പദങ്ങള്‍കൊണ്ടുള്ള ഒരുതരം ഉരുണ്ടുകളിയാണു് മതതത്വശാസ്ത്രം എന്നു് പറഞ്ഞാല്‍ അതില്‍ വലിയ തെറ്റുണ്ടാവുമെന്നു് തോന്നുന്നില്ല. തിരിച്ചും മറിച്ചും നിര്‍വ്വചിക്കാവുന്ന വാക്കുകള്‍കൊണ്ടു് മയക്കി, ആരും കാണാത്തവയെ വാഗ്ദാനം ചെയ്തു് വ്യാമോഹിപ്പിച്ചു് ആരംഭവും അവസാനവുമില്ലാത്ത ലാബിരിന്‍തില്‍ അകപ്പെടുത്തപ്പെടുന്ന മനുഷ്യവര്‍ഗ്ഗം! വായടച്ചുകൊണ്ടു് കൂട്ടത്തിലോടാന്‍ തയ്യാറായാല്‍ മരണം വരെ അകത്തു് കഴിയാം. വിയര്‍പ്പുകൊണ്ടു് വിലകൊടുത്തു് മരണാനന്തരം സ്വര്‍ഗ്ഗം തന്റെ സ്വന്തം എന്ന സ്വപ്നം കാണാം. സമുദായത്തിനുള്ളിലെ പ്രാകൃതരീതികള്‍വരെ വിശ്വാസികള്‍ കണ്ണുമടച്ചു് അംഗീകരിച്ചേ പറ്റൂ. ഒരുകാരണവശാലും മറശീലയ്ക്കുള്ളിലെ മനം പിരട്ടുന്ന ദുര്‍ഗ്ഗന്ധം ബാഹ്യലോകം അറിയാന്‍ ഇടവരരുതു്. അതാണു് മതം! ഒരു മന്ത്രവാദിയും അവന്റെ പിന്നാമ്പുറം വെളിപ്പെടുത്താറില്ലല്ലോ. പൊള്ളയായ പള്ളിമണികളെപ്പോലെ, അര്‍ത്ഥശൂന്യമായ, ബൗദ്ധികശൂന്യതയില്‍നിന്നും ഉടലെടുക്കുന്ന ഉള്ളടക്കമില്ലാത്ത ശബ്ദതരംഗങ്ങള്‍കൊണ്ടു് മതവിശ്വാസികള്‍ നിരന്തരം ഹിപ്നോടൈസ്‌ ചെയ്യപ്പെടുന്നു, അവരുടെ ചിന്താശേഷി നശിപ്പിക്കപ്പെടുന്നു. ജന്മവാസനമൂലവും, ഗതികേടു് മൂലവും സാവകാശമെങ്കിലും വിശ്വാസപരമായ കാര്യങ്ങളുമായി പൊരുത്തപ്പെടാതിരിക്കാന്‍ ഹോമോ സാപിയന്‍സിനു് കഴിയുകയുമില്ല. "എന്തും ശീലിക്കാന്‍ കഴിവുള്ള ഒരു മൃഗമാണു് മനുഷ്യന്‍" എന്നാണല്ലോ ചൊല്ലും! ക്രിസ്ത്യാനികള്‍ ഇക്കാര്യത്തില്‍ ഒരു പടികൂടി മുന്നിലാണു്. സ്വന്തം നികൃഷ്ടതയും അപമാനവുമെല്ലാം ഒരു യോഗ്യതയായി കണക്കാക്കണമെന്നാണു് അവരെ പഠിപ്പിച്ചിരിക്കുന്നതു്! യേശുവിന്റെ നാമത്തില്‍ പീഡനവും, യാതനയുമെല്ലാം സഹിക്കേണ്ടിവരുമ്പോള്‍ ഹൃദയത്തില്‍ സന്തോഷിച്ചുകൊള്ളാനാണല്ലോ ദൈവകല്‍പന! ഏതു് ദൈവമാണു് ഭൂമിയില്‍ കൃമിതുല്യം ഇഴയുന്ന നശ്വരരായ മനുഷ്യരോടു് താഴാഴ്മ ആവശ്യപ്പെടാനും, അവരുടെ അപമാനത്തിലൂടെ തന്റെ മഹത്വം സ്ഥാപിക്കാനും, സ്ഥിരീകരിക്കാനും മാത്രം പരിഹാസ്യന്‍ എന്നേ ചിന്തിക്കേണ്ടതുള്ളു.

വിശ്വാസപ്രമാണങ്ങളുടെ ഇടതടവില്ലാത്ത ആവര്‍ത്തനങ്ങളിലൂടെ, മുട്ടിപ്പായിട്ടുള്ള പ്രാര്‍ത്ഥനകളിലൂടെ പദാര്‍ത്ഥാന്തരീകരണം സംഭവിച്ചു് പുരോഹിതരുടെ ചരടുവലിക്കൊപ്പം തുള്ളുന്ന ബൊമ്മകളായി മാറുന്ന മനുഷ്യര്‍! ഒരിക്കല്‍ ചരടു് വലിക്കാരായിരുന്നവര്‍, പിന്നീടു് മനുഷ്യത്വത്തിന്റെയോ ആത്മാര്‍ത്ഥതയുടെയോ പേരില്‍ ഈ പാവകളിയുടെ നിര്‍ദ്ദാക്ഷിണ്യമായ നിലപാടുകളുമായി, തന്ത്രങ്ങളും മന്ത്രങ്ങളുമായി യോജിച്ചുപോകാന്‍ മടി കാണിച്ചാല്‍, അതു് പുറത്തു് പറയാന്‍ ശ്രമിച്ചാല്‍ ലഭ്യമായ എല്ലാ മാര്‍ഗ്ഗങ്ങളുമുപയോഗിച്ചു് മൃഗീയമായി പീഡിപ്പിച്ചു് നശിപ്പിക്കപ്പെടും. അല്ലെങ്കില്‍ പുകച്ചു് പുറത്താക്കപ്പെടും. താഴെ പൂഴിയില്‍ നിന്നും, കിടന്നും, ഉരുണ്ടും കൊണ്ടു് ദൈവനാമത്തില്‍ ആര്‍പ്പുവിളിക്കുന്ന സ്വപ്നാടകര്‍ സത്യം എന്തെന്നു് അറിയരുതല്ലോ. ഇങ്ങനെ രക്ഷപെട്ടു് പുറത്തു് ചാടാന്‍ കഴിയുന്നവര്‍ക്കു് ബാഹ്യലോകത്തില്‍ സാമാന്യമായ ഒരു ജീവിതം നയിക്കണമെങ്കില്‍തന്നെ ദീര്‍ഘകാലത്തെ മനഃശാസ്ത്രപരമായ ചികിത്സയും പരിചരണവും കൂടാതെ കഴിയുകയില്ല. അമലോത്ഭവം, അതീന്ദ്രിയപദാര്‍ത്ഥാന്തരീകരണം മുതലായ സാമാന്യബുദ്ധിക്കു് നിരക്കാത്ത മസ്തിഷ്കഭൂതങ്ങളെ ചോദ്യം ചെയ്യാന്‍ ധൈര്യം കാണിച്ചതിന്റെപേരില്‍ കത്തോലിക്കാസഭ സര്‍വ്വകലാശാലാജോലിയില്‍നിന്നു് പിരിച്ചുവിട്ട ബുദ്ധിജീവികള്‍ വിരളമല്ല. "അന്ധമായി അനുസരിക്കുക, അനുഗമിക്കുക" - അതാണു് മതങ്ങളുടെ അഭിപ്രായത്തില്‍ "ദൈവം" മനുഷ്യരില്‍നിന്നും ആഗ്രഹിക്കുന്നതു്, ആവശ്യപ്പെടുന്നതു്! ജന്തുശാസ്ത്രപരമായി ഒരു മൃഗം മാത്രമായ മനുഷ്യനെ മൃഗീയാവസ്ഥയില്‍നിന്നും വേര്‍പെടുത്തി ഉത്കൃഷ്ടനാക്കുന്നതു് കാര്യകാരണസഹിതം ചിന്തിക്കാനുള്ള അവന്റെ കഴിവൊന്നുമാത്രമാണു്. സ്വതന്ത്രമായി ചിന്തിക്കാനുള്ള മനുഷ്യരുടെ മൗലികമായ അവകാശം നിഷേധിക്കുന്നവര്‍ മനുഷ്യനെ മൃഗമായി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു. അങ്ങനെയുള്ളവര്‍ വഴികാട്ടികളായി അംഗീകരിക്കപ്പെടുകയും, പ്രോത്സാഹിക്കപ്പെടുകയും ചെയ്യുന്നിടതു് മാനവപുരോഗതി എങ്ങനെ സാദ്ധ്യമാവും എന്നെനിക്കറിയില്ല.

തത്വചിന്താസാഗരങ്ങളുടെ അഗാധതകളില്‍, പ്രകൃതിശാസ്ത്രശൈലങ്ങളുടെ ഔന്നത്യങ്ങളില്‍ സത്യം തേടി അലയുന്ന സ്വതന്ത്രബുദ്ധികളെ അറിവിനെ അധികാരത്തിന്റെ കുത്തകാവകാശമാക്കിവച്ചിരിക്കുന്ന മനുഷ്യാധമന്മാര്‍ എക്കാലവും വെറുത്തിട്ടുണ്ടെന്നു് മാത്രമല്ല, സാധിച്ചപ്പോഴൊക്കെ വകവരുത്തിയിട്ടുമുണ്ടു്. "അവന്‍ അന്വേഷിക്കുന്നതുകൊണ്ടും, അവന്‍ അന്വേഷിക്കുന്നതു് നിങ്ങള്‍ കണ്ടെത്തിയെന്നു് വിശ്വസിക്കാന്‍ അവന്‍ തയ്യാറില്ലാത്തതുകൊണ്ടും നിങ്ങള്‍ അവനെ വെറുക്കുന്നു" - Friedrich Nietzshe.

യഥാര്‍ത്ഥ തത്വചിന്തകര്‍ ആത്മാര്‍ത്ഥതയുള്ള മനുഷ്യരാണു്. അവര്‍ സത്യം തേടുകയും, ചിന്തിക്കുന്നതു് പറയുകയും ചെയ്യുന്നു. മിക്കവാറും എല്ലാ മതപണ്ഡിതരും ആത്മാര്‍ത്ഥതയില്ലാത്ത മനുഷ്യരാണു്. സകല സത്യങ്ങളും പുരാതനകാരണവന്മാര്‍ ജാംബവാന്റെ ചെറുപ്പകാലത്തു് തന്നെ കണ്ടെത്തിയെന്ന "ഉറപ്പുമൂലം" അവര്‍ സത്യം തേടുന്നില്ല. ചിന്തിക്കുന്നതു് പുറത്തുപറഞ്ഞാല്‍ സ്വന്തം നിലനില്‍പ്പു് അപകടത്തിലാവുമെന്നു് വ്യക്തമായി അറിയാവുന്നതുകൊണ്ടു് അവര്‍ ഒരിക്കലും യഥാര്‍ത്ഥമനസ്സിലിരിപ്പു് പുറത്തു് പറയുകയുമില്ല. തന്മൂലം, അവര്‍ കാലാകാലങ്ങളായി യാതൊരു അര്‍ത്ഥവുമില്ലാത്ത പദങ്ങള്‍കൊണ്ടു് മിഥ്യയെ സത്യമാക്കി അവതരിപ്പിച്ചു് മനുഷ്യരെ അന്ധവിശ്വാസികളാക്കി, സ്വാര്‍ത്ഥതാല്‍പര്യ- സംരക്ഷണത്തിനുള്ള കരുക്കളാക്കി നിലനിര്‍ത്തുന്നു!

നിങ്ങള്‍ ഇതു് വിശ്വസിക്കുന്നില്ലെങ്കില്‍ ശ്രദ്ധിക്കൂ! ഏതാനും നാള്‍ മുന്‍പു് ഞാന്‍ മതപണ്ഡിതനായ ഹാന്‍സ്‌ ക്യുങ്ങ്‌ (Hans Kueng) എഴുതിയ "എല്ലാത്തിന്റെയും ആരംഭം, പ്രകൃതിശാസ്ത്രവും മതവും" എന്ന ഒരു പുസ്തകം വായിച്ചു. അദ്ദേഹത്തോടുള്ള പൂര്‍ണ്ണബഹുമാനത്തോടെ, അതിലെ, ദൈവം എന്താണു് എന്നു് വിശദീകരിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തിനിടയിലെ ചില പദക്കസര്‍ത്തുകള്‍ ഞാന്‍ ഇവിടെ പകര്‍ത്തുന്നു. കഷ്ടിച്ചു് അഞ്ചു് പേജില്‍നിന്നു് അരിച്ചെടുത്തതാണിവ. ആകെ പേജുകള്‍ 247!

1. ദൈവം പ്രപഞ്ചവുമായി (cosmos) തുല്യമല്ല (identical).
2. ദൈവം ഭൂഗര്‍ഭമൂര്‍ത്തിയല്ല.
3. ദൈവം വസ്തുതായാഥാര്‍ത്ഥ്യമല്ല. (factual reality)
4. ദൈവം ലോകമൂര്‍ത്തിയല്ല.
5. ദൈവം പിതാവോ മാതാവോ അല്ല.
6. ദൈവം ഭൂതലമൂര്‍ത്തിയല്ല.
7. ദൈവം ഭൗമേതരമൂര്‍ത്തിയല്ല. (extraterrestrial being)
8. ദൈവം നിശ്ചലമല്ല. (static)
9. ദൈവം പരിണാമാതീതമായ നന്മയുടെ ആശയമല്ല. (Plato)
10. ദൈവം സ്വയം ചലിക്കാതെ ചലിപ്പിക്കുന്നവനല്ല. (Aristotle)
11. ദൈവം ജീവിക്കാത്ത നിത്യപൂര്‍ണ്ണതയല്ല. (Plotinus)
12. ദൈവം അതിമാനുഷനും അതി-അഹവും അല്ല. (Superman and Super-I)
13. ദൈവം അമൂര്‍ത്തമല്ല (impersonal), അധഃമൂര്‍ത്തവുമല്ല. (Sub-personal)
14. ദൈവം വ്യക്തിയിലും കുറഞ്ഞതല്ല.
15. ദൈവം പ്രപഞ്ചത്തില്‍ ഒറ്റപ്പെട്ടതല്ല.
16. ദൈവം കണ്‍കെട്ടുവിദ്യകള്‍ ഉപയോഗിക്കുന്ന മാന്ത്രികനല്ല.
17. ദൈവം അന്ത്യമുള്ളവയ്ക്കൊപ്പം അന്ത്യമുള്ള യാഥാര്‍ത്ഥ്യത്തിന്റെ ഒരു ഭാഗമല്ല.
18. ദൈവം ഈ പ്രപഞ്ചത്തിലും, പ്രപഞ്ചം ദൈവത്തിലുമാണു്.
19. ദൈവം ലോകത്തിലും വലുതാണു്.
20. ദൈവം വലിയവനാണു്. (അള്ളാഹു അക്ബര്‍!)
21. ദൈവം സര്‍വ്വാന്തര്‍യാമിയാണു്. (worldimmanent)
22. ദൈവം സര്‍വ്വാനുഭവജ്ഞാനാതീതമാണു്. (transcendental)
23. ദൈവം സകലവും ഉള്‍ക്കൊള്ളുന്ന അനുഭവാതീതമായ യഥാര്‍ത്ഥബന്ധുത്വമാണു്. (transempiric real relation)
24. ദൈവം ചലനാത്മകത തന്നെയാണു്.
25. ദൈവം പിടികിട്ടാത്ത അനന്തപരിമാണമാണു് (infinite dimension)
26. ദൈവം യഥാര്‍ത്ഥമായ അനന്തപരിമാണമാണു് (real infinite dimension)
27. ദൈവം വ്യക്തിയിലും കൂടുതലാണു്.
28. ദൈവം ഏറ്റവും ഉയര്‍ന്ന അന്തിമയാഥാര്‍ത്ഥ്യമാണു്.
29. ദൈവം പ്രപഞ്ചത്തിലും കൂടുതലാണു്.

വിശ്വാസിസമൂഹം കപ്യാര്‍ സഹിതം ഏകകണ്ഠമായി ഒരു "ആമേന്‍" കൂടി ആലപിച്ചിരുന്നെങ്കില്‍ പൂര്‍ത്തിയായേനെ! കുറച്ചുകൂടി തപ്പിയിരുന്നെങ്കില്‍ ഇതില്‍ കൂടുതല്‍ കിട്ടുമായിരുന്നു! വാക്കുകളെ ബലാല്‍സംഗം ചെയ്തു് ദൈവത്തിന്റെ അസ്തിത്വം തെളിയിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ കാണുമ്പോള്‍ "ദൈവം തേങ്ങയല്ല, മത്തങ്ങയാണു്, എനിക്കല്‍പം സ്വൈര്യം തരൂ" എന്നാണു് സത്യത്തില്‍ പറയാന്‍ തോന്നുന്നതു്! പിടികിട്ടാത്ത അനന്തപരിമാണത്തിനെ പിടിച്ചുകെട്ടിയേ അടങ്ങൂ എന്ന പിടിവാശി! നൂറ്റാണ്ടുകളിലൂടെ ശ്രമിച്ചു് ശ്രമിച്ചു് എത്രയോ പ്രാവശ്യം മൂക്കുംകുത്തി വീണിട്ടും പിടിവിടുകയില്ല! ശാസ്ത്രമെന്തെന്നു് അറിയില്ലെങ്കിലും ശാസ്ത്രീയമായി ദൈവാസ്തിത്വം തെളിയിച്ചിട്ടേ സമ്മതിക്കൂ! വിശ്വസിക്കണമെങ്കില്‍ വിശ്വസിച്ചാല്‍ പോരേ? ഈ വധം വേണോ?

"ദൈവം വ്യക്തിയിലും കൂടുതലാണു്, ലോകത്തിലും വലിയതാണു്" എന്നെല്ലാം പറയുന്നതു് കൂട്ടിയെഴുതപ്പെട്ട കുറേ അക്ഷരങ്ങള്‍ മാത്രമല്ലാതെ മറ്റെന്താണു്? ലോകം എന്ന വാക്കുതന്നെ മനുഷ്യനിര്‍മ്മിതവും, ആപേക്ഷികവും, തന്മൂലം അപൂര്‍ണ്ണവും ആണെന്നതിനാല്‍, ലോകത്തിന്റെ വലിപ്പം എന്നതിനു് എന്തര്‍ത്ഥമാണു് കല്‍പിക്കാന്‍ കഴിയുന്നതു്? ഉറുമ്പിനു് അരിയും, ആനയ്ക്കു് തടിയും ഭാരമേറിയതാണു്. ഭൂമിക്കു് സൂര്യനും, സൂര്യനു് ഗാലക്സിയും, ഗാലക്സികള്‍ക്കു് പ്രപഞ്ചവും വലിപ്പമേറിയതാണു്. പ്രപഞ്ചം എന്ന വാക്കു് ഓരോരുത്തരുടെയും ഭാവനയില്‍ ഉണര്‍ത്തുന്ന ചിത്രം എങ്ങനെയുള്ളതായാലും, നമ്മുടെ പ്രപഞ്ചം, ഇന്നോളം മനുഷ്യനു് അറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത, ഒരുപക്ഷേ ഒരിക്കലും അറിയാന്‍ കഴിയുകയില്ലാത്ത മറ്റൊരു വലിയ പ്രപഞ്ചത്തിനുള്ളിലെ ഒരു കുമിള മാത്രമാവാമെന്നും, ഈ കുമിള പോലെ മറ്റനേകം പ്രപഞ്ചകുമിളകളും ആ വലിയ പ്രപഞ്ചത്തില്‍ ഉണ്ടാവാമെന്നും, ആ വലിയ പ്രപഞ്ചംതന്നെ അതിലും വലിയൊരു പ്രപഞ്ചത്തിനുള്ളിലെ പല വലിയ പ്രപഞ്ചങ്ങളില്‍ ഒന്നാവാമെന്നും, ഈ ചിന്ത ഇഷ്ടാനുസരണം നീട്ടിക്കൊണ്ടുപോകാന്‍ മനുഷ്യനു് കഴിയുമെന്നുമുള്ള വസ്തുത നമുക്കു് നിഷേധിക്കാനാവുമോ?

അറിയാന്‍ കഴിയാത്തവ ഇല്ലാതിരിക്കണമെന്നോ, ഉണ്ടായിരിക്കണമെന്നോ നിര്‍ബന്ധമില്ല. അറിയാന്‍ കഴിയാത്തവയെ കച്ചവടച്ചരക്കാക്കാനായി സാമാന്യം തരക്കേടില്ലാത്ത ഒരു രൂപമൊക്കെ നല്‍കി കുട്ടിക്കുപ്പായത്തില്‍ കുത്തിയിറക്കി അവതരിപ്പിക്കുന്നതാണു് അധികപ്രസംഗവും അരോചകവും! മതങ്ങളുടെ നിര്‍വ്വചനം ശരിയെങ്കില്‍, ദൈവം നമ്മുടെ പ്രപഞ്ചത്തെ മാത്രമല്ല, അതിനെ ഉള്‍ക്കൊള്ളുന്ന, അതിനുപരിയായി നിലകൊള്ളുന്നു എന്നതിനുള്ള സാദ്ധ്യത നിഷേധിക്കാനാവാത്ത മറ്റനേകം പ്രപഞ്ചങ്ങളുടെയും നിയന്ത്രകശക്തിയാവണം. അങ്ങനെയൊരു ദൈവം യഹൂദരെ മിസ്രയിമില്‍നിന്നും (ഈജിപ്റ്റ്‌) മോചിപ്പിക്കുവാന്‍ അഹറോന്റെ വടിയെ പാമ്പാക്കി എന്നും, മിസ്രയിമിലെ സകല കടിഞ്ഞൂലുകളെയും (യഹൂദരുടെ ഒഴികെ!) ഒരു തമാശയെന്നപോലെ ഒറ്റരാത്രികൊണ്ടു് കൊന്നൊടുക്കി എന്നുമൊക്കെ വായിക്കേണ്ടിവരുമ്പോള്‍ മനംപിരട്ടല്‍ തോന്നാതിരിക്കുന്നതെങ്ങനെ?

അറിയാന്‍ കഴിയാത്തവയെപ്പറ്റി പറയാതിരിക്കാന്‍ മനുഷ്യനു് കഴിയണം. വിഭാവനം ചെയ്യാനും വിളിച്ചുപറയാനും കഴിയുന്നവ മുഴുവന്‍ യാഥാര്‍ത്ഥ്യങ്ങളാവണമെന്നില്ല. മനുഷ്യബുദ്ധിയെ ഈവിധം വാക്കുകള്‍കൊണ്ടു് വ്യഭിചാരം ചെയ്യുന്നതു് കാണുമ്പോള്‍ കണ്ടില്ലെന്നു് നടിക്കാമെന്നു് വച്ചാല്‍ ഇതുപോലുള്ള വധം വര്‍ദ്ധിക്കുകയല്ലാതെ കുറയുകയില്ല. കണ്ടാലും കാണാനോ, കേട്ടാലും മനസ്സിലാക്കാനോ കഴിവില്ലാതാക്കിത്തീര്‍ത്ത കുഞ്ഞാടുകള്‍ക്കു് രണ്ടായാലും ഒന്നുതന്നെയാണുതാനും. ഇതുപോലുള്ള തേങ്കാരവും മാങ്കാരവും വായിച്ചതുകൊണ്ടല്ല അവര്‍ പ്രാര്‍ത്ഥനകള്‍ പിറുപിറുത്തുകൊണ്ടു് പുറകെനടക്കുന്നതു്. ദൈവത്തെ ചാക്കിട്ടുപിടിച്ചു് തന്‍കാര്യം നേടാനുള്ള ഒരു കുറുക്കുവഴിയാണു് അവര്‍ക്കു് വേണ്ടതു്. വിശ്വാസം വഴി അതു് നേടാനാവുമെന്നു് അവര്‍ വിശ്വസിക്കുന്നു! അങ്ങനെയുള്ള പാവങ്ങളെ മുതലെടുക്കാന്‍ ഇതുപോലെ ദൈവനിര്‍വ്വചനങ്ങള്‍കൊണ്ടുള്ള പ്രജ്ഞാവധത്തിന്റെ ആവശ്യമൊന്നുമില്ല. അവര്‍ക്കു് പരിണാമമെന്തു്? പരിമാണമെന്തു്? വിധവകള്‍ തീര്‍ച്ചയായും ചില്ലിക്കാശുമായി എത്തും, സംശയിക്കേണ്ട. പ്രാര്‍ത്ഥനയെന്ന പേരില്‍ നിത്യേന ആവര്‍ത്തിച്ചാവര്‍ത്തിച്ചു്, കാണാപാഠമായി മാറിയ ചില ശീലുകള്‍ അര്‍ത്ഥമറിയാതെ ഉരുവിടുന്ന ആ സാധുക്കള്‍ അല്ലാതെ എന്തു് ചെയ്യാന്‍? മറ്റൊന്നു് അവര്‍ക്കറിയില്ല, ആരും അവരെ പഠിപ്പിച്ചില്ല. മനുഷ്യവിധി ദൈവവിധി അല്ലെന്നും, പാപമോ, പുണ്യമോ ആയി മനുഷ്യരുടെ വിധിക്കു് യാതൊരു ബന്ധവുമില്ലെന്നും, മനുഷ്യരുടെ നന്മയിലോ, തിന്മയിലോ താല്‍പര്യമുള്ള ഒരു ദൈവം അതേ കാരണം കൊണ്ടുതന്നെ തന്റെ നിലനില്‍പ്പിന്റെ അര്‍ത്ഥശൂന്യത തെളിയിക്കുകയാണെന്നും അറിയാനുള്ള കഴിവു് അവരില്‍ ആരും വളര്‍ത്തിയില്ല.

സകലവും ഉള്‍ക്കൊള്ളുന്ന അനുഭവാതീതയഥാര്‍ത്ഥബന്ധുത്വം! സര്‍വ്വാനുഭവജ്ഞാനാതീതം! അനുഭവജ്ഞാനത്തിനു് അതീതമായ ഒന്നുമായി അനുഭവബന്ധം സ്ഥാപിക്കുന്നതെങ്ങനെ? അനുഭവാതീതമായി ബന്ധുത്വം രൂപമെടുക്കുന്നതെങ്ങനെ? എന്തിനുവേണ്ടി? വിശപ്പു് മാറി എന്നു് അനുഭവാതീതമായി സങ്കല്‍പിച്ചാല്‍ ആമാശയം നിറഞ്ഞു് വിശപ്പു് മാറുമോ? പ്രാര്‍ത്ഥനയില്‍ മനുഷ്യന്‍ ദൈവവുമായി ബന്ധപ്പെടുന്നു എന്നാണല്ലോ സങ്കല്‍പം. സ്ഥല-കാല-യാഥാര്‍ത്ഥ്യങ്ങളുടെ ഒരു ഭാഗമല്ലാത്ത, ഭൗതികമായ യാതൊരു മാനദണ്ഡങ്ങളാലോ, ഗുണങ്ങളാലോ വ്യക്തമാക്കപ്പെടാന്‍ കഴിയാത്ത എന്തോ, ഏതോ ആയ ഒരു ദൈവവുമായി ഒരു ആശയവിനിമയം, ഒരു സംഭാഷണം എങ്ങനെ സാദ്ധ്യമാവും? എന്റെ എഴുത്തുമേശയുമായി ഞാന്‍ ഒരു സംഭാഷണത്തിലേര്‍പ്പെടുന്നതും, മേശ ഞാനുമായി ബന്ധപ്പെടുന്നു എന്നു് ഉറച്ചു് വിശ്വസിക്കുന്നതും, വിശ്വാസി ദൈവവുമായി പ്രാര്‍ത്ഥനയിലൂടെ ബന്ധപ്പെടുന്നതും തമ്മില്‍ തത്വത്തില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?

യഥാര്‍ത്ഥമായ അനന്ത പരിമാണം! അന്ത്യമില്ലാത്ത അളവിനെന്തര്‍ത്ഥം? അവസാനമില്ലാത്ത, പരിധിയില്ലാത്ത, അളക്കാനാവാത്ത അളവു്! പരിമാണം അനന്തമാവുമ്പോള്‍ അതു് പരിമാണമല്ല. മറ്റെന്തോ ആണു്. അളക്കാനാവാത്തതു് അളവല്ല. അതെന്താണെന്നു് അറിയാന്‍ മനുഷ്യനു് കഴിവില്ല. ഒരു വസ്തുവിനെ പൂജ്യം അളവിലേക്കു് നീങ്ങിക്കൊണ്ടിരിക്കുന്ന ചെറിയ ചെറിയ കഷണങ്ങളായി ഭാഗിക്കാം. പക്ഷേ, ആ വസ്തുവില്‍‍നിന്നും ഒരു പൂജ്യം അംശം വേര്‍തിരിക്കുക എന്നതു് അര്‍ത്ഥശൂന്യമാണു്. അതു് അങ്ങേയറ്റം പോയാല്‍, ആ വസ്തുവിനെ ഭാഗിക്കപ്പെടാത്ത അവസ്ഥ എന്നേ വരൂ.

ദൈവം എല്ലാറ്റിലും കൂടുതലാവണം, എല്ലാവരിലും വലിയവനാവണം എന്ന തീവ്രമായ ആഗ്രഹം ക്യുങ്ങിന്റെ വര്‍ണ്ണനകളില്‍ വ്യക്തമായി കാണാം. അഹംകേന്ദ്രിതത്വത്തില്‍ നിന്നു് ഉടലെടുക്കുന്ന മനുഷ്യന്റെ വലിമത്വദാഹമാണു് ദൈവം വലുതാവണമെന്ന ആഗ്രഹത്തില്‍ മറഞ്ഞിരിക്കുന്നതു്. അങ്ങനെയൊരു ദൈവം അസഹിഷ്ണുവേ ആവൂ. "ഞാനല്ലാതെ മറ്റു് ദൈവങ്ങള്‍ നിനക്കുണ്ടാവരുതെന്നു്" കല്‍പിക്കാതിരിക്കാന്‍ അങ്ങനെയൊരു ദൈവത്തിനു് കഴിയുകയില്ല. ആ ദൈവം അങ്ങനെ കല്‍പിക്കണമെന്നതു് ആ ദൈവത്തെ സൃഷ്ടിച്ച മനുഷ്യരുടെ ആഗ്രഹവും, ആവശ്യവുമാണു്. എന്റെ ദൈവത്തേക്കാള്‍ വലിയവനായ മറ്റൊരു ദൈവം ഉണ്ടായിക്കൂടാ എന്ന പിടിവാശി എനിക്കു് ഏറ്റവും വലിയവനാവണമെന്ന ആഗ്രഹത്തിന്റെ സന്തതിയാണു്.

ഒരു വാക്കിനെ ഭൗതികതയുമായി, അഥവാ, ദ്രവ്യമോ, ഊര്‍ജ്ജമോ ആയ അവസ്ഥയുമായി, സ്ഥല-കാല- യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധപ്പെടുത്താന്‍ കഴിയുന്ന എല്ലാ ബൌദ്ധികസാദ്ധ്യതകളും നിഷേധിക്കപ്പെടുമ്പോള്‍ അതു് വെറുമൊരു മസ്തിഷ്കഭൂതമായി മാറുകയാണു് ചെയ്യുന്നതു്. വാക്കുകള്‍ മനുഷ്യജീവിതത്തെ ലഘൂകരിക്കുന്നതിനുവേണ്ടി മനുഷ്യരാല്‍ മാത്രം രൂപവല്‍ക്കരണം ചെയ്യപ്പെട്ടവയാണു്. അവയെ മനഃപൂര്‍വ്വം, അര്‍ത്ഥശൂന്യമായി കൂട്ടിക്കുഴച്ചു്, മനുഷ്യനെ കാടുകയറ്റി ഭ്രാന്തുപിടിപ്പിച്ചു് വഴിതെറ്റിക്കാനായി ദുരുപയോഗം ചെയ്തുകൂടാ.