സഭയും ജനാധിപത്യവുംഎന്ന എന്റെ കഴിഞ്ഞ പോസ്റ്റില്‍ t.k. formerly known as തൊമ്മന്‍എഴുതിയ ഒരു കമന്റിനുള്ള മറുപടിയാണിതു്. എഴുതിവന്നപ്പോള്‍ ഇത്തിരി ദീര്‍ഘിച്ചു. അതുകൊണ്ടു് ഒരു പോസ്റ്റ് ആക്കുന്നു.

t.k. formerly known as തൊമ്മന്‍ എഴുതിയ കമന്റ്:

ലോകത്ത് എവിടെയെങ്കിലും സഭയ്ക്ക് അത്മായരുടെ മേല്‍ എന്തെങ്കിലും അധികാരമുണ്ടെന്ന് തോന്നുന്നില്ല. പ്രത്യേകിച്ച് ജനാധിപത്യരാജ്യങ്ങളില്‍. അതുകൊണ്ട് സഭ പുരോഗതിക്ക് തടസമാണ് എന്ന് പറയുന്നതില്‍ വലിയ അര്‍ഥം ഇക്കാലത്ത് ഉണ്ടെന്ന് തോന്നുന്നില്ല. മറിച്ച്, വികസിതരാജ്യങ്ങളിലടക്കം, മതേതര വിദ്യാഭ്യാസ/സാമൂഹികസേവന പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയക്കാരുടെ പിടിപ്പുകേടുകൊണ്ട് തകര്‍ന്നടിയുമ്പോള്‍ സാധാരണക്കാരന് അത്താണിയാകുന്നത് സഭയുമായി ബന്ധപ്പെട്ട, ജസ്യൂട്ടുകള്‍ പോലെയുള്ളവര്‍ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളും സോഷ്യല്‍ സര്‍വീസ് സംഘടനകളുമാണ്. അവര്‍ക്ക് ചൂഷണവും മതപരിവര്‍ത്തനവുമൊക്കെയാണ് പ്രധാനലക്ഷ്യങ്ങള്‍ എന്ന് പറഞ്ഞാല്‍ അത് സത്യത്തിനെതിരെ പുറം തിരിഞ്ഞുനില്‍ക്കലാവും.”

t.k.,

ലോകത്ത് എവിടെയെങ്കിലും സഭക്കു് അത്മായരുടെ മേല്‍ എന്തെങ്കിലും അധികാരമുണ്ടെന്ന് തോന്നുന്നില്ല എന്നതു് ശരിയല്ല. ആയിരുന്നെങ്കില്‍ സഭ പണ്ടേ നിലം പൊത്തിയേനെ. അനുയായികളുടെ മേല്‍ സ്വാധീനമില്ലാത്ത ഒരു സ്ഥാപനത്തിനും അധികനാള്‍ നിലനില്‍ക്കാനാവില്ല. സമൂഹത്തിന്റെ പുരോഗതിക്ക് തടസ്സമാവാന്‍ സഭക്കു് ഇക്കാലത്ത് കഴിയുന്നില്ലെങ്കില്‍ അതിനു് കാരണം സഭയുടെ സാത്വികതയുടെ മേന്മയല്ല, സാത്വികത എന്നതു് മതവിശ്വാസവുമായി യാതൊരു ബന്ധവുമില്ലാത്ത ഒന്നാണെന്നു് തിരിച്ചറിയാന്‍ കഴിയുന്ന ശ്രദ്ധേയമായ ഒരു ബൌദ്ധികന്യൂനപക്ഷം മനുഷ്യരുടെ ചിന്തകളെ രൂപപ്പെടുത്തി മുന്നോട്ടു് നയിക്കുന്ന ഒരു locomotive എന്നപോലെ ഇന്നു് ലോകത്തില്‍ നിലവിലുണ്ടു് എന്നതാണു്. ലോകത്തിന്റെ പൂര്‍ണ്ണനിയന്ത്രണം സഭയെ (മതങ്ങളെ) ഏല്പിച്ചാല്‍ ഇന്നും പഴയ യൂറോപ്പിനെ‍ നൂറ്റാണ്ടുകളോളം മൂടിയിരുന്ന സ്വേച്ഛാധിപത്യവും അന്ധകാരയുഗവുമാവും ഫലം. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. സഭക്കു് അത്മായരുടെ മേല്‍ അധികാരവും സ്വാധീനവും കുറഞ്ഞ സമൂഹങ്ങള്‍ തീര്‍ച്ചയായും ലോകത്തില്‍ ഉണ്ടു്. അതു് ആ സമൂഹങ്ങളിലെ മനുഷ്യരുടെ മാനസികവളര്‍ച്ചയുടെയും സഭയുടെ ജീര്‍ണ്ണതയുടെയും മാനദണ്ഡമാണു്, അല്ലാതെ ഒരു കാരണവശാലും സഭയുടെ മേന്മയല്ല.

മത്സ്യവും മാംസവും, പച്ചക്കറിയും പലചരക്കും വില്‍ക്കുന്നതും സേവനപ്രവര്‍ത്തനങ്ങളാണു്. അതും കച്ചവടമാണു്, സമൂഹത്തിന്റെ നിലനില്പിനു് അവ ആവശ്യവുമാണു്. വില്‍ക്കുന്നവര്‍‍ വാങ്ങുന്നവരെ തൃപ്തിപ്പെടുത്തി ഉപജീവനമാര്‍ഗ്ഗം തേടുകയാണു് അതുവഴി ചെയ്യുന്നതു്. ഇതില്‍ ഒരു വിഭാഗം (സാധാരണഗതിയില്‍ സേവനം നല്‍കുന്നവര്‍!) ഈ കച്ചവടം വഴി ആനുപാതികമല്ലാത്ത തോതില്‍ സാമൂഹികസമ്പത്തു് സ്വായത്തമാക്കുമ്പോഴാണു് കച്ചവടം സമൂഹദ്രോഹമാവുന്നതു്. വിദ്യാഭ്യാസവും തത്വത്തില്‍ ഒരുതരം കൊടുക്കല്‍-‍വാങ്ങലാണു്. സഭയുടെ വിദ്യാഭ്യാസനയത്തിലെ ഈ സാമ്പത്തികമായ ചൂഷണസ്വഭാവമാണു് ഇവിടെ പരാമര്‍ശിക്കപ്പെട്ടതു്.

missionary എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ മതപ്രചാരകന്‍, സുവിശേഷഘോഷകന്‍ എന്നൊക്കെയല്ലേ? ഒരു മിഷനറിയും, ഒരു ജെസ്യൂട്ടും നടത്തുന്നതു് നിസ്വാര്‍ത്ഥമായ സേവനമല്ല. മനുഷ്യന്റെ ഒരു പ്രവര്‍ത്തിയും നിസ്വാര്‍ത്ഥമല്ല. മിഷനറിയുടേതു് ഒരിക്കലുമല്ല. യഥാര്‍ത്ഥ മനുഷ്യകാരുണ്യപ്രവര്‍ത്തികള്‍ക്കു്‍ മതമോ ജാതിയോ ഉണ്ടാവേണ്ട കാര്യമില്ല. മനുഷ്യനെ വിദ്യാഭ്യാസപരമായോ അല്ലാതെയോ സഹായിക്കാന്‍ അവനെ മതം മാറ്റണമെന്നുണ്ടോ? ലോകത്തിലെ മനുഷ്യരെ മുഴുവന്‍ ക്രിസ്ത്യാനികളാക്കുകയാണു് മിഷനറിമാരുടെ ആത്യന്തികലക്ഷ്യം എന്ന വസ്തുത കാണാന്‍ കഴിയാത്തവര്‍ ചിന്തിക്കുന്നതു് തികച്ചും പക്ഷപാതപരമായാണു്. ചെയ്യുന്ന ജോലിക്കു് പ്രതിഫലം ലഭിക്കുന്നില്ലെങ്കില്‍ ഒരു മിഷനറിയും ആ പണിക്കു് പോവില്ല. ചെയ്യുന്ന തൊഴില്‍ പട്ടിണി ഇല്ലാതെ ജീവിക്കാന്‍ എങ്കിലുമുള്ള വക നല്‍കണമല്ലോ. അമേരിക്കയിലോ യൂറോപ്പിലോ ഇരുന്നുകൊണ്ടു് പണം മുടക്കി മിഷന്‍ പ്രവര്‍ത്തനത്തിന്റെ ചരടുവലിക്കുന്നവര്‍ വിഡ്ഢികളാണു് എന്നു് കരുതാന്‍ വിഡ്ഢികള്‍‍ക്കേ കഴിയൂ. കുറെ കൂലിപ്രസംഗകരെ വിലക്കു് വാങ്ങുകയാണു് അവര്‍ ചെയ്യുന്നതു്. ദൈവത്തിനുവേണ്ടി എന്തോ ചെയ്യുന്നു എന്ന വിശ്വാസം നല്‍കുന്ന ആത്മസംതൃപ്തി മിഷനറിമാര്‍ക്കു് സ്വാഭാവികമായും ഒരു പ്രേരകം ആവുന്നുണ്ടു്. ഒരു സര്‍വ്വശക്തനു് ഏതെങ്കിലും മിഷനറിയുടെ സഹായം ആവശ്യമില്ല എന്നു് ചിന്തിക്കാനുള്ള ശേഷി ഇക്കൂട്ടര്‍ക്കില്ലാത്തതാണു് അവരുടെ ഈ നിഗൂഢസംതൃപ്തിക്കു് അടിസ്ഥാനം‍ എന്നു് മാത്രം.

മതങ്ങളില്‍ എന്നപോലെതന്നെ രാഷ്ട്രീയത്തിലും കള്ളനാണയങ്ങള്‍ ഉണ്ടു്. മനുഷ്യര്‍ ഉള്ളിടത്തോളം മനുഷ്യരില്‍ നല്ലവരും ദുഷിച്ചവരും ഉണ്ടാവുകയും ചെയ്യും. അതുകൊണ്ടാണു് സമൂഹത്തിനു് നിയമങ്ങളും നിയന്ത്രണങ്ങളും ആവശ്യമായിവരുന്നതും നിര്‍മ്മിക്കേണ്ടിവരുന്നതും. മനുഷ്യര്‍ നല്ലവരായി ജീവിക്കാന്‍ ദൈവവും കുറെ മതങ്ങളും മാത്രം മതിയായിരുന്നെങ്കില്‍ അതിനു് എത്രയോ ആയിരം വര്‍ഷങ്ങളുടെ സമയം ആവശ്യമില്ലായിരുന്നു. സ്വേച്ഛാധിപതികളായ മതാധികാരികള്‍ നിര്‍മ്മിച്ച നിയമങ്ങള്‍ എല്ലാം അവരുടെ സ്വന്തം സംരക്ഷണം ലക്ഷ്യമാക്കുന്നവയായിരുന്നു. ജനാധിപത്യത്തിന്റെ ആവിര്‍ഭാവത്തിലൂടെയാണു് ജനങ്ങളുടെ പൊതുനന്മ ലക്ഷ്യമാക്കിയുള്ള നിയമങ്ങള്‍ രൂപമെടുക്കാന്‍ തുടങ്ങിയതു്. എങ്കില്‍ത്തന്നെയും ബൌദ്ധികവും സാംസ്കാരികവുമായി പിന്നാക്കം നില്‍ക്കുന്ന സമൂഹങ്ങളില്‍ നിയമാനുസൃതമായി നീതി നടത്താന്‍ ചുമതലപ്പെട്ടവര്‍ നിയമം കയ്യിലെടുത്തു് ജനദ്രോഹികളായി മാറുമെന്നതിനു് തെളിവുകള്‍ ധാരാളം. രാഷ്ട്രീയക്കാര്‍ പിടിപ്പുകെട്ടവരാവുന്നതിന്റെ ഉത്തരവാദിത്തം ജനങ്ങള്‍ക്കാണു്, മറ്റാര്‍ക്കുമല്ല. ജനങ്ങള്‍ക്കു് ആ രാഷ്ട്രീയനേതാക്കളെ മതിയെങ്കില്‍? അവര്‍ക്കു് അവരെ പുറകോട്ടു് നയിക്കുന്ന ആത്മീയനേതാക്കളെ മതിയെങ്കില്‍? കള്ളനാണയങ്ങളെ തിരിച്ചറിയാന്‍ അവര്‍ക്കു് കഴിവില്ലെങ്കില്‍? (കഴിഞ്ഞദിവസം പയസ് സാഹോദര്യത്തില്‍ പെട്ട ഒരു പിതാവിനോടു് ജനങ്ങളെ നൂറു് വര്‍ഷം പിന്നോട്ടു് നയിക്കാനാണോ താങ്കള്‍ ശ്രമിക്കുന്നതു് എന്ന ചോദ്യത്തിനു് അല്ല, രണ്ടായിരം വര്‍ഷം പുറകോട്ടു് നയിക്കാനാണു് എന്നു് ആ യോഗ്യന്‍ ലജ്ജയില്ലാതെ മറുപടി പറഞ്ഞതു് ഞാന്‍ കേട്ടതാണു്! അതാണു് ചില ആത്മീയനേതാക്കളുടെ ദൃഷ്ടിയില്‍ പുരോഗതി എന്നതിന്റെ അര്‍ത്ഥം!) പോരാത്തതിനു് രാഷ്ട്രീയക്കാര്‍ പിടിപ്പില്ലാത്തവരും അഴിമതിക്കാരുമായതിനാല്‍ കത്തോലിക്കാസഭയും അങ്ങനെതന്നെ ആവണം എന്നാണോ ഉദ്ദേശിക്കുന്നതു്? ഒരു തെറ്റു് മറ്റൊരു തെറ്റിനെ നീതീകരിക്കണമെന്നാണോ? ഇത്തരം ഒരു നശിച്ച പ്രവണത എന്തുകൊണ്ടു് കേരളസമൂഹത്തില്‍ ഇത്ര ആഴത്തില്‍ വേരുപിടിച്ചിരിക്കുന്നു എന്നെനിക്കു് മനസ്സിലാവുന്നില്ല. അതുവഴി തെറ്റു് ചെയ്യാന്‍ പൊതുവേ മനുഷ്യര്‍ക്കുള്ള മടി ഇല്ലാതാവുകയല്ലേ ചെയ്യുന്നതു്? ഒരു പാര്‍ട്ടി തെറ്റുചെയ്താലുടനെ മറ്റൊരു പാര്‍ട്ടി ചെയ്ത തെറ്റു് ചൂണ്ടിക്കാട്ടി നീതീകരിക്കുക! ഒരു മതം തെറ്റുചെയ്താല്‍ കയ്യോടെ മറ്റേതെങ്കിലും‍ ഒരു മതത്തിന്റെ തെറ്റുകളിലേക്കു് വിരല്‍ ചൂണ്ടി തടിതപ്പാന്‍ ശ്രമിക്കുക! ഏതു് തെറ്റും അതു് ആരു് ചെയ്താലും തെറ്റായി കാണാന്‍ എന്തുകൊണ്ടു് നമുക്കു് കഴിയുന്നില്ല?

സത്യത്തിനെതിരെ പുറം തിരിഞ്ഞുനില്‍ക്കല്‍ എന്നൊക്കെ പറഞ്ഞാല്‍ ഏറെ പറയേണ്ടിവരും. ഇന്നോളം ഈ ലോകത്തില്‍ രൂപംകൊണ്ട ഒരു മതത്തിനും ഏതെങ്കിലും ഒരു സത്യത്തെ പ്രതിനിധീകരിക്കുന്നു എന്നു് അവകാശപ്പെടാനാവില്ല. കാരണം, ലോകത്തിലെ ഒരു മതവും പണിതുയര്‍ത്തപ്പെട്ടിരിക്കുന്നതു് സത്യത്തിന്റെ അടിത്തറയിലല്ല, ചില തെറ്റായ നിഗമനങ്ങളുടെ, ചില മിഥ്യാസങ്കല്പങ്ങളുടെ, ചില കെട്ടുകഥകളുടെ, അതിലേറെ പച്ചനുണകളുടെ അടിത്തറയിലാണു്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു മതത്തെ കുറ്റം വിധിക്കാന്‍ ഏറ്റവും കുറഞ്ഞ അവകാശമുള്ളതു് മറ്റൊരു മതത്തില്‍ വിശ്വസിക്കുന്നവനാണു്. ഒരു മുസ്ലീമിനു് അള്ളാവില്‍ വിശ്വസിക്കാന്‍ അവകാശമുണ്ടെങ്കില്‍ ഏറ്റവും ചുരുങ്ങിയതു് അത്രയും തന്നെ അവകാശം ഒരു യഹൂദനു് യഹോവയില്‍ വിശ്വസിക്കുന്നതിനും, ഒരു ക്രിസ്ത്യാനിക്കു് യഹോവയുടെ ഏകജാതന്‍ എന്നു് വിശ്വസിക്കപ്പെടുന്ന യേശുവില്‍ വിശ്വസിക്കുന്നതിനും, ഒരു ഹിന്ദുവിനു് ബ്രഹ്മാവിലോ വിഷ്ണുവിലോ മഹേശ്വരനിലോ മറ്റേതെങ്കിലും ഹൈന്ദവദൈവത്വങ്ങളിലോ വിശ്വസിക്കുന്നതിനും,ബുദ്ധമതസ്ഥനും ജൈനനുമൊക്കെ അവരുടെ മതങ്ങളില്‍ വിശ്വസിക്കുന്നതിനുമുള്ള അവകാശമുണ്ടു്. ഒരു മതത്തിലെ വിശ്വാസം ശരിയെങ്കില്‍ മറ്റെല്ലാ മതങ്ങളിലേയും വിശ്വാസവും ശരിയാവണം. ഒന്നു് തെറ്റെങ്കില്‍ മറ്റൊക്കെയും തെറ്റുതന്നെ!

മതങ്ങളിലെ സത്യത്തിന്റെ അവസ്ഥ എത്ര ദയനീയം എന്നു് മനസ്സിലാക്കാന്‍ ഏതെങ്കിലും ഒരു മതത്തിന്റെ അടിത്തറ പരിശോധിച്ചാല്‍ മതി. ഉദാഹരണത്തിനു്, ക്രിസ്തുമതത്തിന്റെ അടിത്തറയെ താങ്ങിനിര്‍ത്തുന്ന തൂണുകളില്‍ പ്രധാനമായ ചിലതു്‍: കന്യകയായിരുന്ന ഒരു സ്ത്രീ പുരുഷബന്ധമില്ലാതെ യഹോവ എന്ന ദൈവത്തില്‍ നിന്നും ഗര്‍ഭം ധരിച്ചു് യേശു എന്ന ക്രിസ്തുവിനെ പ്രസവിച്ചു. അവന്‍ പീഡനങ്ങളേറ്റു് കുരിശില്‍ മരിച്ചു് കബറടക്കപ്പെട്ടെങ്കിലും മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു് സ്വര്‍ഗ്ഗത്തിലേക്കു് കരേറി! ഒരു ക്രിസ്ത്യാനി ഇക്കാര്യങ്ങള്‍ യാതൊരു മറുചോദ്യവുമില്ലാതെ അംഗീകരിക്കാനും വിശ്വസിക്കാനും‍ ബാദ്ധ്യസ്ഥനാണു്. അല്ലാത്തപക്ഷം അവന്‍ ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയല്ല. ഇനി, ഇപ്പറഞ്ഞ അടിസ്ഥാന നിഗമനങ്ങള്‍ നിഷ്പക്ഷമായ ഒരു കാഴ്ചപ്പാടില്‍ നിന്നു് നോക്കിയാല്‍ വിലപ്പോവുന്നതാണോ? അല്ല എന്നതാണു് സത്യം. ക്രിസ്തുമതവിശ്വാസി അല്ലാത്ത ഒരുവന്‍ ഇതൊന്നും വിശ്വസിക്കുന്നില്ല എന്നോര്‍ക്കുക. ഈ വിശ്വാസങ്ങളെ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ തെറ്റെന്നു് വിധിയെഴുതുവാന്‍ അവനു് കഴിയുകയും ചെയ്യും.

വ്യക്തിപരമായി പറഞ്ഞാല്‍, മുകളില്‍‍ സൂചിപ്പിച്ച ക്രിസ്തുമതത്തിന്റെ അടിസ്ഥാനനിഗമനങ്ങള്‍ പൂര്‍ണ്ണമായി നിഷേധിക്കുവാന്‍ എനിക്കു് രണ്ടാമതൊരാലോചനയുടെ ആവശ്യമില്ല. പുരുഷബന്ധമില്ലാതെ ഒരു സ്ത്രീ ഗര്‍ഭം ധരിക്കുകയില്ല. മരിച്ചടക്കപ്പെട്ട ഒരു മനുഷ്യന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയില്ല. പച്ചയായ ഒരു മനുഷ്യനു് ഭൂമിയുടെ ആകര്‍ഷണശക്തി ഭേദിച്ചു്, ശൂന്യാകാശവും കടന്നു് ഏതോ ഒരു സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരാനാവില്ല. ഉയിര്‍ത്തെഴുന്നേറ്റശേഷം യേശു ശിഷ്യന്മാരില്‍ നിന്നും തേനും മീനും വാങ്ങി സാധാരണ മനുഷ്യരെപ്പോലെ ഭക്ഷിച്ചു എന്നു് ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ ഉയിര്‍പ്പുവഴി ഒരു അഭൌമശരീരം അവനു് ലഭിച്ചു എന്നു് വിശ്വസിക്കാനാവില്ല. (ദൈവത്തിനു് എല്ലാം സാദ്ധ്യമാണെന്നു് അറിയാം, അതെന്നോടു് പ്രത്യേകം പറയേണ്ട കാര്യമില്ല!) ഇതിനെല്ലാമുപരി, ലോകത്തെ പാപത്തില്‍ നിന്നും മോചിപ്പിക്കണമെന്നു് സര്‍വ്വശക്തനായ ഒരു ദൈവത്തിനു് യഥാര്‍ത്ഥത്തില്‍ ആഗ്രഹമുണ്ടായിരുന്നെങ്കില്‍ അതിനായി താന്‍ നേരിട്ടു് ജന്മം നല്‍കിയ ഏകമകനെ പീഡനവും കഷ്ടതയും സഹിച്ചു് കുരിശില്‍ തറപ്പിച്ചു് കൊല്ലിപ്പിക്കേണ്ടതോ, ഉയിര്‍ത്തെഴുന്നേല്‍പിക്കേണ്ടതോ ആയ ഒരു കാര്യവുമില്ല. ദൈവം ഒരു sadist ആണെങ്കില്‍ മാത്രമേ അത്തരം ഒരു നടപടിക്കു് സാമാന്യബോധത്തിനു് നിരക്കുന്ന ഒരു വിശദീകരണം നല്‍കാനാവൂ. മുഴുവന്‍ പ്രപഞ്ചവും ആകാശവും ഭൂമിയും സൂര്യനും ചന്ദ്രനും സകലമാന ജീവജാലങ്ങളും ആറു് ദിവസങ്ങള്‍കൊണ്ടു് പുഷ്പം‌പോലെ സൃഷ്ടിക്കാന്‍ കഴിഞ്ഞ ഒരു ദൈവത്തിന്റെ തലയില്‍‍ അതുപോലൊരു ക്രൂരകര്‍മ്മത്തിന്റെ ചുമതല കെട്ടിവക്കുന്നതാണു് സത്യത്തില്‍ ദൈവനിന്ദ!

ഇനി, ഈ പെടാപ്പാടുകള്‍ക്കെല്ലാം ശേഷം ദൈവം ആഗ്രഹിച്ചു എന്നു് പറയുന്നപോലെ യേശുവിന്റെ കുരിശുമരണവും ഉയിര്‍ത്തെഴുന്നേല്‍പ്പും വഴി ലോകം രക്ഷിക്കപ്പെട്ടിരുന്നെങ്കില്‍ ഈ കഥകളെ ഏറിയോ കുറഞ്ഞോ ഒരുപക്ഷേ വിശ്വസിക്കാമായിരുന്നു. നല്ലവരെ വീണ്ടെടുക്കാനും കൊള്ളരുതാത്ത പേട്ടുകളെ തള്ളിക്കളയാനുമായി (എല്ലാമനുഷ്യരും ഒരേ ദൈവത്തിന്റെ സൃഷ്ടിതന്നെയാണുതാനും!) താന്‍ വീണ്ടും വരുമെന്നും, തന്റെ ആ രണ്ടാമത്തെ വരവു് കാണുന്നതുവരെ ഈ നില്‍ക്കുന്ന മനുഷ്യരില്‍ ചിലര്‍ മരണം കാണുകയില്ല എന്നും ചുറ്റും നില്‍ക്കുന്നവരോടു് വ്യക്തമായി വാഗ്ദാനം ചെയ്തിട്ടാണു് യേശു പോയതു് എന്നും കൂടി ഇതിനോടു് കൂട്ടിച്ചേര്‍ത്തു് വായിക്കുക. യേശു ഉദ്ദേശിച്ചതു് അങ്ങനെയല്ല ഇങ്ങനെ ആയിരുന്നു എന്നൊക്കെ വ്യാഖ്യാനിക്കുന്ന ദൈവജ്ഞാനികള്‍ തീര്‍ച്ചയായും ഉണ്ടു്. അതൊക്കെ പള്ളിയില്‍ പറഞ്ഞാല്‍ മതി എന്നേ എനിക്കു് പറയാനുള്ളു. എന്നോടു് പറയേണ്ട കാര്യങ്ങള്‍ എനിക്കു് മന‍സ്സിലാവുന്ന ഭാഷയില്‍ പറയാന്‍ പോലുമറിയാത്ത ഒരു ദൈവത്തെ എനിക്കാവശ്യമില്ല. ദൈവം പറഞ്ഞതിന്റെ അര്‍ത്ഥം എന്താണെന്നറിയാന്‍ ഏതെങ്കിലും കുറിഞ്ഞിക്കാട്ടില്‍ കുര്യാക്കോസ് കത്തനാരെയോ മറ്റേതെങ്കിലും കോര്‍ എപ്പിസ്ക്കോപ്പാമാരേയോ തേടിപ്പോകാന്‍ എനിക്കു് മനസ്സില്ല. എനിക്കു് വേണ്ടതു് തന്നെത്താന്‍ തിരഞ്ഞെടുക്കാന്‍ മാത്രമുള്ള സാമാന്യബോധം എനിക്കുണ്ടു്. ആടു് എന്നു് കേള്‍ക്കുമ്പോള്‍ മാടു് എന്നാണു് മനസ്സിലാക്കേണ്ടതെന്നു് പഠിപ്പിക്കുന്ന യുക്തി എനിക്കു് വേണ്ട എന്നു് ചുരുക്കം. അപ്പോള്‍ പറഞ്ഞുവന്നതു്: ഇങ്ങനെയൊക്കെയാണു് മതവിശ്വാസികള്‍ ചുമന്നുകൊണ്ടുനടക്കുന്ന നിത്യസത്യങ്ങള്‍! അവര്‍ അതുവഴി ആനന്ദപുളകിതഗാത്രരാവുന്നുവെങ്കില്‍ ഇനിയും ചുമക്കട്ടെ എന്നേ എനിക്കു് പറയാനുള്ളു.

എന്റെ ഈ നിലപാടുകളെ വിശ്വാസികള്‍ ഒരിക്കലും അംഗീകരിക്കുകയില്ല എന്നു് അറിഞ്ഞുകൊണ്ടുതന്നെയാണു് ഞാനിതു് പറയുന്നതു്. അവര്‍ ഇതു് അംഗീകരിക്കണം എന്ന ഒരു നിര്‍ബന്ധവും എനിക്കില്ലതാനും. ഒരു മതവിശ്വാസിക്കു് ജീവിതത്തിന്റെ ലക്ഷ്യം തന്നെ അവന്റെ ദൈവവും മതവുമാണു്. അവനെ സംബന്ധിച്ചു് വിശ്വാസവുമായുള്ള അവന്റെ ബന്ധം ഒരു തള്ള‍ക്കു് അതിന്റെ കുഞ്ഞിനോടു് എന്നപോലുള്ളതാണു്. കാക്കയ്ക്കും തന്‍‌കുഞ്ഞു് പൊന്‍‌കുഞ്ഞു് എന്നാണല്ലോ! ചില മനുഷ്യത്തള്ളമാര്‍ സമൂഹത്തില്‍ അവരുടെ മുഖം രക്ഷിക്കാനായി കുഞ്ഞുങ്ങളെ കൊന്നു് കുപ്പത്തൊട്ടിയില്‍ എറിയാറുണ്ടു് എന്നതു് മറക്കുന്നില്ല. മതങ്ങള്‍ അടക്കമുള്ള സാമൂഹികസ്ഥാപനങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍‍പിക്കുന്ന കപടസദാചാരബോധമാണു് ഇവിടെയും അമ്മമാരെപ്പോലും പ്രകൃതിവിരുദ്ധമായ പ്രവര്‍ത്തികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതു്! പിടിക്കപ്പെട്ടില്ലെങ്കില്‍ അവരില്‍ പലരും ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടില്‍ അടുത്ത ഞായറാഴ്ച പള്ളിയിലോ അമ്പലത്തിലോ മെഴുകുതിരിയുമായി ഹാജരുണ്ടാവും താനും! സമൂഹത്തിലെ തന്റെ വില നഷ്ടപ്പെടാതിരിക്കാനും സമുദായത്തില്‍ മറ്റുള്ളവര്‍ക്കൊപ്പം തലയുയര്‍ത്തി നില്‍ക്കാനുമൊക്കെ കഴിയാതെ വന്നാലോ എന്ന ഭയമല്ലേ പലരെയും ഇത്തരം ക്രൂരകൃത്യങ്ങള്‍ക്കു് പ്രേരിപ്പിക്കുന്നതു്? ജന്മം നല്‍കിയ സ്വന്തം കുഞ്ഞിനെ കൊന്നിട്ടായാലും സംരക്ഷിക്കേണ്ട സദാചാരം! അതൊരു വല്ലാതെ നാറുന്ന സദാചാരം തന്നെ! ഈ കപടസദാചാരത്തിന്റെ കാവല്‍മാലാഖകളായി കുരിശും ഗദയും കൊടുവാളും അവയോടൊപ്പം ദൈവനാമവും ഉയര്‍ത്തിപ്പിടിച്ചു് റോന്തുചുറ്റി സ്വന്തകാപട്യങ്ങള്‍ തന്മയത്വമായി മറച്ചുപിടിക്കുന്ന സാമുദായികാചാര്യന്മാര്‍! സാമൂഹികനേതാക്കള്‍! തൊട്ടാല്‍ പൊട്ടുന്ന നികൃഷ്ടനീതിശാസ്ത്രങ്ങളുടെ സോപ്പുകുമിളകള്‍ സംരക്ഷിക്കപ്പെടണമല്ലോ!

മതവിശ്വാസത്തിലെ യുക്തിഹീനതകള്‍ മനസ്സിലാവണമെങ്കില്‍ ശാസ്ത്രീയമായി ചിന്തിക്കുവാന്‍ മനുഷ്യനു് കഴിയണം. ശാസ്ത്രീയചിന്ത എന്നതുകൊണ്ടു് ഇവിടെ ഉദ്ദേശിക്കുന്നതു് ഏതെങ്കിലുമൊരു ശാസ്ത്രത്തിലോ എഞ്ചിനിയറിംഗിലോ നേടിയ ഒന്നോ അതിലധികമോ ബിരുദങ്ങളല്ല. ചില പ്രത്യേക സാങ്കേതികനടപടിക്രമങ്ങള്‍ കൃത്യമായി ചെയ്യുന്നതിനുള്ള കഴിവിന്റെ തെളിവാണു് തീര്‍ച്ചയായും‍ അത്തരം യോഗ്യതകള്‍. പക്ഷേ വിശ്വാസത്തിലെ പൊള്ളത്തരങ്ങള്‍ മന‍സ്സിലാവണമെങ്കില്‍‍ ശാസ്ത്രജ്ഞാനം വഴി സ്വതന്ത്രമാക്കപ്പെട്ട മനസ്സും, കഴിവതും നിഷ്പക്ഷമായി ചിന്തിക്കുന്നതിനുള്ള ശേഷിയും, വിവിധ വൈജ്ഞാനികശാഖകളിലെ നവീനമായ അറിവുകള്‍ ഉള്‍ക്കൊള്ളാനുള്ള സന്നദ്ധതയും, എല്ലാറ്റിലുമുപരി, അറിവു് നേടുന്നതിനായുള്ള കഠിനാദ്ധ്വാനവും അത്യന്താപേക്ഷിതമാണു്.

ക്രിസ്തുമതത്തിന്റെ ചില അടിസ്ഥാനനിഗമനങ്ങളായി ഞാന്‍ മുകളില്‍ സൂചിപ്പിച്ച വസ്തുതകള്‍ കണ്ണടച്ചു് അംഗീകരിക്കാന്‍ കഴിയുന്ന ഒരാള്‍ ശാസ്ത്രീയമായി ചിന്തിക്കാന്‍ കഴിയുന്നവനാവില്ല. ഇത്രയും എവിഡെന്റ് ആയ കാര്യങ്ങള്‍ പോലും തിരിച്ചറിയാന്‍ കഴിയാത്തവര്‍ വിശ്വാസികള്‍ ആയിരിക്കുന്നതാണു് എന്തുകൊണ്ടും നല്ലതെന്നും തോന്നുന്നു. കുര്‍ബ്ബാനക്രമവുമായി ഞായറാഴ്ചകളിലും കടമുള്ള മറ്റു് ദിവസങ്ങളിലും പതിവുതെറ്റാതെ പള്ളിയില്‍ പോവുകയും, ചെറുപ്പം മുതല്‍ പാടിയും പറഞ്ഞും പതിഞ്ഞ ഏതാനും ശീലുകള്‍ ആവര്‍ത്തിക്കുകയും, ഇതുവരെ സംഭവിച്ചതും ഇനി സംഭവിക്കാനിരിക്കുന്നതുമായവയെ സംബന്ധിച്ചു് ദൈവം ഏതോ മലയില്‍ വച്ചു് ആരോടോ പരമരഹസ്യമായി പറഞ്ഞറിയിച്ചതായി പാതിരി പറയുന്ന കാര്യങ്ങള്‍ കണ്ണുമടച്ചു് വിശ്വസിച്ചു് ആമേന്‍ ചൊല്ലുകയും, യഹോവ എന്ന ദൈവത്തിനു് മദ്ധ്യപൂര്‍വ്വദേശങ്ങളിലെ മരുഭൂമികളില്‍‍ ഒറ്റപ്പെട്ട മനുഷ്യരോടുള്ള പ്രത്യേകസ്നേഹവായ്പില്‍ അത്ഭുതപ്പെടുകയും അന്തം വിടുകയും ചെയ്യുന്നതല്ലേ യുക്തിസഹമായ മറുപടികള്‍ തേടി തലപുണ്ണാക്കുന്നതിലും‍ എളുപ്പം? സ്വതന്ത്രചിന്ത എന്നതു് കുറുക്കുവഴികളിലൂടെ നേടാന്‍ കഴിയുന്നതല്ല എന്നു് സാരം. ഏതെങ്കിലും മതഗ്രന്ഥത്തിലെ നാലു് സൂക്തങ്ങള്‍ കാണാതെ പഠിക്കുന്നതല്ല ചിന്തയുടെ ലോകം.

ഒരു വിശ്വാസിയും യുക്തിബോധത്തോടെ ചിന്തിക്കുന്ന ഒരു അവിശ്വാസിയും തമ്മില്‍ ഒരു ചര്‍ച്ച സാദ്ധ്യമാവാത്തതിന്റെ കാരണം അവര്‍ക്കു് പൊതുവായ ഒരു ഭാഷ ഇല്ല എന്നതാണു്. സര്‍വ്വജ്ഞാനിയായ ഒരു ദൈവത്തിന്റെ സ്വന്തക്കാരനു് അവന്റെ ദൈവം വിമര്‍ശിക്കപ്പെടുമ്പോള്‍ കലിയിളകി തുള്ളേണ്ടിവരുന്നതു് വിമര്‍ശനത്തിന്റെ ഭാഷയും ലോജിക്കും മനസ്സിലാക്കി വസ്തുനിഷ്ഠമായി അതിനെതിരായ വാദമുഖങ്ങള്‍ നിരത്താനുള്ള അവന്റെ കഴിവുകേടു് മൂലമാണു്. അതേസമയം തന്റെ കഴിവുകേടു് സമ്മതിക്കുകയെന്നാല്‍ അതു് തന്റെ ദൈവത്തിന്റെ തന്നെ കഴിവില്ലായ്മയെ അംഗീകരിക്കുന്നതിനു് തുല്യവും! പല ചര്‍ച്ചകളിലും വിശ്വാസികള്‍ മുന്നോട്ടു് വയ്ക്കുന്ന വാദമുഖങ്ങളിലെ വ്യക്തമായ യുക്തിഹീനത എന്തുകൊണ്ടു് അവര്‍ക്കു് സ്വയം മനസ്സിലാവുന്നില്ല എന്നു് ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ടു്. അവരൊഴികെ മറ്റു് പലര്‍ക്കും അതിലെ വൈരുദ്ധ്യങ്ങള്‍ മനസ്സിലാവുന്നുണ്ടെന്നതിനു് അവിടെ കമന്റുന്നവര്‍‍ സാക്ഷ്യം വഹിക്കുന്നുമുണ്ടു്. അതുപോലുള്ള ചര്‍ച്ചകള്‍ കൊണ്ടു് ആര്‍ക്കു് എന്തു് പ്രയോജനം? വിശ്വാസിക്കു് മരണശേഷം സ്വര്‍ഗ്ഗത്തില്‍ തുടര്‍ന്നു് ജീവിക്കാം. അല്ലാത്തവര്‍ക്കു് ഈ ഭൂമിയിലെ ഒരു ജീവിതമേ ഉള്ളു. അതു് സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്രാമദ്ധ്യേ ഇവിടെ തത്കാലം വിശ്രമിക്കുന്നവരുമായി അണ്ടിയോ മാവോ മൂത്തതു് എന്നു് തര്‍ക്കിച്ചു് നശിപ്പിക്കാനുള്ളതല്ല. അതുകൊണ്ടു് വിശ്വാസിക്കു് അവന്റെ വഴി, അവിശ്വാസിക്കു് അവന്റെ വഴി എന്ന നിലപാടാണു് എങ്ങുമെത്താത്ത ചര്‍ച്ചകളിലൂടെ വിലയേറിയ സമയം നഷ്ടപ്പെടുത്തുന്നതിനേക്കാള്‍ ഭേദം എന്നൊരു നിലപാടു് ബ്ലോഗിലെ ചര്‍ച്ചാനുഭവങ്ങളില്‍ നിന്നും കൈക്കൊള്ളാന്‍ ഞാന്‍ നിര്‍ബന്ധിതനായി.

ഈ കുറിപ്പും വ്യക്തിപരമായ ഒരു അഭിപ്രായപ്രകടനം മാത്രമാണു്. അല്ലാതെ ഒരു ചര്‍ച്ചയല്ല ലക്ഷ്യം.