടന്നിട്ടില്ലാത്തവർക്കു് പൊക്കിൾക്കൊടിയുടെ ആവശ്യമെന്തു്? പൊക്കിൾക്കൊടി ഇല്ലാതെ പൊക്കിളുണ്ടാവുമോ? എന്താണാവോ ഇതിനു് സൃഷ്ടിവാദികൾ നൽകുന്ന വ്യാഖ്യാനം? പതിവുപോലെ, അത്ഭുതം, മഹാത്ഭുതം എന്നായിരിക്കുമല്ലേ?

സൃഷ്ടിയുടെ നാലാം ദിവസം: "പകലും രാവും തമ്മിൽ വേർപിരിവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ; ഭൂമിയെ പ്രകാശിപ്പിപ്പാൻ ആകാശവിതാനത്തിൽ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു് ദൈവം കൽപിച്ചു; അങ്ങനെ സംഭവിച്ചു. പകൽ വാഴേണ്ടതിനു് വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിനു് വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു് വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി. ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തേയും ഇരുളിനേയും തമ്മിൽ വേർപിരിപ്പാനുമായി ദൈവം അവയെ ആകാശവിതാനത്തിൽ നിർത്തി. നല്ലതു് എന്നു് ദൈവം കണ്ടു. സന്ധ്യയായി, ഉഷസ്സുമായി നാലാം ദിവസം." (14 - 19)

ഭാഗ്യം! ഇപ്പോഴെങ്കിലും സൂര്യ-ചന്ദ്ര-നക്ഷത്രങ്ങളെ സൃഷ്ടിക്കാൻ ദൈവത്തിനു് തോന്നിയല്ലോ! പകലും രാവും തമ്മിൽ ഒന്നാം ദിവസം തന്നെ ദൈവം വേർപിരിച്ചിരുന്നു എങ്കിലും, ഇപ്പോൾ ആകാശവിതാനത്തിൽ ചില വെളിച്ചങ്ങളെ സൃഷ്ടിച്ചു് കാര്യങ്ങൾക്കു് ഒരു അടുക്കും ചിട്ടയും ഭംഗിയും വരുത്താൻ ദൈവം തീരുമാനിച്ചു. അല്ലെങ്കിലും, പന്തലിട്ടശേഷമല്ലേ തോരണം കെട്ടി അലങ്കരിക്കാറുള്ളതു്? സൃഷ്ടിയുടെ നാലാം ദിവസം വരെ ദിവസങ്ങൾ തിരിച്ചറിയാൻപോലും ആവശ്യമില്ലാതിരുന്ന ആകാശത്തിലെ 'അടയാളങ്ങൾ' കാലവും സംവത്സരവുമൊക്കെ തിരിച്ചറിയാൻ അക്ഷരാഭ്യാസമില്ലാത്ത ആദാമിനു് ആവശ്യമില്ലെങ്കിലും പിൽക്കാലത്തു് വാനശാസ്ത്രം മനസ്സിലാക്കാൻ പ്രാപ്തി നേടുന്ന മറ്റുചില മനുഷ്യർക്കു് ആവശ്യമാണെന്നു് വെള്ളങ്ങളെ തമ്മിൽ വേർതിരിക്കാൻ ആകാശവിതാനം നിർമ്മിച്ച ദൈവം മുൻകൂട്ടി കണ്ടതും ഭാഗ്യം തന്നെ. ബൈബിളിന്റെ അടിസ്ഥാനത്തിൽ സൃഷ്ടിവാദം മെനഞ്ഞെടുക്കാൻ പാടുപെടുന്ന മനുഷ്യർ, അവർ അൽപമെങ്കിലും തത്വദീക്ഷയുള്ളവരാണെങ്കിൽ, നാലാം ദിവസം നടന്നു എന്നു് അവകാശപ്പെടുന്ന സൂര്യന്റെ സൃഷ്ടിയുടെ മാത്രം പേരിൽ ബൈബിളിലെ വർണ്ണനകൾക്കു് യാതൊരുവിധ ആധികാരികതയും നൽകാനാവില്ലെന്നു് നിരുപാധികം അംഗീകരിക്കാൻ ബാദ്ധ്യസ്ഥരാവേണ്ടതാണു്. ഇത്രയും വ്യക്തമായ ഒരു വൈരുദ്ധ്യം തിരിച്ചറിയാൻ കഴിയാത്തവർക്കു് എവൊല്യൂഷനെ ഖണ്ഡിക്കാനും, തെർമോഡൈനാമിക്സിനെ അപഗ്രഥിക്കാനും എന്തു് യോഗ്യതയാണുള്ളതെന്നു് എത്ര ശ്രമിച്ചിട്ടും എനിക്കു് പിടി കിട്ടുന്നില്ല. ഇതുപോലുള്ള അബദ്ധങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തപ്പെടുന്ന ഒരു സൃഷ്ടിവാദത്തിനു് എന്തു് ശാസ്ത്രീയതയാണുള്ളതു്?

സൃഷ്ടിയുടെ അഞ്ചാം ദിവസം: "വെള്ളത്തിൽ ജലജന്തുക്കൾ കൂട്ടമായി ജനിക്കട്ടെ; ഭൂമിയുടെ മീതെ ആകാശവിതാനത്തിൽ പറവജാതി പറക്കട്ടെ എന്നു് ദൈവം കൽപിച്ചു. ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു് ചരിക്കുന്ന അതതുതരം ജീവജന്തുക്കളേയും അതതുതരം പറവജാതിയെയും സൃഷ്ടിച്ചു. നല്ലതു് എന്നു് ദൈവം കണ്ടു. നിങ്ങൾ വർദ്ധിച്ചു് പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറവിൻ; പറവജാതി ഭൂമിയിൽ പെരുകട്ടെ എന്നു് കൽപിച്ചു് ദൈവം അവയെ അനുഗ്രഹിച്ചു. സന്ധ്യയായി ഉഷസ്സുമായി അഞ്ചാം ദിവസം." (20 - 23)

ദൈവം ഏറ്റെടുത്താൽ കാര്യങ്ങൾ ക്ഷിപ്രസാദ്ധ്യമാവുന്നതു് കണ്ടോ? ആകാശവും ഭൂമിയും മുതൽ മരങ്ങളേയും മത്സ്യങ്ങളേയും പറവകളേയും വരെ ഒന്നൊഴിയാതെ സൃഷ്ടിക്കാൻ ദൈവത്തിനു് അവയുടെയൊന്നും പേരുപോലും അറിയണമെന്നില്ല. "അതതുതരം ഉണ്ടാവട്ടെ" എന്നു് കൽപിച്ചാൽ അതതുതരം ഉണ്ടാവും. ഉണ്ടായി വരേണ്ടതു് ഏതേതുതരം എന്നു് ദൈവത്തിനോ, ഉണ്ടായിവരേണ്ട ജീവജാലങ്ങൾക്കോ, ഈ മണ്ടത്തരം എഴുതിവച്ചവനോ അറിയില്ല. പാഴും ശൂന്യവുമായിരുന്ന, ജീവന്റെ ഒരു കണിക പോലുമില്ലാതിരുന്ന ഒരു ലോകത്തിൽ അതതുതരം സസ്യങ്ങളും, അതതുതരം മത്സ്യങ്ങളും, അതതുതരം പറവകളും ഉണ്ടാവട്ടെ എന്നു് കൽപിക്കുന്നതിനേക്കാൾ വലിയ ഒരു അർത്ഥശൂന്യതയുണ്ടോ? ഇന്നോളം ലോകം സാക്ഷ്യം വഹിച്ചിട്ടുള്ള മുഴുവൻ വിഡ്ഢിത്തങ്ങളേയും പിന്നിലാക്കുന്ന ഒരു പമ്പരവിഡ്ഢിത്തമാണു് ഈ "അതതുതരം സൃഷ്ടി" വഴി ബൈബിൾ എഴുത്തുകാരൻ അവന്റെ സാങ്കൽപികദൈവത്തിന്റെ തലയിൽ കെട്ടിവച്ചതു്. ആ റിലീജിയസ്‌ ഫിക്ഷൻ എഴുത്തുകാരന്റെ തലയിൽ ദൈവം ഇടിത്തീ വീഴിച്ചില്ല എന്നതുതന്നെയാണു് പ്രപഞ്ചസ്രഷ്ടാവു് എന്നൊരു 'യഥാർത്ഥ ദൈവം' നിലനിൽക്കുന്നില്ല, അതു് വെറുമൊരു മനുഷ്യസങ്കൽപം മാത്രമാണു് എന്നതിന്റെ അനിഷേദ്ധ്യമായ മറ്റൊരു തെളിവു്. ഫോട്ടോസിന്തെസിസ്‌ ഇല്ലാതെ ചെടികളെയും മരങ്ങളെയും ഒറ്റദിവസം കൊണ്ടു് വളർത്തിയെടുക്കുന്ന, സൂര്യനില്ലാതെതന്നെ ഭൂമിയിൽ രാത്രിയും പകലും സൃഷ്ടിക്കുന്ന, 'അതതുതരം' എന്ന 'പേരു്' കേൾക്കുമ്പോൾ ഞണ്ടും ഞവണിയും കാക്കത്തൊള്ളായിരം മറ്റിനങ്ങളും രൂപമെടുത്തു് "അടിയനിതാ പിതാവേ" എന്നു് ദൈവതിരുമുന്നിൽ ഹാജർ വയ്ക്കുന്ന "ആബ്ര കഡാബ്ര സൃഷ്ടിവാദം"! ദൈവം എന്നൊരു ചങ്ങാതി കൂട്ടിനുണ്ടെങ്കിൽ പ്രപഞ്ചസൃഷ്ടി എന്തെളുപ്പം! അതേസമയം ചില മനുഷ്യർക്കു് ഒരു ഇണയെ കണ്ടുപിടിച്ചു് ഒന്നോ രണ്ടോ ജൂണിയേഴ്സിനെ സൃഷ്ടിക്കുക എന്നതുതന്നെ ഒരു ഭഗീരഥപ്രയത്നമാണു്.

സൃഷ്ടിയുടെ ആറാം ദിവസം: " അതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതുതരം ജീവജന്തുക്കൾ ഭൂമിയിൽ നിന്നു് ഉളവാകട്ടെ എന്നു് ദൈവം കൽപിച്ചു; അങ്ങനെ സംഭവിച്ചു. ഇങ്ങനെ ദൈവം അതതുതരം കാട്ടുമൃഗങ്ങളോയും അതതുതരം കന്നുകാലികളെയും അതതുതരം ഭൂചരജന്തുക്കളേയും ഉണ്ടാക്കി; നല്ലതു് എന്നു് ദൈവം കണ്ടു. അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു് കൽപിച്ചു. ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു. ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു." (24 - 27)

ഇവിടെയും സൃഷ്ടി എന്നതു് 'business as usual' ആണു്. അതതുതരം പാമ്പും പഴുതാരയുമെല്ലാം ഉണ്ടാകട്ടെ എന്ന ഒരൊറ്റക്കൽപന വഴി സൃഷ്ടിക്കപ്പെടുന്നു! മനുഷ്യസൃഷ്ടിയാണു് ഏറ്റവും ശ്രദ്ധേയമായതു്. "നാം നമ്മുടെ സ്വരൂപത്തിൽ, നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യരെ ഉണ്ടാക്കുക"! നാം, നമ്മുടെ മുതലായ പ്രയോഗങ്ങൾ പൂജകബഹുവചനരൂപത്തിലാവാം ദൈവം ഉപയോഗിച്ചതു്. അൽപം ബഹുമാനം തനിക്കും വേണം എന്നു് ദൈവം കരുതിയാൽ അതിൽ തെറ്റു് പറയാനുമില്ല. പക്ഷേ, ദൈവം ഒറ്റക്കിരുന്നു് ഇതുപോലൊരു ഡയലോഗ്‌ അടിക്കുമോ? എങ്കിൽ അതു് രോഗം വേറെയാണു്. അല്ല, ഇവിടെ ദൈവം ഒറ്റയ്ക്കായിരുന്നിരിക്കാൻ സാദ്ധ്യതയില്ല. ചുരുങ്ങിയപക്ഷം മാലാഖമാരെങ്കിലും സമീപം ഉണ്ടായിരുന്നെങ്കിലേ ഈ ഡയലോഗിനെ ഭ്രാന്തിന്റെ വകുപ്പിൽ പെടുത്താതിരിക്കാനാവൂ. മിക്കവാറും ഈ മാലാഖവർഗ്ഗവും ഏതാണ്ടു് ദൈവസ്വരൂപികൾ ആയിരുന്നിരിക്കാനേ വഴിയുള്ളു. മനുഷ്യർ ദൈവസ്വരൂപികൾ ആണെന്ന കാര്യത്തിൽ അല്ലെങ്കിലും എനിക്കു് സംശയമൊന്നുമില്ല. കേരളത്തിലെ ബസ്‌ സ്റ്റാൻഡുകളിലെ ടോയ്‌ലെറ്റുകളിൽ കയറാൻ ഭാഗ്യം ലഭിച്ചിട്ടുള്ള അപൂർവ്വം സന്ദർഭങ്ങളിൽ എന്റെ മനസ്സിലേക്കു് ഒഴുകിവരാറുള്ളതും ഇതുപോലൊരു ദൈവ-മനുഷ്യ ആദ്ധ്യാത്മികചിന്താധാരയാണു്: "ഓ! ദൈവമേ, ഇവിടെനിന്നും നിന്റെ തനിസ്വരൂപിയും തനിസുഗന്ധവാഹിയുമായ ഒരുത്തൻ ഇപ്പോൾ ഇറങ്ങിപ്പോയതേയുള്ളു".

മനുഷ്യർ എന്ന നമ്മൾ നമ്മുടെ അസൂയയും കുശുമ്പും മാത്രം പരിഗണിച്ചാൽ മതി, ശാരീരികമായി മാത്രമല്ല, മാനസികമായും നമ്മൾ ദൈവത്തിന്റെ തനിസ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടവരാണെന്നു് മനസ്സിലാക്കാൻ. ദൈവത്തിൽ നിന്നും നമുക്കു് ലഭിച്ച അസൂയയും കുശുമ്പും തീപിടിക്കുന്ന വസ്തുക്കൾ അല്ലാത്തതു് മനുഷ്യരുടെ ഏറ്റവും വലിയ ഭാഗ്യമാണു്. അല്ലെങ്കിൽ ഒരു തീപ്പെട്ടിക്കോൽ ഉരച്ചാൽ മതി, മനുഷ്യരുടെ അവസ്ഥ ഒരു സൂയിസൈഡ്‌ ബോംബറുടേതിനു് തുല്യമാവുമായിരുന്നേനെ. എങ്കിൽ, സ്ഥിരമായി ഒരു ഫയർ എക്സ്റ്റിൻഗ്വിഷറും ചുമന്നുകൊണ്ടു് നടക്കേണ്ട ഗതികേടു് മനുഷ്യർക്കു് വരുമായിരുന്നു. അതുപോലൊരു സാഹചര്യത്തിൽ "highly inflammable" എന്ന ബോർഡ്‌ നെറ്റിയിൽ ഒട്ടിക്കാതെ മനുഷ്യനു് പുറത്തിറങ്ങാൻ ആവുമായിരുന്നോ? നമ്മൾ മലയാളികൾ അതിനു് പ്രത്യേകം നന്ദിയുള്ളവരായിരിക്കണം എന്നേ എനിക്കു് പറയാനുള്ളു. മനുഷ്യർ ദൈവസ്വരൂപികൾ ആണെന്ന കാര്യത്തിൽ എന്നിൽ അവശേഷിക്കുന്ന അവസാനത്തെ സംശയം പോലും മാഞ്ഞുപോകുന്നതു് വ്യാജ ID-യുമായി ദൈവവചനം ഘോഷിക്കുന്നവരെ കാണുമ്പോഴാണു്. എത്രമാത്രം ബുദ്ധിമുട്ടുകളാണു് അവർ ഓരോ വ്യാജ ഐഡിയും സൃഷ്ടിച്ചെടുക്കാനായി സഹിക്കുന്നതു്! അവയൊക്കെ ഓർത്തിരിക്കുക എന്നതുതന്നെ അമാനുഷികമായ ഒരു കഴിവാണു്. അവർക്കു് വേറെ ജോലിയൊന്നുമില്ല എന്ന വാദം ശരിയായിരിക്കാം. എന്നാലും അതൊരു ചില്ലറക്കാര്യമല്ല. ദൈവത്തിനുവേണ്ടി ഗൂഗിളിനേയും മനുഷ്യരേയും വഞ്ചിക്കുക! ദൈവത്തിന്റെ പ്രപഞ്ചസൃഷ്ടിയേക്കാൾ എന്തായാലും പ്രയാസമേറിയ പണിയാണതു്. ഗൂഗിൾ രംഗപ്രവേശം ചെയ്തിട്ടില്ലാതിരുന്ന പുരാതന കാലങ്ങളിൽ മനുഷ്യർ മറ്റു് മനുഷ്യരെ ദ്രോഹിക്കാനായി കിലോമീറ്റർ ദൂരം കാൽനടയായി പോകുമായിരുന്നു! പത്തു് തലമുറ മുൻപു് ജീവിച്ചിരുന്ന ഏതെങ്കിലും ഒരു അമ്മായിക്കോ അമ്മാവനോ പുഴുക്കടി ഉണ്ടായിരുന്നു എന്ന ബോംബുമായി മടങ്ങിവന്നു് തന്റെ ശത്രുവിനെ നിലംപരിശാക്കാനാണു് കാൽനടയായുള്ള ഈ തീർത്ഥയാത്ര! തീർച്ചയായും മനുഷ്യൻ ദൈവസ്വരൂപിതന്നെ!

(തുടരും)